
അര്‍ഹതപ്പെട്ട ഫെലോഷിപ്പിന് കിട്ടാതായിട്ട് ഒമ്പത് മാസമായി. അതിനുവേണ്ടി സര്‍വകലാശാലാ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് ഒരു മാസവും 20 ദിവസവുമായി. എന്നിട്ടും സ്വന്തം കീശയില്‍നിന്ന് പണം എടുത്തു നല്‍കുന്നുവെന്ന ഭാവമാണ് ഉദ്യോഗസ്ഥര്‍ക്ക്. ഫേസ്ബുക്കില്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പിലാണ് ശ്രീദേവി പി.എസ് എന്ന മിടുക്കിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യയുടെ വക്കിലെത്തിയ സ്വന്തം ജീവിതാനുഭവം വിവരിക്കുന്നത്്.
2013 ഡിസംബര്‍ 4ന് എം.ഫില്‍ ഇന്റഗ്രേറ്റഡ് പിഎച്ച് ഡിക്ക് യു.ജി.സി ജെ.ആര്‍ എഫ് ഉള്ളതുകൊണ്ടു മാത്രം പ്രവേശനം ലഭിച്ച ഒരു ദളിത് വിദ്യാര്‍ത്ഥിനിയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പൊള്ളുന്ന അനുഭവം അവര്‍ പകര്‍ത്തുന്നത്. വിദ്യാഭ്യാസത്തിന്റെ എല്ലാ കാലങ്ങളിലും അനുഭവിച്ച ജാതീയമായ പീഡനങ്ങള്‍ അക്കമിട്ട് നിരത്തിയ ശേഷമാണ്, ഇനിയുമിത് സഹിക്കേണ്ട കാര്യമില്ലെന്ന് അവര്‍ പറയുന്നത്.
ഇതാണ് ആ ഫേസ്ബുക്ക് പോസ്റ്റ്:
ആത്മഹത്യ ചെയ്താലോ കൊലപാതകം ചെയ്യപ്പെട്ടാലോ മാത്രം
വാര്‍ത്തയാകുന്ന വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ സംഘടനകളും ഏറ്റെടുത്തേക്കാവുന്ന ചില കാര്യങ്ങള്‍ സൂചിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.
2013 ഡിസംബര്‍ 4ന് എം.ഫില്‍ ഇന്റഗ്രേറ്റഡ് പിഎച്ച് ഡിക്ക് യു.ജി.സി ജെ.ആര്‍ എഫ ഉള്ളതുകൊണ്ടു മാത്രം പ്രവേശനം ലഭിച്ച ഒരു ദളിത് വിദ്യാര്‍ത്ഥിനിയാണ്. അങ്ങിനെ പറയേണ്ടി വരുന്നത് ഒരു ദളിത് വിദ്യാര്‍ത്ഥിനി അനുഭവിക്കുന്ന സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ അസമത്വങ്ങള്‍ക്കുള്ളില്‍ ജീവിക്കുന്നതു കൊണ്ടു തന്നെയാണ്.
വലിയൊരു സൈദ്ധാന്തികയാകണമെന്നോ പി എച്ച് ഡി എടുത്ത് ഡോക്ടര്‍ എന്ന പദവി പേരിനോടു ചേര്‍ത്ത് വെക്കാനുള്ള ആഗ്രഹം കൊണ്ടൊന്നുമ്മല്ല; പഠിക്കാന്‍ ഏറെ താല്പര്യമുള്ളതുകൊണ്ടാണ് പഠിക്കാനിറങ്ങി പുറപ്പെട്ടത്.
യു.ജി.സി അനുവദിച്ചിട്ടുള്ള കാലയളവില്‍ ഗവേഷണം പൂര്‍ത്തിയാക്കണമെന്ന ആത്മായ ആഗ്രഹം പോയിട്ട് തുടര്‍ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ്. ഒന്‍പതു മാസമായി ഫെല്ലോഷിപ്പ് കിട്ടിയിട്ട്. ഫെല്ലോഷിപ്പിന് അപേക്ഷ നല്‍കി ഓഫീസ് കയറിയിറങ്ങി നടക്കാന്‍ തുടങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു മാസവും ഇരുപതു ദിവസവും തികയുന്നു. ഇതൊക്കെ അവരുടെ ശമ്പളത്തില്‍ നിന്നും എടുത്തു തരുന്നതാണെന്നാണ് ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ പൊതുവേയുള്ള ഭാവം.( ചില മനുഷ്യന്‍മാരൊക്കെ അവിടെയും ഉണ്ടെന്ന സത്യം മറക്കുന്നില്ല.)
ഈ സര്‍വ്വകലാശാല കെട്ടിടം പണിയാന്‍ വേണ്ടി മാത്രം നടത്തുന്നതാണോ എന്ന ഒരു സംശയം മുന്നോട്ട് വെയ്ക്കുന്നു.
മുന്നറിയിപ്പ്:
ഗവേഷണം പാതിവഴിയില്‍ വെച്ച് നിര്‍ത്തിപ്പോയാലോ ആത്മഹത്യ ചെയ്താലോ ഇവിടത്തെ ഒറ്റ വിദ്യാര്‍ത്ഥി സംഘടനകളും അത് ആഘോഷിക്കരുത്. വിദ്യാഭ്യാസ സ്ഥാപനം കൊലപ്പെടുത്തിയ ഒരിരയായി എന്നെ ആരും പ്രശസ്തയാക്കണ്ട.
മൂന്നു നാലു കൊല്ലമായി ഇതേ കഷ്ടതകളോട് ഏറ്റുമുട്ടി ഈ സര്‍വകലാശാലയില്‍ തന്നെ ജീവിക്കുന്ന ഒരുവളാണ്.
എന്തായാലും അകമഴിഞ്ഞ നന്ദിയുണ്ട്. അങ്ങ് കേന്ദ്രത്തിലെ പ്രജാപതിക്ക് തൊട്ട് ഇവിടത്തെ അധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും. പിന്നെ എന്നെ ഞാനാക്കിയ എന്റെ ഇല്ലായ്മകള്‍ക്കും.
നന്ദി
എത്ര അലക്കിയിട്ടും പോകാന്‍ കൂട്ടാക്കാതെ ഒരു കലാബോധവുമില്ലാണ്ട് വെള്ള ഷര്‍ട്ടില്‍ അവിടവിടെ പരുന്നു കിടന്ന കരിമ്പന്‍ കുത്തുകള്‍ക്ക്...
കീറിപ്പോയ കോളറുകളെ വിട്ടുപോയ ബട്ടനുകളെ ചേര്‍ത്ത് തുന്നിയ നൂലുകള്‍ക്ക്....
വലുപ്പങ്ങള്‍ ചെറുതാക്കിയതുകൊണ്ട് മാത്രമല്ല, ചില വലുപ്പങ്ങള്‍ ഉള്ളിലുള്ളതുകൊണ്ടും ' പാകമായാല്‍ മാത്രമിട്ടാമതീന്ന് ' പറഞ്ഞ് അയല്‍പക്കത്തെ ഉമ്മ തന്ന മുട്ടിനിടിയിലേയ്ക്ക് നീണ്ടു കിടന്ന യൂണിഫോം പാവാടയ്ക്ക്.....
ആരോ പഠിച്ച് ബാക്കി വെച്ച പുസ്തകങ്ങളെ നനയ്ക്കാതെ കാത്ത കവറുകള്‍ക്ക് ....
ഭൂപടങ്ങളിലെ നീല സമുദ്രങ്ങളെ മറക്കാതിരിക്കാന്‍ സൂചനകള്‍ നല്കികൊണ്ടേയിരുന്ന വീവാറു ചെരുപ്പിന്.... ചെരുപ്പിനിട ഭാഗം താങ്ങി ഓരോ നടത്തത്തിലും വീഴാതെ പിടിച്ചു നിര്‍ത്തിയ സൂചികള്‍ക്ക്....
വരാന്തയില്‍ ഈച്ചകള്‍ക്കൊപ്പമിരുന്ന് തിന്നു തീര്‍ത്ത എലിക്കാട്ടവും പുഴുവും ഒളിഞ്ഞിരുന്ന് പലിളിച്ച ചോറിനും കഞ്ഞിപ്പയറിനും..... മഞ്ഞയും ചുവപ്പും കറുപ്പും നിറത്തില്‍ ചോറ്റുപാത്രത്തില്‍ ഒറ്റയൊറ്റയായി കിടന്ന പുഴുത്ത മണമുള്ള റേഷനരിക്ക്....
അമ്പതു പൈസയുടെ ജ്യോതിയച്ചാറിന് ..... ഉപ്പും മുളകും മാത്രം അരച്ച് തേഞ്ഞു പോയ അമ്മിക്കല്ലിന്.....
ബെഞ്ചിനറ്റത്ത് ചുമര്‍ മൂലകളിലേയ്ക്ക് തള്ളി ബാഗുകള്‍ കൊണ്ട് അതിര്‍ത്തി തീര്‍ത്ത് ഉടല്‍ രാഷ് ട്രീയം പഠിപ്പിച്ച് തന്ന സഹപാഠികള്‍ക്ക്...
എത്ര മാര്‍ക്കുണ്ടായിട്ടും ഒരിക്കല്‍ പോലും മെറിറ്റില്‍ അഡ്മിഷന്‍ തരാതെ ക്ലാസ്സിലെ നോട്ടപ്പുള്ളികളാക്കുന്ന ചില സംവരണ ക്രമങ്ങള്‍ക്ക്....
'നിങ്ങളൊന്നും പഠിക്കാനല്ല ഗ്രാന്റ് വാങ്ങാന്‍
വരണതല്ലേന്ന് ' പലതവണ പ്രോല്‍സാഹിപ്പിച്ച അദ്ധ്യാപകര്‍ക്ക് .....
ഓരോ പുതിയ കോഴ്‌സിനു ചേരുമ്പോഴും 'എന്തിനാ ശ്രീധരാ ഈ പെങ്കുട്ട്യോളെ ഇങ്ങനെ പഠിപ്പിക്കണേ വല്ല സൂപ്പര്‍മാര്‍ക്കറ്റിലോ തുണിക്കടേലോ പണിക്ക് പറഞ്ഞാച്ചൂടേന്ന് ' ചോദിക്കണ നാട്ടിലെ പ്രമാണിമാര്‍ക്ക് .....
സര്‍ക്കാര്‍ അടച്ചു തീര്‍ക്കാത്ത ഹോസ്റ്റല്‍ റെന്റിനും മെസ്സ് ബില്ലിനും പട്ടിണിക്കിട്ട് പ്രതികാരം വീട്ടിയ മേട്രന്‍മാര്‍ക്കും മെസ്സ് കമ്മിറ്റിക്കാര്‍ക്കും .....
എന്നെങ്കിലും ഒരു മെറിറ്റു സീറ്റില്‍ അഡ്മിഷന്‍ കിട്ടണമെന്ന ആഗ്രഹത്തോടെ പാതിരാത്രികളില്‍ കുത്തിയിരുന്ന് വായിച്ചും പഠിച്ചും എഴുതി ജെ.ആര്‍.എഫ് മേടിച്ച സന്തോഷം പങ്കുവെച്ചപ്പോ ' നിങ്ങക്ക് കൊറച്ച് മാര്‍ക്ക് മതീല്ലോ, ഞങ്ങളെപ്പോലെയല്ലല്ലോ' എന്ന് അനുമോദിച്ച സഹപാഠികള്‍ക്ക് .....
പിന്നെ എട്ടും ഒമ്പതും മാസമൊക്കെ ഫെല്ലോഷിപ്പ് തരാതെ ആത്മഹത്യയിലേയ്ക്കുള്ള ദൂരത്തിലേയ്ക്ക് ഓടിയെത്തുമോയെന്ന് പരീക്ഷിക്കുന്ന യു.ജി.സിക്ക്..
അങ്ങനെയങ്ങനെ എണ്ണിയാല്‍ തീരാത്ത നന്ദിയുണ്ട് ; പലരോടും പലതിനോടും
ഇത്രയൊക്കെ പഠിച്ച സ്ഥിതിക്ക് ഒരു സിദ്ധാന്തം കൂടി പറഞ്ഞില്ലെങ്കില്‍ മോശമല്ലേ ....' വ്യക്തിനിഷ്ഠമായതും രാഷ്ട്രീയമാണ്. ' (The personal is political )
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.