
പക്ഷെ, പുനർനിർമ്മാണത്തിന് മുമ്പ് ഒരു പുനരാലോചന വേണം. അത് ഈ സയമത്തുതന്നെ വേണോ? സർക്കാരിനൊപ്പം നിൽക്കേണ്ട സമയമല്ലേ എന്ന് ഒരുപാട് പേർക്ക് സംശയമുണ്ട്. രക്ഷാപ്രവർത്തനത്തെപ്പറ്റി, അതിലെ പാളിച്ചകളെപ്പറ്റി ഒരുപാട് പറയാനുണ്ട്, സർക്കാർ പറയുന്ന പല കാര്യങ്ങളും ഖണ്ഡിക്കേണ്ടതുമുണ്ട്. അത് പിന്നീടാകം. ദുരിതാശ്വാസ പ്രവർത്തനം തുടരുന്നുണ്ട്. അതിൽ സർക്കാരിനൊപ്പമുണ്ട്. അവിടെ നിന്നുകൊണ്ടാണ് സ്വയം പരിശോധനയെപ്പറ്റി പറയേണ്ടിവരുന്നത്.
മഹാപ്രളയം വന്നാലും നമ്മൾ അതിന് മുകളിലൂടെ നടക്കും എന്നാണ് കേരളം ഇപ്പോൾ ലോകത്തോട് വിളിച്ചുപറയുന്നത്. പ്രളയദുരന്തം മറികടക്കാൻ ഒരു തരത്തിലുള്ള വേർതിരിവുകളും ഇല്ലാതെയാണ് ജനങ്ങൾ ഒന്നിച്ചത്. രക്ഷാപ്രവർത്തനത്തിനിറങ്ങിയവർ മുതൽ, ദുരിതാശ്വാസത്തിനായി സന്നദ്ധസേവനം ചെയ്യുന്നവർ വരെ ഒരേ മനസ്സോടെ നിൽക്കുന്ന കാഴ്ച കേരളത്തിന് മാത്രം സ്വന്തമാണ്. രാജ്യത്ത് ഒരുപക്ഷേ മറ്റൊരിടത്തും നിങ്ങൾക്കീ കാഴ്ച കാണാനായേക്കില്ല. അതാണ് നമ്മുടെ കേരളം.
ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു മഹാപ്രളയത്തിൽ നിന്ന് നാമെങ്ങനെ കരകയറുന്നുവെന്ന് നമ്മൾ തന്നെ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇനിയങ്ങോട്ട് ലോകമെമ്പാടും, കേരള മാതൃകയെന്ന് അറിയപ്പെടാൻ പോകുന്നത് 2018ലെ ഈ അതിജീവനം മാത്രമായിരിക്കും. അതിൽ ഒരു സംശയവും വേണ്ട. തൊട്ടയലത്ത് ആരാണ് താമസിക്കുന്നത് എന്നുപോലുമറിയാൻ മെനക്കെടാത്തവർ, ആരും വിളിക്കാതെ ഓരോരോ സഹായവുമായെത്തുന്ന സന്നദ്ധത. അതാണ് പ്രളയത്തിലും കേരളത്തിന് കിട്ടിയ നേട്ടം.
വെള്ളത്തിൽ മുങ്ങിയ, വെള്ളം കയറിയ വീടുകൾ എല്ലാ പ്രളയമേഖലകളിലും ഒരുപോലെ സങ്കടക്കാഴ്ചയാണ്. നഷ്ടത്തിന്‍റെ കണക്കെടുപ്പ് ബുദ്ധിമുട്ടാവും. വീടൊന്ന് ശരിയാക്കിയെടുക്കാനുള്ള മനുഷ്യാധ്വാനത്തിന് വിലയിടാനുമാകില്ല.
പതിനായിരക്കണക്കിന് വീടുകൾ വെള്ളം കയറി നാശമായി. എല്ലാവർക്കും എല്ലാം സൗജന്യമായി ചെയ്തു നൽകാൻ ഒരു സർക്കാരിനുമാകില്ല. 'താൻ പാതി സർക്കാർ പാതി' എന്ന മട്ടൊക്കെ വേണമെങ്കിലാകാം. ഒരു ലക്ഷം രൂപയുടെ പലിശരഹിത വായ്പയും വീട്ടിലേക്ക് മടങ്ങുന്നവർക്കുള്ള സൗജന്യ കിറ്റും ആളുകൾക്ക് വലിയ സഹായമാകുമെന്ന് ഉറപ്പ്. പക്ഷെ ദുരിതാശ്വാസ ക്യാമ്പുകളിലെത്താതെ ബന്ധുവീടുകളിലേക്കോ, മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറിനിന്നവർക്ക് എങ്ങനെയാണ് സർക്കാർ സഹായം കിട്ടുക.
ക്യാമ്പുകളിൽ രേഖപ്പെടുത്താത്ത ദുരന്തബാധിതരെ എങ്ങനെ കണ്ടെത്തും, അവരുടെ നഷ്ടം എങ്ങനെ കണക്കാക്കും എന്ന് വ്യക്തമാക്കിയിട്ടില്ല. പ്രളയബാധിത പ്രദേശങ്ങളിലെല്ലാം നിശ്ചിത ദിവസം തീരുമാനിച്ച് സർവേ നടത്താൻ ഈ സമയത്ത് ഉദ്യോഗസ്ഥരെ കിട്ടുമോ? വീടുകളെല്ലാം വൃത്തിയാക്കി, നശിച്ചതെല്ലാം കത്തിച്ച്, കേടായതു നന്നാക്കി ജീവിതം തിരിച്ചുപിടിക്കുകയാണ് പകുതിയിലേറെ ദുരന്തബാധിതരും. ജീവിതത്തിലേക്കവർ മടങ്ങിയല്ലോ, ഇനിയെന്തിന് സർക്കാർ സഹായം എന്ന മട്ടിലേക്ക് കാര്യങ്ങൾ മാറുമോ എന്ന ആശങ്ക ആയിരക്കണക്കിന് ആളുകൾക്കുണ്ട്. ഇതിനുള്ള വ്യക്തതയും വിശദീകരണവും വൈകരുത്.
വെള്ളം വീട്ടിൽകയറി പാതി ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തുമ്പോൾ, ഉടുതുണി മാത്രമായി ഇറങ്ങിയോടിയവരാണ് ആയിരക്കണക്കിന് മലയാളികൾ. ഈ പ്രളയം വീടിനകത്തേക്ക് എത്തുമെന്ന് അവർക്കൊരു ഊഹവും ഉണ്ടായിരുന്നില്ല. പ്രളയം നാടിനെ എങ്ങനെയാണ് ബാധിക്കുകയെന്ന് ഭരണകൂടത്തിന് പോലും അറിയുമായിരുന്നില്ല. ഡാമുകളുടെ നിയന്ത്രണമാണ് പ്രശ്നമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതൊരു പ്രകൃതിദുരന്തമാണെന് സർക്കാരും. അപ്രതീക്ഷിതമായി, ഒരിക്കലും വിചാരിക്കാത്ത സ്ഥലങ്ങളിൽ തെങ്ങോളം ഉയരത്തിൽ വെള്ളമെത്തുമ്പോൾ , ഈ ഭരണകൂടത്തിന്, ഈ ദുരന്തനിവാരണ അതോറിറ്റിക്ക് അതിന്‍റെ സംവിധാനങ്ങൾക്ക് ഒരു മുന്നറിയിപ്പും ഇല്ലാതെ പോയത് എന്തുകൊണ്ടാകും. ഉറങ്ങിക്കിടക്കുന്നവൻ വെള്ളപ്പൊക്കത്തിൽ എഴുന്നേറ്റ് ഓടട്ടെ, അപ്പോൾ മാത്രം അറിഞ്ഞാൽ മതി എന്ന് തീരുമാനിച്ചത് ആരായിരിക്കും? അങ്ങനെ ആരും തീരുമാനിച്ചിട്ടില്ലെങ്കിൽ അത് നിഷ്ക്രിയത അല്ലെങ്കിൽ കഴിവ്കേടാണ്. ആ കഴിവുകേട് ആരുടേതാണ്.
ദുരന്തം നേരിടാൻ എല്ലാവരും ഒന്നിച്ചുനിൽക്കുകയാണ്. അതിജീവനത്തിന്‍റെ പാതയിലും ഒന്നിച്ചാണ്. ഇനിയൊരു പുനർനിർമ്മണത്തിലും ഒന്നിച്ചുതന്നെ. പക്ഷെ, പുനർനിർമ്മാണത്തിന് മുമ്പ് ഒരു പുനരാലോചന വേണം. അത് ഈ സയമത്തുതന്നെ വേണോ? സർക്കാരിനൊപ്പം നിൽക്കേണ്ട സമയമല്ലേ എന്ന് ഒരുപാട് പേർക്ക് സംശയമുണ്ട്. രക്ഷാപ്രവർത്തനത്തെപ്പറ്റി, അതിലെ പാളിച്ചകളെപ്പറ്റി ഒരുപാട് പറയാനുണ്ട്, സർക്കാർ പറയുന്ന പല കാര്യങ്ങളും ഖണ്ഡിക്കേണ്ടതുമുണ്ട്. അത് പിന്നീടാകം. ദുരിതാശ്വാസ പ്രവർത്തനം തുടരുന്നുണ്ട്. അതിൽ സർക്കാരിനൊപ്പമുണ്ട്. അവിടെ നിന്നുകൊണ്ടാണ് സ്വയം പരിശോധനയെപ്പറ്റി പറയേണ്ടിവരുന്നത്.
വീട് മുങ്ങുമെന്നറിഞ്ഞാൽ ആളുകൾ മാറിനിൽക്കും. കുറേ സാധനങ്ങളെങ്കിലും സംരക്ഷിക്കാനാകും. പമ്പാ തീരത്തുനിന്ന് കിലോമീറ്ററുകൾ ദൂരത്തുള്ള ചെങ്ങന്നൂരിൽ വെള്ളപ്പൊക്കം വരുമെന്ന് ആളുകൾ എങ്ങനെ അറിയും? ആരാണവരെ അറിയിച്ചത്?
കനത്ത മഴയുണ്ടാകുമെന്ന് സർക്കാർ സംവിധാനങ്ങൾ അറിഞ്ഞത് ആഗസ്റ്റ് 14നും 15നുമല്ല. കാലാവസ്ഥ മുന്നറിയിപ്പുകൾ നേരത്തെ ഉണ്ടായിരുന്നു. ഇക്കുറി മഴ നേരത്തെപ്പോലെയാകില്ല, കനക്കും എന്ന് ഉറപ്പായിരുന്നു. മഴ നിന്നുപെയ്ത് വെള്ളം ഇടുക്കി ഡാമിലേക്ക് കുത്തിയൊലിച്ചെത്തിയപ്പോൾ 2400 തികഞ്ഞപ്പുറം പോകാൻ കെഎസ്ഇബി കാത്തിരുന്നു. ഓരോ ഷട്ടർ തുറക്കാനും 24 മണിക്കൂർ മുന്നറിയിപ്പെന്നാവർത്തിച്ചിരുന്ന മന്ത്രി എം.എം. മണിയുടെ വകുപ്പ് പടപടാന്ന് അഞ്ച് ഷട്ടറുകളും തുറന്നു. അതിങ്ങ് ആലുവയിൽ പെരിയാറിലെത്താൻ അഞ്ച് മണിക്കൂറെടുക്കും. ദുരന്തനിവാരണ അതോറിറ്റി എന്ത് ചെയ്തു. ഓഖി കാലത്ത് പരാജയപ്പെട്ട ഈ അതോറിറ്റി ഇനിയും നന്നാക്കാത്തത് ആരുടെ കുറ്റമാണ്? ശേഖർ കുര്യാക്കോസ് എന്ന, ദുരന്ത അതോറിറ്റി മെമ്പർ സെക്രട്ടറി ഇനിയെങ്കിലും ആത്മപരിശോധന നടത്തണം. ദുരന്തം വന്ന ശേഷം രക്ഷിക്കൽ മാത്രമാണോ, അതിന് മുമ്പേയുള്ള മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും എന്തേ ചെയ്യാത്തത് എന്ന് മുഖ്യമന്ത്രി തന്നെ പരിശോധിക്കണം. ഈ അതോറിറ്റിയുടെ അധ്യക്ഷൻ മുഖ്യമന്ത്രി തന്നെയാണ്. വെള്ളം കയറുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് വെള്ളം പാഞ്ഞുകയറിയെത്തുമ്പോൾ എല്ലാം ഇട്ടെറിഞ്ഞോടേണ്ടിവന്നവർ സർക്കാരിന്‍റെ ഇക്കാര്യത്തിലുള്ള മറുപടി ആഗ്രഹിക്കുന്നുണ്ട്.
പുനപരിശോധിക്കണം, മാറ്റിച്ചിന്തിക്കണം
ഇടുക്കി ഡാമിന്‍റെ അഞ്ചു ഷട്ടറുകളിലും നിന്ന് പരമാവധി വെള്ളം തുറന്നുവിട്ടാൽ എന്തുണ്ടാകും എന്നറിയാത്ത നമ്മൾ, മിനിറ്റിന് മിനിറ്റിന് ആശങ്കപ്പെടുന്നത് മുല്ലപ്പെരിയാർ പൊട്ടുന്നതിനെ പറ്റിയാണ്. ഇപ്പറയുന്നവർക്ക് അതുണ്ടായാൽ എന്തുണ്ടാകുമെന്നറിയാമോ? അതിനൊരു കരുതൽ പദ്ധതിയുണ്ടോ? നവകേരളം നിർമ്മിക്കാനിറങ്ങുമ്പോൾ ഇതിൽ നിന്ന് തുടങ്ങണ്ടേ? നെൽവയൽ നീർത്തടസംരക്ഷണ ഭേദഗതി നിയമമൊക്കെ ഒന്നുകൂടി പരിശോധിക്കേണ്ടതല്ലേ? ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകളോടുള്ള സമീപനം പുനരാലോചിക്കണ്ടേ? കയ്യേറ്റങ്ങൾ സാധുവാക്കിക്കൊടുക്കുന്ന നടപ്പുരീതി മാറ്റിപ്പിടിക്കണ്ടേ? വേണം. നമുക്കിതെല്ലാം പുനപരിശോധിക്കണം, മാറ്റിച്ചിന്തിക്കണം. മുന്നോട്ടുള്ള വഴിയെന്നാൽ സമഗ്രമായ മാറ്റങ്ങളുടേതുകൂടിയാകണം.
മഹാപ്രളയത്തിൽ കേരളത്തിന് ഉണ്ടായ നഷ്ടം എത്ര കോടിയുടേതാണെന്ന കണക്കെടുപ്പ് നടന്നുവരുന്നതേയുള്ളൂ. ഇപ്പോൾ കേൾക്കുന്ന കണക്കൊന്നും ശരിക്കുള്ളതിന്‍റെ അടുത്തൊന്നും ആയിരിക്കില്ലെന്നർത്ഥം. കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ലൊടിക്കുന്ന നഷ്ടമാണ് ഈ പ്രളയം നമുക്ക് സമ്മാനിച്ചത്. അത് മറികടക്കണമെങ്കിൽ വലിയ സഹായം തന്നെ കേരളത്തിന് വേണ്ടിവരും. മലയാളികൾ മാത്രം വിചാരിച്ചാൽ, കേരളീയർ മാത്രം സംഭാവന ചെയ്താൽ തീരുന്ന ഒരു നഷ്ടമല്ല അത്. വിദേശത്ത് നിന്നടക്കമുള്ള മറ്റ് ഒരുപാട് സഹായം കേരളത്തിന് കിട്ടേണ്ടിവരും. പക്ഷെ വിദേശസഹായം കേരളം വാങ്ങരുതെന്നാണ് കേന്ദ്രത്തിന്‍റെ തീരുമാനം. കേന്ദ്രസർക്കാർ ഇങ്ങനെ കടുംപിടുത്തം പിടിക്കുന്നത് എന്തിനുവേണ്ടിയാണ്. കേരളം ഇന്ത്യയിൽ തന്നെയല്ലേ എന്ന് ഓരോ മലയാളിയും ചോദിക്കുന്നത് അതുകൊണ്ടല്ലേ? കേരളത്തിന് മാത്രമായി പ്രത്യേക നിയമങ്ങളുണ്ടാക്കാൻ ബിജെപിയുടെ കേന്ദ്രസർക്കാരിന് അധികാരമുണ്ടോ? അവകാശമുണ്ടോ? കേരള ജനതയെ അവഗണിക്കുന്നത് എന്തിന് വേണ്ടിയാണ്.
മഹാപ്രളയത്തിന് മുമ്പുള്ള ജൂലൈ പ്രളയകാലത്ത് ആദ്യം വന്നത് കേന്ദ്രമന്ത്രി കിരൺ റിജിജു. 100 കോടി പ്രഖ്യാപിച്ചു. പിന്നെ വന്നത് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. പ്രഖ്യാപിച്ചത് 100 കോടി. ഇപ്പോൾ കേൾക്കുന്നു രണ്ട് പേരും പറഞ്ഞത് ഒരേ നൂറു കോടിയാണെന്ന് . എന്നുവച്ചാൽ രണ്ട് പേരും കൂടി പറഞ്ഞത് 200 അല്ല, നൂറ് കോടി മാത്രം. ഇതിനിടെ ഒരു കേന്ദ്രസംഘം വന്ന് പ്രളയം പഠിച്ചുപോയി. അതുകഴിഞ്ഞ് പ്രധാനമന്ത്രി വന്നു. 500 കോടി പ്രഖ്യാപിച്ചു. സ്പെഷ്യൽ പാക്കേജാണോ, ദീർഘപദ്ധതിയുടെ ആദ്യഗഡുവാണോ, എന്നൊന്നും പറഞ്ഞില്ല. ആദ്യസംഘം പഠിച്ച് കണ്ടെത്തിയ 600 കോടി നഷ്ടമാണ് ഇവരെല്ലാം കൂടി തന്നത്. തന്നതോ കേരളം മഹാപ്രളയത്തിൽ മുങ്ങിനിന്ന സമയത്ത്. ദേശീയ പാതകൾ അതോറിറ്റി നന്നാക്കും, അർഹരായവർക്ക് കേന്ദ്രപദ്ധതിയിൽ വീട്, കേന്ദ്രപദ്ധതിയിൽപ്പെടുത്തി കൃഷിസഹായം ഒക്കെയുണ്ട്. എല്ലാം കൂടി 15000 കോടിയുടെ പാക്കേജാണെന്ന് വിശദീകരണം. കേന്ദ്രസഹായം പ്രതീക്ഷിച്ചതുപോലെ കിട്ടിയില്ലേ എന്ന് പ്രധാനമന്ത്രിയുടെ സന്ദർശനശേഷം ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകർക്ക് മുഖ്യമന്ത്രി നൽകിയ മറുപടി മാധ്യമങ്ങൾ എല്ലാം നെഗറ്റീവായാണ് ചിന്തിക്കുന്നതെന്നാണ്. നമുക്കാവശ്യമായ സഹായങ്ങൾ ധാരാളം ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ആ സഹായങ്ങൾ മാത്രം പോരെന്നും കൂടുതൽ സഹായങ്ങൾ വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസഹായം പോരാ എന്നൊരു അഭിപ്രയമുള്ളതായി മന്ത്രി തോമസ് ഐസക് പറഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇതുവരെ പറഞ്ഞിട്ടില്ല എന്ന് ഓർമ്മിക്കണം. ഇതിനിടെയാണ് വിദേശരാജ്യങ്ങൾ സഹായം പ്രഖ്യാപിച്ചത്. ഷാർജ, ഖത്തർ, തുടങ്ങിയ രാജ്യങ്ങൾ തുക പ്രഖ്യാപിച്ചു. യുഎഇയും സഹായം വാഗ്ദാനം ചെയ്തു. ഇക്കാര്യം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതേ വിവരങ്ങൾ മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിനെയും യുഎഇ ഭരണാധികാരിയെയും ടാഗ് ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. ആരും ഒന്നും നിഷേധിച്ചില്ല. പക്ഷേ കേന്ദ്രസർക്കാർ യുഎഇ ഭരണകൂടത്തിന് നന്ദി പറഞ്ഞശേഷം ഒരു നിയമത്തിന്‍റെ കഷ്ണം എടുത്തുവീശി. വിദേശസഹായം സ്വീകരിക്കാനാവില്ല എന്ന ഈ നിലപാട് കേരളത്തിന്‍റെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചു. കേന്ദ്രം തന്നത് 600 കോടി. യുഎഇ വാഗ്ദാനം ചെയ്തത് 700 കോടി. എന്തുചെയ്യാം, പ്രധാനമന്ത്രി പണ്ട് പറഞ്ഞതുപോലെ തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്ന നിലപാട് ഇത്തവണ അദ്ദേഹത്തിന്‍റെ സർക്കാർ തന്നെയെടുത്തു. പിന്നാലെ ബിജെപിക്കാരും മോദി ആരാധകരും രംഗത്തെത്തി. 700 കോടിയെന്ന സംഖ്യ ആര്, ആരോട് എപ്പോൾ പറഞ്ഞുവെന്ന് വ്യക്തമാക്കണമെന്ന് ചിലർ, യുഎഇ സഹായമേ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മറ്റു ചിലർ. മലയാളി വ്യവസായി എം.എ. യൂസഫ് അലി വഴി ആ തുക കേരളത്തിന് കൈമാറാൻ യുഎഇ തീരുമാനിച്ചതായി വ്യാജപ്രചാരണവും വന്നു. കേന്ദ്രസർക്കാർ ഔദ്യോഗികമായി മൗനം പാലിച്ചു. ബിജെപി നേതാക്കൾ കേരളത്തെ പരിഹസിച്ചു, സർക്കാരിനെയും മുഖ്യമന്ത്രിയെയും കളിയാക്കി, വിമർശിച്ചു.
ഇക്കഴിഞ്ഞ 18, ശനിയാഴ്ചയാണ് എം.എ. യൂസഫ് അലി കേരളത്തിലെത്തിയത്. യുഎഇ ഭരണാധികാരിയുടെ സന്ദേശം മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് അദ്ദേഹം അന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. അതായത് യൂസഫ് അലി 700 കോടിയുടെ സഹായം തന്നെ അറിയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞത് സത്യമാണെന്നതിന് മറ്റ് സാഹചര്യത്തെളിവുകളും ഉണ്ടെന്നർത്ഥം. തുക യുഎഇ പറഞ്ഞിട്ടില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാരും നിൽക്കുമ്പോൾ ഇനി തുറന്നുപറയേണ്ടത് പ്രവാസി വ്യവസായിയായ എം.എ. യൂസഫ് അലി തന്നെയാണ്. വാരാണസിയിലും ലഖ്നൗവിലും നിക്ഷേപമുള്ള യൂസഫ് അലിയും ഒരുപക്ഷേ ചിന്തിക്കുന്നത് ചെകുത്താനും കടലിനും നടുക്കായല്ലോ എന്ന് തന്നെയാകും. ആരെന്ത് ചിന്തിച്ചാലും കേരള ജനതയ്ക്ക് സത്യമറിയണം. മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു. ഇനി പറയേണ്ടത് എം.എ. യൂസഫ് അലിയും കേന്ദ്രസർക്കാരുമാണ്. ചരടുകളില്ലാത്ത , ദുരുദ്ദേശങ്ങളില്ലാത്ത ഒരു ദീർഘകാല സാമ്പത്തിക സഹായം കേരളം വാങ്ങരുത് എന്ന് കേന്ദ്രം പറയുന്നതിന് നിയമപരമായ വലിയ അടിസ്ഥാനമില്ല. ബിജെപിയുടെ രാഷ്ട്രീയമാണ് അതിന് പിന്നിലെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇനിയും സംശയമുള്ളവർ സംഘപരിവാറുകാർ എന്ന ലേബലിൽ വിഷം വിളമ്പുന്നവരുടെ ജൽപ്പനങ്ങൾ കേൾക്കണം. ഡാമുകളൊക്കെ തുറന്നുവിട്ട് പ്രളയമുണ്ടാക്കി കേരളം കാശടിച്ചുമാറ്റാൻ ശ്രമിക്കുന്നുവെന്നൊക്കെ പറയുന്ന മലയാളി, ബിജെപിയുടെ ഏത് ബുദ്ധിജീവിയാണെങ്കിലും ചൂലിനടിച്ചോടിക്കണം. കേരളത്തിൽ എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ ബിജെപി നേതൃത്വം ഈ വിഷജന്തുക്കളെ പാർട്ടി ലേബലുപയോഗിക്കുന്നതിൽ നിന്ന് വിലക്കണം. കേരളത്തിൽ ബിജെപി ഗുണം പിടിക്കാത്തതിന് ഇമ്മാതിരിയാളുകളാണ് ഒരു കാരണം എന്നുകൂടി തിരിച്ചറിഞ്ഞാൽ നന്നാകാൻ എളുപ്പമായി.
ദുരന്തം മറികടന്ന് മുന്നോട്ടുപോകാൻ കേരളത്തിന് വേണ്ടത്ര കേന്ദ്രസഹായം കിട്ടുന്നില്ലെന്നാണ് ആരോപണം. തത്കാലം ഇത് ആരോപണം മാത്രമാണ്. കാരണം മുഖ്യമന്ത്രി പിണറായി വിജയനോ ധനമന്ത്രി തോമസ് ഐസക്കോ ഇതുവരെ പരാതി പറഞ്ഞിട്ടില്ല. അവർക്ക് പരാതിയില്ലെങ്കിലും കേന്ദ്രസഹായത്തിന്‍റെ കണക്കും , കേരളത്തോടുള്ള സമീപനവും അന്വേഷിച്ച് നോക്കാവുന്നതാണ്.