ചോര പൊടിയാതെ അറുത്തു, സുധീരന്‍റെ രാജിക്ക് പിന്നിലെ കരുനീക്കം ആരുടേത് ?

By പി.ജി. സുരേഷ്കുമാര്‍First Published Mar 26, 2017, 5:24 AM IST
Highlights

പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് അപ്രിയന്‍. പ്രതിപക്ഷ നേതൃസ്ഥാനത്ത് കണ്ണിലെ കരട്. വളഞ്ഞും തെളിഞ്ഞും ഹൈക്കമാന്റിന്റെ പണി. ബാംഗ്ലൂര്‍ കേസ്, സോളാര്‍ ജുഡിഷ്യല്‍ കമ്മീഷന്‍, സരിതയുടെ ക്രിമിനല്‍ കുറ്റാരോപിതമായ മൊഴി. 125ല്‍ അധികം വിവാദ തീരുമാനങ്ങളില്‍ തലനാരിഴ കീറിയുള്ള സര്‍ക്കാര്‍ പരിശോധന. പദ്മവ്യൂഹത്തില്‍ നിന്ന് കുഞ്ഞൂഞ്ഞ് വെട്ടിയൊഴിഞ്ഞിറങ്ങുന്നത് എങ്ങനെ. ചോരപൊടിയാതെ അറുത്ത് കൊല്ലാന്‍ അറിയുന്ന കുഞ്ഞൂഞ്ഞിന് മാത്രം അറിയാവുന്ന അടവ്.കേബിള്‍ കുരുക്കില്‍ വീണതാണ് സുധീരന്‍ എന്ന് കൊച്ചു കുട്ടികള്‍ പോലും വിശ്വസിക്കുന്നില്ല. സംഭവിച്ചത് ഇങ്ങനെ.

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക വന്നതോടെ സുധിരനെ ' ഫിനീഷ്' ചെയ്യാന്‍ കുഞ്ഞൂഞ്ഞും കൂട്ടാളികളും തീരുമാനിക്കുന്നു.

കരുക്കള്‍ നീക്കുമ്പോഴും കേന്ദ്രം വെള്ളിക്കുരിശു കാട്ടി വിരട്ടിക്കൊണ്ടിരുന്നു. ആന്‍റണിയും പരസ്യമായി സുധീരന്‍റെ നിലപാടുകളെ പിന്തുണക്കാന്‍ തുടങ്ങിയതോടെ ഇനി കാത്തിട്ട് കാര്യമില്ലെന്ന തിരിച്ചറിവിലേക്കെത്തുന്നു. തുറന്ന പോരുമാത്രമേ പോംവഴിയുള്ളൂ എന്ന് തീരുമാനിക്കുന്നു. സുധീരന്റെ നേതൃത്വം അംഗീകരിച്ച് മുന്നോട്ടില്ലെന്ന ശപഥം നടപ്പാക്കാന്‍ നടപടികള്‍ പടിപടിയായി തുടങ്ങി.

കുഞ്ഞൂഞ്ഞ് അനുകൂലികളായ എല്ലാ പിസിസി ഭാരവാഹികളും രാജിവക്കാന്‍ ആദ്യ ആലോചന. പക്ഷേ എല്ലാവരെയും ഒന്നിച്ച് തീരുമാനം എടുപ്പിക്കാനായില്ല. തുടര്‍ന്ന് രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് ഗ്രൂപ്പ് പ്രതിനിധികള്‍ ഒന്നടക്കം രാജി വയ്ക്കാന്‍ തീരുമാനിക്കുന്നു.

ഉമ്മന്‍ ചാണ്ടി, കെ.സി. ജോസഫ്, എം.എം. ഹസ്സന്‍, ബെന്നി ബഹനാന്‍, പി.സി. വിഷ്ണുനാഥ് എന്നിവര്‍ രാജി വയ്ക്കുമെന്ന് തീരുമാനിച്ചു.

കോളിളക്കമുണ്ടാക്കുന്ന ഈ തീരുമാനം സുധീരന്റെ പടിയിറക്കത്തിന് മതിയാകുമെന്ന കണക്കുകൂട്ടല്‍ സാക്ഷാല്‍ സുധീരന്‍ തന്നെ മണത്തറിയുന്നു. 

ഒരുമുഴം നീട്ടിയെറിഞ്ഞ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പടിയിറക്കം. സുധീരന്‍ രമേശിനെയും ആന്റണിയെയും വിളിച്ച് യഥാര്‍ത്ഥ സാഹചര്യം അറിയിച്ചു. ' അത്യന്തം നിര്‍ഭാഗ്യകരം' എന്ന് ആന്റണി പ്രതികരിച്ചതിന്റെ പൊരുള്‍ മറ്റൊന്നല്ല. സഹപ്രവര്‍ത്തകന്‍ പരിക്ക് കാരണം മാറി നില്‍ക്കുന്നത് 'നിര്‍ഭാഗ്യകരം' ആകേണ്ടതില്ലല്ലോ.

സുധീരനെ പടിയിറക്കുമ്പോള്‍ ചെറു ചിരിയോടെ കണ്ട് നഖമുരച്ച രമേശന്‍ ഗ്രൂപ്പിന് അടുത്ത പണി. കെഎസ്‌യു തെരഞ്ഞെടുപ്പില്‍ സമവായ ഫോര്‍മുലകളെല്ലാം തെറ്റി. കുഞ്ഞൂഞ്ഞിന്‍റെ കുഞ്ഞുങ്ങള്‍ മത്സരിച്ച് കയറി. ഐ വിമതനെ സ്വന്തം പാളയത്തിലെത്തിച്ചതടക്കം പല ആടവുകള്‍ക്കും ചുക്കാന്‍ കുഞ്ഞൂഞ്ഞു സാര്‍ തന്നെയെന്ന് അണിയറ വര്‍ത്താനം.  കെ.സി. വേണുവോ വി.ഡി. സതീശനോ എന്ന സംശയത്തില്‍ നിന്ന പ്രസിഡന്‍റ് കസേരയിലേക്ക് പതിറ്റാണ്ടുകള്‍ക്ക് ശേഷം എ ഗ്രൂപ്പ് പോരാളി.

കെപിസിസി പ്രസിഡന്‍റ് ഹസ്സനാണെങ്കിലും അധികാരം തമ്പാനൂര്‍ രവി വഴി ഒസി യുടെ കീശയിലല്ലെന്ന് ആര്‍ക്കാണറിയാത്തത്.

സുധീരനെ വീഴ്ത്തി താന്‍ പ്രസിഡന്‍റായി എന്ന അപഖ്യാതി കേള്‍ക്കില്ല. തെരഞ്ഞെടുപ്പ് തോറ്റതിനാല്‍ ഒരു അധികാരസ്ഥാനവും ഏറ്റെടുക്കില്ലെന്ന ആദര്‍ശ നിലപാട് സ്വയം വാഴ്ത്താം. അധികാര കസേരയില്ലെങ്കിലും സര്‍വ്വാധികാരങ്ങളും വീണ്ടും കുഞ്ഞൂഞ്ഞിലേക്ക് ചാലുകീറുന്നതിന്റെ വ്യക്തമായ സൂചനകള്‍.

ഇനി എന്തെല്ലാം? ഹരിപ്പാട് മെഡിക്കല്‍ കോളെജ് പൊളിഞ്ഞെങ്കിലും ഒരു ഐസിയു തുറക്കേണ്ടിവരുമോ? കന്‍റോണ്‍മെന്‍റ് ഹൗസില്‍ സുദര്‍ശനഹോമം തുടങ്ങേണ്ടിവരുമോ?

കുഞ്ഞുമാണിയും നടേശഗുരുവുമെല്ലാം ചേര്‍ന്ന് 'ബലപ്പെടുത്താന്‍' വെമ്പി നില്‍ക്കുമ്പോള്‍ മുന്നോട്ട് വക്കുന്ന ഉപാധി എന്താകും?

അതാണ് പറയുന്നത് രാഷ്ട്രീയം സമയത്തിന്റെയും അവസരത്തിന്റെയും ബുദ്ധിയുടെയും കലയാണ്. ആദര്‍ശം ഉരുട്ടിവിഴുങ്ങിയും കരിയോയില്‍ അടിച്ചും നടന്നിട്ട് മാത്രം കാര്യമില്ല. ചോര മുറിയാതെ അറക്കാന്‍ പഠിക്കണം.
 

click me!