തൃശൂര്‍ക്കാരന്‍ രാജന്‍ നായര്‍, ബോംബെ അധോലോകം അടക്കിവാണ മലയാളി; ചോട്ടാ രാജന്റെ ബോസ്!

Published : May 20, 2026, 06:08 PM IST
Bada rajan alias Rajan Nair

Synopsis

അധോലോകം: ബാലന്‍ തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ ബോംബെയെ വിറപ്പിച്ച രാജന്‍ മാധവന്‍ നായര്‍ അഥവാ ബഡാ രാജന്റെ കഥ. അടുത്ത ആഴ്ച അവസാന ലക്കത്തില്‍ ജീനാബായി ദാറുവാലി

കേരളത്തില്‍ നിന്നും ബോംബയിലെത്തി സ്വന്തമായി അധോലോകം സ്ഥാപിച്ചെടുക്കുകയും അതിന്റെ നായ കനായി വാഴുകയും ചെയ്ത ആദ്യത്തെ മലയാളിയായി രാജന്‍. ഹാജി മസ്താന്‍, വരദരാജ മുതലിയാര്‍, റമ നായിക്, കരീം ലാല, ദാവൂദ് ഇബ്രാഹിം എന്നീ പേരുകളോട് ചേര്‍ത്തുവെക്കാന്‍ കേരളത്തില്‍നിന്നും ഒരാള്‍.

 

മലയാളിയുടെ പ്രവാസജീവിതത്തിന്റെ രണ്ടാം ഘട്ടമെന്നോ 'കൂട്ടപ്പലായനത്തിന്റെ' ഒന്നാംഘട്ടമെന്നോ എഴുപതുകളെ വിശേഷിപ്പിക്കാം. സിങ്കപ്പൂര്‍, സിലോണ്‍, ബര്‍മ്മ തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളെ രണ്ടാം ലോകമഹായുദ്ധം പാപ്പരാക്കിയപ്പോള്‍ വഴിയാധാരരായ അനേകം മനുഷ്യരില്‍ മലയാളികളുമുണ്ടായിരുന്നു. അവിടങ്ങളില്‍നിന്നും ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് വെറും കയ്യോടെ തിരിച്ചുപോരാനായിരുന്നു അവരുടെ വിധി. തുടര്‍ന്ന് ഇന്ത്യയുടെ പലദേശത്തു നിന്നുള്ളവരെപ്പോലെ മലയാളികളും തൊഴില്‍തേടി ബോംബെ, മദ്രാസ്, കല്‍ക്കത്ത എന്നീ മഹാനഗരങ്ങളെ ലക്ഷ്യമാക്കി യാത്രയാരംഭിച്ചു.

പശ്ചിമേഷ്യന്‍ നാടുകളില്‍ എണ്ണഖനനം തുടങ്ങിയോടെ അനവധി തൊഴിലവസരങ്ങള്‍ അത് സാധ്യമാക്കി. വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ഈ എണ്ണഖനനം അവസരമൊരുക്കി. സാമ്പത്തിക പ്രയാസങ്ങളെ അതിജീവിക്കാനുള്ള ഈ അവസരം കൂടുതല്‍ ആകര്‍ഷിച്ചത് മലയാളിസമൂഹത്തെയായിരുന്നു. ഒരാള്‍ക്ക് പിറകെ മറ്റൊരാള്‍ എന്ന നിലയില്‍ ഓരോ കുടുംബത്തില്‍നിന്നും ഒന്നോ അതിലധികമോ പേര്‍ വിവിധ രാജ്യങ്ങളിലേക്ക് പ്രയാണമാരംഭിച്ചു. ഏതൊരു തൊഴിലിനും ഇന്ത്യയില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് ശമ്പളമുണ്ട് എന്നതാണ് ഈ കൂട്ടപ്പലായനത്തിന് കാരണമായത്. കേരളത്തിന്റെ ജീവിതവും സാമൂഹ്യരംഗവും കുഴമറിഞ്ഞുകിടന്ന കാലം. മലയാളികള്‍ സാമ്പത്തിക സുരക്ഷയ്ക്കായി മറുകരതേടി യാത്ര തുടങ്ങി.

ബോംബെ എന്ന സ്വപ്‌നദേശം

ബോംബെയായിരുന്നു അക്കാലത്ത് വിദേശത്തേക്ക് കടക്കാനുള്ള ഇടനാഴി. അവിടെ ജോലി ചെയ്തു കൊണ്ട് വിദേശസ്വപ്നവുമായി കാത്തുകെട്ടിക്കിടന്ന അനവധി പേരുണ്ടായിരുന്നു അക്കാലത്ത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി അവര്‍ ചേക്കേറി.

അത്തരത്തില്‍ തൃശ്ശൂരില്‍നിന്നും ബോംബെയിലേക്ക് ജോലിതേടിപ്പോയ ഒരു യുവാവായിരുന്നു രാജന്‍ മാധവന്‍ നായര്‍. നാട്ടില്‍ തുന്നല്‍ ജോലിചെയ്തുകൊണ്ടിരിക്കെ മെച്ചപ്പെട്ട വരുമാനം കൊതിച്ച് പുറപ്പെട്ട അയാള്‍ക്ക് താനെയിലെ റെഡിമെയിഡ് കമ്പനിയില്‍ ജോലി തരപ്പെട്ടു. പ്രതിമാസം നാല്‍പ്പതുരൂപ ശമ്പളം.

ഏകാകിതയാണ് പ്രവാസികള്‍ നേരിടുന്ന മാനസിക ബുദ്ധിമുട്ട്. അത് മറികടക്കാന്‍ പലരും പലവഴികള്‍ തേടാറുണ്ട്. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, സൗഹൃദങ്ങള്‍, ഒഴിവുദിന യാത്രകള്‍ എന്നിവ. അപൂര്‍വ്വം ചിലരൊക്കെ ലഹരിയിലേക്കും പ്രണയത്തിലേക്കും കടന്നുകയറും.

നാല്‍പ്പത് രൂപയ്ക്കു ജോലിചെയ്തുകൊണ്ടിരിക്കെ ആ വരുമാനം മതിയാവില്ലെന്നു കണ്ടപ്പോള്‍ ഒരു ഓഫിസില്‍ ഇരുപതുരൂപ ശമ്പളത്തില്‍ ഓഫീസ് ബോയിയായി പാര്‍ട്‌ടൈം ജോലിയും രാജന്‍ സമ്പാദിച്ചു.

ആയിടക്കാണ് അയാള്‍ ഒരു മലയാളി പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നത്. സുന്ദരനും അരോഗദൃഢഗാത്രനുമാായിരുന്നു രാജന്‍. ഇരുവരും ഒഴിവുദിവസങ്ങളില്‍ നഗരത്തില്‍ ഒത്തുകൂടുക പതിവായി. താന്‍ ദരിദ്രനല്ലെന്നു ബോധ്യപ്പെടുത്താന്‍ താനെയില്‍ സ്വന്തമായി തുന്നല്‍ക്കടയുണ്ടെന്ന് അയാള്‍ ആ പെണ്‍കുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചു. അതിനാല്‍ ജോലി ചെയ്തുകിട്ടുന്നത് തുച്ഛമായ വരുമാനമാണെങ്കിലും അതൊക്കെ ലോഭമില്ലാതെ അവള്‍ക്കുവേണ്ടി ചിലവിട്ടു തുടങ്ങി. തികയാതെ വരുമ്പോള്‍ കമ്പനിയില്‍നിന്ന് മുന്‍കൂര്‍ ശമ്പളവും കൂട്ടുകാരില്‍ നിന്ന് വായ്പയും കൈപ്പറ്റി. അതിനാല്‍ അയാള്‍ക്ക് കടബാധ്യതകള്‍ അടിക്കടി പെരുകി. ഇതൊരു സ്ഥിരം ഏര്‍പ്പാടായപ്പോള്‍ കൂട്ടുകാരും കമ്പനിയും കൈമലര്‍ത്തി.

ആയിടയ്ക്കാണ് അവളുടെ ജന്മദിനം കടന്നുവരുന്നത്. അന്ന് തന്റെ പ്രണയിനിയെ സമ്മാനം നല്‍കി പ്രീതിപ്പെടുത്താന്‍ രാജന്‍ പല വഴികളും ആലോചിച്ചു. കമ്പനിയില്‍നിന്നും കൂട്ടുകാരില്‍നിന്നും വാങ്ങിയ കടം തിരികെ കൊടുക്കാനുള്ളതിനാല്‍ ഇനിയും കടത്തിനായി കൈനീട്ടിയാല്‍ കിട്ടില്ല. അപ്പോള്‍ ഒറ്റവഴിയേ മുന്നില്‍ തെളിഞ്ഞുള്ളൂ-മോഷണം.

രാജന്‍ അതിനുള്ള തയ്യാറെടുപ്പ് തുടങ്ങി. പ്രണയം ഭ്രാന്തമായ വഴിയിലൂടെ നടത്താന്‍ അയാളെ പ്രേരിപ്പിച്ചു തുടങ്ങിയതിനാല്‍ എന്ത് സാഹസത്തിനും അയാള്‍ ഒരുക്കമായിരുന്നു. താനൊരു ദരിദ്രനാണെന്ന് അവള്‍ മനസ്സിലാക്കിക്കൂടാ. അങ്ങനെ വന്നാല്‍ അവള്‍ തന്നെ ഉപേക്ഷിച്ചുപോയേക്കും.

മോഷ്ടാവ് എന്ന നിലയില്‍ രാജന്റെ ജീവിതം

അക്കാലത്ത് ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളില്‍ ഒന്നായിരുന്നു ടൈപ്പ്‌റൈറ്റര്‍. ഓരോ ഓഫിസുകളിലും നാലോ അഞ്ചോ മെഷീനുകള്‍ ഉണ്ടെന്ന് രാജന്‍ നിരീക്ഷിച്ചു. വിലപിടിപ്പുള്ള ഈ വസ്തുവിന് വലിയ ഡിമാന്റ് ഉള്ള സമയമാണ്. അവ കൈക്കലാക്കാന്‍ അയാള്‍ തീരുമാനിച്ചു. താന്‍ ജോലിചെയ്തിരുന്ന ഓഫീസായിരുന്നു ആദ്യത്തെ ഉന്നം.

മെഷീന്‍ കളവു പോയതില്‍ ഓഫിസ് ഉടമ ആരെയും സംശയിച്ചില്ല. നഷ്ടപ്പെട്ടത് പഴയ ഒരെണ്ണമാകയാല്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തില്ല. രാജനെ സംബന്ധിച്ചിടത്തോളം തുടര്‍ മോഷണത്തിനുള്ള പ്രേരണയായിരുന്നു അത്. പകല്‍ നേരത്ത് നോട്ടമിട്ടുവെച്ച ഓഫിസുകള്‍ രാത്രികാലങ്ങളില്‍ കുത്തിത്തുറക്കാന്‍ തുടങ്ങി. മോഷ്ടിച്ചെടുത്ത മെഷീനുകളൊക്കെയും ചോര്‍ ബസാറില്‍ കൊണ്ടുപോയി വിറ്റു. ഇരുന്നൂറുരൂപയാണ് ഓരോ മെഷീനിനും കിട്ടിക്കൊണ്ടിരുന്നത്. മോഷണവസ്തുക്കളുടെ വില്‍പ്പന വലിയ വരുമാനമുണ്ടാക്കി.

മാസത്തില്‍ രണ്ടോ മൂന്നോ കവര്‍ച്ചമതി ജീവിതം ആഡംബരപൂര്‍ണ്ണമാകാന്‍. രാജന്‍ നഗരത്തിലെ അനവധി ഓഫിസുകള്‍ കണ്ടുവെച്ചു. അവിടെയൊക്കെ കവര്‍ച്ച നടത്തിക്കൊണ്ടിരുന്നു. പഴയവ മോഷണം േപായപ്പോള്‍ പുതിയൊരെണ്ണം വാങ്ങി ആശ്വസിച്ചതല്ലാതെ അതൊന്നും പുറംലോകത്തെ അറിയിക്കാന്‍ പലരും ശ്രമിച്ചില്ല. ഏതാണ്ട് മൂന്നുവര്‍ഷത്തോളം രാജന്‍ മോഷ്ടാവായി വിലസി! വരുമാനം കൂടിയതോടെ ഇതിനിടയില്‍ റെഡിമെയ്ഡ് കമ്പനിയിലെ ജോലി ഉപേക്ഷിക്കുകയും ചെയ്തു.

രാജന്‍ പിടിയിലാവുന്നു

നഗരത്തില്‍ അടിക്കടി നടക്കുന്ന ടൈപ്പ്‌റൈറ്റര്‍ മോഷണം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ചോര്‍ബസാറില്‍ അടിക്കടി ടൈപ്പ്‌റൈറ്റര്‍ വില്‍പ്പനയ്ക്കായി കൊണ്ടുവരുന്ന മോഷ്ടാവിനെക്കുറിച്ച് ഖബറികളില്‍ ആരോ പോലീസിന് വിവരം നല്‍കിയതാണ് കാരണം. അവര്‍ മോഷ്ടാവിനായി വലവിരിച്ചു. ഒരു ദിവസം ചോര്‍ബസാറില്‍ വില്‍പ്പന വസ്തുവുമായെത്തിയ രാജനെ പോലീസ് കയ്യോടെ പൊക്കി.

കളവുവസ്തുക്കള്‍ വാങ്ങുകയും അത് വില്‍പ്പന നടത്തു കയും ചെയ്യുന്ന, ടെങ്കര്‍സ്ട്രീറ്റിനും മുഹമ്മദലി റോഡിനും സമീപത്തുള്ള ചോര്‍ ബസാറില്‍ ആവശ്യക്കാര്‍ക്ക് കിട്ടാത്തതായി ഒന്നുമില്ല. മൊട്ടുസൂചി മുതല്‍ മോട്ടോര്‍ സൈക്കിള്‍ വരെ വില്‍പ്പനയ്ക്ക് വെക്കുന്ന ക്രേന്ദ്രമെന്നാണ് ചോര്‍ബസാറിനെക്കുറിച്ച് പൊതവെയുള്ള പറച്ചില്‍. ഒരര്‍ത്ഥത്തില്‍ അത് ശരിയാണ് താനും.

പിടിക്കപ്പെട്ടതോടെ നഗരത്തില്‍ അനവധി മോഷണങ്ങള്‍ നടത്തിയത് രാജനാണെന്ന് തെളിഞ്ഞു. അതോടെ അവര്‍ അന്വേഷണം വ്യാപിപ്പിച്ചു. പലയിടത്തു നിന്നുമുള്ള കേസുകള്‍ രാജന്റെ പേരില്‍ ചാര്‍ത്തപ്പെട്ടു. മുഖമടച്ചു തല്ലുകിട്ടിയപ്പോള്‍ അയാള്‍ താന്‍ നടത്തിയ കളവുകളുടെ കഥ ഓരോന്നായി നിരത്തി. ആഴ്ചയില്‍ രണ്ട് എന്ന തോതില്‍ ഏതാണ്ട് മുന്നൂറോളം ടൈപ്പ്‌റൈറ്റിങ് മെഷീന്‍. പോലീസ് ഞെട്ടിപ്പോയി.

കോടതിയില്‍ ഹാജരാക്കിയ രാജനെ, ആരുടേയും പരാതി ലഭിക്കാത്തതിനാല്‍ ചെറിയ കാലത്തെ തടവിന് ജയിലിലടച്ചു. അര്‍തര്‍ റോഡ് ജയിലിലേക്കായിരുന്നു രാജനെ അയച്ചത്. (മൂന്നു വര്‍ഷത്തേക്കായിരുന്നു ശിക്ഷയെന്നും അതല്ല ഒരുവര്‍ഷമെന്നും ആറു മാസമെന്നുമൊക്കെ അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്).

അധോലോകത്തേക്കുള്ള വഴി

എഴുപതുകളില്‍ ബോംബെ ജയിലറകളില്‍ അധോലോക ഗുണ്ടകളും മോഷ്ടാക്കളും നിരവധിയുണ്ടായിരുന്നു. അത്തരത്തിലുള്ള കുറ്റവാളികളുമായി രാജന് അടുപ്പമുണ്ടായി. ആ ബന്ധങ്ങള്‍ പില്‍ക്കാലം പലരേയും പോ ലെ രാജനും അധോലോക പ്രവര്‍ത്തനത്തിന് പ്രേരണയും അനുഗ്രഹവുമായി.

ശിക്ഷ കഴിഞ്ഞു പുറത്തു വന്നതോടെ സ്വന്തം അധോലോകസംഘം ഉണ്ടാക്കണമെന്നായി രാജന്റെ ചിന്ത. തനിച്ചുനടത്തുന്ന കുറ്റകൃത്യങ്ങള്‍ എളുപ്പം പിടിക്കപ്പെടും. അതിനാല്‍ സംഘടിത കുറ്റകൃത്യമാണ് ഉചിതമെന്ന് അയാള്‍ക്കു തോന്നി. അതിനായി ചെമ്പൂര്‍, തിലക് നഗര്‍, ഘാട്ട്‌കോപ്പര്‍, വിക്രോളി തുടങ്ങിയ പ്രദേശങ്ങളിലെ ക്രിമിനല്‍ സ്വഭാവമുള്ള ചെറുപ്പക്കാരെ അയാള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. വളരെ വേഗത്തില്‍ ഗ്രൂപ്പ് വിപുലീകരിക്കപ്പെട്ടു. 'ടൈപ്പ്‌റൈറ്റര്‍ കള്ളന്‍' എന്ന പേരിനുപകരം 'രാജന്‍ അണ്ണ' യായി അയാള്‍ മാറി.

കേരളത്തില്‍ നിന്നും ബോംബയിലെത്തി സ്വന്തമായി അധോലോകം സ്ഥാപിച്ചെടുക്കുകയും അതിന്റെ നായ കനായി വാഴുകയും ചെയ്ത ആദ്യത്തെ മലയാളിയായി രാജന്‍. ഹാജി മസ്താന്‍, വരദരാജ മുതലിയാര്‍, റമ നായിക്, കരീം ലാല, ദാവൂദ് ഇബ്രാഹിം എന്നീ പേരുകളോട് ചേര്‍ത്തുവെക്കാന്‍ കേരളത്തില്‍നിന്നും ഒരാള്‍. ബോംബെ അണ്ടര്‍വേള്‍ഡിനെ കോപ്പറേറ്റീവ് സിസ്റ്റത്തിലേക്കു കൊണ്ടുവന്ന ആദ്യത്തെ ഡോണ്‍. തന്റെ കീഴിലുള്ള ഓരോ വ്യക്തികള്‍ക്കും ഓരോ വകുപ്പുകള്‍ നല്‍കി അയാള്‍ അധോലോകത്ത് ചുവടുറപ്പിച്ചു.

രാജന്‍ എന്ന ഡോണ്‍

വാടകക്കൊല, ഹഫ്ത പിരിവ്, ഭീഷണിപ്പെടുത്തിയുള്ള പണസമ്പാദനം, കരിഞ്ചയില്‍ ടിക്കറ്റ് വില്‍പ്പന, ഇടനിലക്കാരനായി നിന്ന് കമ്മീഷന്‍ കൈപ്പറ്റല്‍ തുടങ്ങി വിവിധയിനം നിയമവിരുദ്ധ പ്രവൃത്തികളില്‍ മുഴുകിയതോടെ രാജന്‍ നായര്‍ എന്ന പേര് ബോംബെ നഗരത്തെ വിറപ്പിച്ചു. ആ പ്രവര്‍ത്തനം ബഡാ രാജന്‍ എന്ന വിശേഷണത്തിലേക്കു പരിവര്‍ത്തിക്കപ്പെട്ടു. ആള്‍ബലവും കരുത്തും ആര്‍ജ്ജിച്ചതോടെ വന്‍തുക കൈപ്പറ്റി ആര്‍ക്കു വേണ്ടിയും കൊലനടത്താന്‍ രാജന്‍ തന്റെ അനുയായികളെ ഒരുക്കിനിര്‍ത്തി.

ചെമ്പൂരും പ്രാന്തപ്രദേശങ്ങളും രാജന്‍ തന്റെ അധീനതയിലാക്കി. സഹകാര്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാറുള്ള ബോളിവുഡ് ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്ക് കൂടുന്നതും പലപ്പോഴും അത് സംഘട്ടനങ്ങള്‍ക്ക് വഴിവെക്കുന്നതായും രാജന്‍ കണ്ടു. അതോടെ ഓരോ പ്രദര്‍ശനത്തിന്റെയും ടിക്കറ്റുകള്‍ മൊത്തമായി വാങ്ങി വന്‍തുകയ്ക്ക് കരിഞ്ചന്തയില്‍ വില്‍പ്പന നടത്താന്‍ തുടങ്ങി. തിയേറ്ററിന് മുന്നിലെ സംഘട്ടനങ്ങള്‍ ഇല്ലാതായി. രാജനെയും കൂട്ടരെയും ഭയന്ന് തീയറ്റര്‍ ഉടമകളും അതിന് സഹകരിച്ചു. പരസ്യമായിട്ടായിരുന്നു ഈ വില്‍പ്പന. തീയേറ്റര്‍ ജോലിക്കാര്‍ക്കും ഇതിലൊരു പങ്ക് രാജന്‍ നല്‍കിപ്പോന്നു. (ചെമ്പൂരിലെ താമസക്കാലത്ത് രാജന്‍ നായരില്‍നിന്ന്  പലതവണ ടിക്കറ്റുവാങ്ങി സഹകാറില്‍ നിന്നും സിനിമകള്‍ കണ്ടിട്ടുണ്ട്, ഈ കുറിപ്പെഴുതുന്ന ആള്‍).

 

 

ദാവൂദിന്റെ ക്വട്ടേഷന്‍

1981 ഫബ്രുവരി 12. അക്കാലത്താണ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഷബീര്‍ ഇബ്രാഹിം കാസ്‌ക്കറെ കരീം ലാല ഗ്യാംഗിലെ ആലം സേബ്, അമീര്‍ സാദാ, മാന്യ സുര്‍വെ എന്നിവര്‍ വെടിവെച്ചു കൊല്ലുന്നത്. വളരെ ആസൂത്രിതവും അതിശയിപ്പിക്കുന്നതുമായ ഒരു കൊലപാതകം. കാസ്‌കര്‍ കുടുംബത്തിലെ നെടുനായകനും ദാവൂവിന്റെ ബിസിനസ് മേല്‍നോട്ടക്കാരനുമായ ഷബീറിന്റെ മരണം ദാവൂദിനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു. ദാവൂദിന് പ്രതികാരം നടത്താതെ തരമില്ലായിരുന്നു. ആ ദൗത്യം രാജനെ ഏല്‍പ്പിച്ചു. വന്‍ തുക പ്രതിഫലംവാങ്ങി ആ 'സുപ്പാരി' രാജന്‍ ഏറ്റെടുത്തു. അപ്പോള്‍ത്തന്നെ ദാവൂദില്‍നിന്ന് അഡ്വാന്‍സ് കൈപ്പറ്റി.

കൊലനടത്താന്‍ രാജന്‍ ഡേവിഡ് പരദേശിയെ വാടകയ്‌ക്കെടുത്തു. അതിനുശേഷം അയാളെ വെടിവെക്കാന്‍ പരിശീലിപ്പിച്ചു. എസ്പ്ലനേഡ് കോര്‍ട്ടില്‍ (ഖില്ല കോടതി) വിചാരണയ്ക്ക് കൊണ്ടുവന്ന അമീര്‍ സാദയെ കോടതിക്കുള്ളില്‍ ഡേവിഡ് വെടിവെച്ചു കൊന്നു. പിടിക്കപ്പെട്ട ഡേവിഡ്, പോലീസിനോട് രാജന്റെ പങ്കിനെക്കുറിച്ച് പറയുകയും രാജന്‍ അറസ്റ്റിലാവുകയും ചെയ്തു. അപ്പോഴേക്കും രാജന്‍ എന്ന പേര് നഗരത്തില്‍ കുപ്രസിദ്ധമായിരുന്നു.

കോടതി മുറ്റത്തെ കൊല

അതിനിടയ്ക്കാണ് രാജന്റെ കാമുകിയെ അബ്ദുള്‍ കുഞ്ഞു തട്ടിക്കൊണ്ടുപോയതും പ്രാണരക്ഷാര്‍ത്ഥം കരീം ലാലയുടെ ഗ്രൂപ്പില്‍ ചേരുന്നതും. തന്റെ വലംകയ്യും ബന്ധുവുമായ അമീര്‍ സാദയെ കൊന്ന രാജനെ വകവരുത്താനുള്ള ചുമതല കരീം ലാല കുഞ്ഞുവിനെ ഏല്‍പ്പിക്കുന്നു. അതിനായി ചന്ദ്രശേഖര്‍ സപാലികയെന്ന ഓട്ടോ ഡ്രൈവറെ കുഞ്ഞു വാടകയ്‌ക്കെടുത്തു.

1983 സെപ്തംബര്‍ 21. അമീര്‍ സാദയെ വധിച്ച അതേ ഖില്ലാ കോടതിയില്‍ കനത്ത പോലീസ് സുരക്ഷയോടെ കൊണ്ടുവന്ന രാജനെ നേവി ഓഫീസറുടെ വേഷത്തില്‍ കോടതിയിലെത്തിയ സപാലിക കോടതിമുറ്റത്തു വെച്ച് വെടിവെച്ചിട്ടു. സ്വന്തം സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്താനായിരുന്നു സപാലിക ആ ദൗത്യം ഏറ്റെടുത്തത്. ഒരു ദശകത്തിലേറെ ബോംബ അധോലോകത്ത് സജീവമായി പ്രവര്‍ത്തിച്ച രാജന്‍ മുപ്പത്തിയൊന്നാം വയസ്സില്‍ ഇല്ലാതായി. അപ്പോഴേക്കും അനവധി കൊലപാതകങ്ങളും അക്രമങ്ങളും അയാള്‍ നടത്തിക്കഴിഞ്ഞിരുന്നു.

ചോട്ടാ രാജന്‍,

 

ചോട്ടാ രാജന്റെ പ്രതികാരം

ബഡാ രാജന്റെ കൊലപാതകം ഗ്രൂപ്പിന് വലിയ പ്രഹരമായി. തുടര്‍ന്ന് പിന്‍ഗാമിയായി മാറിയ ചോട്ടാ രാജന്‍, ബോസിന്റെ കൊലയാളികളോട് പ്രതികാരം ചെയ്യുമെന്ന് ശപഥം ചെയ്തു. ആ വാക്ക് പാലിക്കാന്‍ രണ്ടുവര്‍ഷം അയാള്‍ക്ക് കാത്തിരിക്കേണ്ടി വന്നു.

ബഡാ രാജനെ വധിക്കാന്‍ ഇടനിലക്കാരനായി നിന്ന അബ്ദുള്‍ കുഞ്ഞ് മികച്ച ക്രിക്കറ്റ് താരമായിരുന്നു. അയാള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടിലേക്ക് നുഴഞ്ഞുകയറിയ ചോട്ടാ രാജന്റെ അനുയായികള്‍ കുഞ്ഞുവിനെ പോയിന്റ്-ബ്ലാങ്ക് റേഞ്ചില്‍ വെടിവച്ചുകൊന്നു. കുഞ്ഞുവിന്റെ മരണശേഷം, ഭയന്ന് ഒളിവില്‍പ്പോയ സപാലിക നിസ്സഹായനും ഒറ്റയാനുമായി. നിരാശയും കുറ്റബോധവും ഭയവും വേട്ടയാടിയ അയാള്‍ താനെയിലെ അധോലോകഗുണ്ടയായ അബ്ദുള്‍ മജീദിന്റെ അടുത്തേക്ക്‌ േപായി. അവിടെ ഒരു ബാറിലേ ക്ക് മദ്യപിക്കാനായി മജീദ് അയാളെ ക്ഷണിച്ചു. ചോട്ടാ രാജന്റെ കൂട്ടാളി സാധു ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ബാറിലേക്കായിരുന്നു ക്ഷണം.

സപാലിക അമിതമായി മദ്യപിച്ച് ബാറില്‍ തങ്ങി. ഇതിനിടയില്‍ സാധു ഷെട്ടി ഇക്കാര്യം ചോട്ടാ രാജനെ അറിയിച്ചിരുന്നു. പുലര്‍ച്ചെ നാലുമണിയോടെ രാജന്റെ കൂട്ടാളികള്‍ വന്ന് സപാലികയെ ഉണര്‍ത്തി. തുടര്‍ന്ന് ഒരു ഫിയറ്റ്കാറില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരനായ നൂറയുടെ ഒളിത്താവളമായ നാഗ്പടയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ക്രൂരമായി ചോദ്യംചെയ്യുകയും പീഡിപ്പിക്കുകയും അടുത്തദിവസം കൊലപ്പെടുത്തുകയും ചെയ്തു.

കറാച്ചിയില്‍ അടി തെറ്റിയ ദാവൂദ്

നൂറയും കൊല്ലപ്പെടുകയായിരുന്നു. കറാച്ചിയിലെ റഹ്മാന്‍ ഡക്കയിറ്റ് എന്ന അധോലോക നായകനുമായുണ്ടായ സ്വത്തിടപാടിനെത്തുടര്‍ന്നാണ് നൂറ കൊല്ലപ്പെട്ടത്. കറാച്ചിയില്‍ ഒരു ഷോപ്പിംഗ് മാള്‍ പണിയാന്‍ നൂറ ആഗ്രഹിച്ചു. റഹ്മാന്‍ ഡക്കയിറ്റിന്റെ ബന്ധുവിന്റെ സ്ഥലം ചുളുവിലയ്ക്ക് വാങ്ങാനായിരുന്നു ശ്രമം. 1200 കോടി പാക്കിസ്താന്‍ രൂപയുടെ മൂല്യമുള്ള ആ സ്ഥലം നിസ്സാര സംഖ്യകൊടുത്ത് കൈവശപ്പെടുത്താനുള്ള നൂറയുടെ ശ്രമം റഹ്മാന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ തടസ്സംനിന്നു. മുന്‍കൂര്‍ അച്ചാരം കൊടുത്തുവെച്ച സ്ഥലം തനിക്കുതന്നെ വേണമെന്ന് നൂറ വാശിപിടിച്ചതോടെ അത് ശത്രുതയിലേക്ക് വഴിവെച്ചു. ദാവൂദിന്റെ അനുജന്‍ എന്ന ധിക്കാരത്തില്‍ ജീവിക്കുന്ന നൂറ റഹ്മാന്റെ വാക്കുകളെ വിലവെച്ചില്ല. ഒത്തുതീര്‍പ്പിനു വഴങ്ങില്ലെന്ന് വന്നപ്പോള്‍ റഹ്മാന്‍ വിധി നടപ്പാക്കി. നൂറയെക്കൊന്ന് കറാച്ചിയിലെ ദാവൂദിന്റെ വീട്ടുപടിക്കല്‍ കൊണ്ടുപോയിട്ടു. മാനക്കേട് ഭയന്ന് അനുജന്റെ ഖബറടക്കല്‍ ചടങ്ങില്‍ സംബന്ധിക്കാന്‍ പോലും ദാവൂദ് എത്തിയില്ല.

വധിക്കും മുമ്പ് ദാവൂദിനെ വിളിച്ച് നൂറയുടെ നിലവിളി കേള്‍പ്പിച്ചുവത്രെ റഹ്മാന്‍. ഭൂമി തിരികെ നല്‍കാമെന്നും അവനെ വെറതെവിടണമെന്നും ദാവൂദ് അപേക്ഷിച്ചുനോക്കിയിട്ടും റഹ്മാന്‍ ചെവിക്കൊണ്ടില്ല. ദാവൂദിന് നല്‍കിയ മുന്നറിയിപ്പു കൂടിയായിരുന്നു നൂറയുടെ വധം. പാക്‌രാഷ്ട്രീയത്തില്‍ റഹ്മാന്റെ സ്വാധീനം വലുതായതിനാല്‍ തടരന്വേഷണത്തിന് ആരും മുതിര്‍ന്നില്ല. റഹ്മാന്റെ രാഷ്ട്രീയസ്വാധീനവും കുപ്രസിദ്ധിയും പാക്കിസ്താനിലെ തന്റെ നിലനില്‍പ്പും ഭയന്ന് ദാവൂദ് നിയമ നടപടികള്‍ക്കോ പ്രതികാരത്തിനോ മുതിര്‍ന്നില്ല.

 

…………………………

(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)

PREV
Read more Articles on
click me!

Recommended Stories

യുദ്ധമുഖത്ത് ആധിപത്യമുറപ്പിച്ച് യുക്രെയ്ൻ ഡ്രോണുകളും റോബോട്ടുകളും, പരാജയം നേരിട്ട് റഷ്യൻ സൈന്യം
വന്നു, കണ്ടു, തിരിച്ച് പോയി; അതിലപ്പുറം, ഒന്നുമാകാതെ രണ്ട് വൻശക്തികളുടെ കൂടിക്കാഴ്ച