അമ്മ പറഞ്ഞ കഥകള്‍, ഉള്ളിലാഴത്തില്‍ വിത്തെറിഞ്ഞ കവിതകള്‍, വിരലില്‍ നട്ടുപിടിപ്പിച്ച അക്ഷരമിഴിവ്!

Published : Mar 12, 2025, 10:36 AM ISTUpdated : Mar 12, 2025, 04:44 PM IST
അമ്മ പറഞ്ഞ കഥകള്‍, ഉള്ളിലാഴത്തില്‍ വിത്തെറിഞ്ഞ കവിതകള്‍, വിരലില്‍ നട്ടുപിടിപ്പിച്ച അക്ഷരമിഴിവ്!

Synopsis

എഴുതിക്കഴിഞ്ഞ് വീണ്ടും വീണ്ടും സ്വന്തം അക്ഷരങ്ങളെ നോക്കി ആസ്വദിക്കുന്നത് ആത്മരതിയുടെ വേറൊരു പതിപ്പാണോ? അതിന് 'അതേ' എന്ന ഉത്തരം കിട്ടിയത്, അധ്യാപികയായ അമ്മ കറുത്ത ബോര്‍ഡില്‍ വെളുത്ത നിറത്തില്‍ തെളിഞ്ഞിരിക്കുന്ന സ്വന്തം അക്ഷരങ്ങള്‍ കണ്ണിമയ്ക്കാതെ ആസ്വദിക്കാറുണ്ട് എന്ന് പറഞ്ഞപ്പോഴാണ്.  'എന്‍റെ ജീവിതത്തിലെ സ്ത്രീ' ഡോ സുനിത സൗപര്‍ണിക എഴുതുന്നു


ഇന്ന്, ഒരു കുഞ്ഞിന്‍റെ അമ്മയായി കഴിയുമ്പോഴാണ് അമ്മ പകര്‍ന്നത് എത്രയേറെ വിലപ്പെട്ടതാണെന്ന് തിരിച്ചറിയുന്നത്. അതുകൊണ്ടു തന്നെയാണ് വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ തുടങ്ങിയപ്പോഴേ അവനെക്കരുതി പുസ്തകങ്ങള്‍ വാങ്ങിച്ചു തുടങ്ങിയത്. 

 

 


വീട്ടുമ്മറത്ത് ഇരുന്ന് ഞാന്‍ എന്ന നാലുവയസുകാരി അക്ഷരങ്ങള്‍ എഴുതാന്‍ പഠിക്കുകയാണ്. പഠിപ്പിക്കുന്നത് അമ്മ തന്നെ. പഠിക്കുന്ന അക്ഷരം 'ഇ.'  

എത്ര ശ്രമിച്ചിട്ടും അമ്മ എഴുതുന്നത് പോലെ വടിവൊത്ത രീതിയില്‍ എഴുതാനാവുന്നില്ല. 'ഇ' യുടെ താഴത്തെ ആ വളവ് അങ്ങോട്ട് ശരിയാവുന്നില്ല. ക്ഷമ നശിച്ചു, രണ്ട് വശത്തേക്കും റിബ്ബണ്‍ കൊണ്ട് കെട്ടിവച്ച മുടി മുഴുവന്‍ വലിച്ചഴിച്ചു, വാശി പിടിച്ച് ബഹളമായി. ഒടുവില്‍ അമ്മ തന്നെ കൈ പിടിച്ചെഴുതിച്ചു 'ഇ'.

ആ വളഞ്ഞ അക്ഷരം അങ്ങനെ എന്‍റെ കുഞ്ഞിക്കൈയ്ക്കുള്ളിലായി. പിന്നീടങ്ങോട്ട് അമ്മയുടേതുപോലെ വൃത്തിയുള്ള അക്ഷരങ്ങള്‍ എഴുതാനുള്ള ശ്രമമായിരുന്നു. 

അമ്മ ടി. ടി. സിയ്ക്ക് പഠിക്കുന്ന കാലമായിരുന്നു. പഠിക്കാന്‍ പുസ്തകവുമായി അമ്മ ഇരിക്കുന്ന നേരം, ഒരു പേനയും പുസ്തകവും തന്ന് എന്നെയും അടുത്തിരുത്തും. പതിയെ വടിവൊത്ത അക്ഷരങ്ങള്‍ കൂട്ടായിത്തുടങ്ങി. 

പാഠപുസ്തകങ്ങളുടെ 'ഠ' വട്ടത്തില്‍ നിന്നും കഥകളുടെ ലോകത്തേക്ക് കൈ പിടിച്ചു കൊണ്ടുപോയത്, മധ്യവേനലവധിയ്ക്ക് മുന്‍പ് അമ്മ തന്‍റെ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നും കൊണ്ട് വരുന്ന ഒരു കെട്ട് പുസ്തകങ്ങള്‍. വായന മുറ്റി നില്‍ക്കുന്ന രണ്ട് മാസങ്ങള്‍. വായിച്ച പുസ്തകങ്ങളില്‍ മനസ്സില്‍ തങ്ങിയ വാചകങ്ങള്‍ വൃത്തിയുള്ള കൈപ്പടയില്‍ സ്വന്തം ഡയറിയുടെ സ്വകാര്യതയിലേക്ക് കുടിവയ്ക്കപ്പെട്ടു. ഒപ്പം അമ്മ ചൊല്ലിക്കേട്ട് ഉള്ളില്‍ പടര്‍ന്ന വരികള്‍. പൂന്താനം, എഴുത്തച്ഛന്‍, വൈലോപ്പിള്ളി, ഒഎന്‍വി, കടമ്മനിട്ട... 

എഴുതിക്കഴിഞ്ഞ് വീണ്ടും വീണ്ടും സ്വന്തം അക്ഷരങ്ങളെ നോക്കി ആസ്വദിക്കുന്നത് ആത്മരതിയുടെ വേറൊരു പതിപ്പാണോ? അതിന് 'അതേ' എന്ന ഉത്തരം കിട്ടിയത്, അധ്യാപികയായ അമ്മ കറുത്ത ബോര്‍ഡില്‍ വെളുത്ത നിറത്തില്‍ തെളിഞ്ഞിരിക്കുന്ന സ്വന്തം അക്ഷരങ്ങള്‍ കണ്ണിമയ്ക്കാതെ ആസ്വദിക്കാറുണ്ട് എന്ന് പറഞ്ഞപ്പോഴാണ്. 

അമ്മയില്‍ നിന്ന് കേട്ട സംസ്‌കൃതവും, ഉള്‍ക്കൊണ്ട മലയാളവും തെളിയാന്‍ തുടങ്ങിയത് ആയുര്‍വേദം പഠിക്കാന്‍ തുടങ്ങിയപ്പോഴാണ്. വിഷമമില്ലാതെ വായിക്കാന്‍ കഴിയുന്ന കൈയക്ഷരം ഇത്തിരി അധികം മാര്‍ക്കുകള്‍ നേടിത്തന്നപ്പോഴും 'ഇ' എന്ന അക്ഷരം എന്‍റെ വിരലില്‍ കോര്‍ത്ത അമ്മക്കയ്യിന്‍റെ സ്പര്‍ശം ഓര്‍ത്തു. കോളേജ് പഠനക്കാലത്ത് മറ്റൊരു മല്‍സരത്തിലും പങ്കെടുത്തില്ലെങ്കിലും കയ്യക്ഷര മത്സരത്തില്‍ പങ്കെടുത്തു. സമ്മാനം വാങ്ങിക്കുമ്പോള്‍, കണ്ണില്‍ തെളിഞ്ഞത്, കുറച്ചു പഴകിയ മഞ്ഞച്ച സര്‍ട്ടിഫിക്കറ്റ്, അമ്മയ്ക്ക് സ്‌കൂള്‍തല കയ്യക്ഷര മത്സരത്തിന് കിട്ടിയത്. 

പിന്നീട് സ്വന്തം അക്ഷരങ്ങള്‍ മരുന്നു കുറിപ്പടിയായി രോഗികളുടെ മുന്നിലേക്ക്. വായിക്കാന്‍ പ്രയാസമില്ലാത്ത കയ്യക്ഷരം കാണുമ്പോള്‍ ചില രോഗികളുടെയെങ്കിലും കണ്ണില്‍ അമ്പരപ്പിന്‍റെ മിന്നായം. അശ്രദ്ധമായി അതൊന്ന് ശ്രദ്ധിക്കുമ്പോഴും, ഒരിക്കലും അമിതമായ അഭിന്ദനത്തിനോ കുറ്റപ്പെടുത്തലിനോ മുതിരാത്ത അമ്മയുടെ കണ്ണുകളിലെ ആ നിസ്സംഗത മിന്നായം പോലെ ഓര്‍മയില്‍ വന്ന്, ഇതിലൊന്നും വലിയ കാര്യമില്ലെന്ന് പറയാതെ പറഞ്ഞു. 

അമ്മയുടെ അക്ഷരങ്ങള്‍ക്ക് എന്നും ഒരേ ഭംഗിയായിരുന്നു അമ്മയുടെ ചങ്കുറപ്പു പോലെ. എന്നാല്‍, എന്‍റെ അക്ഷരങ്ങള്‍ എന്‍റെ മനോഭാവങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ട് കൊണ്ടിരുന്നു. അത് മാത്രം അമ്മക്കയ്യില്‍ നിന്നും പകര്‍ത്താന്‍ ആയില്ല, ഇന്നേ വരെ. 

ഇന്ന്, ഒരു കുഞ്ഞിന്‍റെ അമ്മയായി കഴിയുമ്പോഴാണ് അമ്മ പകര്‍ന്നത് എത്രയേറെ വിലപ്പെട്ടതാണെന്ന് തിരിച്ചറിയുന്നത്. അതുകൊണ്ടു തന്നെയാണ് വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ തുടങ്ങിയപ്പോഴേ അവനെക്കരുതി പുസ്തകങ്ങള്‍ വാങ്ങിച്ചു തുടങ്ങിയത്. 

പക്ഷേ, ഇതെല്ലാം അല്ല, ഇതിനേക്കാളേറെ അവന്‍റെ അമ്മൂമ്മ അവന് മാത്രം മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞു കൊടുത്തുകൊണ്ടേയിരിക്കുന്നു. 

ഇപ്പോഴും അടുക്കളയില്‍ കടുക് വറുക്കുന്നതിനിടയിലും ആ തള്ളക്കോഴി പാടുന്നുണ്ട്,  കടമ്മനിട്ടയുടെ വരികള്‍. 

'കണ്ണുവേണമിരുപുറമെപ്പോഴും 
കണ്ണുവേണം മുകളിലും താഴെയും 
ഉള്ളിലെപ്പോഴും കത്തിജ്ജ്വലിയ്ക്കു-
മുള്‍ക്കണ്ണുവേണമണയാത്ത കണ്ണ്'

 

എന്‍റെ ജീവിതത്തിലെ സ്ത്രീ  കൂടുതല്‍ എഴുത്തുകൾ വായിക്കാം.

 

 

 

PREV
click me!

Recommended Stories

നിസഹായരായ മനുഷ്യനെ മിസൈൽ അയച്ച് കൊന്നത് യുദ്ധക്കുറ്റം; ഉത്തരമില്ലാതെ ട്രംപ് ഭരണകൂടം
അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി