ജിഡിപി വളർച്ചാ നിരക്ക് 8.2%. സത്യം ഇതാണ്

By varun rameshFirst Published Sep 4, 2018, 6:59 PM IST
Highlights

സാമ്പത്തിക രംഗം തകർന്നടിഞ്ഞ ഒരു സ്ഥലത്തുനിന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുന്നതിന്റെ നിരക്കാണ് ചുരുക്കിപ്പറഞ്ഞാല്‍ ഈ 8.2 ശതമാനം. ഈ ശതമാനകണക്കാണ് ഇപ്പോള്‍ രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് പറയുന്നവര്‍ നിരത്തുന്നത്.  ഈ കണക്കുകളാണ് സാമ്പത്തിക ശുദ്ധിയുടെ അടയാളമായി ആഘോഷിക്കുന്നത്. 

മേക്ക് ഇന്‍ ഇന്ത്യ വിജയിക്കാതെ പോയതും വ്യാപാര കമ്മിയും എല്ലാം നമ്മുടെ സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. ഒപ്പം കിതച്ച് കിതച്ച് ഒരു പരുവത്തിലായ രൂപയുടെ മൂല്യവും, ഒരു അന്തവും കുന്തവുമില്ലാതെ മുകളിലോട്ട് കയറിക്കൊണ്ടിരിക്കുന്ന ഇന്ധനവിലയും ചേര്‍ന്ന് ഉണ്ടാക്കാന്‍ പോകുന്ന വിഷമ സന്ധി കനത്തതാണ്. ഈ സാമ്പത്തിക അവസ്ഥയില്‍ നമ്മുടെ ഓഹരി കമ്പോളത്തില്‍ നിന്ന് വിദേശ നിക്ഷേപകര്‍ ഉള്ളത് വിറ്റ് ജീവനുംകൊണ്ട് രക്ഷപ്പെടുന്ന കാഴ്ച്ചയാണ് കാണുന്നത്. 

സോഷ്യല്‍ മീഡിയ വാളുകളില്‍ പോസ്റ്റുകളുടെ പ്രളയമാണ്. 'ജിഡിപി വളർ‌ച്ചാ നിരക്ക്  8.2% എത്തി, ഭാരതത്തിന്റെ സാമ്പത്തിക നില തിളങ്ങുകയാണ്, നോട്ട് നിരോധനം കൊണ്ടുള്ള ഗുണം രാജ്യത്തെ സാമ്പത്തിക മേഖലയെ ക്ലീനാക്കി, അതുകൊണ്ടാണ് ഇത്രയും വളര്‍ച്ചാ നിരക്ക് കാണിക്കുന്നത്' ഇതൊക്കെയാണ് വാദം. എന്നാ പിന്നെ ഈ വളർച്ചയ്ക്ക് പിന്നിൽ ഒരു രഹസ്യം കാണുമല്ലോ. അതെന്താണെന്ന് നോക്കാം. പരിശോധിച്ചു. കണ്ടെത്തിയത് ദാ ഇങ്ങനെ ചുരുക്കിപറയാം.

അതായത്  ജിഡിപിയുടെ വളർച്ചാ നിരക്ക്  മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിലെ വളർച്ചാ നിരക്കുമായി താരതമ്യം ചെയ്താണ് കണക്കാക്കുന്നത്. ഓരോ സാമ്പത്തിക പാദത്തിലും മൂന്ന് മാസമാണ് ഉണ്ടാവുക. ഏപ്രില്‍, മെയ്, ജൂണ്‍ ഉള്‍പ്പെടുന്നതാണ് ആദ്യപാദം എന്ന് പറയുന്നത്.  ഏപ്രിൽ മുതൽ അടുത്ത മാർ‌ച്ച് വരെയുള്ള കാലയളവാണ് സാമ്പത്തിക വർഷമായി കണക്കാക്കുന്നത്. സാമ്പത്തിക വർഷത്തിൽ മൂന്ന് മാസം വീതമുള്ള നാല് പാദവും ഉണ്ടാവും.

ഇനി പറയാന്‍ പോകുന്നത് കണക്കാണ്. അതുകൊണ്ടുതന്നെ ശ്രദ്ധിച്ച് കേള്‍ക്കണം. നമ്മള്‍ ആദ്യം പരിശോധിക്കുന്നത് കഴിഞ്ഞ വര്‍ഷം ഒന്നാം പാദത്തിലെ വളർച്ചാ നിരക്കാണ്.  2017-18 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദം നോട്ട് നിരോധനവും, ജി.എസ്.ടി ചര്‍ച്ചകളും കാരണം വളർച്ചാ നിരക്ക് ഇനിയും താഴാൻ തരമില്ല എന്ന തരത്തിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്നു. കൃത്യം പറഞ്ഞാല്‍ ആ കാലയളവിലെ ജിഡിപിയുടെ വളര്‍ച്ചാ നിരക്ക് വെറും 5.7% മായിരുന്നു. തുടര്‍ച്ചയായ നാല് മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കുറവ് രേഖപ്പെടുത്തിയതും അതേ കാലയളവില്‍ തന്നെ. 

അച്ചാ ദിന്‍ വരാനുള്ള കഷ്ടപ്പാടാണെന്ന് പറഞ്ഞതുകൊണ്ട് നമ്മളില്‍ പലരും അതങ്ങ് സഹിച്ചു. രാജ്യം നന്നാവാന്‍ ചില ത്യാഗങ്ങളൊക്കെ വേണ്ടിവരുമെന്ന പച്ചക്കള്ളവും നമ്മള്‍ വിശ്വസിച്ചു. 

 ഈ കണക്കുകളാണ് സാമ്പത്തിക ശുദ്ധിയുടെ അടയാളമായി ആഘോഷിക്കുന്നത്

പക്ഷേ, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2017-18) ആദ്യപാദവും  ഈ സാമ്പത്തിക വർഷത്തെ (2018-19) ആദ്യ പാദവും താരതമ്യം ചെയ്തപ്പോൾ കണ്ടത്  എല്ലാ പ്രവചനങ്ങളും കാറ്റില്‍പറത്തിയുള്ള വളർച്ചാ നിരക്കാണ്.  8.2 ശതമാനം വളർച്ച !!

സാമ്പത്തിക രംഗം തകർന്നടിഞ്ഞ ഒരു സ്ഥലത്തുനിന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുന്നതിന്റെ നിരക്കാണ് ചുരിക്കിപ്പറഞ്ഞാല്‍ ഈ 8.2 ശതമാനം. ഈ ശതമാനകണക്കാണ് ഇപ്പോള്‍ രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് പറയുന്നവര്‍ നിരത്തുന്നത്.  ഈ കണക്കുകളാണ് സാമ്പത്തിക ശുദ്ധിയുടെ അടയാളമായി ആഘോഷിക്കുന്നത്. 

നോട്ട് നിരോധനത്തിന് ശേഷം 2017-18 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാംപാദത്തില്‍ ഏകദേശം 1.2 ലക്ഷം കോടി നഷ്ടം ഉണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. മുന്‍ ബിജെപി ധനമന്ത്രി യശ്വന്ത് സിന്‍ഹ 3.75 ലക്ഷം കോടി രൂപയെങ്കിലും നഷ്ടം ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കാക്കിയത്. ‍നോട്ട് നിരോധന സമയത്ത് ജി‍‍ഡിപി വളര്‍ച്ചാ നിരക്ക് 7.5% പ്രവചിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ അത് കൂപ്പുകുത്തി 5.7 ശതമാനമായിരുന്നു എന്നതും ഓര്‍ക്കണം. 

ഇനി മറ്റൊരു കണക്ക് പറയാം. വീണ്ടും പറയുന്നു, കണക്കാണ് ശ്രദ്ധിക്കണം.  2018-19 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ജിഡിപി 33.74 ലക്ഷം കോടി രൂപയാണെന്നാണ് സെന്‍ട്രല്‍ സ്റ്റ്റ്റാറ്റിസ്റ്റിക്സ് വിവരങ്ങള്‍ പറയുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ 31.18 ലക്ഷം കോടിയായിരുന്നു ജിഡിപി.

നോട്ട് നിരോധനം കൊണ്ട് ഉണ്ടായ നഷ്ടം, അതായത് 1.2 കോടി ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം എന്താവുമായിരുന്നു അവസ്ഥ. പറയാം. അതായത് 2017-18 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപിയായ 31.18 ലക്ഷം കോടി രൂപയുടെ കൂടെ നോട്ട് നിരോധന കാലത്തെ നഷ്ടം (1.2 കോടി ) നമുക്ക് കൂട്ടിനോക്കാം. അതുകൂടെ കൂട്ടിയാല്‍ ജിഡിപി 32.38 ലക്ഷം എന്ന് കണക്കാക്കാം.

2017-18 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ 32.38 ലക്ഷം കോടി രൂപയാണ് ജിഡിപി ഉണ്ടായിരുന്നെങ്കില്‍, 2018-19 ലെ ഒന്നാം പാദ ജിഡിപി വളര്‍ച്ച വെറും 1.36 ലക്ഷം കോടി ആയേന്നേ. അത് വളര്‍ച്ചാ നിരക്കില്‍ പറഞ്ഞാല്‍ 4.3% മാത്രമായിരിക്കും. എന്ന് വെച്ചാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം തകര്‍ന്ന് തരിപ്പണമാവാതെ ജിഡിപി പിടിച്ചു നിന്നിരുന്നു എങ്കില്‍ ഇപ്പോ പറയുന്നതിന്‍റെ (8.2%) പകുതി മാത്രമേ വളര്‍ച്ച കാണിക്കൂ എന്ന്. 

മേക്ക് ഇന്‍ ഇന്ത്യ വിജയിക്കാതെ പോയതും വ്യാപാര കമ്മിയും എല്ലാം നമ്മുടെ സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ ആഘാതം ചെറുതല്ല

അപ്പോള്‍ മുന്‍ ബിജെപി ധനമന്ത്രി യശ്വന്ത് സിന്‍ഹ പറഞ്ഞ 3.75 ലക്ഷം കോടിയാണ് കണക്കാക്കുന്നതെങ്കില്‍ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി എങ്ങനെയാവും വിലയിരുത്തുക? ഒരുപക്ഷേ ജി‍ഡിപി വളര്‍ച്ചാ നിരക്കിന് പകരം നെഗറ്റീവ്  മാര്‍ക്ക് ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.

അപ്പോ എങ്ങനെയുണ്ട് കാര്യങ്ങള്‍. മനപ്പൂര്‍വ്വം ഇടിച്ച് പൊളിച്ചിട്ട സാമ്പത്തിക രംഗം അവിടെ നിന്ന്  വളര്‍ന്നപ്പോള്‍  ആ വളര്‍ച്ചാ നിരക്ക് തിളങ്ങുന്ന ഇന്ത്യയുടെ കണക്കു പുസ്തകത്തിലേക്ക് ചേര്‍ത്ത് വെക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. 

അവസാനമായി ഒരു പ്രവചനമാണ്, ജിഡിപി പ്രവചനം. 

2018-19 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദ വളര്‍ച്ചാ താരതമ്യം ഇങ്ങനെയാണെന്നിരിക്കെ എന്തായിരിക്കും ഇനി അടുത്ത പാദത്തില്‍ സംഭവിക്കുക? അതിനും കണക്കുണ്ട്. 2017-18 ലെ രണ്ടാം പാദത്തില്‍ 6.3% ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. മൂന്നാം പാദത്തില്‍ ഇത് 7.2% ഉം. അങ്ങനെയെങ്കില്‍ ഒരു കാര്യം ഉറപ്പിച്ച് പറയാം.  കഴിഞ്ഞ വര്‍ഷത്തെ ഈ പാദവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ 8.2 % എന്ന സംഖ്യ അടുത്ത രണ്ട് പാദത്തിലും ഉണ്ടാവാന്‍ ഒരു സാധ്യതയും ഇല്ല. സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് 7.3-7.5 എന്ന നിരക്കില്‍ അത് കീഴ്പ്പോട്ട് വരും എന്ന് തന്നെയാണ്. 

മേക്ക് ഇന്‍ ഇന്ത്യ വിജയിക്കാതെ പോയതും വ്യാപാര കമ്മിയും എല്ലാം നമ്മുടെ സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. ഒപ്പം കിതച്ച് കിതച്ച് ഒരു പരുവത്തിലായ രൂപയുടെ മൂല്യവും, ഒരു അന്തവും കുന്തവുമില്ലാതെ മുകളിലോട്ട് കയറിക്കൊണ്ടിരിക്കുന്ന ഇന്ധനവിലയും ചേര്‍ന്ന് ഉണ്ടാക്കാന്‍ പോകുന്ന വിഷമ സന്ധി കനത്തതാണ്. ഈ സാമ്പത്തിക അവസ്ഥയില്‍ നമ്മുടെ ഓഹരി കമ്പോളത്തില്‍ നിന്ന് വിദേശ നിക്ഷേപകര്‍ ഉള്ളത് വിറ്റ് ജീവനുംകൊണ്ട് രക്ഷപ്പെടുന്ന കാഴ്ച്ചയാണ് കാണുന്നത്. 

ഓരോ ദിവസവും പുതിയ ചരിത്രം റെക്കോര്‍ഡ് തുറന്നുകൊണ്ടാണ് രൂപയുടെ മൂല്യം താഴോട്ട് കുതിക്കുന്നത്

രൂപയുടെ മൂല്യം കുറയുന്നത് കൊണ്ടല്ല, ഡോളറിന്‍റെ മൂല്യം വര്‍ദ്ധിക്കുന്നതാണ് നമ്മുടെ കറന്‍സിക്ക് തിരിച്ചടിയാവുന്നത് എന്ന് വാദിക്കുന്നവരുമുണ്ട്. അന്താരാഷ്ട്ര കാരണങ്ങളാണ് രൂപയുടെ മൂല്യം ഇടിയുന്നത് എന്ന് വാദിക്കുന്നവര്‍ പക്ഷേ ഏഷ്യന്‍ കറന്‍സികളില്‍ രൂപയുടെ സ്ഥാനം എവിടെയാണെന്ന കാര്യം പറയാന്‍ മടിക്കുകയാണ്.  ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും വിലയില്ലാത്ത കറന്‍സിയായി നമ്മുടെ രൂപയെ മാറ്റിയതും വികലമായ നയങ്ങള്‍ തന്നെയാണ്. 

ഓരോ ദിവസവും പുതിയ ചരിത്രം റെക്കോര്‍ഡ് തുറന്നുകൊണ്ടാണ് രൂപയുടെ മൂല്യം താഴോട്ട് കുതിക്കുന്നത്.  നോട്ട് നിരോധനംമൂലം സാമ്പത്തിക രംഗം രണ്ട് ശതമാനമെങ്കിലും കുറയുമെന്ന് വിവരമുള്ളവര്‍ നേരത്തെ പറഞ്ഞിരുന്നു.  ഡോ. മന്‍മോഹന്‍സിംഗ് പാര്‍ലമെന്‍റില്‍ അക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തെ പരിഹസിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ രാജ്യത്തിന്‍റെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചത്. ഒരു വാഴ്ത്ത് പാട്ടിനും ഈ വിഷമ സന്ധിയില്‍ നിന്ന് ഇന്ത്യയെ കരകയറ്റാന്‍ ആവില്ലെന്ന് അവര്‍ ഇന്ന് നന്നായി തിരിച്ചറിയുന്നുണ്ട്.   

click me!