
പശുക്കള്‍ക്ക് വേണ്ടി നിറച്ചു വെച്ച തോടുപോലുള്ള തൊട്ടിയില്‍ വെള്ളം വീഴുന്ന ഒച്ച കേട്ട്, പശുക്കള്‍ അയവിറക്കുന്ന ശബ്ദം കേട്ട്, പുലര്‍ച്ചെ അവയ്ക്ക് വേണ്ടി നിറച്ചു വെച്ച വെള്ളം എടുത്ത് കുളിച്ച്, ജോലിക്ക് പോയ മറ്റൊരു ജന്തുജീവിതംപോലെ ഒന്ന്... എന്നാല്‍, നമ്മുടെ രാഷ്ട്രീയത്തില്‍ ‘പശുബെല്‍ട്ട്’ കളിക്കുന്ന കളി ഞാന്‍ മനസ്സിലാക്കുന്നത് ഇതില്‍ നിന്നൊന്നുമല്ല, ഒ. വി. വിജയന്‍റെ രാഷ്ട്രീയക്കുറിപ്പുകളില്‍ നിന്നാണ്. ഒരാളുടെ കലയില്‍, ജീവിതത്തില്‍, രാഷ്ട്രീയം എത്ര പ്രധാനമാകുന്നു എന്ന് മനസ്സിലാക്കുന്നത് അങ്ങനെയാണ്.
''ആട്ടെ, ഒരു കാര്യം ഇവര്‍ക്കെല്ലാവര്‍ക്കും വേണ്ടി ഞാന്‍ ചോദിക്കട്ടെ, ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ക്ക് എന്താണ് ചെയ്യാന്‍ പറ്റുക?” ഒരു ദിവസം, കപ്വ്വ്ലിനോട് ഒരു പശു ചോദിച്ചു. അയാളുടെ കൃഷിക്കളത്തിലെ എല്ലാ പശുക്കള്‍ക്കും വേണ്ടിയായിരുന്നു ആ പശുവിന്‍റെ ചോദ്യം. ഈ ഒരു ചോദ്യമാണ്, സ്വിറ്റ്സര്‍ലന്‍ഡില്‍ അടുത്ത ഞായറാഴ്ച നടക്കാനിരിക്കുന്ന ജനഹിതപരിശോധനയുടെ ആദ്യ പടിയായത്. 'പശുക്കള്‍ക്ക് കൊമ്പ് വേണോ, അതോ വേണ്ടയോ' എന്ന ചോദ്യമുയര്‍ത്തിക്കൊണ്ട്, പശുക്കള്‍ക്ക് ജന്മനായുള്ള അവയുടെ കൊമ്പ് വളര്‍ത്താനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി അങ്ങനെ ഒരു സമരം തന്നെ തുടങ്ങി. കപ്വ്വ്ല്‍, എഴുപതു വയസ്സ് കഴിഞ്ഞ ഒരു കര്‍ഷകനാണ്. തന്‍റെ രാജ്യത്തെ മുഴുവന്‍ പശുക്കള്‍ക്കും വേണ്ടി തുടങ്ങിയ ഈ ‘സമധാന പ്രക്ഷോഭം’, ഇപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ മുഴുവനും സംസാരവിഷയമാക്കിയിരിക്കുന്നു.
സ്വിറ്റ്സര്‍ലന്‍ഡില്‍ പശുക്കള്‍ ഏറെക്കുറെ ദേശീയ മൃഗമത്രെ, ജീവിതത്തിന്‍റെ എല്ലായിടത്തും അവരെ കാണാം. സന്ദര്‍ശകരെയും അവ ആകര്‍ഷിക്കുന്നു. ഒരു നല്ല പുലര്‍ച്ചെ ഹോട്ടല്‍ വാതുക്കല്‍ കേട്ട മധുരതരമായ മണികിലുക്കം കേട്ടു ഉണര്‍ന്ന്, ജനാലക്കല്‍ വന്നു നോക്കുമ്പോള്‍ കണ്ട പശുക്കളുടെ കൂട്ടത്തെ, അമ്പാടിയിലെ കാഴ്ച്ചപോലെ എന്ന് ഒരിക്കല്‍ ഒരു ചങ്ങാതിയും എന്നോട് വര്‍ണ്ണിച്ചിരുന്നു.
പശുക്കളുടെ കൊമ്പ് മുറിക്കുക, അല്ലെങ്കില്‍ അവയുടെ ജീനില്‍ത്തന്നെ കൊമ്പ് ഇല്ലാതാക്കുക, സ്വിറ്റ്സര്‍ലന്‍ഡ് അങ്ങനെയൊരു രാജ്യമാണ്. ''പക്ഷെ നിങ്ങള്‍ കണ്ടില്ലേ, പശുക്കള്‍ മുഴുവന്‍ തലതാഴ്ത്തി നടക്കുകയാണ്'', കപ്വ്വ്ല്‍ പറയുന്നു. അത് അവയ്ക്ക് നേരിടേണ്ടിവന്ന അപമാനം കൊണ്ടാണ്. കൊമ്പുകള്‍, അതാണ് അവയുടെ അഭിമാനത്തിന്‍റെ അടയാളം...
നമ്മുടെ രാഷ്ട്രീയത്തില്‍ ‘പശുബെല്‍ട്ട്’ കളിക്കുന്ന കളി ഞാന്‍ മനസ്സിലാക്കുന്നത് ഇതില്‍ നിന്നൊന്നുമല്ല
ഈ വാര്‍ത്തകള്‍ ഞാന്‍ പിന്‍പറ്റുന്നത് ഉത്തര ഇന്ത്യയിലെ ‘പശു രാഷ്ട്രീയ’ത്തിന്‍റെ ഓര്‍മ്മയിലാണ്. ഞാനാകട്ടെ, എന്‍റെ ജീവിതത്തിലെ ദുരിതം നിറഞ്ഞ ആറോ എഴോ മാസം ഒരു ഗുജറാത്തി ഗോശാലയുടെ മുറ്റത്ത്, താമസിക്കാന്‍ നല്ല ഇടമൊന്നും ഇല്ലാതെ, മറ്റു പല ‘തെണ്ടി’കളെയും പോലെ, അന്തിയുറങ്ങിയിട്ടുമുണ്ട്. പശുക്കള്‍ക്ക് വേണ്ടി നിറച്ചു വെച്ച തോടുപോലുള്ള തൊട്ടിയില്‍ വെള്ളം വീഴുന്ന ഒച്ച കേട്ട്, പശുക്കള്‍ അയവിറക്കുന്ന ശബ്ദം കേട്ട്, പുലര്‍ച്ചെ അവയ്ക്ക് വേണ്ടി നിറച്ചു വെച്ച വെള്ളം എടുത്ത് കുളിച്ച്, ജോലിക്ക് പോയ മറ്റൊരു ജന്തുജീവിതംപോലെ ഒന്ന്... എന്നാല്‍, നമ്മുടെ രാഷ്ട്രീയത്തില്‍ ‘പശുബെല്‍ട്ട്’ കളിക്കുന്ന കളി ഞാന്‍ മനസ്സിലാക്കുന്നത് ഇതില്‍ നിന്നൊന്നുമല്ല, ഒ. വി. വിജയന്‍റെ രാഷ്ട്രീയക്കുറിപ്പുകളില്‍ നിന്നാണ്. ഒരാളുടെ കലയില്‍, ജീവിതത്തില്‍, രാഷ്ട്രീയം എത്ര പ്രധാനമാകുന്നു എന്ന് മനസ്സിലാക്കുന്നത് അങ്ങനെയാണ്.
ഇന്ന്, ആര്‍എസ്.എസ് നേതൃത്വം നല്‍കുന്ന “ഉത്തര-ഇന്ത്യന്‍” ആധിപത്യ രാഷ്ട്രീയത്തില്‍ എത്രമാത്രം മനുഷ്യ വിരുദ്ധവും എത്രമാത്രം ജന്തുവിരുദ്ധവും അതുകൊണ്ടൊക്കെത്തന്നെ എത്രമാത്രം ദേശവിരുദ്ധവുമായാണ് ഈ പശു രാഷ്ട്രീയം ഇടപെടുന്നത് എന്നറിയാന്‍ ഇപ്പോള്‍ കേരളത്തിലെ ‘സേവ് ശബരിമല’ ബഹളങ്ങളില്‍ മനസ്സിലാക്കാന്‍ പറ്റും. ഈ ‘ശരണംവിളി’ കേരളത്തില്‍ ഇന്നുവരെയുണ്ടായ എല്ലാ ‘സര്‍ഗാത്മക മുദ്രാവാക്യ’ങ്ങളെയും റദ്ദ് ചെയ്തു എന്ന് പരത്താന്‍ ഇരിക്കുന്ന മലയാളി ആര്‍ എസ് എസ് നേതാവും ‘പൊതുമാദ്ധ്യമ’ത്തിലെ അയാളുടെ എഴുത്തുകാരനും വരെ തങ്ങളുടെ ബര്‍മുഡ മുറുക്കികെട്ടി വെച്ചിരിക്കുന്നത് ഇത്തരമൊരു പശുബെല്‍റ്റുകൊണ്ടാണ്.
അല്ലെങ്കില്‍, ആലോചിച്ചു നോക്കൂ, ഈ മണ്ഡലമാസവും കഴിഞ്ഞ് നാം നേരിടാന്‍ പോകുന്ന ദിനേനയുള്ള കേരളത്തെക്കുറിച്ച്: അടിമുടി തകര്‍ത്ത ഒരു വെള്ളപ്പൊക്കത്തിനു ശേഷമുള്ള കേരളം, എത്ര ദീനമാണ് അതിന്‍റെ വിധി! എത്ര വേഗമാണ് നമ്മുടെ സര്‍ക്കാര്‍, നമ്മുടെ ജനവിരുദ്ധ രാഷ്ട്രീയക്കാര്‍ ഈ ‘വിധി’യെ അവരുടെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത്!
മറ്റൊരിടത്ത് അത് വെറുപ്പിന്‍റെയും ഹിംസയുടെയും ആധിപത്യരാഷ്ട്രീയമാകുന്നു
പക്ഷെ, ഇന്നുവരെ ഒരു ദൈവവും മനുഷ്യനു നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല, കാരണം ദൈവത്തിനു നല്ല പേടിയുണ്ട്, അങ്ങനെ ജീവിച്ചാല്‍ ഒറ്റ ദിവസംകൊണ്ട് താനും ഒരു ചെകുത്താനാകും എന്നതുകൊണ്ട്. തന്നെയും മനുഷ്യര്‍ ഭയക്കാന്‍ തുടങ്ങും, വെറുക്കാന്‍ തുടങ്ങും എന്നതുകൊണ്ട്. ശബരിമല ശ്രീ ധര്‍മ്മശാസ്താവ് ഇന്ന് നേരിടുന്ന ആ ആത്മീയ പ്രതിസന്ധിയെയാണ്, ഇന്നലെ എന്‍റെ ഒരു സുഹൃത്ത് അവളുടെ എഴുത്തിന് കേരളത്തിനു പറ്റിയ ഒരു തലക്കെട്ടാക്കിയത് : “Menstrual hartal''.
ഒരു രാജ്യത്തിന്‍റെ ഒരു പ്രതീകം, ഒരു അടയാളം, ഒരു ഓര്‍മ്മ, എങ്ങനെയൊക്കെ ഒരു സമൂഹത്തിന്‍റെ പാരമ്പര്യത്തില്‍ ഓരോ കാലത്തിലും ഇടപെടുന്നു എന്ന് മനസ്സിലാക്കാന്‍, സ്വിറ്റ്സര്‍ലന്‍ഡിലെയും ഇന്ത്യയിലെയും ഇന്നത്തെ പശുരാഷ്ട്രീയം ഓര്‍മ്മിപ്പിക്കുകയായിരുന്നു. ഒരിടത്ത് അതൊരു കാഴ്ച്ചപ്പാടിന്‍റെ പുനര്‍വിചാരത്തിന് ഹേതുവാകുന്നുവെങ്കില്‍, മറ്റൊരിടത്ത് അത് വെറുപ്പിന്‍റെയും ഹിംസയുടെയും ആധിപത്യരാഷ്ട്രീയമാകുന്നു.
കേരളം, ഇന്ന് നേരിടുന്നത് ആചാരത്തിന്‍റെയൊ വിശ്വാസത്തിന്‍റെയൊ പ്രശ്നമല്ല. മറിച്ച്, രണ്ടാമത് പറഞ്ഞ വെറുപ്പിന്‍റെയും ഹിംസയുടെയും മറ്റൊരു പശു രാഷ്ട്രീയത്തിന്‍റെ പ്രകാരഭേദമാണ്. അതുകൊണ്ടുതന്നെ ഇതിനെ എതിര്‍ക്കേണ്ടത് നമ്മുടെ ഭാഷയുടെയും നാടിന്‍റെയും ദേശീയ സംസ്കാരംകൊണ്ടാണ്. മൂന്നു പ്രമുഖമതങ്ങളുടെ സകല വിശ്വാസധാരകളും രാഷ്ട്രീയത്തിന്‍റെ നൂതനാശയങ്ങള്‍കൊണ്ട് ജ്ഞാനസ്നാനം ചെയ്യുന്ന ദിവസങ്ങള്‍കൊണ്ട്. അത് ഒട്ടും ഗൃഹാതുരത്വമായ ഏര്‍പ്പാടുമല്ല. ഇന്ന്, അതിനെ തടയുന്നത് ഒരു കൂട്ടം യാഥാസ്ഥിതികരായ രാഷ്ട്രീയപ്രഭുക്കളാണ്, അവരില്‍ വലതും ഇടതും വര്‍ഗീയവാദിയുമുണ്ട്. അവരുടെ പാരമ്പര്യപ്രഭാഷകരുമുണ്ട്. അതുകൊണ്ട് സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുമുണ്ട്.