16 വര്‍ഷങ്ങള്‍ക്ക് മുമ്പ് രക്ഷിച്ച അതേ തെരുവ് നായ ഈ ഡോക്ടറുടെ ജീവന്‍ രക്ഷിച്ചത് ഇങ്ങനെ

By Web TeamFirst Published Jan 25, 2019, 12:15 PM IST
Highlights

അമിത് ഷാ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 -ന് ബ്രൗണിക്ക് ഭക്ഷണം കൊടുക്കാറുണ്ട്. അന്നും ബ്രൗണിക്ക് ഭക്ഷണവുമായെത്തിയതാണ് ഷാ. പക്ഷെ, അപ്പോഴാണ് ഒരു പ്രത്യേകതരത്തില്‍ ബ്രൗണി പെരുമാറുന്നത് കണ്ടത്. ചെറുതായി കരയുകയും ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു അവള്‍. 

നായകള്‍ എപ്പോഴും മനുഷ്യന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കും എന്നാണ് പറയുന്നത്. രമേഷ് സഞ്ചേതി എന്ന ഡോക്ടറെ സംബന്ധിച്ച് അത് ജീവിതത്തില്‍ തെളിയിക്കപ്പെട്ട കാര്യമാണ്. പൂനെയിലെ ഈ ഡോക്ടറുടെ ജീവന്‍ രക്ഷിച്ചതിന് അദ്ദേഹത്തിന് എപ്പോഴും നന്ദിയുള്ളത് ഒരു നായയോടാണ്. 

16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തന്‍റെ ഹൗസിങ് സൊസൈറ്റിക്ക് സമീപത്ത് വച്ച് ഒരു കുഞ്ഞു പെണ്‍പട്ടിക്കുട്ടിയെ രമേഷ് കണ്ടത്. അന്നുമുതല്‍ അദ്ദേഹം ആ പട്ടിക്കുട്ടിയെ ശ്രദ്ധിക്കുമായിരുന്നു. അതേ ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുന്ന അമിത് ഷാ എന്ന മൃഗസ്നേഹിയും ഈ പട്ടിക്കുഞ്ഞിനെ പരിചരിച്ചു. രണ്ടുപേരും ചേര്‍ന്ന് പട്ടിക്കുഞ്ഞിന് ബ്രൗണി എന്ന് പേരും നല്‍കി. 

ഇപ്പോള്‍, ബ്രൗണിക്ക് വയസായി, അവശയുമായി. പക്ഷെ, അവളുടെ ബുദ്ധിക്ക് ഇപ്പോഴും പഴയ തെളിച്ചമുണ്ട്. 

ജനുവരി 23... 65 വയസ്സായ രമേഷിന് ഒരു ചെറിയ ഹൃദയാഘാതം അനുഭവപ്പെട്ടു. ശരീരത്തിന്‍റെ ഒരുവശം തളരാനും തുടങ്ങി. അന്ന് രക്ഷക്കെത്തിയത് ബ്രൗണിയാണ്.

അമിത് ഷാ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 -ന് ബ്രൗണിക്ക് ഭക്ഷണം കൊടുക്കാറുണ്ട്. അന്നും ബ്രൗണിക്ക് ഭക്ഷണവുമായെത്തിയതാണ് ഷാ. പക്ഷെ, അപ്പോഴാണ് ഒരു പ്രത്യേകതരത്തില്‍ ബ്രൗണി പെരുമാറുന്നത് കണ്ടത്. ചെറുതായി കരയുകയും ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു അവള്‍. 

മാത്രവുമല്ല, അടുത്തുള്ള ജനലിനു മുകളിലേക്ക് മുന്‍കാലുകള്‍ ഉയര്‍ത്തിവയ്ക്കുകയും ജനലിലൂടെ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കാര്യമെന്താണ് എന്ന് നോക്കിയ ഷാ ജനലിന്‍റെ വിടവിലൂടെ കണ്ടത് രമേഷ് വീണുകിടക്കുന്നതാണ്. ഉടനെ തന്നെ അദ്ദേഹം വാതില്‍ തകര്‍ത്ത് അകത്തു കടന്നു, അയല്‍ക്കാരെ വിളിച്ച് രമേഷിനെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ചെയ്തു. 

അവള്‍ അങ്ങനെ ശബ്ദമുണ്ടാക്കി ശ്രദ്ധ തിരിച്ചില്ലായിരുന്നുവെങ്കില്‍ താനൊരിക്കലും രമേഷ് വീണുകിടക്കുന്നത് കാണില്ലായിരുന്നുവെന്ന് ഷാ പറയുന്നു. ബ്രൗണി സമയോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഡോക്ടറുടെ ജീവന്‍ തന്നെ അപകടത്തിലായിരുന്നേനെ എന്നും അദ്ദേഹം പറയുന്നു. 

''ജോലിയുമായി ബന്ധപ്പെട്ട് ഞാന്‍ താമസിക്കുന്നത് അച്ഛന്‍ താമസിക്കുന്നതിന്‍റെ പത്ത് കിലോമീറ്റര്‍ ദൂരെയാണ്.   ബുധനാഴ്ച എന്‍റെ അമ്മയും വീട്ടിലുണ്ടായിരുന്നില്ല. ബ്രൗണിയാണ് അമിത് ഷായെ വിവരമറിയിച്ചതും അച്ഛനെ രക്ഷിച്ചതും'' -രമേഷിന്‍റെ മകന്‍ അമിത് സഞ്ചേതി പറയുന്നു. 

14 വയസ് പ്രായമുള്ളപ്പോള്‍ ബ്രൗണിക്ക് അസുഖം വന്നിരുന്നു. അന്ന് രമേഷാണ് ബ്രൗണിയെ പരിചരിച്ചത്. അന്ന് അവളുടെ ആരോഗ്യം വളരെ മോശമായിരുന്നു. പക്ഷെ, രമേഷിന്‍റെ അധിക പരിചരണവും സ്നേഹവും അവളെ മരണത്തില്‍ നിന്നും തിരികെ കൊണ്ടുവരികയായിരുന്നു. അതേ സ്നേഹമാണ് അവള്‍ തിരികെയും കാണിച്ചത്.

രമേഷിനെ ഇപ്പോള്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

click me!