രക്തബന്ധത്തിനും അപ്പുറം, കൂടെ പിറന്നെങ്കില്‍ എന്ന് തോന്നിപ്പിച്ച ഒരുവള്‍, എന്‍റെ ആച്ചി!

Published : Mar 11, 2025, 07:44 PM IST
രക്തബന്ധത്തിനും അപ്പുറം, കൂടെ പിറന്നെങ്കില്‍ എന്ന് തോന്നിപ്പിച്ച ഒരുവള്‍, എന്‍റെ ആച്ചി!

Synopsis

ഉണര്‍ന്നെണീറ്റ് കോളജ് ബസിലേക്ക് ഓടി. അരികില്‍ നിന്നും കുറെ ചിരികള്‍ കേട്ടു. കോളേജ് ബസിന്‍റെ അവസാനത്തെ സീറ്റ് പണ്ടേക്കുപണ്ടേ ആരോ എനിക്ക് വേണ്ടി റിസര്‍വ് ചെയ്തതു പോലെയാണ്.  'എന്‍റെ ജീവിതത്തിലെ സ്ത്രീ' ഷഹാന ഷെരീഫ് എഴുതുന്നു


ഞാനവള്‍ക്ക് ഇപ്പോള്‍ ചേച്ചിയമ്മയാണ്. ജീവിതത്തില്‍ കിട്ടിയ അനുഗ്രഹങ്ങളില്‍ ഒന്ന്. ചേച്ചി + അമ്മ. ഒരേ സമയം സഹോദരിയും അമ്മയും. 

 

 

ല്ല മഴയായിരുന്നു. മഴ ആസ്വദിച്ച് കൊണ്ടിരുന്ന എന്‍റെ കണ്ണുകളിലേക്ക് ഒരു കാഴ്ച വന്നു തൊട്ടു. ഒരു കുഞ്ഞിക്കൈ. ഹോസ്റ്റല്‍ വരാന്തയുടെ ജനലരികിലൂടെ മെല്ലെ പുറത്തേക്ക് വരികയാണ് ഒരു കുഞ്ഞിക്കൈ! 

'ങേ, ഇതാരുടെ കൈ? ആരാണിവള്‍?'

ഞാന്‍ അതിശയിച്ചു. സമാനമായ കൗതുകങ്ങള്‍, അപ്പുറത്തുനിന്നും 'ഈ ജൂനിയേഴ്‌സിന് ഇവിടെ എന്താ കാര്യം?' എന്ന ചോദ്യമായി ഉയര്‍ന്നതും മഴ നനഞ്ഞ ആ കൈകള്‍ അവിടെ നിന്നും പൊടുന്നനെ അപ്രത്യക്ഷമായി. 

അന്നേരമാണ് കുപ്പി കൊണ്ട് പ്ലേറ്റില്‍ അടിക്കുന്ന ശബ്ദം കാതില്‍ തുളച്ച് കേറിയത്. 'ഓ, ഇന്ന് ചിക്കന്‍ കറിയാണ്, വേഗം ചെന്നാലേ കിട്ടൂ'- കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ആ നീണ്ട ക്യൂവില്‍ ഇടംപിടിച്ചു.  ഭക്ഷണത്തിനുള്ള ക്യൂവില്‍ നില്‍ക്കുമ്പോഴും ഉള്ളിലുറഞ്ഞുവന്ന കൗതുകം എന്‍റെ ഉള്ളിലിങ്ങനെ നിറയുക തന്നെ ചെയ്തു, ആരായിരിക്കും കുഞ്ഞിക്കൈകളുള്ള ആ ജൂനിയര്‍ പെണ്‍കുട്ടി? 

 

രണ്ട്

സൂര്യന്‍ മടിയില്ലാതെ ഉദിച്ചുവന്ന ഒരു ദിവസം കൂടി. പുതപ്പ് മാറ്റാന്‍ തോന്നാതെ ഞാനങ്ങനെ കിടന്നു. വാര്‍ഡന്‍ അമ്മച്ചിയുടെ അലാറം വേണ്ടി വന്നു, പുതപ്പൊന്ന് മാറാന്‍. 

'ഷഹാന, ലേറ്റ് ആയിന്ദി' -നല്ല കാര്യം അല്ലെങ്കിലും തെലുങ്കിലായതിനാല്‍ വലിയ വിഷമമൊന്നും തോന്നിയില്ല. 

ഉണര്‍ന്നെണീറ്റ് കോളജ് ബസിലേക്ക് ഓടി. അരികില്‍ നിന്നും കുറെ ചിരികള്‍ കേട്ടു. കോളേജ് ബസിന്‍റെ അവസാനത്തെ സീറ്റ് പണ്ടേക്കുപണ്ടേ ആരോ എനിക്ക് വേണ്ടി റിസര്‍വ് ചെയ്തതു പോലെയാണ്. 

ഞാന്‍ എത്തിയതും ഡ്രൈവര്‍ അങ്കിള്‍ ബസ് എടുത്തു. അപ്പോഴാണ്  ഞാനാ കാഴ്ച കണ്ടത്. ആ കൈകള്‍! അതും ബസിനുള്ളില്‍! ഞാന്‍ നോക്കിയതും അവള്‍ ആരുടെയോ മറവില്‍ മറഞ്ഞു. ഒരു തരം ഒളിച്ചു കളി! അതെനിക്ക് ഇഷ്ടമായി. 

'ആ ചേച്ചി ഇവിടുത്തെ സീനിയര്‍ ആണ് ടീനാ. എനിക്ക് ഇഷ്ടമാണ് ചേച്ചീനെ. പക്ഷേ പേടിയുമാണ്...'ആരോ എന്നെക്കുറിച്ച് പറയുന്നത് കേട്ട് ഞാന്‍ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു. 

 

മൂന്ന്

ഫെബ്രുവരിയിലെ നല്ല നിലാവുള്ള രാത്രി. ഫാര്‍മക്കോളജി ടെക്‌സ്റ്റ് ബുക്കിന്‍റെ പേജ് എണ്ണിയിരിക്കുകയായിരുന്നു ഞാന്‍. 

''ചേച്ചി ഇന്ന് അശ്മിയുടെ പിറന്നാളാണ്. ചേച്ചി വന്നാല്‍ അവള്‍ക്ക് വല്ല്യ സന്തോഷം ആവും'' - കേട്ടപാതി കേള്‍ക്കാത്ത പാതി ഒറ്റ നടത്തമായിരുന്നു. മനസ്സില്‍ ഒരു ബ്ലാക്ക് ഫോറസ്റ്റ് കേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാലും ആരാണീ അഷ്മി എന്ന ചോദ്യം ഉള്ളിലിങ്ങനെ നില്‍പ്പുണ്ടായിരുന്നു. 

ഇരുണ്ട മുറിയില്‍ മെഴുതിരി വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ നനഞ്ഞ കൈകള്‍ ഞാന്‍ കണ്ടു. ബ്ലാക്ക് ഫോറസ്റ്റ് കേക്ക് ആ കൈകള്‍ എന്‍റെ വായിലേക്ക് വെച്ചുതന്നു. ഞാനന്നേരം അവളുടെ കണ്ണുകള്‍ കണ്ടു. ആ കണ്ണുകളിലെ സന്തോഷം കണ്ട നിമിഷം എനിക്ക് മനസ്സിലായി, ഇവള്‍ മുജ്ജന്മത്തില്‍ എന്‍റെ ആരോ ആയിരുന്നു!

 

നാല്

നാടും വീടും എന്തിന് ലോകം മുഴുവന്‍ വിഴുങ്ങിയ കൊറോണ വൈറസ് നമുക്ക് മുന്നിലേക്ക് തുറന്ന് തന്ന ഒരു കാലം ഓര്‍മ്മയില്ലേ? ലോക്ക് ഡൗണ്‍ നാളുകള്‍. ജീവിതത്തിന്‍റെ എല്ലാ തിരക്കുകളില്‍നിന്നും അറ്റുപോയ നേരങ്ങള്‍. താനാരെന്ന തിരിഞ്ഞുനോട്ടത്തിന്‍റെ കൂടി നേരമായിരുന്നു അത്. 

നാല് ചുവരുകള്‍ക്കുള്ളില്‍ ആകെ ഒറ്റപ്പെട്ട കാലത്താണ് അവളെന്‍റെ ജീവിതത്തില്‍ പോസിറ്റീവായ സാന്നിധ്യമായി നിറയുന്നത്. എന്‍റെ ജീവിതത്തിലേക്ക് ദൈവം താങ്ങും തണലുമായി എത്തിച്ച ആ നനുത്ത കൈകള്‍ക്ക് ഞാന്‍ ആച്ചി എന്ന് പേരിട്ടു. ആരോ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സമ്മാനപ്പൊതി. രക്തബന്ധത്തിനും അപ്പുറം ഒരു സാഹോദര്യ ബന്ധം ഉണ്ടെന്ന് കാട്ടിത്തന്നവള്‍. കൂടെ പിറന്നില്ലെങ്കിലും, കൂടെ പിറന്നെങ്കില്‍ എന്ന് തോന്നിപ്പിച്ച ഒരുവള്‍. ഇന്നെനിക്ക് ഒരു കൂടപ്പിറപ്പ്!

ഞാനവള്‍ക്ക് ഇപ്പോള്‍ ചേച്ചിയമ്മയാണ്. ജീവിതത്തില്‍ കിട്ടിയ അനുഗ്രഹങ്ങളില്‍ ഒന്ന്. ചേച്ചി + അമ്മ. ഒരേ സമയം സഹോദരിയും അമ്മയും. 

ഓരോ ബന്ധങ്ങള്‍ക്കും ദൈവം ഓരോ തരത്തിലുള്ള മനോഹാരിത നല്‍കിയിട്ടുണ്ട് എന്ന് പറയുന്നത് എന്ത് സത്യമാണ്, അല്ലേ?

ഞങ്ങള്‍ ഇന്ന് ഒരുപാട് അകലെയാണ്. എങ്കിലും മനസ്സിലെന്നും ഒരു കുഞ്ഞനുജത്തിയായി അവളുണ്ട്. എന്‍റെ തോളില്‍ തലച്ചായ്ച്ച് ഉറങ്ങുന്ന എന്‍റെ ആച്ചി!

ഈ കുറിപ്പ് എഴുതുമ്പോള്‍, നമ്മളെ ഓര്‍ക്കുമ്പോള്‍, ഒന്നിച്ചുണ്ടായിരുന്ന ഓരോ ദിനങ്ങളും ചെറു പുഞ്ചിരിയോടെ മനസ്സില്‍ തിരയടിക്കുന്നു. നിന്നില്‍ നിന്നും ഒരുപാട് അകലെ ആണെങ്കിലും മനസ്സില്‍ നിന്‍റെ കൂടെയിരിക്കുന്നു. നിന്‍റെ കളിയും എന്‍റെ കുറുമ്പും നമ്മുടെ പിണക്കങ്ങളും. അവയെന്നും മായാതിരിക്കട്ടെ. എന്നെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച എന്‍റെ കുഞ്ഞനുജത്തിക്ക് ഈ ദിവസം. ഈ കുറിപ്പ്!

 

Read More:  ഫാദോയെന്നും ജ്യോതിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ

 

PREV
click me!

Recommended Stories

യുദ്ധഭീതിയിൽ യൂറോപ്പ്; സൈനീകരുടെ എണ്ണം കൂട്ടാൻ രാജ്യങ്ങൾ പക്ഷേ, മരിക്കാനില്ലെന്ന് യുവാക്കൾ
നിസഹായരായ മനുഷ്യനെ മിസൈൽ അയച്ച് കൊന്നത് യുദ്ധക്കുറ്റം; ഉത്തരമില്ലാതെ ട്രംപ് ഭരണകൂടം