
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്ന് പറയാന്‍ വരട്ടെ.
ഇതില്‍ കുറച്ചു കാര്യമുണ്ട്.
എന്താണ് കഞ്ചാവ് അഥവാ കനബിസ് (cannabis) ?
തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന cannabinoids എന്ന കെമിക്കല്‍ അടങ്ങിയ ഒരു ചെടിയാണ് കഞ്ചാവ്. ഇതില്‍ ഏറ്റവും പ്രധാനം delta9 tterahydrocannabinol (THC) എന്ന cannabinoid ആണ്.
ഈ ചെടികള്‍ ഉല്പാദിപ്പിക്കുന്ന ഒരു റെസിനില്‍ നിന്നാണ് cannabinoids വേര്‍തിരിച്ചെടുക്കുന്നത്. കഞ്ചാവ് ചെടികളെ പ്രത്യേക രീതിയില്‍ വളര്‍ത്തി THC യുടെ അളവ് കൂട്ടിയും കുറച്ചും എടുക്കാം. ചെടിയിലെ THC യുടെ അളവ് കൂടുന്തോറും ഉത്തേജനവും കൂടുന്നു.
കഞ്ചാവ് പല പേരിലും രൂപത്തിലും കാണപ്പെടുന്നുണ്ട്. കഞ്ചാവ്, ഹെമ്പ്, ഭാംഗ്, ചരസ്, മരിയുവാനാ, ഹാഷിഷ് എന്നിവയെല്ലാം ഈ ഗണത്തില്‍ പെടുന്നതാണ്.
എന്താണ് കഞ്ചാവിന്റെ ഉപയോഗങ്ങള്‍?
കഞ്ചാവ് ഒരു ലഹരി പദാര്‍ത്ഥമായി ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ട് എന്നത് നാമേവര്‍ക്കും അറിയാവുന്ന കാര്യമാണ്.
എന്നാല്‍ ഇതേ ചെടി ഫൈബര്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്. ഇങ്ങിനെ ഉപയോഗിക്കുന്നതിനെ ഹെമ്പ് (hemp ) എന്നാണ് അറിയപ്പെടുന്നത്. ഫൈബറിനായി വളര്‍ത്തുന്ന ചെടികളില്‍ THC യുടെ അളവ് വളരെ കുറവായിരിക്കും. ഈ ഹെമ്പില്‍ നിന്നും പേപ്പറും, വസ്ത്രവും, ഭക്ഷണ പദാര്‍ത്ഥങ്ങളും ഉണ്ടാക്കുന്നുണ്ട്.
ഇന്ത്യയിലും ചൈനയിലുമെല്ലാം പ്രാചീനകാലത്തുതന്നെ കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഹിന്ദു വേദങ്ങളില്‍ കഞ്ചാവിനെക്കുറിച്ചു പരാമര്‍ശം ഉണ്ട്. ഏതാണ്ട് 3000 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ കഞ്ചാവ് ഒരു മരുന്നായി ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.
ഇപ്പോഴും കഞ്ചാവിന്റെ വിവിധ രൂപങ്ങള്‍ മരുന്നായിട്ടു ലോകത്തു പലയിടത്തും ഉപയോഗിക്കുന്നുണ്ട്.
ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നു വെച്ചാല്‍, പല രീതിയിലുള്ള പഠനങ്ങളും കടമ്പകളും കടന്നാല്‍ മാത്രമേ ഇത് മരുന്നായി മാര്‍ക്കറ്റില്‍ എത്തൂ അല്ലെങ്കില്‍ എത്താന്‍ പാടുള്ളൂ എന്നുള്ളതാണ്.
ഏതെല്ലാം രോഗങ്ങള്‍ക്കു മരുന്നായിട്ടാണ് കഞ്ചാവ് ഉപയോഗിക്കുന്നത് ?
നിലവിലുള്ള മരുന്നുകളില്‍ ഒന്ന്, Multiple Sclerosis എന്ന തലച്ചോറിനെയും സുഷുംനാ നാഡിയേയും ബാധിക്കുന്ന രോഗമുള്ളവര്‍ ഉപയോഗിക്കുന്ന Nabiximols (Sativex) spray ആണ്. ഈ മരുന്നില്‍ അടങ്ങിയിരിക്കുന്ന delta9THC യും cannabidiol (CBD)ഉം കഞ്ചാവ് ചെടിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതാണ്. ഈ രോഗം ഉള്ളവര്‍ പേശികള്‍ വലിഞ്ഞു മുറുകുന്ന ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നവരാണ്. കഞ്ചാവ് പേശികള്‍ക്കു അയവു വരുത്തി ബുദ്ധിമുട്ടു ഒഴിവാക്കുന്നു എന്നു പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഈ സ്‌പ്രേ ഉപയോഗിക്കുന്ന രോഗികളെ ഞാന്‍ കാണാറുണ്ട്. അവര്‍ക്കു ഈ മരുന്നില്‍ വലിയ വിശ്വാസം ആണ്.
ക്യാന്‍സര്‍ വേദനാ സംഹാരി ആയും കഞ്ചാവിന്റെ വിവിധ രൂപങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ലോകത്തിന്റെ പലയിടത്തായി നടക്കുന്നു. മോര്‍ഫിന്‍ പോലുള്ള മരുന്നുകളുടെ അത്ര പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ളതും കഞ്ചാവിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
കീമോതെറാപ്പി എടുക്കുമ്പോള്‍ ഉണ്ടാകുന്ന ചര്‍ദ്ദിയെ പ്രതിരോധിക്കാന്‍ കഞ്ചാവിനുള്ള കഴിവിനെ ആസ്പദമാക്കി, Dronabinol, nabilone തുടങ്ങിയ cannabinoid മരുന്നുകള്‍ ഈ ആവശ്യത്തിന് അമേരിക്കയില്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഇത് വളരെ ഫലപ്രദമാണെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.
ക്യാന്‍സറിന് എതിരെ പ്രവര്‍ത്തിക്കാനുള്ള കഞ്ചാവിന്റെ കഴിവിനെക്കുറിച്ചുള്ള പഠനങ്ങളും പലയിടത്തും നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെയുള്ള പഠനങ്ങള്‍ എല്ലാം എലികളിലും ലബോറട്ടറിയിലും മാത്രമേ വിജയകരമായി നടന്നിട്ടുള്ളൂ. മനുഷ്യനിലുള്ള പഠനഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വിശപ്പ് കൂട്ടാനും പിരിമുറുക്കവും കുറക്കാനും കഞ്ചാവിന് കഴിയും എന്ന് തെളിയിക്കാനുള്ള പഠനങ്ങളും നടക്കുന്നു.
ഇത്തരം ഗവേഷണങ്ങള്‍ നടത്താന്‍ വേണ്ടി മാത്രമായി റിസര്‍ച്ച് സെന്ററുകള്‍ തന്നെ ലോകത്തു പലയിടത്തുമുണ്ട്.
എന്താണ് കഞ്ചാവിന്റെ പാര്‍ശ്വഫലങ്ങള്‍ ?
കഞ്ചാവ് കൂടിയ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ ശ്വാസതടസ്സം, ഹൃദയസ്തംഭനം, മാനസിക വിഭ്രാന്തി തുടങ്ങിയവ പ്രകടമാകാം. അതുകൊണ്ടു തന്നെ, ഒരു മരുന്നായി കഴിക്കുമ്പോള്‍ കൃത്യമായ അളവില്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്.
പറഞ്ഞു വരുമ്പോള്‍ ഒരു ചെടിയില്‍ നിന്നും ഉണ്ടാക്കുന്ന ഉല്‍പ്പന്നം ആണ്. പക്ഷെ, അതൊരു മരുന്നായി ഉപയോഗിക്കുമ്പോള്‍ വെറുതെ വായിലിട്ടു ചവച്ചാലോ മൂക്കിലൂടെ വലിച്ചാലോ അതിന്റെ ഫലം കിട്ടില്ല. മാത്രമല്ല ഡോസ് കൂടി ദോഷഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യാം.
ഇത് കൊണ്ടൊക്കെത്തന്നെയാണ്, ഓരോ മരുന്നും ഏതു രൂപത്തില്‍, ഏതു അളവില്‍, ഏതൊക്കെ രോഗത്തിന് ഉപയോഗിക്കണം എന്നും, ഓരോ മരുന്നിന്റെയും ഗുണദോഷങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം എന്നും മോഡേണ്‍ മെഡിസിന്‍ നിഷ്‌ക്കര്‍ഷിക്കുന്നത്.
ഗുണദോഷങ്ങള്‍ തെളിവ് സഹിതം രേഖപ്പെടുത്താത്ത ഒന്നിനെ മരുന്ന് എന്ന് വിളിക്കാന്‍ പറ്റില്ലല്ലോ. ഒരു മരുന്ന് ആകുമ്പോള്‍ അതിനു സംശയലേശമന്യേ തെളിയിക്കപെട്ട രോഗശാന്തി തരുന്ന ഗുണങ്ങള്‍ ഉണ്ടായിരിക്കണം; മാത്രമല്ല ശരീരത്തിന് ദോഷകരമായി വരുന്ന ദൂഷ്യഫലങ്ങള്‍ ഉണ്ടാകില്ല എന്ന ഉറപ്പും വേണം.
കഞ്ചാവ് ക്യാന്‍സറിനെ തടയും എന്ന ഒരു ന്യൂസ് വരുന്നതിനു ഒരു മുഴം മുന്‍പേ എറിഞ്ഞതാണ്. ഇതുവരെയുള്ള പഠനങ്ങള്‍ വെച്ചു നോക്കിയാല്‍ കഞ്ചാവിന് ക്യാന്‍സറിനെ തടയാന്‍ കഴിയും എന്നതിന് തെളിവില്ല. പക്ഷേ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യയില്‍ എന്താണ് സ്ഥിതി?
Narcotic Drugs and sPychtoropic Substances Act, 1985 പ്രകാരം കനബിസ് റെസിനിന്റെയും പൂക്കളുടെയും ഉത്പാദനവും വിലപ്പനയും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ കഞ്ചാവ് ഇലയും വിത്തും ഉപയോഗിക്കുന്നത് നിയന്ത്രിക്കേണ്ടത് ഓരോ സംസ്ഥാനത്തിന്റെയും ജോലിയാണ്.
കഞ്ചാവ് കാന്‍സറിനെ പ്രതിരോധിക്കുമോ എന്നറിയാനുള്ള ഗവേഷണങ്ങള്‍ നടത്താന്‍ അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ചു പലരും ഗവണ്മെന്റിനെ സമീപിക്കുന്നുണ്ട്. പാര്‍ലിമെന്റില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇതിനെക്കുറിച്ച് ചര്‍ച്ചകളും വന്നിട്ടുണ്ട്.
ചര്‍ച്ചകള്‍ ഇനിയും വരട്ടെ. കനബിസ് എങ്ങിനെ ഉപകാരപ്രദമാക്കാം എന്നതിനെക്കുറിച്ചള്ള ഗവേഷണങ്ങള്‍ക്കും ഇന്ത്യ വഴിയൊരുക്കട്ടെ.
(ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റില്‍ പാലിയേറ്റിവ് കെയര്‍ കണ്‍സല്‍ട്ടന്റാണ് ഡോ. നസീന മേത്തല്‍)
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.