
ഇടുക്കി പൈനാവ് ഗവ:യു.പി.സ്‌കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. അധ്യയനവര്‍ഷംആരംഭിച്ച് കുറച്ച്‌നാളുകള്‍ക്ക് ശേഷം ക്ലാസ്സിലേക്ക് പതിയെ തപ്പിതടഞ്ഞ് ഒരു തടിച്ച സോഡാഗ്ലാസ് കണ്ണടയും വച്ചുകൊണ്ട്, ഷര്‍ട്ടിലെ കോളറിനിടയിലൂടെ തോളെല്ല് ഉന്തി നല്ല പൊക്കമുള്ള ഒരു പയ്യന്‍ കടന്നു വന്നു. ക്ലാസ്സ്ടീച്ചര്‍ അവനെ കൈപിടിച്ച് മുന്‍ബെഞ്ചില്‍ എന്റെയടുത്ത് ഇരുത്തി. എനിക്ക് ആദ്യം മനസിലായില്ല, എന്തിനാണ് ഇത്രേം ഉയരമുള്ള ഇവനെ എന്റെയടുത്ത് പിടിച്ചിരുത്തിയതെന്ന്!. എന്നെ നോക്കിയ ആദ്യ നോട്ടത്തില്‍ തന്നെ കട്ടിക്കണ്ണടയിലൂടെ അവന്റെ കണ്ണുകള്‍ വലുതായ് കാണപ്പെട്ടു. അത് എന്നെ ഭയപ്പെടുത്തി. ഒരു ഞെട്ടലിന്റെ ആഘാതത്തില്‍ നിന്ന എന്നെ ഉന്തിയ മഞ്ഞപ്പല്ലുകള്‍ കാട്ടി ചിരിച്ചു.
ക്ലാസ്സില്‍ ടീച്ചര്‍ നോട്ട് പറയുമ്പോള്‍ അവന്‍ അടുത്ത ബുക്കില്‍ നോക്കി അക്ഷരങ്ങള്‍ പെറുക്കി എഴുതാന്‍ ശ്രമിച്ചിരുന്നത് കാണുന്നത് തന്നെ ഒരു കൗതുകം ആയിരുന്നു. അന്നത്തെ എട്ട് രൂപാ ബുക്കിന്റെ ഒരു താള്‍ അവന്റെ അഞ്ചു വരികള്‍ക്ക് ഉള്ളില്‍ അവസാനിക്കുമായിരുന്നു. അവന്റെ അഭിപ്രായങ്ങള്‍ക്ക് ആരും ഒരു വിലയും കല്‍പ്പിച്ചിരുന്നില്ല. ക്ലാസ്സില്‍ അവന്‍ എന്തെങ്കിലും സംസാരിച്ച് തുടങ്ങുമ്പോള്‍ തന്നെ എല്ലാവരും അവനെ നോക്കി ഒരു കോമാളിയെ കാണുന്ന പോലെ ആക്കി ചിരിക്കുമായിരുന്നു.
അങ്ങിനെ കൊല്ലപരീക്ഷ കഴിഞ്ഞു. എല്ലാവരും അഞ്ചാം ക്ലാസ്സിലേക്ക് ജയിച്ചു.അവനൊഴികെ. അതോടുകൂടി അവനോടുള്ള ചങ്ങാത്തം അവസാനിച്ചു. കൂടെ അവന്റെ ഓര്‍മ്മകളും.
ഇത്ര കാലത്തിനു ശേഷം അവനെ ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ നിറയുന്നത് പല വികാരങ്ങള്‍. അവനെപ്പോലെ ഇരുട്ടിനും വെളിച്ചത്തിനുമിടയില്‍പ്പെട്ടുപോയ മറ്റനേകം മുഖങ്ങള്‍. മനസ്സിലാവുന്നത് ഒന്നുമാത്രം. സാരമായ കാഴ്ചക്കുറവനുഭവിക്കുന്ന കുട്ടികള്‍ക്ക് ഒരു സാധാരണ സ്‌കൂളില്‍ മറ്റ് കുട്ടികളോടൊപ്പം ഇരുന്ന് പഠിക്കേണ്ടി വരുമ്പോള്‍ നേരിടേണ്ടിവരുന്ന അവഗണന, ഒറ്റപ്പെടുത്തല്‍; സഹപാഠികളില്‍ നിന്നും, അധ്യാപകരില്‍ നിന്നും, സമൂഹത്തില്‍ നിന്നും എന്തിന് സ്വന്തം വീട്ടില്‍ നിന്നു പോലും'.
അങ്ങിനെ കൊല്ലപരീക്ഷ കഴിഞ്ഞു. എല്ലാവരും അഞ്ചാം ക്ലാസ്സിലേക്ക് ജയിച്ചു.അവനൊഴികെ.
ലോ വിഷന്‍ രോഗികള്‍
അന്നത്തെ പ്രായം ഈ വകതിരിവുകളെ ഉള്‍കൊള്ളാനുള്ള പ്രാപ്തി കൈവരിച്ചിരുന്നില്ല. അവനെ പോലുള്ള കോടികണക്കിന് കുട്ടികള്‍ ഈ സമൂഹത്തില്‍ ഉണ്ടെന്ന് മനസ്സിലാക്കുമ്പോള്‍ ( ലോകജനതയുടെ 285 മില്യണ്‍ കാഴ്ചവൈകല്യം ഉള്ളവരില്‍ 19 മില്യണ്‍ കുട്ടികള്‍ ആണ്), സമൂഹത്തില്‍ അവര്‍ നേരിടുന്ന അവഗണന, ഒറ്റപ്പെടുത്തല്‍ ഇവ ആലോചിക്കുമ്പോള്‍ മാത്രമാണ് ഈ വിഷയം പ്രസക്തമാകുന്നത്.
സാമുദായിക, സന്നദ്ധ സംഘടനകളുടെയും മറ്റും ആഭിമുഖ്യത്തില്‍ ഇന്നാട്ടില്‍ നേത്രപരിശോധന ക്യാമ്പും സൗജന്യ തിമിരശസ്ത്രക്രിയകളും നടക്കാറുണ്ട്. എന്നാല്‍ ഒരൊറ്റ സംഘടനകളും 'LOW VISION' എന്ന ഗണത്തില്‍പെട്ടവര്‍ക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യാറില്ല. ഇക്കൂട്ടരുടെ തുടര്‍വിദ്യാഭ്യാസം, പുനരധിവാസം,ജോലിസാധ്യതകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടുമിക്ക സംഘടനകളും മുന്‍കൈ എടുക്കാറില്ല. ഇവരുടെ ദൈനംദിന ക്രിയകളുടെ പരിശീലനം അത്യന്തം ശ്രമകരവും ക്ഷമയേറിയതും കാലതാമസമേറിയതുമാണ് എന്നതാണ് ഇതിനു കാരണം.
ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉടനടി പ്രതിഫലം-അത് രോഗിയുടെ രോഗം മാറുമ്പോള്‍ ഒരു ഡോക്ടറിനു ഉണ്ടാകുന്ന പുഞ്ചിരി നിറച്ച വികാരമോ, സാമ്പത്തികപരമായ ലാഭമോ -ഉണ്ടാകാത്ത ഒരു മേഖല കൂടിയാണിത്.
എന്റെ ആ പഴയ സുഹൃത്ത് ഇടുക്കി പൈനാവ് കലക്ടറേറ്റില്‍ ജോലി ചെയ്യുന്നെന്ന്. അത് അവന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയം.
കാഴ്ച വൈകല്യം
കുട്ടികളിലെ കാഴ്ച വൈകല്യത്തിന് കാരണങ്ങള്‍ താഴെ പറയുന്നവയാണ്
ജനിതകപരമായ വൈകല്യങ്ങള്‍
ആല്‍ബിനിസം
കുട്ടികളിലെ തിമിരം
കുട്ടികളിലെ ഗ്ലോക്കോമ
കണ്ണിലേറ്റ ആഴമുള്ള മുറിവുകള്‍
ഇതിന്റെയൊക്കെ ചികിത്സ അതാത് കാരണങ്ങളനുസരിച്ചാണ്. തക്ക സമയത്ത് അസുഖം കണ്ടുപിടിച്ചു നേരത്തെ തന്നെ ചികില്‍സിക്കാത്തതു കൊണ്ടോ (ഗ്ലോക്കോമ, തിമിരം, നേത്രപടലത്തിലെ മുറിവുകളോ പാടുകളോ) അതോ ചികില്‍സിച്ചിട്ടും ഭേദമാകാന്‍ സാധ്യത കുറവുള്ള ജനിതകപരമായ കാരണങ്ങള്‍ കൊണ്ടോ ഇന്നും ഒരു കൂട്ടര്‍ 'ലോ വിഷന്‍' എന്ന കാറ്റഗറിയില്‍ തന്നെ കഴിയുന്നു. ഒരാളുടെ കാഴ്ചക്കുറവ് (കണ്ണട വച്ചിട്ടും ) ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ വളര്‍ന്നിട്ടുണ്ടെങ്കില്‍ അയാള്‍ ഈ കാറ്റഗറിയില്‍ പെടും.
ഇവരുടെ ശേഷിക്കുന്ന കാഴ്ച കഴിവതും പ്രയോജനപ്പെടുത്ത ദിനചര്യകള്‍ക്ക് തടസ്സമില്ലാതെ മുന്നോട്ട് കൊണ്ട് പോകുകയാണ് 'ലോ വിഷന്‍ എയിഡ്‌സ് (LOW VISION AIDS)' എന്ന ഒരു കൂട്ടം സാധനസാമഗ്രികള്‍.
ഇതാണ് അവ:
1.മാഗ്‌നിഫൈയിങ് സ്‌പെക്ടകില്‍സ് (Magnifying spectacles) എന്നറിയപ്പെടുന്ന പവര്‍ കൂടിയ ഇനം കണ്ണടകള്‍
2.ഹാന്‍ഡ് ഹെല്‍ഡ് മാഗ്‌നിഫയേഴ്‌സ് (Hand held magnifiers) എന്നറിയപ്പെടുന്ന കൈയില്‍ വച്ചു പിടിച്ചുകൊണ്ട് വായിക്കാന്‍ കഴിയുന്ന ഉപകരണം.
3.ടെലസ്‌കോപ് (Telescope) എന്നറിയപ്പെടുന്ന വളരെ ദൂരെയുള്ള വസ്തുക്കളെ കാണാന്‍ പറ്റുന്നതരത്തിലുള്ള ഉപകരണം.
4.സി.സി.ടി.വി (CCTV) എന്നറിയപ്പെടുന്ന ക്യാമറയോട് കൂടിയ ഒരുപകരണം. ഇതില്‍ ക്യാമറ കാണുന്ന കാഴ്ചകള്‍ കേബിള്‍ വഴി കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞുവരുന്നു. ഇതു വഴി നോക്കി എഴുതുവാനും വായിക്കാനും പറ്റും.
ഇതൊരു ദയാ ദാക്ഷിണ്യം അല്ല
അംഗപരിമിതരോട് , അത് ചലനപരിമിതിയാകട്ടെ , കാഴ്ച ആവട്ടെ കേള്‍വിയാകട്ടെ സമൂഹത്തിനു ചില ബാധ്യതകള്‍ ഉണ്ട് . സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചു ഒപ്പം നടക്കാന്‍ അവരെ പ്രാപ്തരാക്കാനുള്ള ബാധ്യത . ഇതൊരു ദയാ ദാക്ഷിണ്യം അല്ല .നമ്മുടെയെല്ലാം കടമയാണ്. അവരുടെ അവകാശവും .
മറ്റുള്ളവരെപോലെ വായിക്കാനും വിവിധ കോഴ്‌സുകളില്‍ ചേരാനും, ജോലി സമ്പാദിക്കാനും കഴിയുമെന്ന് കാഴ്ചാ പരിമിതരെ ബോധ്യപ്പെടുത്തേണ്ട ബാദ്ധ്യത നമുക്കുണ്ട്. ധനസമ്പാദനവും വിവാഹവും കുടുംബജീവിതവും അവര്‍ക്കുമുള്ളതാണെന്ന് അവരെ ധരിപ്പിക്കാന്‍ നമുക്കും കടമയുണ്ട്.
എങ്കിലും ജന്മനാ ഉള്ള കാഴ്ച വൈകല്യങ്ങള്‍, ക്ഷതം മൂലമുള്ള കാഴ്ച നഷ്ടപെടല്‍, ആല്‍ബിനിസം, കാഴ്ച ഞരമ്പ് സംബന്ധമായ രോഗങ്ങള്‍ മുതലായവ മേല്‍പറഞ്ഞ 19 മില്യണ്‍ കുട്ടികളോടൊപ്പം ഈ ഭൂമുഖത്ത് നിന്നും നാമാവശേഷമാകും എന്നും ഞാന്‍ വിശ്വസിക്കുന്നില്ല.
കഥ തീര്‍ന്നില്ല: ഏഴ് ഫോണ്‍ കോളുകളുടെ ചിലവില്‍ എനിക്ക് അറിയാന്‍ സാധിച്ചു എന്റെ ആ പഴയ സുഹൃത്ത് ഇടുക്കി പൈനാവ് കലക്ടറേറ്റില്‍ ജോലി ചെയ്യുന്നെന്ന്. അത് അവന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയം. അവന്റെ മാത്രം വിജയം.
അന്ധത വഴിമാറി ഇവര്‍ക്കുമുന്നില്‍
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.