അന്ന് തുടങ്ങിയ തീറ്റയാ; ഇത് വരെ നിര്‍ത്തിയിട്ടില്ല തീറ്റ, പിന്നെ വര്‍ക്കൗട്ടും!

Published : Jun 03, 2025, 02:48 PM ISTUpdated : Jun 24, 2025, 11:01 AM IST
അന്ന് തുടങ്ങിയ തീറ്റയാ; ഇത് വരെ നിര്‍ത്തിയിട്ടില്ല തീറ്റ, പിന്നെ വര്‍ക്കൗട്ടും!

Synopsis

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

ആരോഗ്യപരമായ പല ചിന്തകളും എന്റെ തലയിലൂടെ ഓടി. പക്ഷേ, അതൊന്നും ചെയ്തിട്ട് പ്രത്യേകിച്ച് വലിയ ഗുണമൊന്നും കിട്ടാനില്ലല്ലോ. മാത്രമല്ല, ഭാവിയില്‍ അതൊക്കെ എന്റെ മാത്രം പണികളായി മാറുകയും ചെയ്യും. അങ്ങനെ മനസ്സില്ലാമനസ്സോടെ ഞാന്‍ ജിമ്മില്‍ പോയി ചേര്‍ന്നു.

 

നിങ്ങള്‍ അമിതമായി തടി കൂടുന്നുണ്ടോ?

നിങ്ങള്‍ക്ക് സ്‌ട്രെസ് ഈറ്റിങ്ങ് ഉണ്ടോ?

ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ?

ഉണ്ടോന്ന്...?

ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. അവരവര്‍ തന്നെ സഹിച്ചോ!

വെല്‍കം ടു മൈ ജിം. 

എപ്പോഴും സൂപ്പറായി നടക്കണം, എല്ലാവരും എന്നെ വായനോക്കണം ഇങ്ങനെയുള്ള ആഗ്രഹങ്ങള്‍ ഉണ്ടായാല്‍ മാത്രം പോരാ, തീറ്റയും കൂടെ കുറക്കണം. ഇനി തീറ്റ കുറച്ചാല്‍ വെച്ച തടി പോകുമെന്ന് വിചാരിക്കണ്ട. അതിന് ശരീരം വിയര്‍ക്കണം.

വിയര്‍പ്പിന്റെ അസുഖം ഉള്ളത്‌കൊണ്ട് കഠിനമായ വര്‍ക്ക്ഔട്ടുകള്‍ ഒന്നും എനിക്ക് പറ്റില്ല.

എന്താപ്പോ ചെയ്യാ?

വീടൊക്കെ ദിവസവും കുത്തിയിരുന്ന് കഴുകി തുടച്ചാലോ? തുണിയൊക്കെ കല്ലിലിട്ട് കുത്തിയലക്കിയാലോ?
ഒരു കിണറ് കുത്തി വെള്ളം കോരിയാലോ?

ഇങ്ങനെ ആരോഗ്യപരമായ പല ചിന്തകളും എന്റെ തലയിലൂടെ ഓടി. പക്ഷേ, അതൊന്നും ചെയ്തിട്ട് പ്രത്യേകിച്ച് വലിയ ഗുണമൊന്നും കിട്ടാനില്ലല്ലോ. മാത്രമല്ല, ഭാവിയില്‍ അതൊക്കെ എന്റെ മാത്രം പണികളായി മാറുകയും ചെയ്യും. 

അങ്ങനെ മനസ്സില്ലാമനസ്സോടെ ഞാന്‍ ജിമ്മില്‍ പോയി ചേര്‍ന്നു.

ജിമ്മിനെ പറ്റി എനിക്ക് ആകെ അറിയാവുന്നത് ഈ കാര്യങ്ങളാണ്. കാണാന്‍ കൊള്ളാവുന്ന കുറേ ചെക്കന്മാര്‍ ഉള്ള സ്ഥലം, വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ പറ്റിയ ഒരു സ്ഥലം. 

വെറും തെറ്റിദ്ധാരണ!

രണ്ടും കല്‍പ്പിച്ച് ഞാന്‍ ജിമ്മിന്റെ വാതില്‍ തുറന്ന് അകത്തേക്ക് കയറി. തുറന്നതും ആ ജിമ്മില്‍ മാത്രം വീശുന്ന ഒരു പ്രത്യേക തരം കാറ്റ് എന്റെ മൂക്കിലേക്ക് അടിച്ചു. 

ഔ! എന്റെ സാറേ...

മൂക്കും പൊത്തിപ്പിടിച്ച് ഞാന്‍ അന്തം വിട്ടു. ഒരുത്തന്‍ വിയര്‍ത്ത് കുളിച്ച് അടുത്തുകൂടെ പോയതാ.

ശ്ശെടാ ഇവനൊക്കെ കുളിച്ചിട്ട് വന്നൂടേ ജിമ്മിലേക്ക്!

ഏതായാലും വെച്ച കാല്‍ മുന്നോട്ട് തന്നെ.

ഗേള്‍സ് സ്‌കൂളില്‍ നിന്നും മിക്‌സഡ് കോളേജിലേക്ക് ചേര്‍ന്നത് പോലെ ഒരു ഫീല്‍!

അടക്കത്തോടെയും ഒതുക്കത്തോടെയും ഞാന്‍ ആരുടേയും മുഖത്ത് നോക്കാതെ നടന്നു. ആദ്യം തന്നെ ഇംപ്രഷന്‍ കളയരുതല്ലോ. 

എന്നാലും എന്റെ ഉള്ളിന്റെ ഉള്ളിലെ അങ്കലാപ്പ് മനസ്സിലാക്കിയ ഒരു മനുഷ്യന്‍ അടുത്തേക്ക് വന്നു.

'ഹായ്'- അയാള്‍ എന്നോട് പറഞ്ഞു.

ആരാടാ നീ എന്ന് ഞാനവന്റെ മുഖത്ത് നോക്കി, മനസ്സില്‍ ചോദിച്ചു.

'ആദ്യമായിട്ടാണോ ജിമ്മില്‍?'- അയാളത് ചോദിച്ചത് എനിക്കിഷ്ടപ്പെട്ടില്ല. 

'ഹേയ് ഞാനോ! ഇതെന്റെ എത്രാമത്തെ ജിമ്മാണെന്നറിയുവോ?'- ഞാനൊട്ടും കുറച്ചില്ല.

'അതല്ല, ഈ ജിമ്മില്‍ ആദ്യമായിട്ടോണോ എന്ന്.'- അയാള്‍ വിശദീകരിച്ചു.

ഇതൊക്കെ ഞാന്‍ ഇയാളോടെന്തിനാ പറയണത്. പരിചയമില്ലാത്തവരോട് അധികം മിണ്ടാന്‍ പോകരുത് എന്നാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. മിഠായി തന്ന് തട്ടിക്കൊണ്ട് പോകുമത്രേ.

എന്റെ ആ മുഖം കണ്ട് കാര്യം മനസ്സിലായ ആള്‍ പറഞ്ഞു:

'ഞാനിവിടുത്തെ ട്രെയ്‌നര്‍ ആണ് മേഡം.

ജീവനോടെയുള്ള ഒരു ട്രെയ്‌നറെ ആദ്യമായി കണ്ട ഞാന്‍ അയാളെ അടി മുതല്‍ മുടി വരെ കണ്ണുകള്‍ കൊണ്ടളന്നു.

മമ്മൂട്ടിയുടെ ട്രെയ്‌നര്‍, പ്രിത്വിരാജിന്റെ ട്രെയ്‌നര്‍ എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ അത് വരെ.??

ഇതിപ്പോ ദേ എനിക്ക് സ്വന്തമായൊരു ട്രെയ്‌നര്‍!

ശരീരം മൊത്തം മസില് വന്ന്, കക്ഷത്തില്‍ കുരു വന്നത് പോലെ കഷ്ടപ്പെട്ട് നടക്കുന്ന ഒരു ട്രെയ്‌നര്‍ ആയിരുന്നു എന്റെ മനസ്സ് നിറയെ.

ഇതൊരുമാതിരി, ഒരൊണക്ക ട്രെയ്‌നര്‍! ഇതിപ്പോള്‍ ഇയാളേക്കാള്‍ മസിലുണ്ടല്ലോ എനിക്ക്. ഇയാളിതെങ്ങെനെ എന്നെ പഠിപ്പിക്കും?

'ആഹ്! ട്രെയ്‌നര്‍ ആയിരുന്നോ? എന്നാലെനിക്കൊരു സത്യം പറയാനുണ്ട്.''- ഞാന്‍ പതുക്കെ പറഞ്ഞു.

'പറയൂ മേഡം' - ട്രെയ്‌നറും പതുക്കെ പറഞ്ഞു.

'അതേയ്, ഞാന്‍ നേരത്തേ വെറുതേ പറഞ്ഞതാ. ഞാനാദ്യമായാ ഒരു ജിമ്മില്‍ വരണത്. എനിക്കൊരു കുന്തോം അറിയില്ല.'- ശബ്ദം ചെറുതാക്കി ഞാന്‍ പറഞ്ഞു.

'അതൊന്നും സാരമില്ല. ഒക്കെ നമുക്ക് ശരിയാക്കാം.'- ട്രെയ്‌നര്‍ ചിരിച്ചു.

ഔ! ഇതാണ് ട്രെയ്‌നര്‍. ഇങ്ങനെയാവണം  ട്രെയ്‌നര്‍.

എന്റെ കോണ്‍ഫിഡന്‍സ് ലെവല്‍ ഒറ്റയടിക്കല്ലേ കൂട്ടിയത്.

'ഓക്കേയ്. എന്നാ നമുക്കിന്ന് തന്നെ തുടങ്ങാം അല്ലേ?'- കോണ്‍ഫിഡന്‍സ് പൊക്കിപ്പിടിച്ച് ഞാന്‍ പറഞ്ഞു.

'ശരി മാഡം. എന്നാല്‍ പോയി ക്യാഷ് അടച്ച് വന്നോളൂ.' 

'അതൊക്കെ ഞാനടച്ചല്ലോ. വാ, എന്നെ വേഗം ട്രെയിന്‍ ചെയ്യിക്ക്.'

കോണ്‍ഫിഡന്‍സിന്റെ ഓരോ കളിയേ.

'മേഡം അടച്ചത് ജിമ്മിന്റെ ക്യാഷ് ആണ്.  P.T എടുക്കണമെങ്കില്‍ അതിന് വേറെ ക്യാഷടക്കണം.'- ട്രെയ്‌നര്‍ അതിവിനയത്തോടെ പറഞ്ഞു.

'ഇവിടെ P.T ഒക്കെയുണ്ടോ? അതിനെവിടെ ഗ്രൗണ്ട്'- എന്റെ സംശയം ഞാന്‍ ചോദിച്ചു.

'അയ്യോ മേഡം, ഇത് സ്‌കൂളിലെ P.T അല്ല. ഇവിടുത്തെ P.T എന്ന് വെച്ചാല്‍ പേഴ്‌സണല്‍ ട്രെയ്‌നര്‍.''

അത് പറഞ്ഞപ്പോള്‍ ട്രെയ്‌നറുടെ മുഖമൊന്ന് കോടിയത് പോലെ. 

പുച്ഛം ആണോ? അല്ല, എന്റെ ഭാഗത്തും തെറ്റുണ്ട്. മിണ്ടാതെ നിന്നാല്‍ മതിയായിരുന്നു.

'നിങ്ങളെ കണ്ടാല്‍ ഒരു ട്രെയ്‌നര്‍ പോലൊന്നുമല്ലല്ലോ. എനിക്ക് വിശ്വാസം വരാതെ ഞാന്‍ ക്യാഷ് അടക്കില്ല.' - എന്റെ മുഖവും കോടി.

ചമ്മുമ്പോള്‍ എതിരാളിയുടെ വീക്ക് പോയിന്റില്‍ കേറി പിടിക്കണം എന്നാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. അത് തന്നെ ഞാന്‍ ചെയ്തു. 

അവന് കൊണ്ടു. ഇപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും സമാസമം.

'മേഡം രൂപത്തിലല്ല, വര്‍ക്കിലാണ് കാര്യം'- ട്രെയ്‌നര്‍ അത് പറഞ്ഞ് നടന്നു.

ട്രെയ്‌നറുടെ പുറകേ ഞാന്‍ അനുസരണയോടെ നടന്നു.

നടക്കുന്നതിന്റെ ഇടയില്‍ എന്റെ കണ്ണുകള്‍ സൈഡിലേക്കൊന്ന് ചെറുതായി പാളി.

അവിടെ ഒരു കൂട്ടം ആണുങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നു. വാവ്.

ഹോ! എനിക്ക് ഒരു സന്തോഷമൊക്കെ വന്നു.

ആദ്യത്തെ ദിവസം ആയത് കൊണ്ട് ആക്രാന്തം കാണിക്കാതെ ഞാന്‍ നടന്നു. ജിമ്മിലെ ഫ്‌ലോര്‍ എക്‌സര്‍സൈസ് മുറിയിലേക്കാണ് ഞാനെത്തിയത്. 

അതിനുള്ളില്‍ ചിലര്‍ ചാടുന്നു, ഇരുന്നെഴുന്നേല്‍ക്കുന്നു, ചിലര്‍ കിടക്കുന്നു!

ശ്ശെടാ ഓരോരോ പങ്കപ്പാടുകളേയ്!

'തുടങ്ങാം മേഡം, വാം അപ്പ് ചെയ്‌തോളൂ.' - ട്രെയ്‌നര്‍ പറഞ്ഞു.

കേട്ടപാടെ കൈയും കാലും നിവര്‍ത്തി ഞാനൊരു കോട്ട് വായ ഇട്ടു.

'ഇതെന്താ?'

'ഇങ്ങനെയാണ് ഞാന്‍ ദിവസോം രാവിലെ വാം അപ്പ് ചെയ്യണത്.'- ഗമയോടെ ഞാന്‍ പറഞ്ഞു.

ട്രെയ്‌നറുടെ ചുണ്ടുകള്‍ വീണ്ടും സൈഡിലേക്ക് കോടി.

'ഞാന്‍ കാണിക്കുന്നത് പോലെ ചെയ്യണം.' 

'എന്തും ചെയ്യും.' 

ട്രെയ്‌നര്‍ സ്വന്തം കഴുത്ത്, കൈ, കാല് പിന്നെ ശരീരത്തുള്ളതെല്ലാം വട്ടത്തില്‍ കറക്കി. 

ആഹാ കൊള്ളാല കളി! ഞാനും അതൊക്കെ ചെയ്തു.

'നമുക്കിന്ന് കുറച്ച് ആബ്‌സ് വര്‍ക്കൗട്ട് ചെയ്യാം.' - അവിടെ വെച്ചിരുന്ന ഒരു മാറ്റെടുത്ത് ട്രെയ്‌നര്‍ വിരിച്ചു.

ട്രെയ്‌നര്‍ കാണിച്ച് തന്നതൊക്കെ ഞാന്‍ ശടപടേ എന്ന് ചെയ്തു. 

'ഇനി ഇതൊക്കെ മൂന്ന് സെറ്റ് വെച്ച് ചെയ്യോളൂ.' 

ട്രെയ്‌നര്‍ അത് പറഞ്ഞപ്പോള്‍ എനിക്ക് പെട്ടെന്നൊരു തളര്‍ച്ച പോലെ.

യെവന്‍ ഫസ്റ്റ്‌നൈറ്റില്‍ തന്നെ ഫുള്‍ ന്യൂഡ് കാണിക്കുന്ന ലക്ഷണമാണല്ലോ.

'ഉം, ചെയ്യ് ചെയ്യ് മേഡം. കമോണ്‍.'

അത് കേട്ട് എന്റെ ക്ഷീണം പിന്നേയും കൂടി. ഒരു സെറ്റ് കൂടെ ഞാന്‍ കഷ്ടപ്പെട്ട് ചെയ്തു. മൂക്കില്‍ നിന്നും ഒരു പുക വരുന്നത് പോലെ തോന്നിയപ്പോള്‍ ഞാന്‍ എഴുന്നേറ്റു.

'എന്നെ....കൊല്ലാതിരിക്കാന്‍ പറ്റുമോ സാര്‍'

യാതൊരു അലിവുമില്ലാതെ ആ ട്രെയ്‌നര്‍ എന്നോട് പറഞ്ഞു: 

'പോയി കുറച്ച് വെള്ളം കുടിച്ചിട്ട് വാ.'

കേള്‍ക്കേണ്ട താമസം ഞാനാ മുറിയില്‍ നിന്നും പുറത്തേക്കോടി. വെള്ളം കുപ്പിയെടുത്ത് അണ്ണാക്കിലേക്ക് കമഴ്ത്തിയപ്പോഴാണ് ഞാന്‍ ആ കാഴ്ച കണ്ടത്.?

എന്റെ കണ്ണുകള്‍ പുറത്തേക്ക് തള്ളി വന്നു.

അവിടെ, കാണാന്‍ നല്ല ഭംഗിയുള്ള ഒരു പെണ്ണുമ്പിള്ള മുതുകത്ത് മുപ്പത് കിലോ അരിച്ചാക്ക് കയറ്റി വെച്ചത് പോലെ നില്‍ക്കുന്നു. പിന്നെ പതുക്കെ കുനിയുന്നു, നിവരുന്നു.

അവിടെയുള്ള ജിമ്മന്മാര്‍ മുഴുവനും അവരെ നോക്കി വെള്ളമിറക്കുന്നു.

അവരെ കുറ്റം പറയാനൊക്കില്ല.

'എന്തൊരു സ്ട്രക്ചറെന്റെമ്മച്ചിയേ!'

അപ്പോഴാണ് ഞാന്‍ എന്റെ വേഷത്തിനെ പറ്റി ബോധവതി ആയത്.

ശ്ശെ! വെറുതെയല്ല ആരും എന്നെ നോക്കാത്തത്. പോരാ, പോരാ എന്റെ ഡ്രെസിങ്ങ് പോരാ!'

എന്റെ ഈഗോ തല പൊക്കിയപ്പോള്‍ ഞാന്‍ ട്രെയ്‌നറുടെ അടുത്തേക്ക് പോയി തലയും താഴ്ത്തി നിന്നു.

'ഓക്കെ ആയോ മേഡം?'

'ഓ ആ ഫ്‌ലോ അങ്ങ് പോയെടാ ഉവ്വേ, അല്ല സാറേ.'

എനിക്ക് ആ പെണ്ണിനെ കണ്ടപ്പോള്‍ മുതല്‍ കുശുമ്പും അസൂയയും ചൊറിച്ചിലും എല്ലാം കൂടെ വരുവാന്‍ തുടങ്ങി

സ്വാഭാവികം.

'അതേയ്, അധികം കഷ്ടപ്പെടാതെ വണ്ണം കുറക്കാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ'

എന്റെ ചോദ്യം കേട്ട് ട്രെയ്‌നര്‍ ചിരിച്ചു.

'കുറച്ച് കഷ്ടപ്പെട്ടാലേ റിസള്‍ട്ട് കിട്ടു മേഡം.'

അന്ന് ഞാനവിടെ നിന്നിറങ്ങിയത് ഒരു തീരുമാനവും എടുത്ത്‌കൊണ്ടായിരുന്നു.

നാളെ മുതല്‍ ഞാന്‍ കഷ്ടപ്പെടും! ട്രെയ്‌നര്‍ പറയുന്നത് പോലെ വര്‍ക്കൗട്ട് ചെയ്യും, ഡയറ്റ് ചെയ്യും, എല്ലാം ചെയ്യും. 

ഉറച്ച തീരുമാനവും ചവച്ച് ഇറക്കി, കുളിച്ച്, നല്ല ഉഷാറോട് കൂടെ നില്‍ക്കുമ്പോള്‍ അമ്മ വന്നു.

'നീ കഴിച്ചാ?'

'ഇല്ല, എന്താ?'- ഞാന്‍ ചോദിച്ചു.

'നിനക്കിഷ്‌ടൊള്ള ടൈപ്പ് ബീഫും കൂര്‍ക്കേം ഒലര്‍ത്തി വെച്ചിട്ടുണ്ട്.' 

അമ്മ സന്തോഷത്തോടെ പറഞ്ഞത് കേട്ട് എന്റെ കണ്ണില്‍ നിന്നും തീ പാറി.'

'ഒലക്ക! അമ്മയോടാരാ പറഞ്ഞേ ഇപ്പോ ബീഫ് വെക്കാന്‍.'

'ഇത് നല്ല കൂത്ത്. നീയല്ലേ ഇന്നലെയിരുന്ന് പറഞ്ഞത് ബീഫ് തിന്നാന്‍ കൊതീന്ന്.'- അമ്മയും ചെറുതായി തീ പാറിച്ചു.

ശരിയാണ്, ഞാന്‍ പറഞ്ഞിരുന്നു.

പക്ഷേ, തെറ്റ് എന്റെ ഭാഗത്താണെന്ന് സമ്മതിച്ച് കൊടുക്കുവാന്‍ എനിക്ക് മനസ്സില്ല.??

'ഞാനിനി സ്ട്രിക്ട്് ഡയറ്റിലാ. എനിക്കൊരു കുന്തോം വേണ്ട.'

അതും പറഞ്ഞ് ഉമ്മറത്തേക്കൊരു ഗ്രീന്‍ ടീ ഓര്‍ഡര്‍ ചെയ്ത്, ആട്ട് കിട്ടുന്നതിന് മുന്‍പ് ഞാനോടി.

വൈകുന്നേരം വരെ ഞാന്‍ സര്‍വ്വംസഹയായ ഭൂമീ ദേവിയെ പോലെ സഹിച്ച് നിന്നൂ, കിടന്നൂ, നടന്നൂ.

കുറച്ച്കൂടി നേരം കഴിഞ്ഞപ്പോള്‍ ഒരു വല്ലായ്മ പോലെ, ഒരു വിഷമം പോലെ, ഒരു തല വേദന പോലെ.?

അല്ലേല് ഫോണില് രണ്ട് ചാറ്റ് കഴിയുമ്പോഴേക്കും രാത്രി ആകുന്നതാ. ഡയറ്റെടുത്താല്‍ പിന്നെ സമയവും പോകില്ല. കണ്ണിലെണ്ണ ഒഴിച്ച് രാത്രിയാവാന്‍ കാത്തിരിക്കേണ്ട ഗതികേടാ.

ആ സമയത്താണ് ആരോ എന്നെ കൈ പിടിച്ച് നടത്തുവാന്‍ തുടങ്ങിയത്. ഞാന്‍ ആ അരൂപിയെ വിശ്വസിച്ച് നടന്ന് ചെന്നെത്തിയത് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലും.

എന്റെ ആമാശയം എന്നോടിങ്ങനെ പറഞ്ഞു.

നാളെ തൊട്ട് നന്നായാല്‍ പോരേ? ഇന്നെനിക്ക് എന്തും കഴിക്കാമല്ലോ?

ഒരു പാത്രം ചോറും ബീഫും എടുത്ത് വെട്ടി വിഴുങ്ങുന്നതിനിടയില്‍ അമ്മ വന്നതൊന്നും കാണാന്‍ നേരമുണ്ടായിരുന്നില്ല. 

അല്ലെങ്കിലും അമ്മമാരെ നമ്മള്‍ വിഷമിപ്പിക്കരുത്. പാപം കിട്ടും.

എനിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ ബീഫും കൂര്‍ക്കയും ഞാന്‍ കഴിച്ചില്ലെങ്കില്‍ അമ്മക്കുണ്ടാകുന്ന വിഷമം ഓര്‍ത്തപ്പോള്‍, ഞാന്‍ ഒരു പാത്രം കൂടെ ചോറിട്ടു.

ഒരു നന്ദിവാക്ക് പോലും അമ്മയോട് പറയാതെ കഴിച്ചിട്ട് ഞാന്‍ എഴുന്നേറ്റ് പോയത്  സ്‌നേഹമില്ലാഞ്ഞിട്ടല്ല. ആക്രാന്തം മൂത്ത് വെട്ടി വിഴുങ്ങിയപ്പോള്‍ ഓര്‍ത്തില്ലായിരുന്നു, വയര്‍ എന്റെ മാത്രം ആണെന്ന്.

പിറ്റേ ദിവസം രാവിലെ കടുത്ത കുറ്റബോധം കാരണം ഒരു കടുംകാപ്പിയും കുടിച്ച് അടുത്ത പ്രതിജ്ഞ എടുത്തു.

ഇന്ന് മുതല്‍ ട്രെയ്‌നര്‍ ആണെന്റെ ദൈവം??

കെട്ടും ഭാണ്ഡവും എടുത്ത് വീണ്ടും ജിമ്മിലേക്ക് വലിഞ്ഞ് കയറി.

എന്നെ കണ്ട് അടുത്ത് വന്ന ട്രെയ്‌നറോട് ഞാന്‍ വിനയപുരസരം പറഞ്ഞു :

'ആശാനേ, ഇന്ന് മുതല്‍ ഞാന്‍ വേറെയൊരു ആളാണ്. ആശാന്‍ പറയുന്നതായിരിക്കും എന്റെ വേദവാക്യം. അനുഗ്രഹിക്കണം.'

അന്ന് തുടങ്ങിയ കസര്‍ത്താണ്. മണി മണി പോലെ റിസള്‍ട്ട് കിട്ടുവാന്‍ തുടങ്ങിയപ്പോള്‍ സ്‌റ്റൈല് മാറി, കോലവും മാറി.

ചക്കപ്പോത്ത് പോലെയിരുന്നിരുന്ന ഞാന്‍ കുഞ്ഞിപ്പോത്ത് ആയതിന്റെ സന്തോഷത്തില്‍ തുള്ളിച്ചാടി ഒരു ദിവസം ഒരു ഫങ്ഷന് പോയി. 

ഒരു കാര്‍ന്നോത്തിയുടെ കൈയില്‍ കേറി പിടിച്ച് വിശേഷം ചോദിച്ചതും ഒരു അശരീരി എന്റെ കാതില്‍ മുഴങ്ങി. എന്റെ മാത്രമല്ല, എന്റെ കൂടെ നിന്നവര്‍ക്കും നന്നായി മുഴങ്ങി. 

'എന്താടീ മോളേ, നീയാകെ കൊരഞ്ഞ് പിച്ചക്കാരി പോലെ ആയല്ലോ. എന്താ നിനക്ക് പറ്റിയേ? വല്ല അസുഖോം ഉണ്ടോ?'

പിന്നെ ഞാനൊന്നും നോക്കിയില്ല.

അന്ന് തുടങ്ങിയ തീറ്റയാ. ഇത് വരെ നിര്‍ത്തിയിട്ടില്ല, തീറ്റയും വര്‍ക്കൗട്ടും! 

ഇപ്പോ നല്ല സൊകവാ

ഗുണപാഠം: കൊതിയുള്ളതൊക്കെ കഴിക്കണം. അല്ലെങ്കില്‍ ചത്ത് നരകത്തിലെത്തുമ്പോള്‍ സാത്താനോട് ഉത്തരം പറയേണ്ടി വരും. തിന്നിട്ട് എല്ലിന്റെ ഇടയില്‍ കുത്താതെ ശ്രദ്ധിക്കുമല്ലോ.

 

ടുലുനാടന്‍ കഥകള്‍:  ഇവിടെ ക്ലിക്ക് ചെയ്താല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല!              

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്