ഷാജിറ, ജീവിതം വിലങ്ങിട്ട കാലുകളില്‍നിന്ന് ലോകത്തോളം കിനാവു കാണുന്നൊരു പെണ്‍കുട്ടി...

Published : Mar 30, 2025, 03:03 PM ISTUpdated : Mar 30, 2025, 03:37 PM IST
ഷാജിറ, ജീവിതം വിലങ്ങിട്ട കാലുകളില്‍നിന്ന് ലോകത്തോളം കിനാവു കാണുന്നൊരു പെണ്‍കുട്ടി...

Synopsis

മഴയുള്ള ദിവസങ്ങളില്‍ ഉമ്മറക്കോലായില്‍ അവള്‍ വന്നിരിക്കും., പുലരിയുടെ സന്നാഹം കേള്‍ക്കാനും കാണാനും. അവളില്‍ എഴുത്തുകള്‍ വിരിയിക്കുന്നത് പ്രകൃതി തന്നെയാണ്. എഴുത്തിലൂടെ സൗഹൃദത്തിന്‍റെ എത്രയോ പൂന്തോട്ടങ്ങള്‍ അവള്‍ക്ക് ചുറ്റിലും വിരിയുന്നു.  

മനസ്സ് താളം തെറ്റുന്ന നേരങ്ങളില്‍ അസ്വസ്ഥതകളില്‍ ഭ്രാന്തമായി താടിയും മുടിയുമെല്ലാം വളര്‍ത്തി അലസമായി ആ ഗ്രാമത്തിലെ ഓരോരുത്തര്‍ക്കും സുപരിചിതനായ ഉണ്ണിമ്മാമ. അദ്ദേഹം അത്താഴം കഴിക്കുന്നത് ഷാജിറയുടെ വീട്ടില്‍ നിന്നായിരുന്നു. കഴിഞ്ഞ ദിവസം മരിക്കുന്നതിന്‍റെ രാത്രിയും ഉണ്ണിമ്മാമയുടെ വായില്‍ ഷാജിറ വെച്ചുകൊടുത്ത ചോറുരളയുണ്ടായിരുന്നു. 

 


ര്‍ണ ശലഭത്തിന്‍റെ കിനാവ് പോലൊരു പെണ്‍കുട്ടി. നടക്കാന്‍ കാലുകള്‍ വേണമെന്നില്ലെന്നും മനസ്സിന്‍റെ ശക്തിയില്‍ കാലുകള്‍ക്ക് ശരവേഗം ലഭിക്കുമെന്നും ജീവിച്ച് കാണിക്കുന്ന ഒരുവള്‍. ആ അത്മവിശ്വാസത്തിന്‍റെ പേരാണ് ഷാജിറ. പാലക്കാട് ജില്ലയിലെ ആനക്കരക്ക് സമീപം ഉണ്ണിക്കയുടെയും ഫാത്തിമയുടെയും മകള്‍. 
 
ഒന്നാം ക്ലാസ് മുതല്‍ ബിരുദം വരെ കൂട്ടുകാര്‍ക്കൊപ്പം ക്ലാസ് മുറിയിലിരുന്നാണ് ഷാജിറ പഠിച്ചത്. ഇപ്പോള്‍ ടിടിസി ക്ക്  പഠിക്കുമ്പോഴും ചുറ്റിലും ഒട്ടേറെ കൂട്ടുകാര്‍. ഒറ്റക്കിരിക്കുന്നത് അവള്‍ക്കിഷ്ടടമല്ല. കൂട്ടിനായി എപ്പോഴും കൂട്ടുകാരും കിളികളും പൂമ്പാറ്റകളും. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്നേഹവുമായി ഇരുപുറവും ഉപ്പയും ഉമ്മയും. അനിയത്തി ഷാഹിനയും അനിയന്‍ റബീഹും. 

ജന്മനാലുള്ള 'Osteogensis imperfecta with multiple deformities' എന്ന അവസ്ഥയിലാണ് ഷാജിറ. മനസ്സിനൊപ്പം കാലുകള്‍ ചലിപ്പിക്കാനാകുമോ എന്ന് അന്വേഷിച്ച് കേരളത്തിനകത്തും പുറത്തുമുള്ള ആശുപത്രികള്‍ കയറിയിറങ്ങി. കാലുകള്‍ പിണങ്ങി നിന്നപ്പോള്‍ മനസ്സ് തളരാതെ കൂട്ടിനെത്തി. അവസാനം കാലുകള്‍ പരാജയപ്പെട്ടിടത്ത് മനസ്സ് നടന്നു തുടങ്ങി. ഉറച്ച കാല്‍വെപ്പുകളോടെ ഈ കുട്ടി ചിറക് വിരിച്ച് പറക്കുന്നു.  

ഷാജിറയുടെ ചിറകാണ് ഉപ്പ. ഹൃദയം പൊതിഞ്ഞുവെച്ച് ഉപ്പ ഉണ്ണിക്ക ഷാജിറക്ക് പറക്കാന്‍ ചിറക് നല്‍കുന്നു. പൊന്ന് പോലെയെന്നല്ല, തന്‍റെ പൊന്നിനെ മങ്ങിപ്പോകാത്തൊരു ഉടുപ്പിട്ട് ലോകത്തിന് മുന്നിലൂടെ അഭിമാനത്തോടെ നടത്തുന്നു. ഉപ്പയുടെ സ്‌കൂട്ടറിന് പിറകിലിരുന്ന ഷാജിറ, പാറിപ്പറന്നെത്താത്ത ഇടമില്ല. മനശക്തിയാല്‍ നേടിയെടുക്കുന്ന സ്വാതന്ത്ര്യത്തിന് കൂട്ടുനില്‍ക്കുകയാണ്  രക്ഷിതാക്കള്‍. ഇവരുടെ സ്നേഹത്തിന്‍റെ കഥ ഓര്‍ക്കുമ്പോഴെല്ലാം സന്തോഷത്താല്‍ കണ്ണീരൊഴുകുന്നു.       
   
ബിന്‍സി, ഗോകുല്‍, സിയാദ്, ഷംന, ആരതി തുടങ്ങിയവര്‍ക്കൊപ്പമിരുന്ന് ഒന്നാം ക്ലാസ് മുതല്‍ പഠിക്കുന്നതാണ് ഷാജിറ. ഇവരൊക്കെ മുന്നോട്ടുള്ള ക്ലാസിലേക്ക് പോകുമ്പോള്‍ പഠനം ഇഷ്ടപ്പെടുന്ന ഷാജിറയും ഒപ്പം കൂടി. കുന്നിന്‍ മുകളിലേക്ക് കൂട്ടുപോകാന്‍ ജൗഹറയും ഹബീബയും. അങ്ങിനെയങ്ങിനെ ഇഴപിരിയാത്ത കൂട്ടായി കുറെ മനുഷ്യരുടെ കൂട്ടം. 

മഴയുള്ള ദിവസങ്ങളില്‍ ഉമ്മറക്കോലായില്‍ അവള്‍ വന്നിരിക്കും., പുലരിയുടെ സന്നാഹം കേള്‍ക്കാനും കാണാനും. അവളില്‍ എഴുത്തുകള്‍ വിരിയിക്കുന്നത് പ്രകൃതി തന്നെയാണ്. എഴുത്തിലൂടെ സൗഹൃദത്തിന്‍റെ എത്രയോ പൂന്തോട്ടങ്ങള്‍ അവള്‍ക്ക് ചുറ്റിലും വിരിയുന്നു.  

പുതിയ പുസ്തകത്തിന്‍റെ പണിപ്പുരയിലാണ് ഷാജിറ. കത്തുകളിലൂടെ സൗഹൃദം വസന്തം തീര്‍ത്ത കാലത്തെ കുറിച്ച് ഹൃദയം തൊടുന്ന പുസ്തകമാണത്. കത്തെഴുത്ത് നാട് നീങ്ങിയ ഇക്കാലത്ത് അക്ഷരങ്ങളിലൂടെ വിശേഷങ്ങള്‍ കൈമാറുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്തൊരു മഴക്കുളിര്‍ സന്തോഷം വന്നുതൊടുന്നുണ്ട്. 

അവളെഴുതിയ വരികളില്‍ മഴയെപ്പറ്റി എത്ര മനോഹരമായാണ് കുറിച്ചിട്ടിരിക്കുന്നത്:

'മഴക്കിപ്പോള്‍ ശമനമുണ്ട്. ആകാശം മേഘമൊഴിഞ്ഞ് തെളിഞ്ഞ് വരുന്നുണ്ട്. ഇനി മഴ പെയ്തേക്കുമെന്ന് തോന്നുന്നില്ല. ഇടവപ്പാതിയും തുലാവര്‍ഷവും നഷ്ടപ്പെട്ടാല്‍ പൊള്ളാനിരിക്കുന്ന വേനലിന്‍റെ  സ്ഥിതി കഷ്ടമാവും... പുഴകളും പാടങ്ങളും നിറഞ്ഞൊഴുകേണ്ട സമയമാണ്, മഴ പെയ്യട്ടെ...'

ഉപ്പയുടെ തണലില്‍ ആകാശം കാണുന്ന ഷാജിറ എഴുതിയ വരികളാണിത്. ഉമ്മയുടെ സ്നേഹവും അതില്‍ ചാലിട്ടൊഴുകുന്നു. ഒരാളുടെ പ്രതീക്ഷയുണ്ട്, ആഗ്രഹവും. 

'നീല നിലാവിലൂടെ ആകാശത്തേക്ക് തന്നെ നോക്കി നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞു നടക്കണം. ചെറുചാറ്റല്‍ മഴയില്‍ അലിഞ്ഞ് കൈക്കുമ്പിളില്‍ വെള്ളം മുറുക്കെ പിടിച്ചു നടക്കണം.. 
വിരിയുന്ന പൂവിന്‍റെ അരികത്ത് പോയി കൊഴിയാന്‍ പോകുമ്പോള്‍ നൊമ്പരപ്പെടരുതെന്ന് പറഞ്ഞ് താലോലിക്കണം. ചെടികളോടും മരങ്ങളോടും ഇലകളോടും പൂക്കളോടും കലപില കൂടി ചിലച്ച് കിളികളെ പോലെ അര്‍മാദിച്ചു നടക്കണം. 

കാടും മേടും കുന്നും മലയും തഴുകി അങ്ങു ദൂരെ ദൂരെ അറ്റമില്ലാത്ത പടച്ചോന്‍റെ ദുനിയാവില്‍ പോകണം. 
കടല്‍ക്കരയില്‍ ചെന്ന് തിരയെ പ്രാന്തു പിടിപ്പിച്ചു മണല്‍പരപ്പില്‍ തിരയുടെ സംഗീതം കേട്ടു രസിക്കണം. 
ആര്‍ത്തലച്ച് വരുന്ന തിരയെ തിരിച്ചു പോവാന്‍ അനുവദിക്കാതെ എന്‍റെ കാല്‍ച്ചോട്ടില്‍ പിടിച്ചു നിര്‍ത്തി ദേഷ്യം പിടിപ്പിക്കണം.  

കൂവുന്ന കുയിലിന്‍റെ ഒപ്പം കൂവി നിശ്ശബ്ദതയില്‍ ഉദിച്ചുവരുന്ന പുലരിയെ ശബ്ദമയമാക്കി മൂടിപ്പുതച്ചുറങ്ങുന്നവരെ വിളിച്ചുണര്‍ത്തണം. ചുവന്ന നിറമണിഞ്ഞ് അസ്തമയരാവില്‍ നില്‍ക്കുന്ന സൂര്യനെ കൈകളാല്‍ പുണര്‍ന്ന് പറഞ്ഞയക്കാതെ തടഞ്ഞ് നിര്‍ത്തണം. പാറിപ്പറന്ന് പൂമ്പാറ്റയെ പോലെ പറന്ന് പറന്ന് പോകണം. പക്ഷേ... ആത്മാവിന്‍റെ ചില ആഗ്രഹങ്ങളും സ്വപ്നങ്ങളും ഭ്രാന്തുകളും ഈ പക്ഷേക്കുള്ളതാണ്. എല്ലാ മോഹങ്ങളെയും അടക്കിയിരുത്തുന്ന പക്ഷേ.'

എത്ര പേരെയാണ് ഓരോ ദിവസവും ഷാജിറ കണ്ടുകൊണ്ടേയിരിക്കുന്നത്. അടക്ക പൊളിക്കാനെത്തുന്ന സരോജിനിയേടത്തി, റഹീനത്താത്ത, ജമീലതാത്ത. എന്നാലും അവള്‍ എല്ലാ ദിവസവും അവളെ കാത്തിരിക്കുന്നൊരാളുണ്ടായിരുന്നു - ഉണ്ണിമ്മാമ. മനസ്സ് താളം തെറ്റുന്ന നേരങ്ങളില്‍ അസ്വസ്ഥതകളില്‍ ഭ്രാന്തമായി താടിയും മുടിയുമെല്ലാം വളര്‍ത്തി അലസമായി ആ ഗ്രാമത്തിലെ ഓരോരുത്തര്‍ക്കും സുപരിചിതനായ ഉണ്ണിമ്മാമ. അദ്ദേഹം അത്താഴം കഴിക്കുന്നത് ഷാജിറയുടെ വീട്ടില്‍ നിന്നായിരുന്നു. കഴിഞ്ഞ ദിവസം മരിക്കുന്നതിന്‍റെ രാത്രിയും ഉണ്ണിമ്മാമയുടെ വായില്‍ ഷാജിറ വെച്ചുകൊടുത്ത ചോറുരളയുണ്ടായിരുന്നു. 

ചുറ്റിലും കുറെ മനുഷ്യര്‍. ജീവിതം വിലങ്ങിട്ട കാലുകളില്‍ നിന്ന് ലോകത്തോളം കിനാവ് കാണുന്നൊരു പെണ്‍കുട്ടി. ഒറ്റയ്ക്ക് പാടുന്നില്ലെങ്കിലും പൂങ്കുയില്‍ പോലെയൊരു പെണ്‍കുട്ടി.

 

എന്‍റെ ജീവിതത്തിലെ സ്ത്രീ  കൂടുതല്‍ എഴുത്തുകൾ വായിക്കാം

 

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്