
അബഹയില്‍ നിന്നുള്ള ചുരമിറങ്ങുകയാണ്. ലക്ഷ്യം അല്‍ബഹയിലെ മലമുകളിലെ പുരാതന ഗ്രാമം. നിരവധി തുരങ്കങ്ങളുള്ള, ഒരു മലയില്‍ നിന്ന് മറ്റൊരു മലയിലേക്ക് ബന്ധിപ്പിക്കുന്ന, വലിയ പാലങ്ങളുള്ള വഴി. വളഞ്ഞു പുളഞ്ഞൊഴുകുന്നനദി പോലെ വാഹനങ്ങള്‍ അതിലൂടെ അതിവേഗം ഒഴുകുന്നു. ഗൂഗിള്‍ മാപ്പ് പറഞ്ഞു തന്ന 'എളുപ്പ വഴി'യിലൂടെയാണ് സഞ്ചാരം; ചുരമിറങ്ങിയതോടെ വരണ്ടുണങ്ങിയ കാഴ്ചകള്‍ക്ക് ഫുള്‍ സ്‌റ്റോപ്പിട്ട് പച്ച പുതച്ച അറേബ്യന്‍ ഗ്രാമങ്ങള്‍ ദൃശ്യമായി. വേനല്‍ക്കാലമായതിനാല്‍ ഗ്രാമങ്ങളിലെ അരുവികളൊക്കെ ഓരത്തുകൂടി മാത്രം ചെറുതായി ഒഴുകുന്നു, ചിലയിടത്ത് കെട്ടി നില്‍ക്കുന്നു.
ദീര്‍ഘയാത്രയുടെ ക്ഷീണം തീര്‍ത്തത് വഴിയോരത്ത് കത്തിക്കരിഞ്ഞത് പോലുള്ള ചായപ്പത്രങ്ങളുമായി നില്‍ക്കുന്ന യമാനി അദനി ചായ മക്കാനികളാണ്. പുതിനയിലയും മസാലകളും ചേര്‍ത്തുണ്ടാക്കുന്ന ഈ ചായകള്‍ നല്‍കുന്ന ഉന്മേഷം വളെരെ വലുതാണ്.
അസീര്‍ മലയിടുക്കുകളില്‍ നിന്ന് ശേഖരിക്കുന്ന തേന്‍ കുപ്പികള്‍ വില്‍പ്പനക്കായി വഴിവക്കില്‍ നിരത്തിവെച്ചിരിക്കുന്നു. ഒരുകുപ്പിക്ക് 200 റിയാലാണ്.
ഇവര്‍ക്കൊക്കെ കാവലായി ഒരു കൂട്ടരുണ്ട് അറേബ്യന്‍ ബബൂണുകള്‍ (Hamadryas Baboons) എന്നറിയപ്പെടുന്ന വാലില്ലാ കുരങ്ങുകള്‍. ഇവ എറിത്രിയയിലും ജിബൂട്ടിയിലും പിന്നെ സൗദിഅറേബ്യയുടെ ഈ ഭാഗങ്ങളിലും യമനിലും മാത്രമാണ് കാണുന്നത്.
ഒരുപാട് കാര്‍ഷിക ഗ്രാമങ്ങളും, നഗരങ്ങളും, മലകളും, ചൂരല്‍ച്ചെടികള്‍ തഴച്ച് വളര്‍ന്നു നില്‍ക്കുന്ന പാടങ്ങളും അവയില്‍ അടര്‍ക്കല്ലു കൊണ്ടു കെട്ടിയുര്‍ത്തിയ നിരീക്ഷണ ഗോപുരങ്ങളും പിന്നിട്ട് ദീഐന്‍ എന്ന ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്തെത്തിയിരിക്കുന്നു.
ആദ്യമായാണ് ഇങ്ങനെയൊരു പുരാതന ഗ്രാമത്തെക്കുറിച്ച് കേള്‍ക്കുന്നത്. ഗൂഗിളില്‍ ആദ്യം കിട്ടിയത് യുനസ്‌കോയുടെ സൈറ്റാണ് അതില്‍പ്പറയുന്നത് ഇങ്ങനെ: 'പൗരാണിക മനുഷ്യര്‍ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തോട് കൂടി പ്രകൃതിയോട് ഇണങ്ങി എങ്ങനെ ജീവിച്ചു എന്നതിന്റെ മകുടോദാഹരണമാണ് ദീഐന്‍'.
കവാടത്തില്‍ ടിക്കറ്റ് കൗണ്ടറില്‍ രണ്ടു കാവല്‍ക്കാരുണ്ട്. അകത്തു കടക്കാന്‍ ഒരാള്‍ക്ക് പത്തു രൂപ ഫീസ്. 60 റിയാല്‍ നല്‍കി. ടിക്കറ്റ് തന്നില്ല. ടിക്കറ്റ് എവിടെ എന്ന് ചോദിച്ചപ്പോള്‍ രണ്ടു ടിക്കറ്റ് മാത്രം മുറിച്ച് തന്നു. ആറു ടിക്കറ്റ് കിട്ടാതെ പോവില്ല എന്ന് കയര്‍ത്തപ്പോള്‍ എന്നാല്‍ നിങ്ങള്‍ അകത്ത് കയറണ്ട എന്നായി. അവസാനം അവരുടെ അഴിമതിക്ക് കീഴടങ്ങി ഞങ്ങള്‍ക്ക് അകത്തേക്ക് കടക്കേണ്ടിവന്നു.
ഏത് കഠിനമായ ചൂടിലും വറ്റാത്ത അരുവിയൊഴുകുന്ന സരാവത്ത് മലനിരകളിലെ ഒരു മാര്‍ബിള്‍ മലയിലാണ് ഈ ഗ്രാമം നിര്‍മ്മിച്ചിരിക്കുന്നത്. നാല്‍പ്പതിലധികം വീടുകള്‍. ഓരോന്നിനും രണ്ടു മുതല്‍ എഴുവരെ നിലകളുണ്ട്. മൊത്തം 312 മുറികള്‍. വീടുകളൊക്കെയും ഉണ്ടാക്കിയിരിക്കുന്നത് പ്ലാസ്റ്ററിംഗ് പോലും ഇല്ലാതെ, മാര്‍ബിള്‍ കല്ലുകള്‍ ഒന്നിനു മേലെ ഒന്നായി അടുക്കിവെച്ചാണ്. ഓരോ വീടുകളും പരസ്പരം മണ്‍ പടവുകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. വീടുകളുടെ അകം ചിത്രപ്പണികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വീടുകളുടെ താഴത്തെ നില വളര്‍ത്തു മൃഗങ്ങള്‍ക്ക് വേണ്ടിയാണ്. രണ്ടാമത്തെ നില സാധനങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടി. ബാക്കി നിലകള്‍ ആളുകള്‍ക്കു താമസിക്കാന്‍. ഗ്രാമത്തിനു ചുറ്റും കോട്ട. കല്ലുകള്‍ അടുക്കിയുണ്ടാക്കിയ പുരാതനമായ ഒരു മസ്ജിദ്.
അരുവി ചെന്ന് ചേരുന്ന താഴ്‌വാരം ഒരു വലിയ കൃഷിത്തോട്ടമാണ്. വാഴയും ചെറുനാരങ്ങയും തുളസിയും കുരുമുളകുമൊക്കെ തഴച്ച് വളര്‍ന്ന് പച്ചപ്പുകൊണ്ട് മൂടിയിരിക്കുന്നു.
ദീഐന്‍ എന്നാല്‍ 'ഒറ്റക്കണ്ണന്‍' എന്നാണര്‍ത്ഥം. അതിനു പിന്നിലൊരു കഥയുണ്ട്. ഒരു യമനി അപ്പൂപ്പന്റെ കഥ. ഈ ഭാഗത്ത് എവിടെയെങ്കിലും വെള്ളമുണ്ടോയെന്ന് അന്വഷിക്കാനായി അദ്ദേഹം ഭൂമിക്കടിയിലെ ഉറവ കണ്ടെത്തുന്ന തന്റെ സ്വര്‍ണവടിയുമായി ഇറങ്ങിയതായിരുന്നു ഈ അരുവിയുടെ ഉറവിടത്തില്‍ കുത്തിയതോടെ സ്വര്‍ണ വടി കുത്തെനെച്ചാടി കണ്ണില്‍ത്തറച്ച് അപ്പൂപ്പന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടു. ഈ സംഭവത്തിനു ശേഷം ഈ പ്രദേശം 'ഒറ്റക്കണ്ണന്‍ ഗ്രാമം' എന്നറിയപ്പെടാന്‍ തുടങ്ങിയതത്രെ.
600 വര്‍ഷത്തിലേറെ പഴക്കമുണ്ട് സമുദ്ര നിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഈ ഗ്രാമത്തിന്. എപ്പോഴോ ഓട്ടോമന്‍ തുര്‍ക്കികളുമായുള്ള ഒരു യുദ്ധത്തിനും ഈ ഗ്രാമം സാക്ഷിയായിട്ടുണ്ട്. ഗാംദ്, സഹറാന്‍ ഗോത്രങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത്. ഇന്നിത് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് ആന്റിക്വിറ്റീസിന്റെ കീഴിലാണ്, 2013ല്‍ നാലു മില്യണ്‍ സൗദി റിയാല്‍ മുടക്കി ഇതിന്റെ പുനരുദ്ധാരണപ്രവൃത്തികള്‍ നടന്നു. അതിന്റെ ഭാഗമായി വിശാലമായ കാര്‍ പാര്‍ക്കിംഗ് ഏരിയകളും വീടുകള്‍ക്ക് മുഴുവനായി ലൈറ്റിങ്ങുമൊക്കെ സ്ഥാപിച്ചിട്ടുണ്ട്.
പല വീടുകളും പൂട്ടിയിട്ടിരിക്കുകയാണ്. കയറാന്‍ പറ്റുന്നിടത്തൊക്കെ കയറി പലരീതിയിലുള്ള ചിത്രങ്ങളെടുത്തു. പൂട്ടിയിട്ട ഒരു വീടിന്റെ മട്ടുപ്പാവില്‍ നിന്ന് പരിചയപ്പെട്ട ഹസന്‍ എന്ന സൗദി പയ്യന്‍ അവന്റെ കയ്യിലുള്ള ടോര്‍ച്ചുമായ് ആ വീടിന്റെ താഴത്തെ നിലകളിലേക്കിറങ്ങി, ആരെയെങ്കിലും കൂടെ കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു അവന്‍. കുറ്റാക്കൂരിരുട്ടില്‍ ആദ്യത്തെ നിലയിലെത്തിയപ്പോള്‍തന്നെ ഇറങ്ങും മുന്‍പുള്ള ധൈര്യമൊക്കെ പോയി. തിരിച്ചു കയറാനും പറ്റാത്ത അവസ്ഥ. മുഴുവന്‍ നിലകളുമിറങ്ങി നന്നായി പേടിച്ച് പുറത്തിറങ്ങി.
ഗ്രാമത്തെ ചുറ്റിയൊഴുകുന്ന അരുവിയുടെ ഉറവിടം തേടിപ്പോവുകയാണ്. വെള്ളം ഒഴുകുന്ന ഭാഗങ്ങളില്‍ വലിയ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു. പനമരങ്ങളും ഭീമന്‍ ആല്‍മരങ്ങളുമൊക്കെ. സൗദി അറേബ്യയില്‍ ഇത്ര വലിയ ആല്‍മരങ്ങളൊക്കെ ആദ്യമായി കാണുകയാണ്. ഒരു മരത്തണലില്‍ തന്റെ ആട്ടിന്‍പറ്റങ്ങളുമായി ഒരാട്ടിടയന്‍ ഇരിക്കുന്നുണ്ട്. പേര് ഇബ്രാഹീം. മരുഭൂമിയിലെ മസറയില്‍ നിന്ന് തന്റെ ആടുകളെ മേച്ച് ഈ പച്ചപ്പില്‍ എത്തിയതാണ്.
ഈ യാത്രയില്‍ ആട്ടിന്‍പറ്റങ്ങളും ആട്ടിടയന്മാരെയും ഒരുപാടു കണ്ടു.
മുമ്പൊക്കെ ആടുജീവിതത്തിലെ നജീബിന്റെ ദയനീയ മുഖമായിരുന്നു ആദ്യം ഓര്‍മ്മവരുക. പിന്നീടത് ആല്‍ക്കെമിസ്റ്റിലെ സാന്റിയാഗോയിലേക്ക് വഴിമാറി,
ഇബ്രാഹീം സാന്റിയാഗോയെപ്പോലെ സ്വപ്നം കാണാറുണ്ടാകുമോ?
ഇബ്രാഹീം സാന്റിയാഗോയെപ്പോലെ പുസ്തകങ്ങള്‍ വായിക്കാറുണ്ടാകുമോ?
ആ പുസ്തകത്തെ തലയണയാക്കി, കാലിന്മേല്‍ കാലും കയറ്റിവെച്ച് തന്റെ വടിയും ചുഴറ്റി ആ ആല്‍മരത്തണലില്‍ അരുവിയുടെ കളകളാരവം ആസ്വദിച്ച് കിടക്കാറുണ്ടാവുമോ?
അരുവി മുകളില്‍ നിന്ന് താഴോട്ട് പതിക്കുന്നിടത്ത് ഒരു ചെറു വെള്ളച്ചാട്ടം. തവളക്കുഞ്ഞുങ്ങളും ചെറുമീനുകളും നീന്തിക്കളിക്കുന്നു. ആല്‍മരത്തിന്റെ വേരുകളില്‍ ചുവന്ന ഉറുമ്പുകള്‍ അങ്ങോട്ടും ഇങ്ങോട്ടും റാലി നടത്തുന്നു.
വെള്ളച്ചാട്ടം പിന്നിട്ട് ഉറവിടം തേടിയുള്ള അലച്ചില്‍ അവസാനിച്ചത് പനകള്‍ വളര്‍ന്നു നില്‍ക്കുന്ന ഒരു പാറക്കെട്ടിലാണ്. പാറയുടെ അടിഭാഗത്തു നിന്നാണ് ഉറവ. പനയില്‍ അറേബ്യന്‍ ബബൂണുകള്‍ നൃത്തം വെക്കുന്നു. ഞങ്ങളെ കണ്ടതും അവ ദൂരെയുള്ള മരച്ചില്ലകളിലേക്ക് ചാടിപ്പോയി. വെള്ളത്തിലിറങ്ങി, മതിവരുവോളം ചിത്രങ്ങളെടുത്തു. സൂര്യന്‍ കിഴക്കന്‍ ചക്രവാളത്തിലേക്ക് താഴ്ന്നു പോയി. അത് ആ പൗരാണിക ഗ്രാമത്തിന്റെ പാശ്ചാതലത്തില്‍ മനോഹരമായ ഒരു കാഴ്ചയാണ്.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.