പിഴുതെറിയേണ്ട സിനിമാക്കുരിശുകള്‍ !

By ജെ. ബിന്ദുരാജ്First Published Jul 11, 2017, 3:23 PM IST
Highlights

സെക്കന്‍ഡില്‍ 24 ഫ്രെയിമുകള്‍ മുന്നോട്ടു നീങ്ങുമ്പോഴാണ് അതൊരു ചലച്ചിത്രമായി മാറുന്നത്. ശരാശരി അഞ്ചു കോടി രൂപ മുതല്‍മുടക്കുള്ള, രണ്ടു മണിക്കൂറോളം ദൈര്‍ഘ്യമുള്ളഒരു സിനിമ ക്ലൈമാക്‌സിലെത്തുമ്പോഴേക്ക് മൊത്തം 1,73,000 ഓളം ഫ്രെയിമുകള്‍ ഓടിത്തീര്‍ന്നിരിക്കും. ഇതേപോലെ തന്നെ ചില കണക്കുകളിലൂടെയാണ് പത്രങ്ങള്‍ ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  81 ദിവസം നീണ്ടുനിന്ന അന്വേഷണത്തില്‍ 25 മണിക്കൂര്‍ ചോദ്യം ചെയ്ത് 19 തെളിവുകളുടെ പിന്‍ബലത്തോടെയാണത്രേ ദിലീപ് അറസ്റ്റിലായത്. ഈ അറസ്റ്റ് ചലച്ചിത്രലോകത്തെ പലര്‍ക്കും ഞെട്ടലായതിനു പ്രധാന കാരണം അവരെല്ലാം പ്രതീക്ഷിച്ചത് പഴയ സിനിമാ പ്രൊജ്കടറുകളില്‍ ഫിലിം പൊട്ടുന്നതുപോലെ ദിലീപ് ഇതില്‍ നിന്നും ഊരിപ്പോരുമെന്നാണ്. പക്ഷേ ഇടയ്ക്കുവച്ച് സിനിമ 'ഡിജിറ്റല്‍ ഫോര്‍മാറ്റി' ലേക്ക് മാറിയപ്പോള്‍ സംഗതി കുഴഞ്ഞു. ജനപ്രതിനിധികളുടെ കുപ്പായമണിഞ്ഞവര്‍ കൊച്ചി രാജാവിനെ രക്ഷിക്കാന്‍ നടത്തിയ നീക്കങ്ങളൊക്കെ പാഴായി.

ദിലീപിന്റെ അറസ്റ്റ് ചലച്ചിത്രമേഖലയെ ബാധിച്ചിട്ടുള്ള ഒരു മഹാവ്യാധിയുടെ ചില ചൊറിത്തടിപ്പുകള്‍ മാത്രമേ പുറത്തുകൊണ്ടുവന്നിട്ടുള്ളു. മലയാള സിനിമാ വ്യവസായത്തിന്റെ ശരീരം ഇന്നൊരു സ്‌കാനിങ്ങിനു വിധേയമാക്കിയാല്‍ ആ ശരീരത്തിലെ രോഗങ്ങളുടെ ആധിക്യം ആരേയും ഞെട്ടിച്ചേക്കും. പലവിധ മാഫിയകളും കോക്കസ്സുകളും അടക്കിവാഴുന്ന ഒരു അധോലോകമായി മാറിയിരിക്കുന്നു അത്. സിനിമയ്ക്കുള്ളിലെ ആ അധോലോകത്തിന്റെ സ്രഷ്ടാക്കളില്‍ പ്രധാനിയായിരുന്നു ഇപ്പോള്‍ അറസ്റ്റിലായ താരമെന്നാണ് പലരും അടക്കംപറയുന്നത്. 

ദിലീപിന്റെ അറസ്റ്റ് ചലച്ചിത്രമേഖലയെ ബാധിച്ചിട്ടുള്ള ഒരു മഹാവ്യാധിയുടെ ചില ചൊറിത്തടിപ്പുകള്‍ മാത്രമേ പുറത്തുകൊണ്ടുവന്നിട്ടുള്ളു.

ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മാണ കമ്പനിയും 'റൈറ്റ്  റിലീസ്' എന്ന വിതരണക്കമ്പനിയും തുടങ്ങിയതോടെയാണ് ദിലീപ് സിനിമാമേഖലയില്‍ പല കള്ളക്കളികളിലേക്കും എത്തിച്ചേര്‍ന്നതെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പോലും പറയുന്നത്. സഹോദരനൊപ്പവും മറ്റ് ബന്ധുക്കള്‍ക്കൊപ്പവും ചേര്‍ന്ന് മറ്റു ചില നിര്‍മ്മാണ കമ്പനികള്‍  കൂടി നിര്‍മ്മിച്ചതോടെ സിനിമാമേഖലയില്‍ പല കുതികാല്‍വെട്ടുകള്‍ക്കും സ്വര്‍ണ്ണപ്പാരകള്‍ക്കും ദിലീപ് തുടക്കമിടുക കൂടിയായിരുന്നുവത്രേ. തന്റെ നിര്‍മ്മാണ കമ്പനികള്‍ വഴി പല സംവിധായകര്‍ക്കും ഡേറ്റുകള്‍ നല്‍കുകയും സിനിമയുടെ നിര്‍മ്മാണം വൈകിപ്പിക്കുക വഴി അവരെ മറ്റു താരങ്ങളുടെ സിനിമകളില്‍ നിന്നും അകറ്റിനിര്‍ത്തുകയും ചെയ്യുകയെന്ന വിദ്യയായിരുന്നു പ്രധാനമായും ദിലീപ് പയറ്റിയിരുന്നത്. 

ഡി സിനിമാസ് എന്ന പേരില്‍ ചാലക്കുടിയില്‍ തീയേറ്റര്‍ സമുച്ചയം ആരംഭിച്ചതോടെ എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലും ദിലീപ് ശക്തനായി. ലിബര്‍ട്ടി ബഷീര്‍ പ്രഖ്യാപിച്ച തീയേറ്റര്‍ സമരത്തെ പ്രതിരോധിക്കാനെന്ന പേരില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ തകര്‍ത്ത് ഫിലിം എക്‌സിബിറ്റേഴ്‌സ്  യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്ന പേരില്‍ പുതിയ സംഘടന ഉണ്ടാക്കിയതോടെ ആ മേഖലയിലും ദിലീപ് ആധിപത്യമുറപ്പിച്ചു. താരസംഘടനയായ അമ്മയുടെ ട്രഷറര്‍ പദവിക്കൊപ്പം എക്‌സിബിറ്റേഴ്‌സ് സംഘടനയുടെ പ്രസിഡന്റ് പദവിയും വിതരണക്കാരുടേയും നിര്‍മ്മാതാക്കളുടേയും സംഘടനയില്‍ അംഗത്വം കൂടിയായതോടെ മലയാള സിനിമയുടെ സര്‍വമേഖലകളിലും പിടിമുറുക്കി ഈ വിദ്വാന്‍. ആരുടെ ചിത്രം ഏതു സമയത്ത് റിലീസ് ചെയ്യപ്പെടണമെന്നും ഒരാള്‍ അഭിനയിച്ച ചിത്രം എത്രനാള്‍ തീയേറ്ററുകളില്‍ കളിക്കണമെന്നും ഏതു ചിത്രം റിലീസിനെടുക്കണമെന്നും ഏതു ചിത്രത്തെ തഴയണമെന്നും ആര് ആരുടെ ചിത്രത്തില്‍ അഭിനയിക്കണമെന്നുമൊക്കെ നിശ്ചയിക്കാന്‍ തക്കവണ്ണമുള്ള ഒരു ചലച്ചിത്ര കുത്തകാധിപധിയുടെ തലത്തിലേക്ക് അതോടെ അയാള്‍ വളരുകയായിരുന്നു. 

ദിലീപിന്റെ പകയ്ക്കു പാത്രമായാല്‍ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ നിന്നുപോലും നടികള്‍ പുറത്താകുന്ന അവസ്ഥയുമുണ്ടായി.

ദിലീപിന്റെ പകയ്ക്കും വിരോധത്തിനും പാത്രമായാല്‍ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ നിന്നുപോലും നടികള്‍ പുറത്താകുന്ന അവസ്ഥയുമുണ്ടായി. ഇപ്പോള്‍ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് പല ചിത്രങ്ങളില്‍ റോളുകള്‍ നിഷേധിക്കപ്പെടുന്നതിനും അഭിനയിച്ച ചിത്രം തീയേറ്ററുകളില്‍ നിന്നും ആദ്യആഴ്ചയില്‍ തന്നെ പിന്‍വലിക്കാന്‍ സാഹചര്യമുണ്ടാക്കിയതും ദിലീപിന്റെ പിന്നാമ്പുറ അഭ്യാസങ്ങളായിരുന്നുവെന്നാണ് സിനിമാക്കാര്‍ പറയുന്നത്. എന്തിന്, ചില യുവനടന്മാരുടെ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ തീയേറ്ററില്‍ അതിനെ കൂവിത്തോല്‍പിക്കാന്‍ തന്റെ ഫാന്‍സ് കുറുക്കന്‍ പടയെ ഇറക്കുന്ന കാര്യത്തിലുമുണ്ടായിരുന്നത്രേ ഈ ദിലീപ് സ്പര്‍ശം. 

സിനിമ, കോടികളുടെ വ്യവസായമായതുകൊണ്ടു തന്നെ കള്ളപ്പണത്തിന്റെ കുത്തൊഴുക്കാണ് ആ മേഖലയില്‍. സിനിമയില്‍ മുതല്‍ മുടക്കാന്‍ തയാറായി പ്രവാസി ബിസിനസുകാര്‍ പലരും ചാടി വീഴുന്നത് ഈ മേഖലയിലെ പുതുസാധ്യതകള്‍ മനസ്സിലാക്കിക്കൊണ്ടു തന്നെയാണ്. കള്ളപ്പണം പണം വെളുപ്പിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരിടമില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ പുതുപ്പണമെറിയല്‍കാരുടെ വരവാണ് വാസ്തവത്തില്‍ മലയാള സിനിമാ മേഖലയെ ഒരു അധോലോകത്തിന്റെ നിലവാരത്തിലേക്കെത്തിച്ചത്. 

ചാനലുകാര്‍ ഉപഗ്രഹറൈറ്റുകള്‍ക്കായി വലിയൊരു തുക മുടക്കാന്‍ തുടങ്ങിയതോടെ, സിനിമ തീയേറ്ററുകളിലെത്തും മുമ്പു തന്നെ മുടക്കുമുതലിന്റെ വലിയൊരു പങ്കും തിരിച്ചുപിടിക്കാനാകുന്നതാകട്ടെ, പല കൈവിട്ട കളികളിലേക്കും നയിക്കുകയും ചെയ്തു. സംവിധായകനാണ് സിനിമയുടെ കേന്ദ്രബിന്ദു എന്നതുവിട്ട് താരത്തിലേക്ക് മാത്രം ചാനല്‍ ബിസിനസുകള്‍ ഒതുങ്ങിയത് ഒരു ഓഹരിവിപണിയിലെന്നപോലെ, താരത്തിന്റെ മാര്‍ക്കറ്റ് വാല്യു ഉയര്‍ത്തി. സിനിമയെന്ന കലാസൃഷ്ടിക്കു മേല്‍ താരകേന്ദ്രീകൃതമായ കച്ചവടം പൊടിപൊടിച്ചത് അങ്ങനെയാണ്. ഒന്നും രണ്ടും മൂന്നും കോടി രൂപയിലേക്ക് താരങ്ങള്‍ പ്രതിഫലം ഉയര്‍ത്തി. ചില നടന്മാരാകട്ടെ, നികുതിയടക്കാനുള്ള പണം കൂടി നിര്‍മ്മാതാവിനെക്കൊണ്ടു തന്നെ കൊടുപ്പിച്ച്, മറ്റുള്ളവരെക്കൂടി ആ വഴിക്ക് നയിച്ചു. 

ഇതോടൊപ്പം തന്നെ ചേര്‍ത്തുവായിക്കേണ്ടത് ചലച്ചിത്ര ലോകത്ത് ഇന്നും അഭിനേത്രികളോട് സിനിമാക്കാര്‍ വച്ചുപുലര്‍ത്തുന്ന സമീപനം.

കലാസൃഷ്ടി കേവലം കച്ചവടമാകുമ്പോള്‍ സംഭവിക്കുന്ന അപചയങ്ങള്‍ തന്നെയാണ് മലയാള സിനിമയ്ക്കും ഓരോരോ കാലങ്ങളില്‍ ഓരോരോ തരത്തിലും സംഭവിച്ചുകൊണ്ടിരുന്നത്. ഒരുകാലത്ത് സിനിമ സൂപ്പര്‍ താരങ്ങളുടെ ആധിപത്യത്തിനു കീഴിലായിരുന്നു. സൂപ്പര്‍ താരങ്ങളുടെ മുന്നില്‍ ഏറാന്മൂളികളായി നിലകൊള്ളുന്നവരും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് കഥയും ഡയലോഗും താരങ്ങളേയും മാറ്റുന്നവരും മാത്രമേ സിനിമയില്‍  നിലനിന്നുള്ളു. നരസിംഹങ്ങളും തമ്പുരാന്മാരും മാടമ്പികളുമൊക്കെ മലയാള സിനിമയെ അടക്കിവാണിരുന്ന കാലമാണിത്. അമാനുഷിക കഥാപാത്രങ്ങളുടെ പിന്‍ബലത്തില്‍ തീയേറ്ററില്‍ ശരാശരി ബൗദ്ധിക നിലവാരമുള്ളവരെ തൃപ്തിപ്പെടുത്തി പണം വാരുന്നതിനപ്പുറം കലയോടോ സമൂഹത്തോടോ യാതൊരു പ്രതിബദ്ധതയും പുലര്‍ത്തിയില്ല ഈ ചിത്രങ്ങള്‍. പണ്ടിത് കുട്ടി, പെട്ടി, മമ്മൂട്ടിച്ചിത്രമായിരുന്നുവെങ്കില്‍ പിന്നീട് മീശ പിരിയന്മാര്‍ വെള്ളിത്തിരയില്‍ അര്‍മാദിച്ചു. നല്ല സിനിമാക്കാര്‍ ചലച്ചിത്ര വ്യവസായരംഗത്തു നിന്നും നിഷ്‌കാസിതരായി; ഫോര്‍മുലച്ചിത്രങ്ങള്‍ അരങ്ങുവാണു. പക്ഷേ അത് അധികകാലം നിലനിന്നില്ല. മലയാള സിനിമ കാണാന്‍ തീയേറ്ററിലേക്ക് ആളെത്താതായി. അങ്ങനെയാണ് തീയേറ്ററുകളുടെ രക്ഷകയായി ഷക്കീലയെത്തിയതും കിന്നാരത്തുമ്പികളുടെ തരംഗം കേരളത്തില്‍ വീശിയടിച്ചതും. 

തൊട്ടയല്‍ദേശമായ തമിഴ്‌നാട്ടിലെ പരീക്ഷണ സിനിമകള്‍ വിജയം കണ്ടില്ലായിരുന്നുവെങ്കില്‍, അവ കേരളക്കരയിലും ചര്‍ച്ച ചെയ്യപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ മലയാളത്തില്‍ ഒരു നവതരംഗം സൃഷ്ടിക്കപ്പെടുമായിരുന്നില്ല. രാജേഷ് പിള്ളയും ട്രാഫിക്കും സമീര്‍ താഹിറിന്റെ ചാപ്പാകുരിശും ആഷിക് അബുവിന്റെ സോള്‍ട്ട് ആന്റ് പെപ്പറുമൊക്കെ നേടിയ വിജയമാണ് വാസ്തവത്തില്‍ മലയാള സിനിമയ്ക്ക് അതിന്റെ ദുരന്തകാലത്ത് നല്ല സിനിമകളോടുള്ള കൗതുകം വളര്‍ത്തിയത്. മലയാളത്തില്‍ ഒട്ടേറെ പുതുമുഖ സംവിധായകരും താരങ്ങളും ചിത്രങ്ങളുമൊക്കെ പിറവികൊണ്ടതും സാധാരണക്കാരായ ചെറുപ്പക്കാര്‍ നല്ല കഥയും കാഴ്ചകളുമായി നമ്മെ വിസ്മയിപ്പിക്കാന്‍ തുടങ്ങിയതുമെല്ലാം അങ്ങനെയാണ്. അങ്ങനെ ഒരു നവതരംഗത്തിലേക്ക് മലയാള സിനിമ പിച്ചവച്ചുതുടങ്ങിയ നേരത്തു തന്നെയാണ് പതിയെപ്പതിയെ സിനിമയിലേക്ക് ചില ക്ഷുദ്രജീവികള്‍ അധോലോകസംസ്‌കാരത്തിന് നാന്ദി കുറിക്കാനെത്തിയതും. 

ഇതിനു മുമ്പും പള്‍സര്‍ സുനിയുടെ ബ്ലാക്‌മെയിലുകള്‍ക്ക് പല നടികളും വിധേയരായിട്ടുണ്ടാകാം

ഇതോടൊപ്പം തന്നെ ചേര്‍ത്തുവായിക്കേണ്ടത് ചലച്ചിത്ര ലോകത്ത് ഇന്നും അഭിനേത്രികളോട് സിനിമാക്കാര്‍ വച്ചുപുലര്‍ത്തുന്ന സമീപനം. മദ്യവും മദിരാക്ഷിയും സിനിമയുടെ ഭാഗമായിരുന്ന പഴയ കാലത്തില്‍ നിന്നും മലയാള സിനിമ ഒരുപാട് മുന്നോട്ടു നീങ്ങുകയും പ്രൊഫഷണല്‍ സമീപനമുള്ള അഭിനേത്രികള്‍ വരികയും ചെയ്തുവെങ്കിലും പഴയ മനസ്ഥിതി പല നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും മാറിയില്ല. കിടക്ക പങ്കിട്ടാല്‍ താരമാക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന നാലാംകിടപ്പരിഷകള്‍ ഇപ്പോഴും ഈ രംഗത്തുണ്ടെന്നതിന്റെ തെളിവാണ് പാര്‍വതിയുടെ തുറന്നുപറച്ചിലുകള്‍. നേരത്തെ നിര്‍മ്മാതാവിന് കിടക്ക പങ്കിടാന്‍ നടി തയാറാകാതിരുന്നതിനെ തുടര്‍ന്ന് നടിയെ സിനിമയില്‍ നിന്നു വിലക്കാന്‍ പോലും ഒരാള്‍ രംഗത്തിറങ്ങിയ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. നായകനടനെ കളിയാക്കിച്ചിരിച്ച നടി പിന്നീട് മലയാള സിനിമയില്‍ നിന്നും നിഷ്‌കാസിതയായ കഥയും നമുക്കറിയാം. ഒരു പ്രമുഖ സംവിധായകനാകട്ടെ, തന്നെ കാണാനെത്തുന്ന മാധ്യമപ്രവര്‍ത്തകരോട് ഒരു നടിയുടെ അഴകളവുകള്‍ വര്‍ണിക്കുകയായിരുന്നു കുറെക്കാലം മുമ്പു വരെ ഹോബി. 

ഗുണ്ടകളും തെമ്മാടികളുമൊക്കെ ചലച്ചിത്രമേഖലയുടെ ഭാഗമായി മാറിയത് അവരെ താങ്ങിനിര്‍ത്താന്‍ താരഗോപുരങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നതു കൊണ്ടു തന്നെയാണ്. പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ കൊടുംക്രിമിനലാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് താരങ്ങള്‍ അവനെ കൂടെക്കൂട്ടുന്നതും ഡ്രൈവറായി നിയമിക്കുന്നതുമൊക്കെ. പലപ്പോഴും തങ്ങളുടെ അഭീഷ്ട സാക്ഷാല്‍ക്കാരങ്ങള്‍ക്ക് ഇത്തരക്കാര്‍ ആവശ്യമാണെന്ന് അവര്‍ക്ക് നന്നായി അറിയാം. മാത്രവുമല്ല, അഭിനയത്തിലുപരി റിയല്‍ എസ്റ്റേറ്റും മറ്റും ബിസിനസുകളുമൊക്കെ നോക്കിനടത്തുന്നവര്‍ക്ക് ഇത്തരം ഗുണ്ടാപ്പടയുടെ ആവശ്യമുണ്ടുതാനും. 

ഇതിനു മുമ്പും പള്‍സര്‍ സുനിയുടെ ബ്ലാക്‌മെയിലുകള്‍ക്ക് പല നടികളും വിധേയരായിട്ടുണ്ടാകാം. അതിനു പിന്നില്‍ താരരാജാക്കന്മാരുടെ കൈകളുമുണ്ടാകാം. ഇപ്പോള്‍ ദിലീപിനു നേരെ ഉയരുന്ന കൂക്കിവിളികള്‍ ആ അധോലോകത്തിന്റെ വ്യാപ്തിയെപ്പറ്റിയും അത് എങ്ങനെ ഒരു സാമൂഹ്യവിരുദ്ധതയായി മാറുന്നുവെന്നതിനെപ്പറ്റിയും നാട്ടുകാര്‍ തിരിച്ചറിയുന്നുവെന്നതിന്റെ തെളിവാണ്. സിനിമാരംഗം തന്നെ ഉപേക്ഷിച്ച്, പ്രേക്ഷകമറവിയിലായ പല താരങ്ങളും സംവിധായകരും തുറന്നുപറച്ചുകളുമായി രംഗത്തെത്തിയാല്‍ ചലച്ചിത്രരംഗം കുറെക്കൂടി ശുദ്ധീകരിക്കപ്പെടുമെന്നുറപ്പാണ്. പക്ഷേ എത്ര പേര്‍ ആ തുറന്നുപറച്ചിലുകള്‍ക്ക് തയാറാകുമെന്നതാണ് ചോദ്യം ആരെയാണ് തങ്ങള്‍ വിശ്വസിക്കുക എന്നതാകാം അവര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. 
 

click me!