'ഞാന്‍ പോയാലും അമ്മ നീതിക്ക് വേണ്ടി പോരാടണം'; കൊലചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടി അവസാനമായി പറഞ്ഞത്

By Web TeamFirst Published Dec 23, 2018, 12:58 PM IST
Highlights

'എനിക്ക് ഈ ജീവിതം കൊണ്ട് പോരാടാനായില്ല. പക്ഷെ, അമ്മ വിട്ടുകൊടുക്കരുത്. നീതിക്കായി പോരാടണം' എന്നാണ് അവള്‍ അവസാനമായി പറഞ്ഞതെന്ന് അമ്മ അനിത പറയുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥയാകണമെന്നായിരുന്നു അവളുടെ ആഗ്രഹം. 

ആഗ്ര: ചൊവ്വാഴ്ചയാണ് സ്കൂളില്‍ നിന്ന് മടങ്ങും വഴി സഞ്ജലി ചാണക്യ എന്ന പത്താം ക്ലാസുകാരി കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേര്‍ ഈ ദളിത് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. അവള്‍ക്ക് 55 ശതമാനം പൊള്ളലേറ്റിരുന്നു. ശ്വാസനാളത്തിലും പൊള്ളലേറ്റു. 

നൌമീല്‍ ഗ്രാമത്തിലെ അഷര്‍ഫി ദേവി ചിദ്ദ സിങ് ഇന്‍റര്‍കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു സഞ്ജലി. ഐ.പി.എസ്സുകാരിയാകണമെന്ന് മോഹിച്ച മിടുക്കിയായ പെണ്‍കുട്ടി. അജ്ഞാതരായ രണ്ട് പേര്‍ തീ കൊളുത്തിയ പെണ്‍കുട്ടിയെ ആദ്യം എസ്.എന്‍ മെഡിക്കല്‍ കോളേജിലും പിന്നീട് ദില്ലിയിലെ സഫ്ദര്‍ജങ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയായിരുന്നു. 36 മണിക്കൂര്‍ നീണ്ട ചികിത്സ നല്‍കിയെങ്കിലും അവള്‍ രക്ഷപ്പെട്ടില്ല. 

സഞ്ജലിക്കെതിരെ അക്രമം നടത്തിയത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അവളുടെ കുടുംബത്തിനും അതിനെ കുറിച്ച് യാതൊരു വിവരവുമില്ല. തനിക്കോ തന്‍റെ കുടുംബത്തിനോ ശത്രുക്കളാരും തന്നെയില്ലെന്ന് സഞ്ജലിയുടെ അച്ഛന്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ ദളിതരായതുകൊണ്ടായിരിക്കണം തങ്ങള്‍ക്ക് നേരെ അക്രമം നടന്നതെന്നാണ് സഞ്ജലിയുടെ അച്ഛനായ ഹരേന്ദ്ര സിങ് പറഞ്ഞത്. തനിക്കോ കുടുംബത്തിനോ ആ പ്രദേശത്ത് ആരും ശത്രുക്കളില്ല. എന്നാല്‍, കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ അജ്ഞാതരായ രണ്ടുപേര്‍ ബൈക്കില്‍ പിന്തുടരുകയും അക്രമിക്കുകയും ചെയ്തിരുന്നുവെന്നും ഹരേന്ദ്രസിങ് പറഞ്ഞിരുന്നു. അന്ന്, തന്‍റെ തലയുടെ പിറകില്‍ അടിയേല്‍ക്കുകയായിരുന്നു. കള്ളന്മാരാകുമെന്നാണ് കരുതിയിരുന്നത്. പക്ഷെ, അത് തന്‍റെ മകളുടെ കൊലപാതകത്തില്‍ എത്തി നില്‍ക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറയുന്നു. ദളിതരായതുകൊണ്ടാണ് താന്‍ അക്രമിക്കപ്പെട്ടതും മകള്‍ കൊല്ലപ്പെട്ടതും എന്നും സഞ്ജലിയുടെ അച്ഛന്‍ പറയുന്നുണ്ട്. 

താന്‍ ഇല്ലാതായാലും അമ്മ നീതിക്ക് വേണ്ടി പോരാടുന്നത് അവസാനിപ്പിക്കരുതെന്നാണ് മകള്‍ തന്നോട് അവസാനമായി പറഞ്ഞതെന്ന് സഞ്ജലിയുടെ അമ്മ ഓര്‍മ്മിക്കുന്നു. ' എനിക്ക് ഈ ജീവിതം കൊണ്ട് പോരാടാനായില്ല. പക്ഷെ, അമ്മ വിട്ടുകൊടുക്കരുത്. നീതിക്കായി പോരാടണം' എന്നാണ് അവള്‍ അവസാനമായി പറഞ്ഞതെന്ന് അമ്മ അനിത പറയുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥയാകണമെന്നായിരുന്നു അവളുടെ ആഗ്രഹം. പക്ഷെ, ആ ആഗ്രഹം നടത്തിക്കൊടുക്കാന്‍ തനിക്ക് കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നു. പക്ഷെ, എങ്ങനെയായാലും ആ ആഗ്രഹം നടത്തിയെടുക്കുമെന്ന് അവള്‍ പറഞ്ഞിരുന്നു. ഇന്‍റര്‍ കോളേജ് ക്വിസ് മത്സരത്തില്‍ സമ്മാനം നേടിയിരുന്നു അവള്‍. അങ്ങനെ ഒരു  സൈക്കിള്‍ നേടിയിരുന്നുവെന്നും ഹരേന്ദ്ര സിങ് ഓര്‍മ്മിക്കുന്നു.

അതേസമയം സഞ്ജലിയുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. കൊലപാതകികളെ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്തില്ലെങ്കില്‍ വലിയ സമരപരിപാടികളുമായി തെരുവിലേക്കിറങ്ങുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു. നാട്ടുകാര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. താന്‍ നേതാവായിട്ടല്ല. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരാനായി അധികാരികള്‍ക്കടുത്തെത്തും. ഞങ്ങള്‍ക്ക് നീതി വേണം. അവളെ കത്തിച്ചുകളഞ്ഞവരെ പിടികൂടണമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞിരുന്നു. 

എത്രയും വേഗം പ്രതികളെ പിടികൂടണമെന്നും അറസ്റ്റ് ചെയ്ത് വേഗത്തില്‍ കോടതിനടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ദളിത് നേതാവും ഗുജറാത്ത് വദ്ഗാം എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിയും ആവശ്യപ്പെട്ടിരുന്നു. 

click me!