വിമർശകരുടെ വായടക്കാൻ ലൈസൻസിൽ പിടിച്ച് ട്രംപ്, കീഴടങ്ങി യുഎസ് മാധ്യമങ്ങളും

Published : Sep 27, 2025, 01:24 PM IST
Jimmy Kimmel

Synopsis

ചാർലി കെർക്കിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ഒരു വിവാദ പരാമർശത്തെ തുടർന്ന് ജിമ്മി കിമ്മലിന്‍റെ ടോക് ഷോ എബിസി താൽക്കാലികമായി നിർത്തിവച്ചു. സംഭവം ഹോളിവുഡിൽ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവച്ചു. 

 

ജിമ്മി കിമ്മലിന്‍റെ ടോക് ഷോ താൽകാലികമായി നിർത്തിവച്ചു. ചാർലി കെർക്കിന്‍റെ കൊലപാതകത്തിന്‍റെ ബാക്കിയാണിതും. കെമ്മലിന്‍റെ ഒരു പരാമർശത്തിന് ട്രംപ് സർക്കാർ, അഥവാ തീവ്ര വലത് നൽകിയ സമ്മാനമാണ് ആ നിരോധനം. അല്ലെങ്കിൽ തന്നെ വിഭാഗീയത വേരുപിടിച്ചോയെന്ന് സംശയിക്കുന്ന രാജ്യത്ത് വീണ്ടും വിത്തുകൾ പൊട്ടിമുളയ്ക്കുകയാണ്. കെമ്മലിന്‍റെ കരാറനുസരിച്ച് മേയ് 2026 വരെയാണ് കാലാവധി. കുറച്ചുകാലമായി 'കെമ്മൽ ലൈവ്' നിർത്തിയാലോയെന്ന് ജിമ്മി കിമ്മൽ തന്നെ ആലോചിക്കുന്നുണ്ടായിരുന്നു. 2022-ൽ കരാർ പുതുക്കിയപ്പോൾ ഈ സംശയം തമാശയായി പറയുകയും ചെയ്തിരുന്നു. പക്ഷേ, ഇങ്ങനെയൊരു അവസാനം ആരും പ്രതീക്ഷിച്ചില്ല. ഷോ ഇനി തുടരുമോയെന്നതിൽ എബിസി പ്രതികരിച്ചിട്ടുമില്ല.

ജിമ്മി കിമ്മൽ ലൈവ് ടോക് ഷോയിൽ കാഴ്ചക്കാരായി എത്തിയവർ അമ്പരന്നു. ഷോയിൽ പങ്കെടുക്കാനായി പാതിവഴിയെത്തിയ അതിഥികളും അമ്പരന്നു. ഹോളിവുഡ് ബൊളിവാർഡിലെ പ്രശസ്തമായ എൽ ക്യാപിറ്റൻ തിയേറ്ററിലാണ് (El Capitan Theatre) ജിമ്മി കിമ്മൽ ലൈവ് ഷൂട്ട് ചെയ്യുന്നത്. ഹോളിവുഡിലെ എല്ലാ പ്രധാനപ്പെട്ട ലാൻഡ് മാർക്കുകൾക്കും രൂപംകൊടുത്ത ചാൾസ് ഇ.ടോബർമാന്‍റെ (Charles E. Toberman) മറ്റൊരു ലാൻഡ്മാർക്ക്. അത്യാധുനിക സജ്ജീകരണങ്ങളുമായി പുതുക്കിയെടുത്ത കെട്ടിടം ഇന്ന് വാൾട് ഡിസ്നിയുടെ ഉടമസ്ഥതയിലാണ്. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി, ജിമ്മി കെമ്മൽ വരെ സ്ഥലത്തെത്തിക്കഴിഞ്ഞപ്പോഴാണ് എബിസി എന്ന അമേരിക്കൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ അറിയിപ്പ് വരുന്നത്. 'Jimmy Kimmel Live Pulled Off Air', തൽകാലത്തേക്ക്. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് ചെയർമാൻ ബ്രെൻഡൻ കാർ (Brendan Carr) ഒരു പോഡ്കാസ്റ്റിൽ മുഴക്കിയ ഭീഷണിയാണ് കാരണമെന്ന് അനുമാനം. കിമ്മലിന്‍റെ പരാമർശങ്ങൾക്കുള്ള ശിക്ഷ നൽകിയില്ലെങ്കിൽ എബിസിയുടെ ലൈസൻസ് റദ്ദാക്കും എന്നായിരുന്നു ഭീഷണി.വാൾട്ട് ഡിസ്നിയാണ് ABC-യുടെ ഉടമകൾ എന്നോർക്കണം.

കീഴടങ്ങിയ വഴി

ഡിസ്നിയും മുട്ടുമടക്കി. അതിന് പിന്നിലും ഒരു കാരണമുണ്ട്. അമേരിക്കയിൽ രാജ്യമെമ്പാടുമെത്തുന്ന നേരിട്ടുള്ള സംപ്രേഷണങ്ങൾ കുറവാണ്, പകരം പ്രാദേശിക സ്റ്റേഷനുകളുമായി യോജിച്ചാണ് സംപ്രേഷണം. അവർ വിസമ്മതിച്ചാൽ സംപ്രേഷണം നിലയ്ക്കും. കിമ്മലിന്‍റെ കാര്യത്തിലും ഡിസ്നി അല്ല തീരുമാനമെടുത്തത്. അമേരിക്കയിലെ ഏറ്റവും വലിയ പ്രാദേശിക ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗ് ഗ്രൂപ്പായ NEXSTAR ആണ്. 200 ഓളം സ്വന്തമോ പങ്കാളിയായോ ഉള്ള സ്റ്റേഷനുകളുടെ ഉടമ. അവരാണ് ആദ്യം തീരുമാനമെടുത്തത് കിമ്മലിന്‍റെ ഷോ ടെലികാസ്റ്റ് ചെയ്യില്ലെന്ന്, ABC-യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 32 സ്റ്റേഷനുകൾ NEXSTAR-ന്‍റെതാണ്. അപ്പോൾ അവരുടെ തീരുമാനം ABC-യ്ക്കും ഡിസ്നിയ്ക്കും അംഗീകരിക്കേണ്ടി വന്നു. അതാണ് സ്ഥിതി വിശേഷം.

NEXSTAR-ന്‍റെ തീരുമാനത്തിന് പിന്നിലും ഒരു കാരണമുണ്ട്. TEGNA എന്ന മറ്റൊരു മാധ്യമ കമ്പനിയുമായുള്ള ലയനത്തിന് ഫെഡറൽ കമ്മ്യൂണിക്കേഷന്‍സിന്‍റെ അനുമതി തേടിയിരിക്കയാണ് NEXSTAR. പിണക്കാൻ പറ്റില്ല. ഫെഡറൽ കമ്മ്യൂണിക്കേഷന്‍സ് ചെയർമാൻ ബ്രെൻഡൻ കാർ എന്തായാലും നെക്സ്റ്റാറിനെ പ്രശംസിച്ചു. മറ്റ് സ്ഥാപനങ്ങൾക്കും ഈ വഴി പിന്തുടരാമെന്നും പ്രതീക്ഷയറിയിച്ചു. ജിമ്മി കിമ്മൽ ലൈവിന്‍റെ സമയത്ത് കെർക്കിന് അനുസ്മരണം എന്ന് എബിസിയുടെ അഫിലിയേറ്റ് പ്രഖ്യാപിച്ചു. ഇതൊക്കെ കൂടി ചേർന്നാണ് കിമ്മൽ ലൈവിന്‍റെ അന്ത്യം കുറിച്ചത് എന്ന് ചുരുക്കം.

വിവാദമായ പരാമർശം

തലേദിവസമാണ് ജിമ്മി കിമ്മൽ വിവാദമായ പരാമർശം നടത്തിയത്. ചാർലി കെർക്കിനെ വെടിവച്ച് കൊന്ന 22-കാരനെ തങ്ങളിലൊരാളായി കാണുകയാണ് മാഗാ സംഘം, രാഷട്രീയ നേട്ടമുണ്ടാക്കുകയാണ് എന്നാണ് പറഞ്ഞത്. MAGA എന്നത് ട്രംപ് സർക്കാരിന്‍റെ പ്രചാരണ വാക്യമായ 'Make America Great Again എന്നതിന്‍റെ ചുരുക്കമാണ്. മാഗാ സംഘം എന്നാൽ, ട്രംപ് സംഘം. കെർക്കിനോടുള്ള ആദര സൂചകമായി പതാക താഴ്ത്തിക്കെട്ടിയതും കിമ്മൽ സൂചിപ്പിച്ചു. ട്രംപിന്‍റെ പ്രതികരണത്തെ പരിഹസിക്കുകയും ചെയ്തു. മുതിർന്നവരുടെ പ്രതികരണമല്ല, വളർത്തു മത്സ്യം ചത്ത് പോയ നാല് വയസുകാരന്‍റെ പ്രതികരണം എന്നായിരുന്നു പരിഹാസം. പക്ഷേ, കെർക്ക് കൊല്ലപ്പെട്ടപ്പോൾ, ഇൻസ്റ്റയിലൂടെ ആക്രമണം അപലപിച്ചിരുന്നു കിമ്മൽ. കുടുംബത്തോടൊപ്പം എന്ന് കുറിക്കുകയും ചെയ്തു.

അംഗീകരിച്ചാൽ മാത്രം ലൈസൻസ്

കിമ്മൽ ടോക് ഷോ നിർത്തി വച്ചപ്പോൾ ട്രംപിന്‍റെ സോഷ്യൽ മീഡിയ കുറിപ്പും വന്നു. റേറ്റിംഗില്ലാത്ത പരിപാടി റദ്ദാക്കിയതിന് എബിസിയ്ക്ക് അഭിനന്ദനം എന്നായിരുന്നു കുറിപ്പ്. 2003 മുതൽ എബിസിയുടെ സ്റ്റാർ ഷോയാണ് ജിമ്മി കിമ്മൽ ലൈവ്. ഹോളിവുഡ് താരങ്ങൾ മുതൽ, രാഷ്ട്രീയ ഉന്നതർ വരെ അതിഥികളായെത്തിയിട്ടുള്ള ടോക് ഷോ. ശുദ്ധ നർമമവും ആക്ഷേപ ഹാസ്യവും ഇടകലർന്നുള്ള പരിപാടി. ജിമ്മി കിമ്മൽ നാലുതവണ ഓസ്കറിന്‍റെ ആതിഥേയനുമായിട്ടുണ്ട്. കിമ്മലിന്‍റെ ഭാര്യ മോളി മക്നിയർണിയാണ് ഷോയുടെ ഹെഡ് റൈറ്ററും എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും.

ഹോളിവുഡ് തന്നെ ആകെ അമ്പരപ്പിലാണ്. അതിന് പിന്നാലെ ട്രംപിന്‍റെ ഭീഷണിയുമെത്തി. തന്നെ എതിർക്കുന്ന പ്രമുഖ ചാനലുകളുടെയെല്ലാം ലൈസൻസ് റദ്ദാക്കണം. ചാനലുകളുടെ എതിർപ്പ് ഇത്രയുമായിട്ടും താൻ തെരഞ്ഞെടുപ്പിൽ ജയിച്ചു. തനിക്കവർ തരുന്നത് നെഗറ്റിവ് പബ്ലിസിറ്റി മാത്രമാണ്. പിന്നെ എന്തിന് ലൈസന്‍സ് എന്നായിരുന്നു ചോദ്യം. എഫ്സിസിയുടെ (FCC) ഭീഷണി അതേസ്വരത്തിൽ പിന്നെയുമെത്തി. പൊതുജനതാൽപര്യമാണ് ചാനലുകൾ മാനിക്കേണ്ടത്. അത് പറ്റില്ലെങ്കിൽ ലൈസൻസ് തിരിച്ചുതരട്ടെയെന്നായി. അതോടെ കാര്യങ്ങളുടെ ഗൗരവം കൂടി.

നഷ്ടം മാത്രം

ABC കഴിഞ്ഞ വർഷമാണ് ട്രംപുമായുള്ള മാനനഷ്ടക്കേസിലെ ധാരണക്കായി 16 മില്യൻ ചെലവാക്കിയത്. 15 മില്യൻ പ്രസിഡൻഷ്യൽ ലൈബ്രറിക്ക്, ഒന്ന് അഭിഭാഷകന്. ബലാത്സംഗക്കേസിലെ പരാമർശമാണ് കാരണം. ഇനി മറ്റൊരു യുദ്ധത്തിനില്ലെന്ന് തീരുമാനിക്കുകയായിരുന്നിരിക്കണം കമ്പനി. CBS ഉം പെട്ടു ഇതേപോലൊരു കുരുക്കിൽ 16 മില്യൻ. അതും ബിസിനസ് താൽപര്യമായിരുന്നു. ഉടമകളായ പാരമൗണ്ട്, സ്കൈഡാൻസുമായി ലയനത്തിന് ശ്രമിക്കുകയായിരുന്നു അന്ന്. ധാരണയുടെ ബാക്കിയായിരുന്നു സ്റ്റീഫൻ കോൾബർട്ടിന്‍റെ (Stephen Colbert) ലൈവ് ഷോ അവസാനിപ്പിക്കാനുള്ള തീരുമാനവും. അതും ഏറ്റവും കൂടുതൽ റേറ്റിംഗുള്ള ടോക് ഷോ. പക്ഷേ, സ്റ്റീഫൻ കോൾബർട്ട് ട്രംപിന്‍റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളാണ്.

പിന്തുണ കിമ്മലിന്

ലേറ്റ് നൈറ്റ് ടെലിവിഷൻ ഷോ ചെയ്യുന്നവരെല്ലാം കിമ്മലിന് പിന്നിൽ അണി നിരന്നു. സ്റ്റീഫൻ കോൾബർട്ട്, സേത്ത് മെയേഴ്സ് എന്നിവർ കിമ്മൽ സുഹൃത്തെന്ന് പ്രഖ്യാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്ന് ആരോപിച്ചു. ജോൺ സ്റ്റുവർട്ടും ജിമ്മി ഫാലണും ആക്ഷേപ ഹാസ്യത്തിലൂടെ പ്രതികരിച്ചു. ഫോക്സ് ന്യൂസ് മാത്രം വിട്ടുനിന്നു. കിമ്മലിനെ വിമർശിച്ചു ഫോക്സിലെ അതിഥികളും.

ABC-യ്ക്ക് ചില തിരിച്ചടികൾ തുടങ്ങിയിട്ടുണ്ട്. കിമ്മലിനെ തിരിച്ചെടുക്കുന്നതുവരെ പണിയെടുക്കില്ലെന്നറിയിച്ചു ചില പരിപാടികളുടെ ചുമതലക്കാർ. TARGET എന്ന കമ്പനിയോട് ചെയ്തത് പോലെ ഡിസ്നിയോടും എന്നതാണ് ഇപ്പോഴത്തെ മുദ്രാവാക്യം. Diversity, equity, and inclusion എന്നിവയിൽ പിന്നോട്ട് പോയതോടെ കമ്പനി ജനം ബഹിഷ്കരിച്ചു. അതോടെ ഓഹരിവില ഇടിഞ്ഞു. സിഇഒ രാജിവയ്ക്കുമെന്നറിയിച്ചു. ഇതൊക്കെ പക്ഷേ, എത്രമാത്രം ട്രംപിനെ ബാധിക്കുമെന്ന് വ്യക്തമല്ല. അത് പ്രസിഡന്‍റോ ചുറ്റുമുള്ളവരോ ഗൗരവമായെടുക്കുമോയെന്ന് പോലും വ്യക്തമല്ല.

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്