
പ്രളയാനന്തര കേരളം എങ്ങനെ അതിന്‍റെ നഷ്ടപ്പെട്ടുപോയ ആരോഗ്യം തിരിച്ചുപിടിക്കും എന്ന ചോദ്യത്തിലകപ്പെട്ടിരിക്കുകയാണ് ഓരോ മലയാളിയും. ഉള്ളില്‍ പ്രതീക്ഷകളും ആശങ്കകളും ആകാംക്ഷകളും മാറിമാറി അലയടിക്കുന്ന കാലം. ഒരു പക്ഷേ, നവകേരളം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന കേരളം പ്ലാറ്റോയുടെ റിപ്പബ്ലിക് പോലെ നടക്കാത്ത സുന്ദരമായ സ്വപ്‌നമായിപ്പോകുമോ എന്നു പോലും ആശങ്ക ഉയര്‍ന്നേക്കാവുന്ന ഗുരുതരമായ സാഹചര്യം. അപ്പോഴും നാം അതിജീവിച്ച ജനതയാണ് എന്ന് ഓരോരുത്തരും ഉദ്‌ഘോഷിച്ചുകൊണ്ടിരിക്കാന്‍ കാരണമായത് ഭരണ നേതൃത്വത്തില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തോടൊപ്പം നാളെയെക്കുറിച്ചുള്ള അന്തമില്ലാത്ത പ്രതീക്ഷകള്‍ കൂടിയായിരുന്നു. പ്രളയാനന്തരം തിരിച്ചുചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റെന്തെങ്കിലും സംഭവം ഉയര്‍ന്നുവരാത്തതുകൊണ്ട് കൂടിയാണ് ശുഭപ്രതീക്ഷയോടെ ഓരോരുത്തരും കാത്തിരുന്നത്. ഓരോ കേരളീയനും നല്ല ആരോഗ്യത്തോടെ അതിജീവനം സാധ്യമാക്കി തിരിച്ചെത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തില്‍.
ബലമായി ദുരിതാശ്വാസ ക്യാമ്പുകള്‍ അടപ്പിക്കുന്നതും പ്രഖ്യാപിക്കപ്പെട്ട അടിയന്തിര സഹായങ്ങള്‍ ലഭിക്കാതെ ചിലരൊക്കെ വലയുന്നതും തകര്‍ന്നുപോയ വീടുകള്‍ക്ക് മുന്നില്‍ സ്തംഭിച്ചു നില്‍ക്കുന്നവരുടെ ആശങ്കകളും എന്താണ് നവകേരളമെന്ന് ഇന്നുവരെ ഭരണകൂടം പറയാതിരിക്കുന്നതുമെല്ലാം അതിജീവന വഴിയില്‍ തടസ്സമാകില്ലെന്ന് ഓരോരുത്തരും കരുതി. ആരോഗ്യകേരളം തിരിച്ചുപിടിക്കാമെന്ന് സ്വപ്‌നം കണ്ടു. അങ്ങനെ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് ശേഷം എല്ലാം കൊണ്ടും ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തയായി ഒരു ലൈംഗിക അതിക്രമസംഭവം ഉയര്‍ന്നുവന്നത്. സിപിഎമ്മിന്റെ നിയമസഭാംഗം പികെ ശശിക്കെതിരായ ലൈംഗിക അതിക്രമ ആരോപണം.
ആരോപണവും പ്രതിരോധവും
ആഗസ്ത് 14ന് പാര്‍ട്ടി നേതൃത്വത്തിന് കൊടുത്ത പരാതിയാണ് പ്രശ്‌നത്തിലെ പ്രധാന വഴിത്തിരിവ്. ആരോപണം ഉന്നയിച്ചതോ ഡിവൈഎഫ്‌ഐയുടെ പാലക്കാട് ജില്ലാ കമ്മറ്റി അംഗം. പ്രതിസ്ഥാനത്ത് ജില്ലാ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തെ ശക്തനായ നേതാവ്. സിപിഎമ്മിന്റെ ആകെയുള്ള 58 എംഎല്‍എമാരില്‍ ഒരാള്‍. സ്വാഭാവികമായും താരസംഘടനയായ എഎംഎംഎ ദിലീപിനെയെന്നതുപോലെ സിപിഎം പികെ ശശിയെ പൊന്നുപോലെ നോക്കുമോ എന്ന ആശങ്ക ഉയരാം. പരാതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ തന്നെ നേതാക്കളുടെയും ഔദ്യോഗിക പാര്‍ട്ടിയുടെയും പ്രതികരണം ആ സംശയത്തിന് ബലം കൊടുക്കുന്ന തരത്തിലായിരുന്നു. മൂന്നാഴ്ചയായി പരാതി കിട്ടിയിട്ട് എന്നു പറഞ്ഞ പാര്‍ട്ടി സെക്രട്ടറി, വാര്‍ത്ത പുറത്തുവന്ന ഉടനെ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെതിരെ കേരള ഘടകത്തിന്‍റെ പ്രതിഷേധം അറിയിച്ചു. എന്തൊരു വേഗതയാണ്. അത്രമാത്രം ജാഗ്രത ഈ സംഭവത്തില്‍ പാര്‍ട്ടി കൈക്കൊള്ളുന്നുണ്ട്. പരാതിക്കാരി ഉന്നയിച്ച പ്രശ്‌നത്തെക്കുറിച്ച് എംഎല്‍എയോട് പോലും ഒരു വിശദീകരണം ഇതുവരെ ചോദിച്ചിട്ടില്ല. എന്നാല്‍ പരാതി കീഴ്ഘടകത്തിന് കൈമാറിയെന്ന് പറഞ്ഞ ജനറല്‍സെക്രട്ടറിയെ ഒരു നിമിഷം വൈകാതെ വിയോജിപ്പറിയിക്കാന്‍ പാര്‍ട്ടി ജാഗ്രത കാട്ടി. ഒരു പെണ്‍കുട്ടി പരാതി ഉന്നയിച്ചാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് പാര്‍ട്ടി കാണിച്ചുകൊടുക്കുകയാണ്. സ്വാഭാവികമായും കുറ്റാരോപിതന്‍റെ നിലപാട് പറയേണ്ടതേയില്ല.
ഒരു കമ്യൂണിസ്റ്റ് ആരോഗ്യവാന്‍
വാര്‍ത്ത പുറത്തുവന്ന രാത്രി നന്നായി ഉറങ്ങിയ പി കെ ശശി ചൊവ്വാഴ്ച രാവിലെ പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ താത്വികമായി തന്നെ തയാറെടുത്താണ് എത്തിയത്. പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരുടെ മുന്നിലേക്ക് എം എന്‍ നമ്പ്യാര്‍ സ്റ്റൈലിലുളള ഹെയര്‍സ്‌റ്റൈലും പുരികം ചുളിക്കലുമായി നടന്നടുത്തു. ഒരൊറ്റ ചോദ്യമുയരുമ്പോഴേക്കും ശശിയുടെ ഉള്ളിലെ കമ്യൂണിസ്റ്റ് ബോധം കരകവിഞ്ഞൊഴുതി. പരാതിയെ കുറിച്ചുള്ള ചോദ്യങ്ങളെ പരിഹസിച്ചുതള്ളി തനിക്കെതിരായ ആഗോള ഗൂഢാലോചനയെ കുറിച്ച് വെളിപ്പെടുത്തിയ ശശി പറഞ്ഞ മുഖ്യ കാര്യങ്ങള്‍ ഇവയാണ്.
1 ഞാന്‍ മികച്ച എംഎല്‍എയായി മുന്നോട്ട് പോകുകയാണ്.
2 എന്‍റെ വ്യക്തിത്വത്തിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.
3 ഞാന്‍ ഉന്നതമായ പാര്‍ട്ടി ഘടകത്തിലിരിക്കുന്ന ഒരു നേതാവാണ്.
4. അവെയ്‌ലബിള്‍ പിബിയോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്ത കാര്യം ഞാനറിഞ്ഞില്ല.
5. ഡിവൈഎഫ്‌ഐ നേതാവാണ് പരാതി നല്‍കിയതെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഡിവൈഎഫ്‌ഐക്കാരോട് ചോദിക്കാം
6 എന്നെ തകര്‍ക്കാന്‍ നടക്കുന്ന വെല്‍പ്ലാന്‍ഡ് കോണ്‍സ്പിറസിയുടെ ഭാഗമാണീ പരാതി
7. എന്തുണ്ടെങ്കിലും എന്‍റെ കമ്യൂണിസ്റ്റാരോഗ്യം കൊണ്ട് ഞാന്‍ നേരിടും.
പികെ ശശിയുടെ വാദങ്ങളില്‍ ഏറ്റവും ശ്രദ്ധേയം താന്‍ എല്ലാം തന്‍റെ കമ്യൂണിസ്റ്റ് ആരോഗ്യം കൊണ്ട് നേരിടും എന്ന വാദമാണ്. എന്താണീ കമ്യൂണിസ്റ്റ് ആരോഗ്യം. ആരോഗ്യകേരളവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണോ. കമ്യൂണിസവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണോ. ഒരു ലൈംഗിക പീഡനപരാതിയെ നേരിടാന്‍ കെല്‍പ്പ് നല്‍കുന്ന ആരോഗ്യം വല്ലതുമാണോ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാഷയില്‍ മൂന്നാഴ്ച മുമ്പു കിട്ടിയ ഒരു പരാതിയിലെ കുറ്റാരോപിതന്‍റെ ആത്മവിശ്വാസവും പരിഹാസവും എല്ലാം ആ കമ്യൂണിസ്റ്റ് ആരോഗ്യപരാമര്‍ശത്തിലുണ്ട്. ജില്ലാസെക്രട്ടറിയോട് പരാതി പറഞ്ഞപ്പോള്‍ എംഎല്‍എയില്‍ നിന്ന് ഒഴിഞ്ഞ് രക്ഷപ്പെട്ട് നടക്കാനുള്ള ഒരു ഗംഭീര ഉപദേശം കിട്ടിയതായും വനിതാ നേതാവ് പറയുന്നുണ്ട്. ജനത്തെ രക്ഷിക്കേണ്ട ആളില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ ഒഴിഞ്ഞുനടക്കാനുള്ള ഉപദേശം. അവിടെ കമ്യൂണിസ്റ്റ് ആരോഗ്യത്തിന് എന്തെങ്കിലും റോളുണ്ടോ.
ഇനിയെല്ലാം പാര്‍ട്ടി
ദിലീപ് കുറ്റാരോപിതനായപ്പോള്‍ ഞാന്‍ അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് പറഞ്ഞു, അവരുടെ സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. ഫ്രാങ്കോ മുളക്കല്‍ പോലീസിനെയാകെ വെല്ലുവിളിച്ചുകൊണ്ട് മുന്നേറുമ്പോള്‍ ഭരണകൂടം പോലും അന്തിച്ചുനില്‍ക്കുന്നു കേരളത്തില്‍. പി കെ ശശിക്കെതിരായ ആരോപണം പാര്‍ട്ടി അന്വേഷിച്ച് ഏതെങ്കിലും കാലത്ത് എന്തെങ്കിലും നടപടിയെടുത്തോളാമെന്ന് സിപിഎം പറയുന്നു. അപ്പോള്‍ ഇനിയുള്ള കാലം അവരവര്‍ ഉള്‍പ്പെടുന്ന സംഘടനകള്‍ ഇമ്മാതിരി പ്രശ്‌നങ്ങള്‍ പരിഹരിച്ചു തീര്‍ക്കുന്ന കാലമായിരിക്കമോ വരാന്‍ പോകുന്നത് എന്നതാണ് ആശങ്കയുയര്‍ത്തുന്ന സംശയം.
നേരത്തെ മറ്റൊരു ശശിക്കെതിരെ ഉയര്‍ന്നുവന്ന സമാനമായ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കടുത്ത നടപടികളെടുക്കാന്‍ പോവുകയാണ് എന്ന് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം എന്തുസംഭവിച്ചുവെന്ന് അന്വേഷിച്ചാല്‍ എല്ലാത്തിനും ഉത്തരം കിട്ടും. ഇത്തരം സംഭവങ്ങളില്‍ സിപിഎം കമ്യൂണിസ്റ്റ് ആരോഗ്യം പ്രകടിപ്പിക്കുമെന്ന് ആഗ്രഹിക്കുന്ന അണികളെ തൃപ്‍തിപ്പെടുത്താനുള്ള നടപടിയെങ്കിലും പാര്‍ട്ടി എടുക്കുമെന്ന് പ്രതീക്ഷിക്കാം. പകരം അത് പി കെ ശശിയുടെ കമ്യൂണിസ്റ്റ് ആരോഗ്യത്തെ തൃപ്തിപ്പെടുത്തുന്ന നടപടിയാകാതിരിക്കട്ടെയെന്ന് അണികള്‍ ആഗ്രഹിച്ചുപോകുന്നുണ്ട്. കാരണം പ്രളയാനന്തര കേരളത്തിന് സമ്പൂര്‍ണ ആരോഗ്യം തിരിച്ചുപിടിക്കേണ്ടതുണ്ട്. അതിനിടയ്ക്ക് അതിനെയാകെ തകര്‍ക്കുന്ന ആരോഗ്യവാദവുമായി എത്തുന്നത് കമ്യൂണിസ്റ്റുകളായാല്‍ പോലും ഭരിക്കുന്ന പാര്‍ട്ടി സാമൂഹ്യാരോഗ്യം മുന്നില്‍ കണ്ട് നിയന്ത്രിച്ചേ പറ്റൂ.