നന്മയവസാനിച്ചിട്ടില്ലാത്ത ലോകം, ഈ മഹാമാരി സമയത്തും സഹജീവികളെ കൈവിടാത്തവര്‍...

By Web TeamFirst Published Mar 24, 2020, 2:02 PM IST
Highlights

ഏഴ് വയസുള്ള കാവനോഗ് ബെൽ കഴിഞ്ഞ രണ്ട് ജന്മദിനങ്ങളിലും, ക്രിസ്മസ് ദിനത്തിലും ലഭിച്ച തുക ചിലവാക്കാതെ സൂക്ഷിച്ചു വച്ചിരിക്കയായിരുന്നു. അപ്പോഴാണ് ആ മഹാമാരി അവന്റെ നാട്ടിലും നാശം വിതച്ചു തുടങ്ങിയത്.

നമ്മൾ വളരെ വിഷമകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലർക്കും ഒറ്റപ്പെടലും, വേദനയും അനുഭവിക്കേണ്ടി വരുന്നു. എന്നിരുന്നാലും ഈ കഷ്ടതകൾക്കിടയിലും മറ്റുള്ളവരെ സഹായിക്കാൻ മടികാണിക്കാത്ത ഒരുപിടി മനുഷ്യരുണ്ട് നമുക്ക് ചുറ്റിലും. എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന മനുഷ്യരുടെ ഇടയിൽ പ്രകാശമായി നിലകൊള്ളുന്നവർ. അവരുടെ നിസ്വാർത്ഥമായ സേവനങ്ങൾ നമുക്ക് പ്രതീക്ഷയും, ആശ്വാസവുമാണ്. അവരുടെ നന്മയാണ് നമ്മുടെ ബലം. അതിൽ ഡോക്ടർ തുടങ്ങി സാധാരണക്കാരായ ആളുകൾ വരെയുണ്ട്. ചുറ്റിലും ഭയവും വിഭ്രാന്തിയും നിറയുമ്പോൾ ഇവർ നൽകുന്ന സ്നേഹം നമുക്ക് ആശ്വാസവും, പ്രതീക്ഷയും നൽകുന്നു. ഈ സമയത്തെ നമ്മൾ ഒന്നായി മറികടക്കുക തന്നെ ചെയ്യുമെന്ന് ഇവരുടെ പ്രവർത്തനങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.  

32 -കാരിയായ ബെംഗളൂരുവിലെ ഐടി ഉദ്യോഗസ്ഥയാണ് ഐശ്വര്യ എസ്. അവർക്ക് പ്രായമായ ഒരു അമ്മയുണ്ട്. അതുകൊണ്ട് തന്നെ ഇതുപോലുള്ള ദുഷ്‌കരമായ സമയത്ത് പ്രായമായവർ അനുഭവിക്കുന്ന കഷ്ടതകൾ ഐശ്വര്യയ്ക്ക് നല്ല പോലെ അറിയാം. എല്ലാവരും വീടുകളിൽ ഒതുങ്ങിക്കൂടുമ്പോൾ, പക്ഷേ ഐശ്വര്യ പുറത്തിറഞ്ഞി ഒറ്റയ്ക്ക് കഴിയുന്ന പ്രായമായവരെ സഹായിക്കുകയാണ്. ഇതിനായി അവർ നഗരത്തിലുടനീളം സൈക്കിളിലിൽ സഞ്ചരിച്ച് മരുന്നുകൾ പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ പ്രായമായവർക്ക് എത്തിച്ചു കൊടുക്കുന്നു. 

വെറും ഏഴ് വയസ്സ് മാത്രമേ ഉള്ളു ബ്രിട്ടീഷ് സ്വദേശിയായ ജോസഫൈന്. അടുത്തിടെ അവൾ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു കത്തെഴുതുകയുണ്ടായി.  അതിൽ അവൾ കൊറോണ വൈറസ് ബാധയെത്തുടർന്ന് തന്റെ ജന്മദിനാഘോഷം റദ്ദാക്കേണ്ടി വന്നതിനെക്കുറിച്ച് പരാമർശിച്ചു. അവൾക്ക് നല്ല ദുഃഖമുണ്ടെങ്കിലും എല്ലാവരുടെയും നല്ലതിന് വേണ്ടി അവൾ അതിന് തയ്യാറായിയെന്നും അതിൽ എഴുതിയിരുന്നു. ‘താങ്കളുടെ ആവശ്യപ്രകാരം ഞങ്ങൾ വീട്ടിൽ തന്നെ തുടരുകയാണ്. മമ്മിയ്ക്കും ഡാഡിയ്ക്കും എന്റെ പാർട്ടി റദ്ദാക്കേണ്ടിവരുമെന്ന് ഞാൻ വിചാരിക്കുന്നു. പക്ഷേ, എനിക്കതിൽ വിഷമമില്ല കാരണം എല്ലാവരും നന്നായി ഇരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," ജോസഫിൻ എഴുതി.  അവളുടെ നിഷ്കളങ്ക സ്നേഹം കണ്ട് മിസ്റ്റർ ജോൺസൺ സ്വന്തം കൈപ്പടയിൽ ഒരു കത്ത് എഴുതി അവൾക്ക് മറുപടിയായി അയക്കുകയും ചെയ്തു.  


ഏഴ് വയസുള്ള കാവനോഗ് ബെൽ കഴിഞ്ഞ രണ്ട് ജന്മദിനങ്ങളിലും, ക്രിസ്മസ് ദിനത്തിലും ലഭിച്ച തുക ചിലവാക്കാതെ സൂക്ഷിച്ചു വച്ചിരിക്കയായിരുന്നു. അപ്പോഴാണ് ആ മഹാമാരി അവന്റെ നാട്ടിലും നാശം വിതച്ചു തുടങ്ങിയത്. ആ കുഞ്ഞു മനസ്സ് നൊന്തു. വൈറസ് മൂലം  കഷ്ടപ്പെടുന്ന രോഗികൾക്കായി എന്തെങ്കിലും ചെയ്യാൻ അവൻ ആഗ്രഹിച്ചു. കാവനോഗ് തന്റെ ആകെയുള്ള സമ്പാദ്യമായ 600 ഡോളർ ചിലവാക്കി 65 കൊറോണ വൈറസ് കെയർപാക്കുകളും, അതുപോലെ രോഗികൾക്ക് ഭക്ഷണവും വാങ്ങി. ആ കുഞ്ഞിന്റെ സഹായമനസ്ഥിതി കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. 

COVID-19 ബാധിത രാജ്യത്ത് നിന്ന് മടങ്ങിയെത്തി വീട്ടിൽ തന്നെ താമസിക്കുന്ന ആളുകൾക്ക് പലപ്പോഴും അയൽക്കാരിൽ നിന്നുപോലും ഒരു സഹായവും ലഭിച്ചെന്ന് വരില്ല. ആരും സഹായിക്കാൻ ഇല്ലാതെ ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്ന അത്തരം ആളുകളെ സഹായിക്കാനായി താനെയിലെ ഒരു കൂട്ടായ്മ മുന്നോട്ട് വരികയാണ്. അവർക്ക് വേണ്ട സകല സാധനങ്ങളും വീടുകളിൽ ഈ കൂട്ടായ്മ എത്തിച്ചു കൊടുക്കുന്നു. "ഞങ്ങളുടെ കമ്മിറ്റി വീട്ടിൽ കഴിയുന്ന കുടുംബത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചു. കാരണം നാളെ ഇത് ആർക്കുവേണമെങ്കിലും വരാം. അതുകൊണ്ട് തന്നെ അവർ ഒറ്റപ്പെട്ട് കഴിയാൻ അവസരമുണ്ടാകാതെ ഞങ്ങൾ നോക്കുന്നു. ഞങ്ങൾ അവരുമായി പതിവായി ഇന്റർകോമിൽ ബന്ധപ്പെടുന്നുണ്ട്" ഒരു കമ്മിറ്റി അംഗം പറഞ്ഞു.

ഇത് ചുരുക്കം ചില സംഭവങ്ങള്‍ മാത്രമാണ്. ഈ മഹാമാരി സമയത്ത് ആരോഗ്യപ്രവര്‍ത്തകര്‍, അടുത്തുള്ളവരെ സഹായിക്കുന്നവര്‍, അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടാതെ, വീടിന് പുറത്തിറങ്ങാതെ, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ, ആരോഗ്യ പ്രവര്‍ത്തകരോടും സര്‍ക്കാരിനോടും സഹകരിക്കുന്ന ഓരോ മനുഷ്യനും ചെയ്യുന്നത് വലിയ നന്മ തന്നെയാണ്. ഈ നേരവും നാം കടന്നുപോവും. അതിന് വേണ്ടത് നാം സഹാനുഭൂതിയോടെയും സാമൂഹിക പ്രതിബദ്ധതയോടെയും പ്രവര്‍ത്തിക്കുക എന്നതാണ്. 

click me!