ഇതാണോ, ഇടതു സർക്കാരിന്‍റെ സ്ത്രീസംരക്ഷണം?

By Sindhu SindhusooryakumarFirst Published Sep 15, 2018, 3:47 PM IST
Highlights

പി.കെ.ശശി അപമര്യാദയായി പെരുമാറിയെങ്കിൽ യുവനേതാക്കളുടെ മെക്കിട്ടുകേറുന്നത് എന്തിനാണ് എന്ന് ചിലർക്കെങ്കിലും സംശയമുണ്ടാകും. ഫാസിസത്തെപ്പറ്റിയും, ബിജെപി ഭരണത്തിൽ വർദ്ധിച്ചുവരുന്ന ലൈംഗിക അതിക്രമത്തെപ്പറ്റിയും, കോൺഗ്രസിന്‍റെ ദൗർബല്യങ്ങളെപ്പറ്റിയും ഒക്കെ പറയുന്നവരാണല്ലോ ഇവർ. സ്വന്തം പാർട്ടിയിലെ ദുഷ്പ്രവണതകൾക്ക് എതിരെയും ശബ്ദമുയർത്തട്ടെ. 

മാധ്യമങ്ങൾ വേട്ടയാടുകയാണെന്നാണ് പി.കെ.ശശി എംഎൽഎ പറയുന്നത്. വേട്ടക്കാരെ വേട്ടയാടുന്നത് പണ്ടേ തന്നെ മാധ്യമങ്ങളുടെ ഒരു സ്വഭാവമാണ്, അത് വിട്ടുകളഞ്ഞേക്ക്. ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക്  പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയാണെന്ന് വേറെ ചിലർ. അതിന് സിപിഎമ്മിൽ വിഭാഗീയത ഉണ്ടോ? എന്തൊക്കെയായാലും ഈ പരാതി കൈകാര്യം ചെയ്യുന്നതിൽ സിപിഎം കാണിച്ചത് വലിയ വീഴ്ചയാണ്. പരാതി പൂഴിത്തിവയ്ക്കാൻ ശ്രമിച്ചു എന്നത് പകൽപോലെ വ്യക്തം. സീതാറാം യെച്ചൂരി ഇടപെട്ടതുകൊണ്ട് മാത്രം അനക്കം വച്ച പരാതി പൂഴ്ത്തിവച്ച ആളുകളെ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോൾ സിപിഎം.

ഒറ്റ നിമിഷം  മതി കാര്യങ്ങളൊക്കെ മാറിമറിയാൻ. പ്രളയ ദുരിതാശ്വാസ കാലത്ത് സർക്കാരും മുഖ്യമന്ത്രിയും എല്ലാം ഉണ്ടാക്കിയ സൽപ്പേര് കളയാൻ ഫ്രാങ്കോ മുളയ്ക്കലും പി.കെ.ശശിയും മാത്രം മതി. 'നഞ്ചെന്തിന് നാനാഴി' എന്ന മട്ടിൽ കേട്ടുനോക്കണം. പാർട്ടി ഒരു ഖാപ് പഞ്ചായത്തും, പാർട്ടി സെക്രട്ടറി ഖാപ് പഞ്ചായത്തിന്‍റെ തലവനും ആകുന്ന തരത്തിലുള്ള സമ്പ്രദായം നിലനിൽക്കുന്ന കാലത്ത് യുവജന സംഘടനയിലെ വനിതാ നേതാവിന് ആ പാർട്ടിയിലെ എംഎൽഎക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കാനുള്ള മനശ്ശക്തിയൊന്നും ഉണ്ടായി എന്നുവരില്ല.

പക്ഷേ, പരാതിക്കാരായ പെൺകുട്ടികൾ പലരും പണ്ടത്തെ സ്ത്രീകളെപ്പോലെയല്ല, മിടുക്കരാണ്. ബോക്സിംഗും, കളരിയും, കരാട്ടേയുമൊക്കെ അറിയാവുന്നവർ. ആദ്യം അവർ അതിക്രമം നടത്തുന്നവരെ ഒന്ന് കൈകാര്യം ചെയ്യും. അതിനുശേഷം മാത്രമേ മിക്കവാറും പേർ പരാതിയുമായി പോകാറുള്ളൂ. അതൊക്കെ എല്ലാ ശശിമാരും ഓർത്തിരിക്കുന്നത് നല്ലതാണ്. ഇപ്പോൾ തന്നെ അറിഞ്ഞുകാണും എന്ന് പ്രതീക്ഷിക്കുന്നു. 

അപമര്യാദയായി പെരുമാറിയെങ്കിൽ അത് ഗുരുതരമായ തെറ്റാണ് എന്നെങ്കിലും പറയാമായിരുന്നില്ലേ ബൃന്ദ സഖാവേ?

സിപിഎമ്മിന്‍റെ ഉന്നത ഘടകമായ പൊളിറ്റ് ബ്യൂറോയിലെ അംഗമാണ് ബൃന്ദ കാരാട്ട്. സ്ത്രീശാക്തീകരണത്തിനും, സ്ത്രീസുരക്ഷക്കും വേണ്ടി എക്കാലവും പൊരുതുന്ന നേതാവ്. സ്വന്തം പാ‍ർട്ടിയിലെ വളർന്നുവരുന്ന നേതൃതലത്തിലുള്ള ഒരു പെൺകുട്ടിയെ അധികാരവും പദവിയുമുള്ള ഒരു പാർട്ടി നേതാവ് ലൈംഗിക ദുരുപയോഗത്തിന് ശ്രമിച്ചു എന്ന പരാതി കിട്ടിയപ്പോൾ സ്ത്രീസുരക്ഷയെക്കുറിച്ച് മറന്നുപോയി. എംഎൽഎ അപമര്യാദയായി പെരുമാറിയെങ്കിൽ അത് ഗുരുതരമായ തെറ്റാണ് എന്നെങ്കിലും പറയാമായിരുന്നില്ലേ ബൃന്ദ സഖാവേ? കേൾക്കാൻ കൊതിയായതുകൊണ്ട് ചോദിച്ചു പോയതാണ്. 

എൻ.എൻ.കൃഷ്ണദാസിനെ ഒതുക്കിയപ്പോൾ പാലക്കാട് മത്സരിക്കാൻ നറുക്കുവീണത് എം.ബി.രാജേഷിനായിരുന്നു. 2009ൽ ആദ്യം മത്സരിച്ചപ്പോൾ ചെറിയ ഭൂരിപക്ഷം ആയിരുന്നെങ്കിലും 2014ൽ രണ്ടാമൂഴത്തിൽ എം.പി.വീരേന്ദ്രകുമാറിനെ വൻ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് എം.ബി.രാജേഷ് എംപിയായത്. സിപിഎമ്മിന്‍റെ യുവ ശബ്ദങ്ങളിൽ പ്രമുഖൻ. എസ്എഫ്ഐയിലും, ഡിവൈഎഫ്ഐയിലും ഒക്കെക്കൂടി കടന്നുവന്ന എം.ബി.രാജേഷിനും യുവസഖാവിന്‍റെ ദുരനുഭവം അറിഞ്ഞിട്ട് കമ എന്ന് പ്രതികരിക്കാനായിട്ടില്ല. കത്വയിലും ഉന്നാവയിലും മാത്രമല്ല, മണ്ണാർകാട്ടെ സ്വന്തം പാർട്ടിയിലെ സഖാവിനും പുരുഷൻമാരിൽ നിന്ന്, അതും സ്വന്തം പാർട്ടിയായ സിപിഎമ്മിലെ അധികാരകേന്ദ്രങ്ങളിൽ നിന്ന് ദുരനുഭവം ഉണ്ടാകുന്നത് ഞെട്ടിപ്പിക്കുകയൊന്നും വേണ്ട എം.ബി.രാജേഷേ, പക്ഷെ, വായൊന്നു തുറക്കാമായിരുന്നു, ആ വനിതാ യുവ സഖാവിന് വേണ്ടി.  

വിദ്യാസമ്പന്നയായ, പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് തന്‍റെ പരാതി എവിടെ, എങ്ങനെ, ഏത് തരത്തിൽ കൊടുക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പാർട്ടി നേതാവിന്‍റെ അതിക്രമം പാർട്ടി പരിഹരിക്കട്ടെ എന്ന് തീരുമാനിക്കാൻ പരാതിക്കാരിക്ക് സ്വാതന്ത്ര്യമുണ്ട് എന്നർത്ഥം. പുരോഗമനപ്രസ്ഥാനം എന്നറിയപ്പെടുന്ന ഡിവൈഎഫ്ഐയിലെ ഒരു വനിതാ നേതാവിന് പോലും പൊലീസിനെ തന്‍റെ പരാതിയുമായി സമീപിക്കാൻ മനശ്ശക്തി കിട്ടുന്നില്ല എങ്കിൽ അത് ആ സംഘടനയുടെ പിഴവ് കൂടിയാണ്. ആ പരാതിക്കാരിയെ കൈപിടിച്ച് ചേർത്തുനിർത്തുമ്പോഴും പരാതി സംഘടനക്ക് അകത്തുമാത്രം നിൽക്കട്ടെ എന്ന് വിചാരിക്കുന്ന ഒരുകൂട്ടം ആളുകളുണ്ട്. അവർ ചെയ്യുന്നത് സ്വന്തം രാഷ്ട്രീയഭാവി സംരക്ഷിക്കൽ മാത്രമാണ്. 

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസി‍ഡന്‍റ് പി.എ.മുഹമ്മദ് റിയാസ് തൊട്ടപ്പുറത്ത് കോഴിക്കോട് ഉണ്ട്. മുൻ നേതാവും വാഗ്മിയുമായ എം.സ്വരാജുണ്ട് അപ്പുറത്ത്. കണ്ണൂരിൽ തീപ്പന്തമാകുന്ന പി.പി.ദിവ്യയുണ്ട്, എ.എൻ.ഷംസീറുണ്ട്. എന്താ ഇവരൊന്നും ഒന്നും മിണ്ടാത്തത്. നാണമില്ലേ സഖാക്കളേ ഇങ്ങനെ മിണ്ടാതെ പുതച്ചുമൂടിയിരിക്കാൻ? ഈ ആരോപണം വി.ടി.ബൽറാമിനോ, ഷാഫി പറമ്പിലിനോ എതിരെ ആയിരുന്നുവെങ്കിൽ ബൃന്ദ കാരാട്ടും, എം.ബി.രാജേഷും, എം.സ്വരാജും മുഹമ്മദ് റിയാസുമൊക്കെ എന്തെല്ലാം ചന്ദ്രഹാസമിളക്കിയേനെ എന്നൊന്ന് ആലോചിച്ചു നോക്കുക കൂടി വേണം. ഇത് ഇവരുടെ ഇരട്ടത്താപ്പല്ല, നിസ്സഹായതയാണ്. ഇങ്ങനെ കീഴടങ്ങി നിന്നാലേ പാർട്ടിയിലും ഭരണത്തിലും സ്ഥാനവും പദവിയും ഉണ്ടാകൂ. അതിൽക്കുറഞ്ഞ ആത്മാഭിമാനവും പ്രതിബദ്ധതയും മതി എന്നു തീരുമാനിച്ചവരാണ് ഇവരെല്ലാം.

മാധ്യമങ്ങൾ വേട്ടയാടുകയാണെന്നാണ് പി.കെ.ശശി എംഎൽഎ പറയുന്നത് 

പി.കെ.ശശി അപമര്യാദയായി പെരുമാറിയെങ്കിൽ യുവനേതാക്കളുടെ മെക്കിട്ടുകേറുന്നത് എന്തിനാണ് എന്ന് ചിലർക്കെങ്കിലും സംശയമുണ്ടാകും. ഫാസിസത്തെപ്പറ്റിയും, ബിജെപി ഭരണത്തിൽ വർദ്ധിച്ചുവരുന്ന ലൈംഗിക അതിക്രമത്തെപ്പറ്റിയും, കോൺഗ്രസിന്‍റെ ദൗർബല്യങ്ങളെപ്പറ്റിയും ഒക്കെ പറയുന്നവരാണല്ലോ ഇവർ. സ്വന്തം പാർട്ടിയിലെ ദുഷ്പ്രവണതകൾക്ക് എതിരെയും ശബ്ദമുയർത്തട്ടെ. എന്നിട്ടുമതി പുരപ്പുറത്തുകയറിയുള്ള വിളിച്ചുകൂകൽ. സ്ത്രീശാക്തീകരണ മുൻനിരക്കാരായ കെ.കെ.ശൈലജ, മേഴ്സിക്കുട്ടിയമ്മ, ടി.എൻ.സീമ എന്നിവരെയൊന്നും മറന്നതല്ല. രണ്ടുപേർ മന്ത്രിപദത്തിൽ സംതൃപ്തർ. മൂന്നാമത്തെ ആൾക്ക് ഹരിതമിഷൻ അധ്യക്ഷ പദവി. അടുത്ത തെരഞ്ഞെടുപ്പുകാലത്ത് ഏതെങ്കിലും മണ്ഡലത്തിൽ യുഡിഎഫുകാർ നടത്തിയ ഏതെങ്കിലും ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പ്രസംഗിച്ച് വോട്ടുചോദിച്ചാൽ മതിയല്ലോ. തൽക്കാലം പാർട്ടിയിലെ മേലാളൻമാരെ അലോസരപ്പെടുത്താതെ സ്വയം ശാക്തീകരിച്ച് അടങ്ങിയൊതുങ്ങി ഇരിക്കാൻ തീരുമാനിച്ചവരാണ് ഈ നേതാക്കളെല്ലാം. 

മാധ്യമങ്ങൾ വേട്ടയാടുകയാണെന്നാണ് പി.കെ.ശശി എംഎൽഎ പറയുന്നത്. വേട്ടക്കാരെ വേട്ടയാടുന്നത് പണ്ടേ തന്നെ മാധ്യമങ്ങളുടെ ഒരു സ്വഭാവമാണ്, അത് വിട്ടുകളഞ്ഞേക്ക്. ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക്  പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയാണെന്ന് വേറെ ചിലർ. അതിന് സിപിഎമ്മിൽ വിഭാഗീയത ഉണ്ടോ? എന്തൊക്കെയായാലും ഈ പരാതി കൈകാര്യം ചെയ്യുന്നതിൽ സിപിഎം കാണിച്ചത് വലിയ വീഴ്ചയാണ്. പരാതി പൂഴ്ത്തിവയ്ക്കാൻ ശ്രമിച്ചു എന്നത് പകൽപോലെ വ്യക്തം. സീതാറാം യെച്ചൂരി ഇടപെട്ടതുകൊണ്ട് മാത്രം അനക്കം വച്ച പരാതി പൂഴ്ത്തിവച്ച ആളുകളെ രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോൾ സിപിഎം. പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും പരാതി മാധ്യമങ്ങളുടെ കയ്യിലുണ്ടെങ്കിൽ അതിന്‍റെ ഒരു കോപ്പി തരൂ, വായിച്ചു മനസിലാക്കട്ടെ എന്നാണ് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി പ്രേംകുമാർ പറഞ്ഞത്. ഡിവൈഎഫ്ഐ ആദ്യം നടപടിയെടുക്കേണ്ടത് ആ യുവ നേതാവിന് എതിരെയാണ്. സംഘടനയിലെ സജീവ പ്രവർത്തകയ്ക്ക് ഒരു ദുരനുഭവം ഉണ്ടായാൽ ഇങ്ങനെ നിഷേധം പറയരുത്. എല്ലാം എല്ലാക്കാലവും മാധ്യമങ്ങളിൽ നിന്ന് മറച്ചുവയ്ക്കുന്ന കാലമൊക്കെ പണ്ടേ കഴിഞ്ഞു. ഇങ്ങനെയൊക്കെ കേട്ടു, ഞാനൊന്ന് അന്വേഷിച്ചു നോക്കട്ടെ, യുവസഖാവിന് എന്തെങ്കിലും ദുരനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് നീതികിട്ടും എന്നെങ്കിലും പറയാമായിരുന്നില്ലേ പ്രേംകുമാർ സഖാവേ?

പൊലീസിന്‍റെ മുമ്പിൽ പരാതിക്കാരില്ല, ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പുകയാണ് എന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം പറഞ്ഞത്. പ്രാദേശിക നേതാക്കൾ പരാതി ഒതുക്കിവച്ചു. പെൺകുട്ടി മിണ്ടാതിരിക്കാൻ ഒരു കോടിയിൽ തുടങ്ങി, രണ്ടുകോടിയിൽ വരെയെത്തിയ വിലപേശൽ വാഗ്ദാനം നടത്തിയവരുണ്ട്. ഈ പരാതി സീതാറാം യെച്ചൂരിക്ക് എത്തിച്ചതുകൊണ്ട് മാത്രം അത് സജീവമായി പരിഗണിക്കപ്പെട്ടു എന്നതാണ് സത്യം. എളമരം കരീമിന് തോന്നും എല്ലാവരും ഇരുട്ടിൽ പൂച്ചയെ തപ്പുകയാണെന്ന്. പക്ഷേ, പൂച്ച കണ്ണടച്ച് പാലുകുടിക്കുന്ന കാഴ്ച നാട്ടുകാരെല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്.  പകൽ വെളിച്ചത്തിൽ കണ്ണുതുറന്നിരിക്കുന്ന നാട്ടുകാരോട് ഇപ്പോൾ ഇരുട്ടാണ് എന്ന് ഏത് എളമരം സഖാവ് പറഞ്ഞിട്ടും കാര്യമില്ല. ഇരുട്ടും വെളിച്ചവുമൊക്കെ നാട്ടുകാർക്ക് എളമരം കരീമിനെക്കാൾ നന്നായി അറിയാം.സിപിഎമ്മിന് കിട്ടിയ പരാതി പൊലീസിന് കൈമാറാത്തതിൽ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. സിപിഎമ്മിന് പകരം പൊലീസിന് കൊടുത്തിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ?

ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗം ചെയ്തു എന്ന് കന്യാസ്ത്രീ പരാതി കൊടുത്തിട്ട് മാസം മൂന്നാകാറായി. കന്യാസ്ത്രീ പറഞ്ഞതിൽ കഴമ്പുണ്ടെന്നും ബിഷപ്പിനെതിരെ തെളിവുണ്ടെന്നും കേരളാ പൊലീസ് തന്നെയാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. എന്നിട്ടും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ സന്ദർഭത്തിൽ പാർ‍ട്ടിക്കാരനായ എംഎൽഎ പി.കെ.ശശിക്കെതിരെ പരാതി കൊടുത്താൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊലീസ് പി.കെ.ശശിക്കെതിരെ നടപടി എടുക്കും എന്ന് നമ്മളെന്തിന് വിശ്വസിക്കണം.

കോൺഗ്രസുകാരും ബിജെപിക്കാരും പൊതുവെ ബുദ്ധിജീവി ഗണത്തിൽ വരാറില്ല. ബിജെപിയിലെ ഒരു വിഭാഗം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. നരേന്ദ്രമോദി ഭക്തസംഘമായി മാത്രം. ഇവർക്കാർക്കും സിപിഎമ്മിന്‍റേത് പോലെയുള്ള നവമാധ്യമ പിന്തുണ സംഘം ഇല്ലാത്തതുകൊണ്ട് മാത്രം സിപിഎമ്മിനെതിരെ വലിയ വിമർശനം നവമാധ്യമങ്ങളിൽ നടക്കുന്നില്ല. നേരത്തേ പറഞ്ഞതുപോലെ പി.കെ.ശശിക്ക് പകരം ഏതെങ്കിലും കോൺഗ്രസുകാരനോ ബിജെപിക്കാരനോ ഒക്കെ ആയിരുന്നു ആരോപണ വിധേയൻ എങ്കിൽ കാണാമായിരുന്നു പൂരം. 

ഇതിപ്പോൾ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പോലും പരാതിക്കായി കാത്തിരിക്കുകയാണ്. മനുഷ്യനാണല്ലോ തെറ്റുകൾ പറ്റുന്നത് സ്വാഭാവികം, പാർട്ടിക്ക് കിട്ടിയ പരാതി പാർട്ടിയുടെ രീതിയിൽ അന്വേഷിക്കും. പാർട്ടി അത് കൈകാര്യം ചെയ്യുന്ന ചില രീതികളുണ്ട്, അവർ അതു ചെയ്യും. വനിതാ കമ്മീഷന് പരാതിയൊന്നും കിട്ടിയിട്ടില്ല.  എന്നാണ് എം.സി.ജോസഫൈൻ പറഞ്ഞത്. നല്ല നിലപാടാണ് അധ്യക്ഷയുടേത്. പാർട്ടിയുടെ ഭരണത്തിൽ പാർട്ടിയിലെ സ്ത്രീകൾക്ക് പാർട്ടിയിലെ നേതാക്കളിൽ നിന്നുപോലും നീതി കിട്ടുന്നില്ലെങ്കിൽ ഇന്തെന്ത് പാർട്ടിയാണ്? ഇതെന്ത് ഭരണമാണ്? ഇതെന്തിനാണ് ഇങ്ങനൊരു വനിതാ കമ്മീഷൻ?

പാലക്കാടും മണ്ണാർകാടും ഷൊർണ്ണൂരുമൊക്കെ സിപിഎമ്മിൽ ഇപ്പോഴും വിഭാഗീയതയുണ്ട്

അച്ചടക്ക നടപടിയെപ്പറ്റി നിങ്ങളെന്തിനാണ് ബേജാറാകുന്നത്? അത് ഞങ്ങടെ പാർട്ടി തീരുമാനിക്കേണ്ട കാര്യമല്ലേ? നിങ്ങടെ കയ്യിലുണ്ടോ? കമ്യൂണിസ്റ്റ് ആരോഗ്യമെന്ന് പറഞ്ഞാൽ നിങ്ങൾക്ക് മനസിലാകില്ല, അത് സാധാരണ ഒരാൾക്ക് ഉണ്ടാകുന്നതല്ല, എന്നാണ് പി.കെ.ശശി മാധ്യമങ്ങളോട് പറഞ്ഞത്. എംഎൽഎ ആള് സൂപ്പറാണ്. വിഭാഗീയത കാലത്ത് പിണറായി പക്ഷത്തുനിന്ന് നയിച്ച ആളാണ്. എന്നാലും തനിക്ക് നേരെ നടന്ന ഗൂഢാലോചന അദ്ദേഹം തിരിച്ചറിഞ്ഞില്ല. ഇപ്പോഴാണ് അറിഞ്ഞത്. ഇപ്പോൾ അറിഞ്ഞെങ്കിലും അന്വേഷിക്കാൻ ആവശ്യപ്പെടില്ല, അതാണ് അതിന്‍റെ ഗുട്ടൻസ്. പി.കെ.ശശി അചഞ്ചലനായിരിക്കണം എന്ന് ആഗ്രഹിക്കുന്നയാളാണ് ജില്ലക്കാരനായ മന്ത്രി എ.കെ.ബാലൻ. പാർട്ടി അന്വേഷണ കമ്മീഷനിൽ എ.കെ.ബാലൻ ഉണ്ട് എന്നതാണ് പി.കെ.ശശിയുടെ ഏക ആശ്വാസം. സ്തീതുല്യതയെപ്പറ്റിയും തുല്യനീതിയെപ്പറ്റിയും രാഷ്ട്രീയശരികളെപ്പറ്റിയും നല്ല ധാരണയുള്ള നേതാവാണെന്ന് എ.കെ.ബാലൻ തെളിയിച്ചിട്ടുണ്ട്. 2016 ഒക്ടോബർ 21ന് നിയമസഭാ ചോദ്യോത്തര വേളയിൽ അട്ടപ്പാടിയിലെ പട്ടിണി മരണങ്ങളെപ്പറ്റി 'നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്, ഗർഭിണികളാണ് മരണപ്പെട്ടത്, ഗർഭിണിയായത് നിങ്ങളുടെ കാലഘട്ടത്തിലാണ്, ഞാൻ ഉത്തരവാദിയല്ല' എന്ന് പറഞ്ഞയാളാണ് അദ്ദേഹം.

അധികാരത്തിലും പദവിയിലും വളരെ താഴെയുള്ള ഒരു പെൺകുട്ടിയോട്, ആ പെൺകുട്ടി താൽപ്പര്യമില്ല എന്നു പറഞ്ഞിട്ടും മെസേജയച്ചും താൽപ്പര്യം പറഞ്ഞും ശല്യപ്പെടുത്തുന്നത് കുറ്റമാണെന്ന് ആദ്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പഠിക്കണം. പിന്നീട് അത് മുതിർന്നവരും ചെറിയവരുമായ നേതാക്കളെ പഠിപ്പിച്ചുകൊടുക്കണം. പിന്നീട്, ഈ ദുരനുഭവം ഉണ്ടാകുന്നവരുടെ കൈപിടിച്ച് അവരെ നിയമത്തിന് മുന്നിലേക്ക് എത്തിക്കണം. എന്നിട്ട് നട്ടെല്ലു നിവർത്തി പറയണം, ഇത് സിപിഎമ്മാണ് ഞങ്ങൾ വേറിട്ട പാർട്ടിയാണ് എന്ന്. അത് പറയാൻ പറ്റിയില്ലെങ്കിൽ സിപിഎമ്മും കോൺഗ്രസുമെല്ലാം ഒരേ തരത്തിലുള്ള പാർട്ടിയായി തന്നെ തുടരട്ടെ.

ഇരയുടെ വിശ്വാസത്തിന് നിരക്കുന്ന രീതിയിൽ തന്നെയാകും കമ്മീഷനും, പാർട്ടിയും മുന്നോട്ടുപോകുകയെന്ന് എ.കെ.ബാലൻ പറയുന്നു.  സിപിഎമ്മിൽ മുമ്പും ഇത്തരം പരാതികൾ ഉണ്ടായിട്ടുണ്ട്, ആരോപണ വിധേയരായവരെ സിപിഎം സംഘടനാ ചുമതലയിൽനിന്ന് മാറ്റി നിർത്തിയിട്ടുമുണ്ട്. കുറച്ചുകാലം കഴിഞ്ഞ് തിരിച്ചെടുത്തിട്ടുമുണ്ട്. ഇതാദ്യമായാണ് ഒരു പാർട്ടി എംഎൽഎക്കെതിരെ ഇത്തരമൊരു പരാതി ഉയരുന്നത്. കുറ്റം തെളിഞ്ഞാൽ ശക്തമായ നടപടിയെന്ന് എ.കെ.ബാലൻ പറയുന്നത് വിശ്വസിക്കണമെങ്കിൽ പി.കെ.ശശിയുടെ എംഎൽഎ പദം പാർട്ടി രാജി വയ്പ്പിക്കണം. എംഎൽഎ പദത്തിൽ ഇരുന്ന് നടത്തിയ അതിക്രമത്തിന് അതിൽക്കുറഞ്ഞ ശിക്ഷയില്ല. പി.കെ.ശശിയുടെ സ്വന്തം ചങ്ക് ബ്രോ എ.കെ.ബാലൻ പറഞ്ഞ കാര്യങ്ങൾ അന്വേഷണ കമ്മീഷനിലിരുന്ന് നടപ്പാക്കുമോ എന്ന് കാത്തിരിക്കാം. 

പാലക്കാടും മണ്ണാർകാടും ഷൊർണ്ണൂരുമൊക്കെ സിപിഎമ്മിൽ ഇപ്പോഴും വിഭാഗീയതയുണ്ട്. പുതിയ ചേരികളാണ് എന്നുമാത്രം. പി.കെ.ശശി ഇപ്പോൾ ഒന്നൊഴിവായാൽ വരുന്ന തെരഞ്ഞെടുപ്പിൽ ആ സീറ്റ് മോഹിക്കുന്ന ധാരാളം പേർ ജില്ലയിലുണ്ട്. ഇപ്പോൾ ഒന്നുമുണ്ടായില്ലെങ്കിൽ ഇനി ഏറെക്കാലം പി.കെ.ശശി കരുത്തനായി തന്നെ തുടരും, ഒരവസരവും തങ്ങൾക്ക് കിട്ടില്ല എന്നീ സ്ഥാനമോഹികൾക്ക് അറിയാം. കുഴിയിലേക്ക് ചാടിയ ശശി എല്ലാവർക്കും കളിക്കാൻ അവസരവും നൽകി. 

പ്രതി ബിഷപ്പായതുകൊണ്ട് എസ്.പിക്ക് മുട്ടിടിക്കും.  ഡിജിപി നേരിട്ടുവന്ന് അവലോകനം നടത്തും

സ്ത്രീപക്ഷം എന്ന പ്രതിച്ഛായ ഉണ്ടാക്കി അധികാരത്തിൽ വന്നവരാണ് ഇടതുപക്ഷം. പി.കെ.ശശിക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല എന്ന് തുടക്കത്തിൽ കുറ്റപ്പെടുത്തിയ മഹാരഥികളായ വനിതാ, യുവ സിംഹങ്ങൾ ബിഷപ് ഫ്രാങ്കോയ്ക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ല. അതായത് പ്രതിസ്ഥാനത്ത് മതമേധാവികളോ, സിപിഎം നേതാക്കളോ വരുകയാണെങ്കിൽ 'അവൾക്കൊപ്പം' എന്നതിനൊപ്പം 'അവനുവേണ്ടിയും' എന്നുകൂടി ചേർക്കുന്നവരാണ് ഇവർ. താരസംഘടനയുടെ അതേ നയം. വേട്ടക്കാരനൊപ്പം നിന്നുകൊണ്ട്, ഇരക്കൊപ്പം ഓടുന്ന പിണറായി സർക്കാരിനും ഇടത് അനുകൂലികൾക്കും നല്ല നമസ്കാരം

കന്യാസ്ത്രീകളും പുരോഹിത വിഭാഗത്തിൽ പെടുന്നവരാണ്. സഹപ്രവർത്തകയായ കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിലെ കുറ്റക്കാരനെതിരെ നടപടി വേണം എന്നാണ് ആവശ്യം. മഠം വിട്ട് തെരുവിൽ പ്രതിഷേധത്തിന് ഇറങ്ങേണ്ടിവന്നിരിക്കുന്ന കന്യാസ്ത്രീകൾക്ക്. ഇതാണോ ഇടതു സർക്കാരിന്‍റെ സ്ത്രീസംരക്ഷണം? അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം എസ്.പി ഹരിശങ്കർ പറയുന്നു കിട്ടിയ തെളിവുകൾ അനുസരിച്ച് അറസ്റ്റിനുള്ള സമയമായിട്ടില്ല എന്ന്. ഈ എസ്.പിക്ക് കീഴിലുള്ള ഡിവൈഎസ്.പിയാണ് ബിഷപ്പിനെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ബിഷപ് പദവിയില്ലാത്ത വെറുമൊരു ഫ്രാങ്കോ ആയിരുന്നു കുറ്റാരോപിതനെങ്കിൽ പണ്ടേക്കുപണ്ടേ അകത്തുകിടന്ന് ഉണ്ട തിന്നേനെ. പ്രതി ബിഷപ്പായതുകൊണ്ട് എസ്.പിക്ക് മുട്ടിടിക്കും.  ഡിജിപി നേരിട്ടുവന്ന് അവലോകനം നടത്തും, കൂടിയാലോചനകൾ ഒരുപാട് നടക്കും. ഭരിക്കുന്നത് പിണറായി വിജയനാണ് എന്ന ഭക്തസംഘത്തിന്‍റെ പാട്ട് അപ്പോഴും പശ്ചാത്തലത്തിൽ ഉണ്ടാകും. പിണറായി വിജയൻ പൊലീസ് ഭരണം നടത്തുന്ന നാട്ടിൽ ഫ്രാങ്കോ മുളയ്ക്കൽ എന്ന ബലാത്സംഗക്കേസിലെ പ്രതി രൂപതയുടെ രജതജൂബിലി ആഘോഷത്തിന് കേക്ക് മുറിക്കും. അതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന സ്ത്രീസംരക്ഷണം. ഇതിനിടയിലേക്കാണ് പി.കെ.ശശിക്കെതിരായ പരാതി പൊലീസിൽ എത്തിക്കണം എന്ന് നമ്മൾ പറയുന്നത്.

click me!