രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂര്‍ നേരം കോച്ചിങ്ങ് സെന്‍ററായി മാറുന്ന ഒരു റെയില്‍വേ സ്റ്റേഷന്‍

By Web TeamFirst Published Dec 22, 2018, 12:40 PM IST
Highlights

ഈ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി പാറ്റ്ന റെയില്‍വേ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനായ ജിതേന്ദ്ര മിശ്ര 500 യുവാക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഇവരെല്ലാവരും അവിടെ ഒരു വൈദ്യുത വിളക്കിന്‍റെ വെട്ടത്തിലിരുന്ന് വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നു.
 

ഒറ്റനോട്ടത്തില്‍ ബിഹാറിലെ സാസാറാം റെയില്‍വേ സ്റ്റേഷനും സാധാരണ റെയില്‍വേ സ്റ്റേഷനുകള്‍ പോലെയാണ്. ട്രെയിന്‍ കയറാനെത്തുന്നവരുടെ ശബ്ദങ്ങളും തിരക്കുകളും, കാത്തിരിപ്പുകാരുടെ പ്രതീക്ഷകള്‍ അങ്ങനെയൊക്കെ. 

എന്നാല്‍, ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളുടെ ഒരു വശത്ത് ഒരു കൂട്ടം യുവാക്കള്‍ കുറച്ച് പഠനസാമഗ്രികളുമായി ഇരിക്കുന്നത് കാണാം. പരസ്പരം സംസാരിക്കുന്നതും. ഇത് വല്ലപ്പോഴും സംഭവിക്കുന്ന ഒന്നല്ല. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂര്‍ നേരം ഇത് തുടരും. ആ രണ്ട് മണിക്കൂര്‍ നേരത്തേക്ക് റെയില്‍വേ സ്റ്റേഷനിലെ ഈ രണ്ട് പ്ലാറ്റ്ഫോമുകളും കോച്ചിങ് സെന്‍ററുകളായി രൂപം മാറും. യുവാക്കള്‍ അവിടെയിരുന്ന് വിവിധ പ്രവേശന പരീക്ഷകള്‍ക്കായും മറ്റും പഠിക്കുന്നത് കാണാം. 

ഈ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി പാറ്റ്ന റെയില്‍വേ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനായ ജിതേന്ദ്ര മിശ്ര 500 യുവാക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഇവരെല്ലാവരും അവിടെ ഒരു വൈദ്യുത വിളക്കിന്‍റെ വെട്ടത്തിലിരുന്ന് വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നു.

വിവിധ പരീക്ഷകളില്‍ വിജയിച്ച് ഗവണ്‍മെന്‍റ് ജോലി നേടിയവര്‍ ഇവര്‍ക്കായി കോച്ചിങ് നല്‍കുന്നു. സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് ഈ പരിശീലനം നേടുന്നത്. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായി നിലനില്‍ക്കുന്ന റോത്താസില്‍ നിന്നടക്കം ആയിരത്തി ഇരുന്നൂറോളം പേരാണ് ഇവിടെയെത്തി പരിശീലനം നേടുന്നത്. 

അവിടെയുള്ളതെല്ലാം വൈദ്യുതി പോലും ഇല്ലാത്ത ഗ്രാമങ്ങളാണ്. അതിനാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ റെയില്‍വേ സ്റ്റേഷനിലെ വിളക്കിന്‍റെ വെട്ടത്തില്‍ പഠിക്കുന്നുവെന്ന് പ്രദേശവാസിയായ വിക്കി കുമാര്‍ പറയുന്നു. സന്തോഷ് എന്ന യുവാവ് പറയുന്നു, ''കുറച്ച് മാസങ്ങളായി ഇവിടെ പരിശീലനത്തിനെത്തുന്നുണ്ട്. 100 ചോദ്യങ്ങളടങ്ങുന്ന ഒരു സെറ്റിന് വെറും മൂന്ന് രൂപ മാത്രമാണ് തനിക്ക് നല്‍കേണ്ടി വന്നത്.''

ആനുകാലിക സംഭവങ്ങള്‍ക്ക് പുറമെ ഗണിതം, ഭാഷ, എന്നിവയെല്ലാം ഇവിടെ പരിശീലിപ്പിക്കുന്നു. ഒരു ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നത് എങ്ങനെ എന്നുവരെ ഇവിടെ നിന്ന് പരിശീലിപ്പിക്കുന്നു. സ്റ്റേഷനിലെ ഓരോ കടയിലുള്ളവര്‍ക്കും ഇവരെ അറിയാം. ഇവരെ വിളിക്കുന്നത് തന്നെ 'സ്റ്റേഷന്‍ ബോയ്സ്' എന്നാണ്. ചില വിദ്യാര്‍ത്ഥികള്‍ രാത്രി മുഴുവന്‍ ഇവിടെയിരുന്ന് പഠിക്കുന്നവരുമുണ്ട്. 

സീനിയേഴ്സിന്‍റെ പിന്തുണയും വൈദ്യുതിയും വിദ്യാര്‍ത്ഥികളെ വീണ്ടും വീണ്ടും ഇവിടെയെത്തിക്കുന്നു. പല സ്വപ്നങ്ങളുമായി അവര്‍ സ്റ്റേഷനിലെ പഠനവും പരിശീലനവും തുടരുകയാണ്. 

click me!