പാകിസ്ഥാനിലെ കറാച്ചിയിൽ നിയന്ത്രണം വിട്ട ഒരു കാർ റോഡരികിലെ ഹൽവ-പൂരി സ്റ്റാളിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ, പാചകത്തിനുപയോഗിച്ച തിളച്ച എണ്ണ മറിഞ്ഞ് നാല് തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. 

പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഖുദാദാദ് കോളനിയിൽ ഫെബ്രുവരി 3 -നുണ്ടായ അതിഭീകരമായ ഒരപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകൾക്ക് നടുക്കം സമ്മാനിക്കുന്നത്. റോഡരികിലെ ഒരു റെസ്റ്റോറന്റിന് പുറത്തുള്ള ഹൽവ-പൂരി സ്റ്റാളിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. റിപ്പോർട്ടുകൾ പ്രകാരം, അപകടത്തിൽപ്പെട്ട കാർ ആദ്യം സ്റ്റാളിന് സമീപം പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഡ്രൈവർ കാറിൽ നിന്നും പുറത്തിറങ്ങി മാറിയ സമയത്ത് ഉള്ളിലുണ്ടായിരുന്ന ഒരു യുവാവ് വാഹനം സ്റ്റാർട്ട് ചെയ്തു. തുടർന്ന് പെട്ടെന്ന് നിയന്ത്രണം വിട്ട കാർ റെസ്റ്റോറന്റിന് മുന്നിലെ പാചകപ്പുരയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കാർ സ്റ്റാളിലേക്ക് ഇടിച്ചുകയറിയ ആഘാതത്തിൽ അവിടെ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ചിരുന്ന വലിയ ചട്ടികളിൽ ഒന്ന് മറിയുകയും, അതിലുണ്ടായിരുന്ന തിളച്ച എണ്ണ മുഴുവൻ അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയും ചെയ്തു. ചട്ടിയുടെ തൊട്ടു മുന്നിൽ നിന്നിരുന്ന തൊഴിലാളിയുടെ ദേഹത്തേക്കാണ് പാത്രം മറിഞ്ഞുവീണത്. തിളച്ച എണ്ണ ദേഹത്ത് വീണ തൊഴിലാളികൾ വേദന കൊണ്ട് നിലവിളിക്കുന്നതും ഓടി മാറാൻ ശ്രമിക്കുന്നതുമായ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

അപകടത്തിൽ പരിക്കേറ്റ നാല് ജീവനക്കാരെയും ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവ് ഉൾപ്പെടെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ ലോകമെമ്പാടുമുള്ള ആളുകൾ ഞെട്ടൽ രേഖപ്പെടുത്തി. 'ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പാവപ്പെട്ട മനുഷ്യർക്ക് ഒരു നിമിഷം കൊണ്ട് സംഭവിച്ച ഈ ദുരന്തം ഹൃദയഭേദകമാണ്' എന്നാണ് പലരും പ്രതികരിച്ചത്. അശ്രദ്ധമായ ഡ്രൈവിംഗും വാഹനം കൈകാര്യം ചെയ്യലും എങ്ങനെ മറ്റുള്ളവരുടെ ജീവിതം തകർക്കുന്നു എന്നതിന്റെ ഭീതിപ്പെടുത്തുന്ന ഉദാഹരണമായി ‌മാറുകയാണ് ഈ സംഭവം.