ആര്‍ക്കാണ് ജീവിതത്തിലൊരു തൊട്ടപ്പനില്ലാത്തത്? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം.  ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി. തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരോ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. ഉള്ളിനുള്ളിലെ ആ ഒരാളെക്കുറിച്ചുള്ള കുറിപ്പുകളാണിവ. 

എന്നെ ഞാൻ ആക്കിയ എന്റെ തൊട്ടപ്പൻ... എന്റെ ടീച്ചറമ്മ... ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ടീച്ചറോട് എത്രമാത്രം സ്നേഹം ഉണ്ടാകുമോ അത്രമാത്രം  സ്നേഹമാണ് എന്റെ എൽ പി സ്‌കൂൾ ജീവിതം സ്വർഗ്ഗമാക്കിയ ബിനു ടീച്ചറോട് എനിക്ക്.

ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിക്കുക അവരുടെ മാതാപിതാക്കളാണ്. അത് കഴിഞ്ഞാൽ അവരുടെ ഗുരുക്കളും സുഹൃത്തുക്കളും. എന്നെ ഏറ്റവും അധികം സ്വാധീനിച്ച എന്റെ ടീച്ചറെ എനിക് കിട്ടുന്നത്‌ 19 കൊല്ലങ്ങൾക്ക് മുമ്പ് ആണ്.

എന്നെ സ്‌കൂളിൽ ചേർക്കുന്നത് 2000 -ൽ ആണ്. ഒന്നാം ക്ലാസിൽ കൊണ്ട് ഇരുത്തിയപ്പോൾ തുടങ്ങിയ കരച്ചിൽ... 'എനിക്ക് വീട്ടിൽ പോണം... ടീച്ചറെ അമ്മയെ കാണണം...' എന്ന് കുഞ്ഞുമനസ്  ടീച്ചറോട് കരഞ്ഞു പറഞ്ഞതിൽ നിന്നും, ടീച്ചർ ഉണ്ടെങ്കിൽ എനിക്ക് സ്‌കൂൾ ഇഷ്ടമാണ് എന്നതിലേക്ക് എത്തിയിരുന്നു നാലാം ക്ലാസ് ആയപ്പോഴേക്കും.

ഇന്ന് 19 വര്‍ഷങ്ങൾക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ സന്തോഷവും സങ്കടവുമായ കാര്യങ്ങൾ ടീച്ചറോടു തുറന്നു പറയാൻ പറ്റുന്നുണ്ടെങ്കിൽ  എന്റെ ഭാഗ്യം മാത്രമാണ് അത്. ക്ലാസിൽ ഒരറ്റത്ത് ഒന്നും സംസാരിക്കാതെ എപ്പോഴും കരഞ്ഞു കൊണ്ടിരുന്ന ഒരു കുട്ടിയിൽ നിന്നും ഇന്ന് എന്ത് കാര്യം വന്നാലും തന്റേടത്തോടയും ആത്മവിശ്വാസത്തോടെയും നേരിടുന്ന കവിതയിലേക്ക് എത്തുവാൻ കാരണമായത്  ടീച്ചർ എന്നിൽ അർപ്പിച്ച ആ വിശ്വാസത്തിൽ നിന്നും മാത്രമാണ്.

പാടാൻ അറിയില്ലെങ്കിലും ആടാൻ അറിയില്ലെങ്കിലും ചിത്രം വരയ്ക്കാൻ അറിയില്ലെങ്കിലും പല കലോത്സവങ്ങളിലും എന്നെ പങ്കെടുപ്പിക്കാൻ ടീച്ചർ കാണിച്ച ആവേശം, എന്നോട് എഴുതിക്കോളൂ എന്ന് പറഞ്ഞു തന്ന ആത്മവിശ്വാസം, ക്ലാസിലെ ഒരു മൂലയിൽ കരഞ്ഞു കൊണ്ടിരിന്ന കുട്ടിയിൽ നിന്നും ക്ലാസ് ലീഡർ ആക്കിയ ടീച്ചർ. പറ്റില്ല എന്ന് പറഞ്ഞ പല കാര്യങ്ങളും എനിക്ക് പറ്റുമെന്ന് പറഞ്ഞു ആത്മവിശ്വാസം തന്ന ടീച്ചർ.

ക്ലാസ് ഫോട്ടോ എടുക്കാൻ വന്നാൽ ചേർത്തു പിടിക്കുന്ന ടീച്ചർ. അസുഖം വന്നാൽ അമ്മയെ പോലെ നോക്കുന്ന ടീച്ചർ... പരീക്ഷകളിൽ മാർക്ക് കുറഞ്ഞാൽ 'അത് സാരമില്ല, നമ്മൾ വിചാരിച്ചാൽ എല്ലാം നമ്മുടെ കയ്യിൽ എത്തും' എന്നു പറയാതെ പറഞ്ഞു തന്ന ടീച്ചർ. ക്ലാസിൽ പല പല മത്സരങ്ങൾ വെച്ച് കുട്ടികള്‍ക്ക് നിറമുള്ള പേനകളും പെന്‍സിലുകളും സമ്മാനമായി തരുന്ന ടീച്ചർ. മാനുഷിക മൂല്യങ്ങളെ കുറിച്ച് പറഞ്ഞു തന്ന ടീച്ചർ.

ഒരു അഞ്ചു വയസുകാരിയിൽ നിന്നും 23 വയസുകാരിയിലേക്കു എത്തുമ്പോൾ ഇന്നും ഈ തൊട്ടപ്പന്റെ സാന്നിധ്യം എന്റെ ജീവിതത്തിലുണ്ട്... എന്റെ വിജയങ്ങളിൽ എന്നെക്കാൾ സന്തോഷിക്കുന്ന എന്റെ ടീച്ചറമ്മയ്ക്കായി. ഒരുപാട് സ്നേഹം...

ഫ്രാന്‍സിസ് നൊറോണ: ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു

അക്ബര്‍: തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും

ജിഷ കെ:  പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍

വൈഗ ക്രിസ്റ്റി: തുരുമ്പിച്ച എന്റെ കണ്ണുകള്‍ക്കു പകരം  ഒരു ജോടി കണ്ണ് അവളെനിക്കു വച്ചു തന്നു  

രസ്‌ലിയ എം എസ്: മുറിവില്‍ തേന്‍ പുരട്ടുന്നൊരാള്‍ 

സജിത്ത് മുഹമ്മദ്: സ്നേഹം പകര്‍ച്ചവ്യാധിയാക്കിയ ഒരുവള്‍

അജീഷ് ചന്ദ്രന്‍: കാലമൊരുക്കി വച്ച തൊട്ടപ്പന്‍ മാജിക്ക്

ഫര്‍സാന അലി: അതിലും വലിയ സമ്മാനമൊന്നും  പിന്നീടെനിക്ക് ലഭിച്ചിട്ടില്ല