ആര്‍ക്കാണ് ജീവിതത്തിലൊരു തൊട്ടപ്പനില്ലാത്തത്? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം.  ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി. തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരോ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. ഉള്ളിനുള്ളിലെ ആ ഒരാളെക്കുറിച്ചുള്ള കുറിപ്പുകളാണിവ. 

'എന്റെ തൊട്ടപ്പന്‍' കുറിപ്പുകള്‍ തുടരുന്നു. വായനയിലേക്കുള്ള വഴി തുറന്ന പിയപ്പെട്ട പിതാവിന്റെ ഓര്‍മ്മ. അക്ഷരങ്ങളിലൂടെ കുഞ്ഞുന്നാളിലേ ചെന്നുകയറിയ ഇടങ്ങള്‍. കഥാകൃത്ത് ഫര്‍സാന അലിയുടെ കുറിപ്പ്.

.............................................................................................................................................................

സ്‌നേഹഞരമ്പുകളാല്‍ അലംകൃതമായ വിരല്‍ത്തുമ്പുകള്‍ ഉള്ളവരാണ് തൊട്ടപ്പന്മാര്‍. ഞാനുണ്ട് കൂടെയെന്നുറക്കെ പറഞ്ഞില്ലെങ്കിലും, സ്‌നേഹാശ്ലേഷങ്ങളേകാന്‍ എന്നും കൂടെയുണ്ടാവുമെന്ന് തീര്‍ച്ചയുള്ള അദൃശ്യ കരങ്ങളുണ്ടാവും അവര്‍ക്ക്. ജീവിതത്തിലുടനീളം കൂടെയുണ്ടായാലും ഒരു പക്ഷേ, ഒരു ഘട്ടം വരെ അവര്‍ തിരിച്ചറിയപ്പെടാതെയും പോയേക്കാം. 

മഴ പെയ്തു തോര്‍ന്നൊരു സന്ധ്യ രാത്രിയിലേക്ക് മെല്ലെ വഴിമാറിയ നേരമായിരുന്നു അത്. നീളന്‍ വരാന്തയില്‍ മഞ്ഞവെളിച്ചം തൂവിയ ബള്‍ബിന്റെ പ്രകാശം അങ്ങു നീണ്ടു മഴയില്‍ കുതിര്‍ന്ന മുറ്റത്തേക്കും പരന്നിട്ടുണ്ടായിരുന്നു. മുറ്റത്തിനു ഇരുവശങ്ങളിലും വട്ടത്തില്‍ വെട്ടിയൊതുക്കി കൂട്ടംകൂട്ടമായി വളര്‍ത്തിയ ബുഷ് ചെടികളിലെ മഴച്ചാര്‍ത്തിനെ കൈകള്‍ കൊണ്ട് മെല്ലെ തട്ടിത്തെറിപ്പിച്ചാണ്, ചെളി പറ്റിയ ചെരിപ്പൂരി കാലുകഴുകി വരാന്തയിലേക്ക് ഉപ്പ കയറിയത്. ഉപ്പയെയും കാത്ത് അക്ഷമയോടെ നിന്ന ഞാനെന്ന എട്ടു വയസുകാരിയ്ക്ക് ഉപ്പ വച്ചുനീട്ടിയത് മഴത്തുള്ളികളെ തൊടാന്‍ പോലും വിസമ്മതിച്ചു പൊതിഞ്ഞു പിടിച്ച ഒരു 'ലേബര്‍ ഇന്ത്യ' ആയിരുന്നു. നമ്പൂരി മാഷ് പറഞ്ഞിട്ടാണെന്ന് തോന്നുന്നു, രണ്ടു വര്‍ഷത്തെ പ്രവാസം കഴിഞ്ഞ് നാട്ടിലെത്തിയ ഉപ്പയോട് ഞാന്‍ ആദ്യമായി ആവശ്യപ്പെട്ടത് ബാലപ്രസിദ്ധീകരണങ്ങള്‍ ഏതുമല്ലായിരുന്നു, ലേബര്‍ ഇന്ത്യ ആയിരുന്നു. 

ഭാരതത്തിന്റെ സംസ്‌കാരവൈവിധ്യങ്ങളെ കാണിക്കുന്ന ചിത്രമടങ്ങിയ അതിന്റെ പുറംചട്ട എന്തു മനോഹരമായിരുന്നെന്നോ! മറ്റേത് ബാലപ്രസിദ്ധീകരണങ്ങള്‍ക്കും ജനിപ്പിക്കാന്‍ കഴിയാത്ത അതിശയം എന്നില്‍ ലേബര്‍ ഇന്ത്യക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞതിന്റെ കാരണം ഉള്‍പേജിലുണ്ടായിരുന്ന വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണന്റെയും യശോദയുടേയും കഥയായിരുന്നു. എത്ര തവണ വീണ്ടും വീണ്ടും ഞാനാ കഥ വായിച്ചു!

.............................................................................................................................................................

അത്രമേല്‍ ആഗ്രഹിച്ചിട്ടും ജീവിതത്തില്‍ നിന്നും അക്ഷരങ്ങള്‍ അകറ്റി നിര്‍ത്തപ്പെട്ട ഒരു കാലത്തെ എനിക്ക് അഭിമുഖീകരിക്കേണ്ടിയും വന്നിട്ടുണ്ട്.

.............................................................................................................................................................

സ്‌കൂളിലേക്ക് പറഞ്ഞയക്കും മുന്‍പേ അക്ഷരങ്ങളെ പഠിപ്പിച്ചു തന്നത് ഉമ്മയായിരുന്നു, തെളിമയോടെ അക്ഷരങ്ങളെ ഉച്ചരിക്കാന്‍ പ്രാപ്തയാക്കിയത് ഒന്നാം ക്ലാസിലെ വിനീത ടീച്ചറുമായിരുന്നു. പക്ഷേ, അക്ഷരങ്ങള്‍ എന്ന മഹാസൗഭാഗ്യത്തിന് നേരെ എന്റെ കൈയും മനവും ഒരു പോലെ കൊണ്ടെത്തിച്ച ഉപ്പയാണ് എന്നിലെ അക്ഷരങ്ങളുടെ തൊട്ടപ്പന്‍. ഹൈസ്‌കൂള്‍ കാലമായപ്പോഴേക്കും എം ടിയും, മുകുന്ദനും, യു എ. ഖാദറും, മലയാറ്റൂരും അക്ഷരങ്ങളാല്‍ എന്നെ വല്ലാതെ ഭ്രമിപ്പിച്ചു കഴിഞ്ഞിരുന്നു. വായിച്ചു തീര്‍ത്ത നോവലിനെ കുറിച്ചുള്ള ആസ്വാദനം ഡയറിയില്‍ എഴുതി ഉപ്പയെ കാണിച്ചാല്‍ മാത്രമേ അടുത്ത പുസ്തകം കൈപ്പറ്റാനാവുമായിരുന്നുള്ളു. അക്ഷരത്തെറ്റില്ലാതെ എഴുതാനും, സാഹിത്യഭാഷ അല്പാല്പമായി ഉപയോഗിക്കാനും പരിശീലിച്ച കളരി എന്റെ ആ ഡയറി തന്നെയായിരുന്നു.

പത്താം ക്ലാസ് പരീക്ഷയുടെ ടെന്‍ഷന്‍ തലയ്ക്കു പിടിച്ചപ്പോള്‍, ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതിയാല്‍ എങ്ങോട്ടെങ്കിലും വിനോദയാത്ര പോവാമെന്നു പറഞ്ഞായിരുന്നില്ല ഉപ്പ എന്റെ മനസ്സിനെ കീഴ്‌പ്പെടുത്തിയത്; ഡിസി പുറത്തിറക്കിയ വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണകൃതികള്‍ സമ്മാനമായി നല്‍കാമെന്ന് പറഞ്ഞായിരുന്നു അത്. പുഴയിലൂടെ ഊളിയിട്ട് ആനപ്പൂട പറിച്ച കുഞ്ഞുബഷീറിന്റെ കഥയും, 'പാത്തുമ്മയുടെ ആടും' മാത്രം വായിച്ച എനിക്ക് പരീക്ഷയ്ക്കായി അധ്വാനിക്കാന്‍ ആ വാഗ്ദാനം ധാരാളമായിരുന്നു. അവസാന പരീക്ഷയായ ബയോളജിയും കഴിഞ്ഞു ഓടിക്കിതച്ചു വീട്ടിലെത്തിയപ്പോള്‍ പുഞ്ചിരിയോടെ ഉപ്പ വച്ചുനീട്ടിയ കറുത്ത ചട്ടകളിലുള്ള ബഷീറിയന്‍ കൃതികളേക്കാളും വലിയ സമ്മാനങ്ങളൊന്നും പിന്നീട് എനിക്ക് ലഭിച്ചിട്ടില്ല. 

ഊണും ഉറക്കവും ബഷീറിയന്‍ മാജിക്കിനോടൊപ്പമായി പിന്നീട്. എഴുത്തിനോടൊപ്പം സഞ്ചരിക്കുമ്പോള്‍ തന്നെ, സ്വര്‍ഗ്ഗലോകം പൂകിയ ബഷീറിനെ ഒന്ന് കാണാനുള്ള കൊതി കൂടി മൂക്കുമ്പോള്‍, പുനലൂര്‍ രാജന്റെ ക്യാമറയില്‍ പതിഞ്ഞ പുസ്തകത്തിന്റെ ആദ്യതാളുകളിലെ വിവിധ പോസിലുള്ള ബഷീറിനെ കണ്ണിമ ചിമ്മാതെ നോക്കിയിരുന്നത് ഇന്നും ഞാന്‍ മറവിക്ക് വിട്ടുകൊടുത്തിട്ടില്ല. ബഷീറിയന്‍ അക്ഷരങ്ങളുടെ ലഹരിയില്‍ ആഴ്ന്നാഴ്ന്നു പോയതായിരുന്നു ആ വെക്കേഷന്‍ കാലമത്രയും! 

അക്ഷരങ്ങള്‍ക്ക് വല്ലാത്തൊരു പ്രത്യേകതയുണ്ട്. ചിലപ്പോള്‍ അവ തീക്ഷ്ണമായി ജ്വലിക്കും; മറ്റു ചിലപ്പോള്‍ കെടാനൊരുങ്ങുന്ന കല്‍വിളക്കിലെ ചെറുനാളം പോലെ മുനിഞ്ഞു കത്തും. പക്ഷേ, ഒരിക്കലും അണയില്ല; ഒരു കൊടുംകാറ്റിനും അണയ്ക്കാനുമാവില്ല! അത്രമേല്‍ ആഗ്രഹിച്ചിട്ടും ജീവിതത്തില്‍ നിന്നും അക്ഷരങ്ങള്‍ അകറ്റി നിര്‍ത്തപ്പെട്ട ഒരു കാലത്തെ എനിക്ക് അഭിമുഖീകരിക്കേണ്ടിയും വന്നിട്ടുണ്ട്. അപ്പോഴെല്ലാം കണ്ണ് നിറയെ വാത്സല്യമൊളിപ്പിച്ചു പുസ്തകങ്ങളെ എനിക്കായി വച്ചുനീട്ടിയ, അക്ഷരങ്ങളെ ജീവനോളം സ്‌നേഹിക്കാന്‍ ആദ്യമായി എന്നെ പ്രേരിപ്പിച്ച ഉപ്പയെ- എന്റെ മാത്രം തലതൊട്ടപ്പനെ പലവുരു ഓര്‍ത്തുപോയിട്ടുണ്ട്. 

 

ഫ്രാന്‍സിസ് നൊറോണ: ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു

അക്ബര്‍: തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും

ജിഷ കെ:  പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍

വൈഗ ക്രിസ്റ്റി: തുരുമ്പിച്ച എന്റെ കണ്ണുകള്‍ക്കു പകരം  ഒരു ജോടി കണ്ണ് അവളെനിക്കു വച്ചു തന്നു  

രസ്‌ലിയ എം എസ്: മുറിവില്‍ തേന്‍ പുരട്ടുന്നൊരാള്‍ 

സജിത്ത് മുഹമ്മദ്: സ്നേഹം പകര്‍ച്ചവ്യാധിയാക്കിയ ഒരുവള്‍

അജീഷ് ചന്ദ്രന്‍: കാലമൊരുക്കി വച്ച തൊട്ടപ്പന്‍ മാജിക്ക്