
വിമാനമിറങ്ങുമ്പോൾ സ്വീകരിക്കാൻ രാജാവിന്‍റെ പ്രതിനിധി വിസ്‌കൗണ്ട് ഹുഡ് (Viscount Hood). യുഎസ് അംബാസിഡറിന്‍റെ ഔദ്യോഗിക വസതിയായ വിൻഫീൽഡ് ഹൗസിൽ (Winfield House) താമസം. പിറ്റേ ദിവസം ഹെലികോപ്ടറിൽ വിൻഡ്സർ കൊട്ടാരത്തിലേക്ക്. സ്വീകരിക്കാൻ രാജാവ്, കൊട്ടാരം ചുറ്റിക്കാണൽ, വിരുന്ന്. അവസാന ദിവസം പ്രധാനമന്ത്രിയുമായി ചർച്ച. ആഡംബരവും പ്രതാപവും ഇഷ്ടപ്പെടുന്ന ഡോണൾഡ് ട്രംപെന്ന പ്രസിഡന്‍റിന് ഇഷ്ടമുള്ളതെല്ലാം ബ്രിട്ടിഷ് സന്ദർശനത്തിലുണ്ടായിരുന്നു. അതുതന്നെയായിരുന്നു ബ്രിട്ടന്‍റെ ഉദ്ദേശ്യവും. ആദ്യമായല്ല കൊട്ടാരത്തിന്‍റെ പ്രതാപം രാഷ്ട്രീയ ഉദ്ദേശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതും. പക്ഷേ, ഇത്തവണ ലക്ഷ്യം അത്ര കണ്ട് നടന്നില്ലെന്ന് മാത്രം.
വിൻഡ്സിലേക്ക് (Windsor) നടന്നടുക്കുമ്പോൾ ഡോണൾഡ് ട്രംപ് മെലാനിയയോട് പറഞ്ഞത്, ഇതെന്‍റെ അമ്മ കണ്ടിരിക്കുന്നത് ഒന്ന് സങ്കൽപ്പിച്ച് നോക്കൂ എന്നാണ്, സ്വപ്നതുല്യ സന്ദർശനം. 2019-ലെ ആദ്യ സന്ദർശനം ഇത്രയും രാജകീയമായിരുന്നില്ല. രണ്ടാമൂഴക്കാരായ അമേരിക്കൻ പ്രസിഡന്‍റുമാർക്ക് ബ്രിട്ടീഷ് കൊട്ടാരം ഔദ്യോഗിക സന്ദർശനം അനുവദിക്കാറുമില്ല, അതും ആദ്യമായി. ട്രംപിന്‍റെ അമ്മ ജനിച്ചത് സ്കോട്‍ലന്‍റിലാണ്. ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ കടുത്ത ആരാധികയും. അമ്മയോടൊത്തിരുന്ന്, കൊച്ച് ട്രംപ് ടെലിവിഷനിൽ എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണച്ചടങ്ങ് കണ്ടിരുന്നു. ആ ആരാധന അങ്ങനെ തന്നെ പകർന്ന് കിട്ടിയതാവണം പ്രസിഡന്‍റിന്. പിന്നെ, ആഡംബരവും അധികാരവും പ്രതാപവും ഒപ്പം നടക്കുന്ന ജീവിതത്തോടുള്ള ഭ്രമവും സ്വതസിദ്ധം. The Art of the Deal എന്ന പുസ്തകത്തിൽ അമ്മയെ കുറിച്ചും ഈ സ്നേഹത്തെക്കുറിച്ചും ട്രംപ് എഴുതിയിട്ടുണ്ട്.
(ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും ഭാര്യ കമീലയും യുഎസ് പ്രസിഡന്‍റ് ട്രംപിനും ഭാര്യ മെലാനിയ്ക്കും ഒപ്പം)
വിൻഡ്സറിലെ സ്വീകരണം തന്നെ ഗംഭീരമായിരുന്നു. പിന്നെ ക്യാരേജ് യാത്ര, ചുറ്റിക്കാണൽ, ഒപ്പം വില്യമും കെയ്റ്റും. റോയൽ സല്യൂട്ട്, ടവർ ഓഫ് ലണ്ടനിൽ ഗാർഡ് ഓഫ് ഓണർ. വിൻഡ്സറിൽ തന്നെ ഉച്ചഭക്ഷണം. സെന്‍റ്. ജോർജ് ചാപ്പലിൽ എലിസബത്ത് രാജ്ഞിയുടെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. നിറങ്ങൾ വാരിത്തൂകി പറന്നത്, രാജകീയ വ്യോമസേനയായ എയറോബാറ്റ്സ് റെഡ് ആരോസ്. വൈകീട്ട് ഔദ്യോഗിക വിരുന്ന്. റൂപർട്ട് മർഡോക്, ടിം കുക്ക് എന്നിവരടക്കം പങ്കെടുത്ത വിരുന്ന്. പിറ്റേന്നാണ് സന്ദർശനത്തിലെ രാഷ്ട്രീയം തുടങ്ങിയത്. പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുമായി കൂടിക്കാഴ്ച. അതും അദ്ദേഹത്തിന്‍റെ കൺട്രി ഹൗസായ ചെക്കറേസിൽ (Chequers) വച്ച്. കൂടിക്കാഴ്ച ബ്രിട്ടനെ സംബന്ധിച്ച് അങ്ങേയറ്റം പ്രധാനമായിരുന്നു. അതുണ്ടാവുന്നത് വല്ലാത്തൊരു സമയത്തും.
അമേരിക്കയിലെ ബ്രിട്ടീഷ് അംബാസിഡർ പീറ്റർ മണ്ടൽസണിനെ (Peter Mandelson) സ്റ്റാമർ പുറത്താക്കിയത് ദിവസങ്ങൾക്ക് മുമ്പ് മാത്രം. ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദമാണ് കാരണം. എപ്സ്റ്റീനുമായുള്ള ട്രംപിന്‍റെ സൗഹൃദം ചോദ്യം ചെയ്യപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ട്രംപ് സന്ദർശനത്തിന്‍റെ തലേദിവസമാണ് വിൻഡ്സറിന്‍റെ മതിലുകളിൽ ട്രംപ് എപ്സ്റ്റീൻ വീഡിയോയും ചിത്രങ്ങളും പ്രതിഷേധക്കാർ പ്രൊജക്ട് ചെയ്തത്. അവരെ അപ്പോൾ തന്നെ അറസ്റ്റ് ചെയ്തു. വിൻഡ്സറിലെങ്ങും പ്രതിഷേധമായിരുന്നു.
2019-ലെ ആദ്യ സന്ദർശനത്തിൽ ഉയർന്ന് പൊങ്ങിയ ബേബി ബ്ലിമ്പ് ബലൂണുകൾ ഇത്തവണയും പറന്നു. അത് ട്രംപ് കാണാതിരിക്കാൻ സർക്കാർ പരമാവധി ശ്രദ്ധിച്ചു. മാധ്യമങ്ങളെ കൈയകലത്ത് നിർത്തി. സംയുക്ത വാർത്താ സമ്മേളനത്തിൽ എപ്സ്റ്റീൻ ചോദ്യമുണ്ടായെങ്കിലും സ്റ്റാമർ വഴുതി മാറി. ഗാസയിലെ ചോദ്യത്തിന് ബന്ദികളുടെ മോചനം വേണമെന്ന് ട്രംപ് പറഞ്ഞു. അതേസമയം പലസ്തീൻ വിഷയത്തിൽ താനും സ്റ്റാമറും രണ്ട് തട്ടിലാണെന്നത് സമ്മതിക്കയും ചെയ്തു. യുക്രെയ്നിൽ റഷ്യൻ പ്രസിഡന്‍റ് തന്നെ നിരാശപ്പെടുത്തിയെന്നും ട്രംപ് സമ്മതിച്ചു. പക്ഷേ, ഉപരോധങ്ങൾ വേണ്ടെങ്കിൽ റഷ്യയുടെ എണ്ണ വാങ്ങുന്നത് യൂറോപ്പ് അവസാനിപ്പിക്കണമെന്നും അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. അനധികൃത കുടിയേറ്റം തടയാൻ സൈന്യത്തെ വിന്യസിക്കണമെന്ന് സ്റ്റാമറിനെ ഉപദേശിച്ചു.
ചെക്കേഴ്സിൽ വച്ചാണ് ടെക് ധാരണയിൽ ഒപ്പിട്ടത്. സ്റ്റാമറിന്‍റെ ലക്ഷ്യം ടെക് ധാരണയായിരുന്നു. 150 ബില്യന്‍റെ നിക്ഷേപവും. പക്ഷേ, അതിനെപ്പറ്റി ആർക്കും വലിയ മതിപ്പില്ല. പണ്ടേ പറഞ്ഞുറപ്പിച്ച നിക്ഷേപങ്ങളായിരുന്നു അതിൽ പലതുമെന്നതാണ് വാസ്തവം. ചിലതിന്‍റെ നടപ്പാകൽ അവ്യക്തവുമാണ്. ആണവോർജ്ജത്തിൽ പക്ഷേ, ഇരുകൂട്ടരും ഒരേ തലത്തിലായിരുന്നു. അതിൽ ധാരണകളുമുണ്ടായി. എന്നാലും ആകെക്കൂടി, ബ്രിട്ടന് ഇപ്പോഴത്തെ സ്ഥിതി മെച്ചപ്പെടുത്താൻ തക്കവണ്ണം ഒന്നും കിട്ടിയിട്ടില്ല. 10 ശതമാനം ചുങ്കത്തിൽ മാറ്റമില്ല. സ്റ്റീൽ കയറ്റുമതിയിലെ ചുങ്കം കുറച്ചിട്ടില്ല. രാജ്യത്തെ സ്റ്റീൽ നിർമ്മാണക്കമ്പനികൾ തകരുന്നത് തുടരുകയാണ്. ചാർലി കെർക്കിന്‍റെ കൊലപാതകവും അതുയർത്തിവിട്ട ആശയ സംഘർഷങ്ങളും ഒക്കെയായിരുന്നു ട്രംപ് സന്ദർശനത്തിന്‍റെ പശ്ചാത്തലം. അതേസമയം, കർക്കശമായ നയങ്ങളുമായി ലേബർ പാർട്ടി ബ്രിട്ടനിൽ പിടിമുറുക്കുകയാണ്. ഇടത് പക്ഷം സ്റ്റാമറിനെതിരെ നിലപാടെടുക്കുന്നു. അധികാരം പിടിക്കാൻ കച്ച മുറുക്കുന്നു.