
ഈ ലേഖനത്തോട് നിങ്ങള്‍ക്കും പ്രതികരിക്കാം. വിയോജിപ്പുകളും യോജിപ്പുകളും സന്ദേഹങ്ങളും വിശദമായ ഒരു കുറിപ്പായി എഴുതി അയക്കൂ. വിലാസം: submissions@asianetnews.in. സബ്ജക്ട് ലൈനില്‍ vazhiyambalam എന്ന് വെക്കണം. ഫോണ്‍നമ്പര്‍ അടക്കം വിശദവിലാസവും ഫോട്ടോയും ഒപ്പം അയക്കുമല്ലോ.
പുരുഷസമൂഹം ശരിക്കും സെക്സ് അഡിക്ടുകളാണോ? സ്ത്രീപക്ഷം മുഴുവൻ അതിൻ്റെ ഇരകളാണോ? എന്തുകൊണ്ടാണ് റേപ്പ് കേസുകൾ കൂടുന്നത്? അതിലെല്ലാം പ്രതി പുരുഷനാവുന്നതെങ്ങനെയാണ്? ബോധപൂർവ്വം പുരുഷസമൂഹം നടത്തുന്ന ലൈംഗികാതിക്രമങ്ങളാണോ ലിംഗസംഘർഷത്തിൻ്റെ കാരണം? ഒന്നിനും ഒറ്റവാക്കിലുത്തരമില്ല. പക്ഷെ, എല്ലാറ്റിനും ശാസ്ത്രീയമായ ചില വഴികളും പശ്ചാത്തലങ്ങളുമുണ്ട്.
'ഏറ്റവും വിദ്യഭ്യാസമുള്ള സമൂഹത്തിൽ ഏറ്റവുമധികം ഭ്രാന്തൻമാരുണ്ടാകു'മെന്ന് പറഞ്ഞത് എറിക് ഫ്രോമാണ്. 'സെയിൻ സൊസൈറ്റി' എന്ന പുസ്തകത്തിൽ. കുറ്റകൃത്യങ്ങളുടെ സൂചിക പോകുന്ന പോക്ക് കണ്ടാൽ അപ്പറഞ്ഞതിൻ്റെ ശരിയൂഹിക്കാം. അതിൽ ആണും പെണ്ണും കൂട്ടുപ്രതികളുമാണ്. പക്ഷെ, കുറ്റകൃത്യങ്ങളിലൊരു വലിയ പങ്ക് റേപ് കേസുകളാണ്. അതിൽ മുഖ്യപ്രതി പുരുഷൻ തന്നെ. 2021 -ലെ കണക്കനുസരിച്ച് ഒരു മണിക്കൂറിൽ ഈ രാജ്യത്തെ സ്ത്രീകൾക്കെതിരെ 49 കുറ്റകൃത്യങ്ങൾ നടക്കുന്നുവെങ്കിൽ ഒരു ദിവസം ശരാശരി 86 റേപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതുമുഴുവൻ സ്ത്രീക്ക് നേരെ പുരുഷൻ നടത്തുന്ന ലൈംഗിക അതിക്രമമാണ്.
പെരുവഴിയേ നടന്നുപോകുന്ന പെണ്ണിന് നേരെയുള്ള അശ്ലീല നോട്ടവും കമൻ്റടിയും തൊട്ട് ഡൊമസ്റ്റിക് വയലൻസും കണ്ണില്ലാത്ത ബാലാത്കാരവും കൊലയും വരെയുള്ള കേസുകളിലെല്ലാം പ്രതി പുരുഷനാവുന്നത് എന്തുകൊണ്ടാണ്? ചരിത്രപരമായിത്തന്നെ ശാരീരിക-സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളും അധികാരവ്യവസ്ഥകളുമെല്ലാം പെണ്ണിന് നേരെ തിരിയാനുള്ള ഒരു ഭൗതികസാഹചര്യം പുരുഷൻമാർക്ക് ഒരുക്കിക്കൊടുക്കുന്നുണ്ട്. പെണ്ണ് പൂർണ്ണമായും സാമ്പത്തികസ്വാതന്ത്ര്യം നേടിയ പുതിയകാലത്ത് പുരുഷൻ്റെ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെട്ടു.
എങ്കിൽ, ലൈംഗികചോദനകളിലും ലൈംഗികാസക്തിയിലുമുള്ള ആൺപെൺ ഭേദങ്ങളെങ്ങനെയാണ്? പുരുഷൻ ലൈംഗികമായി കൂടുതൽ അക്രമകാരിയാവുന്നതിൻ്റെ ജീവശ്ശാസ്ത്രം എങ്ങനെയാണ്? സെക്സ് തെറിയാണ്. പുറത്തുപറയരുത്. അത് പഴയ നാട്ടുനടപ്പ്. പുരുഷസമൂഹമൊന്നടങ്കം ചൂഷകരാണ്. അവർ ദയ അർഹിക്കുന്നില്ല. ഇത് പുതിയ മുദ്രാവാക്യം. ലിംഗസംഘർഷം തീവ്രമാകുന്നൊരു കാലത്ത് അതിനെല്ലാം ആധാരമായ രതിയുടെ യാഥാർത്ഥ്യങ്ങളെന്താണ്?
മലയാളത്തിലെ ഏറ്റവും പ്രതിഭാധനനായ എഴുത്തുകാരൻ വിജു. വി. നായരുടെ 'രതിയുടെ സൈകതഭൂവിൽ' എന്ന 2006 -ൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം ആ ഭൂപടം വരച്ചിടുന്നു.
ആണിൻ്റെ രതിതൃഷ്ണയെ മൈക്രോവേവുമായും പെണ്ണിൻ്റെ ലൈംഗികതയെ ഇലക്ട്രിക് ഓവനുമായും ഉപമിച്ചവരുണ്ട്. പൊടുന്നനെ ഉണർന്ന് നിമിഷങ്ങൾക്കുള്ളിൽ പൂർണ്ണശേഷിയിലെത്തി അത്രയും വേഗത്തിൽ അവസാനിക്കുന്ന ലൈംഗികപ്രകൃതമാണ് പുരുഷന്. സാവധാനത്തിലുണർന്ന് ഉന്നിദ്രാവസ്ഥയിലെത്തി സാവധാനം നിലക്കുന്ന പ്രകൃതം പെണ്ണിന്. എങ്കിലീ വികാരത്തെ നിയന്ത്രിക്കുന്ന ഹെഡ്ഡാപ്പീസെവിടെയാണ്?
വികാരങ്ങളും ഹൃദയമിടിപ്പും രക്തസമ്മർദ്ദവുമടക്കം നിയന്ത്രിക്കുന്ന നാലരഗ്രാം തൂക്കവും മുന്തിരിങ്ങയുടെ വലിപ്പവുമുള്ള തലച്ചോറിനകത്തിരിക്കുന്ന ഹൈപ്പോത്തലാമസ്. സ്വവർഗ്ഗരതിക്കാരെയും സ്ത്രീകളെയും അപേക്ഷിച്ച് പുരുഷൻ്റെ ഹൈപ്പോത്തലാമസിന് വലിപ്പം കൂടും. ലൈംഗികോത്തേജനത്തിന് അനിവാര്യമായ ടെസ്റ്റോസ്റ്റെറോൺ അടക്കമുള്ള ഹോർമോണുകൾ നിറയുന്നതവിടെയാണ്. സ്ത്രീയെക്കാൾ പത്തോ ഇരുപതോ മടങ്ങ് കൂടുതൽ ടെസ്റ്റോസ്റ്റെറോണുകളും വലിപ്പമേറിയ ഹൈപ്പോത്തലാമസും വേഗത്തിൽ ലൈംഗികോത്തേജനത്തിന് പുരുഷനെ സഹായിക്കും. ലൈംഗികമായ ഈ ഷിപ്രപ്രസാദത്തിൻ്റെ പരമലക്ഷ്യം മനുഷ്യകുലത്തെ നിലനിർത്തലാണെന്ന വ്യാഖ്യാനങ്ങളുണ്ട്.
അതിനുള്ള ഉത്തരവാദിത്തം ആണിനും പെണ്ണിനും സമാസമമല്ലേയെന്നൊരു ചോദ്യം സ്വാഭാവികമായും വരും. പക്ഷെ, ഗർഭധാരണത്തിൻ്റെയും സന്തതികളെ പോറ്റിവളർത്തുന്നതിൻ്റെയും കാലദൈർഖ്യവും അദ്ധ്വാനദൈർഘ്യവും ഉത്തരവാദിത്തമുള്ള ഇണയെ കാംക്ഷിക്കാൻ പെണ്ണിനെ ശീലിപ്പിച്ചു. ഏതുനിമിഷവും ആക്രമിക്കപ്പെടാവുന്നൊരു പ്രാകൃതജീവിതകാലത്ത് ഏറ്റവും വേഗം കൃത്യം നിർവ്വഹിക്കുന്ന പുരുഷപ്രകൃതം കൊണ്ട് മനുഷ്യകുലം പെറ്റുപെരുകി.
ആൺവർഗ്ഗത്തിന് ടെസ്റ്റോസ്റ്റെറോൺ അളവും ലൈംഗികതൃഷ്ണയും പ്രായമേറുന്തോറും കുറയുകയും പെണ്ണിൻ്റെ ലൈംഗികത്വര മെല്ലെമെല്ലെ കൂടി മുപ്പത്തിയഞ്ച് നാൽപ്പതിലെത്തുമ്പോൾ മൂർദ്ധന്യത്തിലെത്തുമെന്നും ശാസ്ത്രം പറയും. എങ്കിൽ, പതിനെട്ടോ ഇരുപതോ പ്രായമുള്ള പുരുഷൻ്റെ ലൈംഗികക്ഷമത മുപ്പത്തിയഞ്ച് നാൽപ്പത് പ്രായമുള്ള പെണ്ണിനുണ്ടാകണം. ഈ ഉപക്രമങ്ങളിലേക്ക് ശാസ്ത്രമെത്തുന്നത് ആണിനെയും പെണ്ണിനെയും പൊതുവിൽ രണ്ട് ഗ്രൂപ്പുകളായി തിരിക്കുമ്പോഴുള്ള പൊതുപ്രകൃതമെന്ന നിലക്കാണ്.
വ്യക്തിപരമായി ലൈംഗിക പ്രകൃതങ്ങൾ പലർക്കും വേറിട്ടിരിക്കാം. പുരുഷനേക്കാൾ ലൈംഗികതൃഷ്ണയുള്ള പെണ്ണോ പ്രായത്തെ കടത്തിവെട്ടുന്ന ലൈംഗികശിലങ്ങളുള്ള പുരുഷനോ ഒക്കെയുണ്ടാവാം. കിൻസി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഒരു പഠനമനുസരിച്ച് മുപ്പത്തിയേഴുമുതൽ നാൽപ്പത് ശതമാനം പുരുഷൻമാരും അരമണിക്കൂറിൻ്റെ ഇടവേളയിൽ രതിചിന്തയിലേക്ക് മടങ്ങിപ്പോകും. സ്ത്രീകളിലത് വെറും പതിനൊന്ന് ശതമാനം മാത്രം. രതിയുടെ കാര്യത്തിൽ പെണ്ണിനൊരു കാരണം വേണം, ആണിനൊരിടം മതിയെന്നൊരു നേരമ്പോക്കുണ്ട്.
ഏതാണ്ടൊരു മുപ്പത്തിയഞ്ച് നാൽപ്പത് വയസ്സുവരെ സ്ത്രീകൾ പൊതുവേ പറയുന്നൊരു പരാതിയുണ്ട്, ലൈംഗികബന്ധത്തിനായി ഭർത്താവ് വല്ലാതെ നിർബ്ബന്ധിക്കുന്നുവെന്ന്. അതൊരുതരം വെറുപ്പുണ്ടാക്കുന്നുവെന്ന്. സ്ത്രീകളുടെ ലൈംഗികപ്രകൃതത്തിൻ്റെ പ്രത്യേകത കൂടിയാണത്. പക്ഷെ, ഗർഭധാരണശേഷി നിലക്കാറാവുന്തോറും അവരുടെ തൃഷ്ണ നാൽപ്പത് പിന്നിട്ട പുരുഷനെ വിസ്മയിപ്പിച്ചേക്കാം. ഫലത്തിൽ കവിയും കാമുകരും എന്തെല്ലാം വാഴ്ത്തിപ്പാടിയാലും അതിൻ്റെ തലവര തലച്ചോറിൽ വിരിയുന്ന ഹോർമോൺ സഖാക്കളുടെ ലീലയിലാണ്.
പ്രേമം മനസ്സിലാണെന്ന് ഭംഗിവാക്ക് പറയാമെന്നേയുള്ളു. വിശ്വാസം അടുപ്പം സമാധാനം എന്നിവയെല്ലാം ചേർന്നാലേ ആ ലീല സാധ്യമാകൂ. പുരുഷന് അതൊന്നും നിർബ്ബന്ധമല്ല. ഗൗരവമുള്ള ഉത്തരവാദിത്തങ്ങൾക്കിടയിൽ രതി സ്ത്രീയുടെ വിദൂരവിചാരം പോലുമാകുന്നില്ല. പുരുഷൻ അതേയവസ്ഥയെ സംഘർഷങ്ങളിൽ നിന്നു മോചനം നേടാനുള്ള വഴിയാക്കും.
'സന്താനാർത്ഥം ച മൈഥുന'മെന്ന് മുനിവചനമുണ്ടെങ്കിലും രതിയുടെ ഉത്സവമായിരുന്നു ഭാരതീയസംസ്കാരം. പക്ഷെ, ശാസ്ത്രം ശരിയെങ്കിൽ രതിക്ക് ആരോഗ്യാവസ്ഥയുമായി വലിയ ബന്ധമുണ്ട്. ആഴ്ച്ചയിൽ മൂന്നുവട്ടം ബന്ധപ്പെടാൻ വർഷത്തിൽ നൂറ്റിമുപ്പത് കിലോമീറ്റർ ഓടാനുള്ള ഊർജ്ജം ചെലവിടണം.
ടെസ്റ്റോസ്റ്റെറോൺ കൂട്ടുന്ന ലൈംഗികവേഴ്ച്ച എല്ലിനെയും പേശിയേയും ബലപ്പെടുത്തി നല്ല കൊളസ്ട്രോൾ ഉത്പാദിപ്പിക്കും. വേദനസംഹാരികളായ എൻഡോർഫിനുകൾ ഉത്പാദിപ്പിക്കപ്പെടുന്നതുകൊണ്ട് വേദനകൾക്കും ആശ്വാസമാകും. ഹാരോൾഡ് ബ്ലൂംഫീൽഡിൻ്റെ 'ദ പവർ ഓഫ് ഫൈവ്' എന്ന പുസ്തകം ലൈംഗികവേഴ്ചയിലൂടെ ലഭിക്കുന്ന ആരോഗ്യപരമായ മെച്ചങ്ങളെ വെളിപ്പെടുത്തുന്നുണ്ട്.
മനുഷ്യൻ ഒരിണയിൽ ഒതുങ്ങില്ല. കുറുനരി, കഴുകൻ പെൻഗ്വിൻ, കൊറ്റി, തുടങ്ങിയവയെപ്പോലെ ഒരിണക്കായി ഒരായുസ്സ് മാറ്റിവക്കാൻ കഴിയില്ല. ഒന്നിലേറെ പങ്കാളികളുള്ള ജീവിവംശങ്ങളിലെ ആണിന് വലിപ്പവും ആക്രമണോത്സുകതയും രക്ഷാകർതൃത്വത്തിലെ ഉത്തരവാദത്തമില്ലായ്മയും കൂടും. ബഹുപങ്കാളിത്തം പുരുഷൻ്റെ തലച്ചോറിൽപ്പതിഞ്ഞ പ്രകൃതമാണ്. മാനവരാശിയുടെ ചരിത്രത്തിലുടനീളമുണ്ടായ യുദ്ധങ്ങളും ഗോത്ര സംഘർഷങ്ങളും ആണിൻ്റെ സംഖ്യയെ കുറച്ചു. യുദ്ധഭൂമിയിൽ നിന്നും മടങ്ങിവരുന്ന ആണിൻ്റെ എണ്ണം കുറഞ്ഞപ്പോൾ വിധവകൾക്കെണ്ണം കൂടി. ഗോത്രയുദ്ധങ്ങൾ കൊണ്ടുവലഞ്ഞ അറേബ്യൻ സമൂഹത്തിൽ നബി ബഹുഭാര്യാത്വം നിർദ്ദേശിച്ചതിൽ അന്ന് ചില യുക്തികളുണ്ടായിരുന്നു, പിന്നീടത് പെണ്ണിനെ ചൂഷണം ചെയ്യാനുള്ള വഴിയായി മാറിയെങ്കിലും.
ആണിന് എണ്ണം കുറഞ്ഞ സമൂഹത്തിൽ ആൺകുഞ്ഞിൻ്റെ പിറവി ഉത്സവമായി. പ്രതിരോധത്തിനും പൊരുതാനും ആൺവർഗ്ഗം കൂടിയേ തീരുമായിരുന്നുള്ളു. സാഹചര്യങ്ങൾ മാറിയ ശേഷവും തലച്ചോറിൻ്റെ തഴമ്പായി ആ ശീലം തുടർന്നു. പെൺ ഭ്രൂണഹത്യകൾക്കും എണ്ണം കൂടി. എല്ലാ സസ്തനികളെയും പോലെ മനുഷ്യരിലെ ആൺജാതിയും പല പങ്കാളികളെ തേടുന്നു. അശ്ലീല സാഹിത്യവും വ്യഭിചാരവും പഴയ നീലച്ചിത്രങ്ങളും വരെയുള്ള സെക്സ് ഇൻഡസ്ട്രിയും ലക്ഷ്യമിട്ടത് മുഖ്യമായും പുരുഷനെയാണ്.
പക്ഷെ, പോൺവീഡിയോകളുടെ കാലമെത്തുമ്പോഴും കസ്റ്റമേഴ്സിലെ ആൺമേധാവിത്വം കുറഞ്ഞുതുടങ്ങി. പല പങ്കാളികളെ വരിക്കാൻ ത്വരയുള്ള പെൺവർഗ്ഗമുണ്ടെങ്കിലും ആണിനോളം ഇതുവരെയില്ല. ഇപ്പറഞ്ഞതൊന്നും ആൺവർഗ്ഗത്തെ കുറ്റവിമുക്തനാക്കാനല്ല. പൊളിറ്റിക്കൽ കറക്റ്റനെസ്സെന്ന അരാഷ്ട്രീയതക്ക് മുന്നിൽ ജീവശ്ശാസ്ത്രപരമായ പ്രത്യേകതളെ കണ്ടഭാവം ആർക്കുമില്ലാത്തതുകൊണ്ടാണ്.
ആണിൻ്റെ ലൈംഗികപ്രകൃതത്തെ 'റൂസ്റ്റർ ഇഫക്ടെ'ന്ന് വിളിക്കാറുണ്ട്. ഒരിണചേരലിനിടെ അറുപത് വട്ടമെങ്കിലും സംഭോഗം നടത്താറുള്ള ഈ ആൺപക്ഷിക്ക് ഒരിണയുമായി ഒരുദിവസം അഞ്ച് വട്ടത്തിനപ്പുറം ലൈംഗികബന്ധം പറ്റില്ല. അപ്പൊഴേക്കും രതിയുടെ ത്രില്ലങ്ങ് പോകും. ആറാംവട്ടം പുതിയൊരു പിടയാണെങ്കിൽ ആദ്യവട്ടമെന്നപോലെ ഉഷാറാവും. കാളകളുടെ കാര്യത്തിലും ഇതാണ് സ്ഥിതിയെന്ന് നാട്ടിലെ മൃഗഡോക്ടർമാർക്കറിയാം. പക്ഷെ, ആദ്യമിണചേർന്ന പശുവിനെ ചായം തേയ്ച്ച് രൂപം മാറ്റി അയച്ചൊരു പരീക്ഷണം നടത്താൻ നോക്കിയിട്ടും കാള കുലുങ്ങിയില്ല. ഈ റൂസ്റ്റർ ഇഫക്ട് മനുഷ്യർക്കിടയിലെ ആണിനും ബാധകമാണ്.
മനുഷ്യകുലത്തിലെ എട്ട് ശതമാനം പുരുഷൻമാരും സെക്സ് അഡിക്ടുകളാണെന്നാണ് ലോസ് ഏയ്ഞ്ചൽസ് സെക്ഷ്വൽ റിക്കവറി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ പാട്രിക് ക്രയോൺസിൻ്റെ കണക്ക്. ഇത്തരക്കാരായ സ്ത്രീകളുടെ എണ്ണം മൂന്ന് ശതമാനം കഷ്ടി. സ്വാഭാവികാവസ്ഥയിൽ നിന്ന് രതിമൂർച്ഛയിലെത്താൻ ആരോഗ്യവാനായ പുരുഷന് രണ്ട് രണ്ടര മിനിറ്റാണ്. സ്ത്രീകളിലത് പത്തോ പതിമൂന്നോ മിനിറ്റും. മിക്ക സസ്തനജീവികളുടെയും സംഭോഗസമയം കുറഞ്ഞിരിക്കുന്നതെന്തുകൊണ്ടാണ്.
ആദ്യകാലങ്ങളിൽ ഏത് നേരവും വന്യജീവികളിൽ നിന്നും ആക്രമണം പ്രതീക്ഷിച്ചിരുന്ന ആ ജീവികൾ പരിസരം മറന്നുള്ള ബന്ധപ്പെടലിന് കുറഞ്ഞ നേരമെടുക്കാൻ ശീലിച്ചു. ആ ശീലത്തിനൊത്ത് ക്രമത്തിൽ തലച്ചോറും പരുവപ്പെട്ടു. ആഫ്രിക്കൻ ബബൂണിനെപ്പോലുള്ള കുരങ്ങുകൾ ഭോഗിക്കാനെടുക്കുന്നത് വെറും ഇരുപത് സെക്കൻ്റാണ്. കാട്ടെലികളിൽ ചിലതിന് മണിക്കൂറിൽ 400 -ലധികം തവണ ഈ പ്രക്രിയക്ക് ശേഷിയുണ്ട്. എങ്കിലും റെക്കോർഡ് ചെറിയ എലികൾക്കാണ്. മണിക്കൂറിൽ നൂറുവട്ടം.
വൃഷണങ്ങളുടെ വലിപ്പവും ഉത്തേജനവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് മനസ്സിലാക്കുന്നത് 1950 -കളോടെയാണ്. ശരീരവലിപ്പമനുസരിച്ചാണ് വൃഷണവലിപ്പമെന്നായിരുന്നു ആദ്യസങ്കൽപ്പം. പക്ഷെ കുരുവിയുടെ വൃഷണത്തിന് കഴുകൻ്റേതിനേക്കാൾ എട്ടിരട്ടി വലിപ്പമുണ്ട്. ആൾക്കുരങ്ങുകളുടെ വൃഷണത്തിന് ഗൊറില്ലകളുടേതിനേക്കാൾ വലിപ്പമുണ്ട്. കുരുവിക്കും ആൾക്കുരങ്ങിനും മറ്റ് രണ്ട് ജീവികളേക്കാൾ ലൈംഗികശേഷിയുമുണ്ട്. ശരീരപിണ്ഡത്തിന് ആനുപാതികമായ വലിപ്പത്തേക്കാൾ വൃഷണങ്ങൾക്ക് വലിപ്പമുണ്ടെങ്കിൽ കൂടുതൽ ഇണകളുമായി രമിക്കും. ഉദാഹരണം ചിമ്പാൻസി, അതിന് മനുഷ്യൻ്റെ പൂർവ്വികസ്ഥാനവും കൽപ്പിച്ചിട്ടുണ്ട്. ഗൊറില്ലയെപ്പോലെ വലിയ ശരീരവും ചെറിയ വൃഷണങ്ങളുമുള്ള ജീവികൾ വർഷത്തിൽ ഒന്നോരണ്ടോ തവണ മാത്രം ലൈംഗികബന്ധത്തിലേർപ്പെടുന്നു.
ഗവേഷണഫലങ്ങളനുസരിച്ച് പൂർവ്വികർക്ക് നിലവിലെ പുരുഷൻമാരെക്കാൾ വലിപ്പമുള്ള വൃഷണങ്ങളുണ്ടായിരുന്നു, അവരുടെ സ്പേം കൗണ്ട് ഇക്കാലപുരുഷനെക്കാൾ ഉയർന്ന തോതിലുമായിരുന്നു. 1950 -കളിലെ പുരുഷൻ്റെ പാതിമാത്രം സ്പേംകൗണ്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുരുഷനുള്ളുവെന്ന് ചുരുക്കം.
മനുഷ്യരിലെ ലൈംഗികോത്തേജനത്തിലും ലിംഗവ്യത്യാസമുണ്ട്. ആണിന് ഉത്തേജനം കണ്ണിലൂടെ, പെണ്ണിന് കാതിലൂടെയെന്നൊരു ചൊല്ലുണ്ട്. പെണ്ണിൻ്റെ ആംഗോപാംഗപുഷ്ടി പുരുഷനെ പ്രലോഭിതനാക്കും. പക്ഷെ, കള്ളക്കാമുകൻ്റെ പൊള്ളവാക്കുകൾ പെണ്ണ് കണ്ണടച്ച് കേൾക്കും. പ്രണയത്തിന് കണ്ണില്ലെങ്കിലും കാതുണ്ടെന്ന് ചുരുക്കം.
സൗന്ദര്യമത്സരവേദിയുടെ ശരിയായ പ്രേക്ഷകൻ പുരുഷനാണ്. പക്ഷെ, മിസ്റ്റർ യൂണിവേഴ്സ് മത്സരങ്ങൾക്കത്രയും പ്രേക്ഷകരുമില്ല. അപവാദങ്ങളുണ്ടെങ്കിലും പൊതുവിൽ ആണിന് രതി വേണം, പെണ്ണിന് സ്നേഹവും. ഈ പൊരുത്തക്കേട് പലപ്പൊഴും സ്ത്രീപുരുഷബന്ധത്തിലെ കരടാണ്. വേട്ടക്കാരൻ്റെ പൂർവ്വജന്മം പകർന്നുകൊടുത്ത ജീവപ്രകൃതം കൂടിയാണത്. ഇരതേടിയലഞ്ഞ, പോരാടിത്തളർന്ന പകലറുതിക്ക് ശേഷം രതിസുഖം നുകർന്നൊരുറക്കം. ആ പ്രകൃതത്തിൽ നിന്നും പുതിയ ജീവിതം പുരുഷന് മോചനം നൽകിത്തുടങ്ങി.
പെണ്ണിന് സ്നേഹിക്കപ്പെടണം, പരിലാളിക്കപ്പെടണം, ശ്രദ്ധിക്കപ്പെടണം. എന്നുവച്ചാൽ ആണിന് രതി മാത്രമേ വേണ്ടൂവെന്നല്ല. രതിമൂർച്ഛയിലൂടെ ആന്തരികസമ്മർദ്ദങ്ങളെ മോചിപ്പിക്കലാണ് പ്രിയം. വേഴ്ചയോടെ അവനുറങ്ങിപ്പോകുന്നതും അതുകൊണ്ടാണ്. ഇത് സ്വാർത്ഥതയെന്ന് ചാപ്പകുത്തുന്ന പെൺപക്ഷവുമുണ്ട്. അവിടെ വേഴ്ച്ചക്ക് ശേഷമുള്ള പെണ്ണ് കൂടുതൽ ഊർജ്ജസ്വലയാവുന്നു. പുരുഷന് ശൂന്യനാകണം പെണ്ണിന് നിറയണം. ശരിയായ സംഭോഗത്തിന് മുൻപ് പുരുഷന് മുപ്പത് സെക്കൻ്റിൻ്റെ ഉത്തേജിതാവസ്ഥയാണെങ്കിൽ പെണ്ണിന് മുപ്പത് മിനിറ്റിൻ്റേതാണ്.
ഒരേനേരം പല ടാസ്കുകളിലേർപ്പെടാനുള്ള സിദ്ധി പൊതുവേ പുരുഷന് സ്ത്രീയോളമില്ല. തിക്രീഡയുടെ നേരത്തും അതങ്ങനെതന്നെ. ബ്രയിൻ സ്കാനിംഗ് റിപ്പോർട്ടനുസരിച്ച് രതിമൂർച്ചയുടെ നേരം പുരുഷൻ്റെ തലച്ചോറിൻ്റെ വലതുഭാഗം മാത്രമേ പ്രവർത്തിക്കുന്നുള്ളു. സംഭാഷണമടക്കമുള്ള മറ്റെന്തെങ്കിലും പ്രവൃത്തിക്ക് തലച്ചോറിൻ്റെ ഇടതുഭാഗമുണരണം. ഒരേനേരം പല വേല ചെയ്യുന്ന പെണ്ണിനിത് സ്വാഭാവികം. ഇടതുവലതുഭാഗങ്ങളെ തരാതരം ഉപയോഗപ്പെടുത്താവുന്ന നിലക്കാണതിൻ്റെ നിർമ്മിതി. അതുകൊണ്ടുതന്നെ ലൈംഗികവേളയിലെ സംഭാഷണം പുരുഷന് വെല്ലുവിളിയും പെണ്ണിന് സ്വാഭാവികവുമാണെന്ന് ചുരുക്കം.
മറുപുറത്ത് രതിതൃഷ്ണക്ക് ആധാരമായ രാസവസ്തുക്കളോട് വേഗത്തിൽ പ്രതികരിക്കാൻ പാകത്തിലല്ല സ്ത്രീയുടെ മസ്തിഷ്കം. അതുകൊണ്ടന്നേരവും അവൾ ചുറ്റുപാടുകളെക്കുറിച്ച് ബോധവതിയാണ്. ആദികാലം തൊട്ട് പാർപ്പിടവും സന്തതികളെയും സൂക്ഷിക്കുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട് ശീലിച്ചെടുത്ത തലച്ചോറിൻ്റെ സിദ്ധി. അടച്ചുറപ്പുള്ള സുരക്ഷിതയിടങ്ങളിൽ മാത്രം വേഴ്ച്ചയിലേർപ്പെടുന്ന പെൺശീലം അവിടെതുടങ്ങുന്നു. ആ അസ്വാതന്ത്ര്യത്തിൻ്റെ മറുപുറത്തുയരുന്ന സ്വാതന്ത്ര്യപ്രഖ്യാപനമുണ്ട് സാക്ഷാൽ മെർലിൻ മൺട്രോ വക. 'പൊതുസ്ഥലത്ത് പരസ്യമായി ലൈംഗികബന്ധത്തിലേർപ്പെടണം എന്നതാണ് ഏത് പെണ്ണിൻ്റെയും ഏറ്റവും വലിയ രഹസ്യസ്വപ്ന'മെന്ന്.
ഈ ലേഖനത്തോട് നിങ്ങള്‍ക്കും പ്രതികരിക്കാം. വിയോജിപ്പുകളും യോജിപ്പുകളും സന്ദേഹങ്ങളും വിശദമായ ഒരു കുറിപ്പായി എഴുതി അയക്കൂ. വിലാസം: submissions@asianetnews.in. സബ്ജക്ട് ലൈനില്‍ vazhiyambalam എന്ന് വെക്കണം. ഫോണ്‍നമ്പര്‍ അടക്കം വിശദവിലാസവും ഫോട്ടോയും ഒപ്പം അയക്കുമല്ലോ.