
അമേരിക്കയുടെ തെറ്റായ തീരുമാനങ്ങളിലൊന്നായിരുന്നു ഇറാഖ് അധിനിവേശമെന്നതിൽ തർക്കമില്ല. 2003 -ലെ അധിനിവേശം ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ജനനത്തിന് വഴിവച്ചു. ഇറാഖ് എന്ന രാജ്യം തന്നെ ഏതാണ്ട് തകർന്നു. സായുധ ശക്തികൾ നിലയുറപ്പിച്ചു. യുദ്ധം ഒരിക്കലും അവസാനിച്ചില്ല. ഇപ്പോൾ അമേരിക്കൻ - ബ്രിട്ടിഷ് സൈന്യങ്ങൾ പൂർണമായി പിൻമാറിയിരിക്കുന്നു. ഡോണൾഡ് ട്രംപിന്‍റെ ഭാഷയിൽ 'ഏറ്റവും നല്ല തീരുമാനം'. ഇറാഖി സർക്കാരും ആഘോഷിക്കുന്നു. പക്ഷേ, കൂട്ടത്തിൽ ഇറാനും പിന്നെ ഇറാഖിലെ തന്നെ സായുധശക്തികളും. സിറിയയിലെ അഹ്മദ് അൽ ഷരാ സർക്കാരിനും ഇതൊരു തിരിച്ചടിയാണ്. അത് ഇതിന്‍റെ ബാക്കിപത്രം.
ഇറാഖിൽ നിന്ന് അവസാനത്തെ അമേരിക്കൻ - ബ്രിട്ടിഷ് സൈനികരും യാത്രയായി. 'പരമാധികാരദിനം' എന്ന് പേരിട്ട് ഇറാഖി സർക്കാർ ആഘോഷിക്കുന്നു. രണ്ട് വർഷം മുമ്പ് ഒപ്പിട്ട ധാരണയനുസരിച്ചാണ് പിൻമാറ്റം. അമേരിക്കൻ പ്രസിഡന്‍റും ട്രൂത്ത് സോഷ്യലിലൂടെ ആഘോഷിക്കുന്നുണ്ട്. അമേരിക്കയുടെ വിജയം, ഇറാഖിന്‍റെ വിജയം, ഇസ്ലാമിക് സ്റ്റേറ്റിന് മേലുള്ള വിജയം എന്നായിരുന്നു ട്രൂത്ത് സോഷ്യൽ പോസ്റ്റ്. ഇറാഖ് അധിനിവേശം തന്നെ തെറ്റ്. ഇനിയതെല്ലാം ചരിത്രമെന്നും. പക്ഷേ, അതത്ര നിസാരമായി വ്യാഖ്യാനിച്ച് കളയാവുന്നതാവില്ല. ഇറാഖിന്‍റെ ചരിത്രം, ഇറാഖിന്‍റെ മാത്രമല്ല, അത് സിറിയയുടെയും ഇറാന്‍റെയും ലെബനന്‍റെയും കൂടി ചരിത്രമാണ്. ഇഴപിരിച്ച് മാറ്റിനിർത്താൻ ബുദ്ധിമുട്ടാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ.
ഇനിയെല്ലാം ഇറാഖി സർക്കാരിന്‍റെ ഉത്തരവാദിത്തം എന്നാണ് അമേരിക്കയുടെ വാക്കുകൾ. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പരാജയം പ്രഖ്യാപിച്ചത് 2017 -ലാണ്. പക്ഷേ, തിരിച്ചുവരവ് തടയാനാണ് അമേരിക്കൻ - ബ്രിട്ടിഷ് സൈന്യം അവിടെ തുടർന്നത്. ഇനി ഒറ്റപ്പെട്ട ആക്രമണങ്ങൾക്കേ അവരെക്കൊണ്ട് സാധിക്കൂ, സംഘടനാശക്തിയില്ലെന്നും അമേരിക്ക പറയുന്നു.
🇺🇸🇮🇶 After 23 years and 4,500 American deaths, US troops are leaving Iraq, per Reuters
The last forces are set to pull out by September 30 https://t.co/Z5627ZECIO
— Megatron (@Megatron_ron) September 29, 2026
എല്ലാ സായുധ സംഘടനകളെയും നിരായുധീകരിക്കും. എന്നാണ് ഇറാഖി പ്രധാനമന്ത്രി അലി എൽ സെയ്ദി പ്രതിജ്ഞയെടുത്തത്. പക്ഷേ, ഇതുവരെ അത് നടന്നിട്ടില്ല. ശക്തരാണ് സായുധ സംഘടനകൾ. ഇറാന്‍റെ പിന്തുണയുണ്ട് ഷിയാ സംഘടനകൾക്ക്. ഇവർക്ക് ഷിയാ സമൂഹത്തിനിടയിൽ നിർണായക സ്വാധീനവുമുണ്ട്. ഇനി, അവരുടെ സ്വാധീനം വളരാനാണ് സാധ്യതയെന്ന് പശ്ചിമേഷ്യൻ നിരീക്ഷകർ മുന്നറിയിപ്പു നൽകുന്നു. കാരണമുണ്ട്. അമേരിക്ക, ഇറാൻ സംഘർഷം തുടങ്ങിയപ്പോൾ മുതൽ ഇറാഖിലെ സായുധസംഘടനകൾ ഇർബിലിലെ അമേരിക്കൻ സൈനികാസ്ഥാനം ഉന്നമിട്ടുതുടങ്ങിയിരുന്നു. ഇർബിലിലെ ആസ്ഥാനം സന്ദർശിച്ച ബിബിസി സംഘം കണ്ടത് തുടർച്ചയായി ഡ്രോണുകൾ വീഴുന്നതാണ്. ഇറാഖിലെ തന്നെ ഷിയാ സായുധസംഘടനകളാണ് എല്ലാം തൊടുത്തുവിട്ടതും. സംഘർഷം കൂടിയതോടെ ബാഗ്ദാദ് ആസ്ഥാനമാക്കിയിരുന്ന നേറ്റൊ സൈന്യം പിൻമാറിയിരുന്നു.
🇺🇸🇮🇶 After 23 years and 4,500 American deaths, US troops are leaving Iraq, per Reuters
The last forces are set to pull out by September 30 https://t.co/Z5627ZECIO
— Megatron (@Megatron_ron) September 29, 2026
2003 ഇറാഖിലെത്തിയതാണ് അമേരിക്കൻ - ബ്രിട്ടിഷ് സൈന്യങ്ങൾ. സദ്ദാം ഹുസൈനെതിരായ യുദ്ധം തുടങ്ങിയപ്പോൾ. കൂട്ടസംഹാരായുധങ്ങൾ എന്ന മിഥ്യയുടെ പേരിൽ. പിന്നെയത് ഇസ്ലാമിക് സ്റ്റേറ്റിനെതിരായി. ഐഎസ് ഇറാഖിൽ നിന്ന് സിറിയയിലേക്ക് വ്യാപിച്ചു. അറബ് വസന്തകാലത്തെ അസദ് വിരുദ്ധ പ്രക്ഷോഭകാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് സിറിയയിലും വേരുറപ്പിച്ചു. യുദ്ധം സിറിയയിലേക്ക് പടർന്നു. മേഖല മുഴുവനായി. 4,500 അമേരിക്കൻ സൈനികരും 179 ബ്രിട്ടിഷ് സൈനികരും ഇറാഖിൽ മാത്രം കൊല്ലപ്പെട്ടു. സിറിയയിൽ അമേരിക്കയും ബ്രിട്ടനും പക്ഷേ, കരയുദ്ധത്തിനിറങ്ങിയില്ല.
ഇത് മൂന്നാം തവണയാണ് അമേരിക്കൻ ബ്രിട്ടിഷ് സൈന്യങ്ങൾ പിൻമാറുന്നത്. 1991 -ൽ സദ്ദാം ഹുസൈൻ കുവൈറ്റ് കീഴടക്കിയപ്പോഴാണ് ആദ്യം അമേരിക്കൻ ബ്രിട്ടിഷ് സൈന്യം ഇറാഖിലെത്തുന്നത്. പിന്നെ എത്തിയത് 2003 -ലെ അധിനിവേശത്തിന്. 2011 വരെ സൈനിക നടപടി നീണ്ടു. 2011 -ൽ വീണ്ടും പിൻമാറി. മൂന്ന് വർഷത്തിനകം തിരിച്ചെത്തി. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ആധിപത്യം തടുക്കാൻ. ഇപ്പോൾ എല്ലാ അവസാനിപ്പിച്ച് പിൻവാങ്ങുന്നുവെന്നാണ് പ്രഖ്യാപനം. പക്ഷേ, ഈ സമയം അതിന് നല്ലതല്ലെന്നാണ് നിരീക്ഷകപക്ഷം.
അതിന് കാരണം, ഇറാൻ സംഘർഷമാണ്. ഇറാഖിലെ സർക്കാർ നൂൽപ്പാലത്തിലാണ് നടന്നിരുന്നത് ഇതുവരെ. അമേരിക്കയുടെ പക്ഷത്ത് നിന്നു. അതേസമയം ഇറാന്‍റെ പ്രോക്സികളായ ഷിയാ സംഘടനകളെ സംരക്ഷിച്ചു, അല്ലെങ്കിൽ എതിർത്തില്ല. ഇറാൻ സംഘർഷം തുടങ്ങിയതോടെ ഷിയാ സംഘടനകൾ രൗദ്രരൂപം പുറത്തെടുത്ത് തുടങ്ങിയിരുന്നു. ഇപ്പോഴത്തെ പിൻമാറ്റം അവരെ മാത്രമല്ല, ഇറാനെയും കൂടുതൽ സഹായിക്കുന്നതാവും. മേഖലയിൽ നിന്നുള്ള അമേരിക്കയുടെ പിൻമാറ്റമാണ് തങ്ങളുടെ ലക്ഷ്യം, അതിന്‍റെ ആദ്യപടി പൂർത്തിയായിയെന്ന് ഇറാൻ ആഘോഷിക്കുന്നു. അതേസമയം ഇറാഖ് തങ്ങളുടെ അധീനതയിലാവുകയാണ് എന്നതിന്‍റെ ആഘോഷം കൂടിയാണത്. ഷിയാ സർക്കാരാണ് ഭരിക്കുന്നതെങ്കിലും അമേരിക്കൻ സൈനിക സാന്നിധ്യം ഇറാന്‍റെ പ്രോക്സികൾക്ക് തടസമായിരുന്നു. ഇനിയതില്ല. രാഷ്ട്രീയ രംഗത്തെ സ്വാധീനത്തിനാവും ഇനിയുള്ള ശ്രമം. അതുംകൂടിയായപ്പോൾ ഇറാന് ഇരട്ടിവിജയമാണ്. ലെബനണിൽ ഹെസ്ബുള്ള, ഇറാഖിലെ ഷിയാ സംഘടനകൾ. ബാക്കിയുള്ളത് സിറിയയാണ്.