
ഇന്ത്യയിലെ ശക്തമായ ഒരു വെള്ള റിബണ്‍ പ്രചാരണം കേരളത്തില്‍ നിന്നും നവംബര്‍ 25 നു തുടങ്ങട്ടെ. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴെ തുടങ്ങാം. കോളേജില്‍ പഠിക്കുന്ന യുവാക്കള്‍ ആരെങ്കിലും മുന്‍കൈ എടുക്കുമോ? സമാന ചിന്താഗതികള്‍ ഉള്ള ധാരാളം യുവാക്കള്‍ കൂടെ ഉണ്ടാവും.
'മാടമ്പള്ളീലെ താക്കോലെടുക്കാന്‍ നീയെന്തിനാ ദാസപ്പാ കിണറ്റില്‍ ഇറങ്ങുന്നേ?'
'മാടമ്പള്ളീല്‍ മറന്നു വച്ച താക്കോലെടുക്കാന്‍ മാടമ്പള്ളീല്‍ തന്നെ പോണം. അല്ലാതെ ഉണ്ണിത്താന്‍ ചേട്ടന്റെ കിണറ്റിലിറങ്ങിയാല്‍ താക്കോല്‍ കിട്ടുവോ?'
'ഇല്ല.'
പക്ഷെ നമ്മുടെ നാട്ടിലെ ചില ഇടപെടലുകള്‍ കണ്ടാല്‍ മാടമ്പള്ളീലെ താക്കോലെടുക്കാന്‍ ഉണ്ണിത്താന്‍ ചേട്ടന്റെ കിണറ്റിലിറങ്ങിയ പോലെ തോന്നും. പ്രത്യേകിച്ചും പെണ്‍കുട്ടികളോടുള്ള സദാചാര പ്രഭാഷണങ്ങളുടെ കാര്യം. സ്ത്രീ പീഡനങ്ങള്‍ കൂടി വരുന്നത് പ്രമാണിച്ചുള്ള സദാചാര ക്ലാസുകള്‍ (അതും ആണ്‍ കുട്ടികളെ ഒഴിവാക്കി) നടത്തുന്നത് പെണ്‍കുട്ടികള്‍ക്കാണ്.
എന്തൊരു വിരോധാഭാസമാണ് ഇത്?
ഈ അടുത്തയിടയ്ക്കും ഒരു പ്രമുഖകോളേജില്‍ ആണ്‍കുട്ടികളെ ഒഴിവാക്കി പെണ്‍കുട്ടികള്‍ക്കായി സദാചാര ക്ലാസുകള്‍ നടത്തി എന്ന വാര്‍ത്ത കണ്ടു. പീഡനം തടയണം എങ്കില്‍ ആണ്‍ കുട്ടികളെയല്ലേ, ബോധവല്‍ക്കരിക്കേണ്ടത്? നമുക്കെന്താ ഇത് ഇതുവരെ മനസ്സിലാകാത്തത്?
ഈ സാചര്യത്തില്‍ വേണം, സ്ത്രീ സുരക്ഷയ്ക്കു വേണ്ടി പുരുഷന്‍മാരെ ബോധവല്‍ക്കരിക്കുന്ന പ്രചാരണത്തെ കാണാന്‍. വൈറ്റ് റിബണ്‍ കാമ്പെയിന്‍ എന്നാണ് ഇതിന്റെ പേര്.
സ്ത്രീ സുരക്ഷ ഉറപ്പാക്കാനും, സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം തടയാനും, പുരുഷന്മാരെ ബോധവല്‍ക്കരിക്കുന്ന, പുരുഷന്മാരുടെ പ്രചാരണ പ്രസ്ഥാനമാണ്, ഇത്. മിക്ക രാജ്യങ്ങളിലും ഇതിന്റെ ശാഖകള്‍ ഉണ്ട്. സ്ത്രീസ്വാതന്ത്ര്യ അനുകൂലികളായ ഒരു പറ്റം പുരുഷന്മാര്‍ ആണ് ഇതിന്റെ പിന്നില്‍.
ഈ സംഘടന ശക്തിപ്പെടാന്‍ കാരണം കാനഡയിലെ École Polytechnique ല്‍ നടന്ന കൂട്ടക്കൊലയാണ്. ഇരുപത്തഞ്ചു കാരനായ മാര്‍ക്ക് ലെപ്പേന്‍ എന്നയാള്‍ 'feminism' എന്ന ആശയം തകര്‍ക്കാനായി പതിനാലു സ്ത്രീകളെയാണ് വെടിവച്ചു കൊന്നത്.
അതിനു ശേഷം, സ്ത്രീ സുരക്ഷയെപ്പറ്റിയും, ലിംഗ സമത്വത്തെപ്പറ്റിയും പുരുഷന്മാരില്‍ അവബോധം ഉണ്ടാക്കുവാനുള്ള ദൗത്യം ഈ ഗ്രൂപ്പ് ഏറ്റെടുത്തു. അറുപതോളം രാജ്യങ്ങളില്‍ ഈ സംഘടന ശക്തമാണ്. ഇന്ത്യയില്‍ ഇതിന്റെ ശക്തമായ സാന്നിദ്ധ്യത്തെ ക്കുറിച്ചു അധികം റിപ്പോര്‍ട്ടുകള്‍ ഇല്ല. യൂ. കെ. യില്‍ മാത്രം 25,000 പ്രവര്‍ത്തകര്‍ ഈ സംഘടനയില്‍ ഉണ്ട്. ഇവര്‍ സ്‌കൂളുകളിലും, പൊതു വേദികളിലും ലിംഗ സമത്വത്തെപ്പറ്റി സെമിനാറുകള്‍ സംഘടിപ്പിക്കാറുണ്ട്.
എന്തൊക്കെയാണ് വെള്ള റിബ്ബണ്‍ സംഘടനയുടെ ലക്ഷ്യങ്ങള്‍?
ഇത് പുരുഷന്മാരില്‍, സ്ത്രീ സമത്വ അവബോധം ഉണ്ടാക്കുവാനായി സ്ഥാപിതമായ പുരുഷന്മാരുടെ സംഘടനയാണ്. സ്‌കൂളുകളില്‍, പൊതു സ്ഥലങ്ങളില്‍, കോളേജുകളില്‍, വീടുകളില്‍ എല്ലാം സ്ത്രീ സമത്വത്തെപ്പറ്റി ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. ബോധവല്‍ക്കരണത്തിനായി ധനശേഖരണവും, തൊഴില്‍ ഇടങ്ങളിലും സമൂഹത്തിലും, സ്ത്രീകള്‍ക്ക് തുല്യത ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും ഇതിന്റെ ലക്ഷ്യങ്ങള്‍ ആണ്.
1999, ല്‍ യു.എന്‍ പൊതുസഭ നവംബര്‍ 25 സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള ദിനം (International Day for the Elimination of Violence against Women) ആയി തിരഞ്ഞെടുത്തു. അതിന്റെ അടയാളം ആണ് ഈ വെള്ള റിബണ്‍.
ഇതിപ്പോള്‍ എഴുതാന്‍ കാരണമുണ്ട്. ഇനി ഏകദേശം രണ്ടു മാസമേയുള്ളൂ നവംബര്‍ 25 ആകാന്‍.
എന്താണ് നവംബര്‍ 25ന് നടക്കുന്നത്?
കൂടുതല്‍ സമാന ചിന്താഗതിയുള്ള ആള്‍ക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുവാനായി ഈ സംഘടനയില്‍ ഉള്ളവര്‍ ഷര്‍ട്ടില്‍ വെള്ള റിബണ്‍ ധരിക്കും. സ്‌കൂളുകളിലും കോളേജുകളിലും ആണ്‍ കുട്ടികളോടായി സ്ത്രീ സുരക്ഷയെപ്പറ്റിയും, സ്ത്രീ സമത്വത്തെ പറ്റിയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംഘടനയുടെ പ്രത്യേകത കൊണ്ടു തന്നെ ധാരാളം ദൃശ്യ, ശ്രവ്യ മീഡിയകളുടെ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്.
നമുക്ക് എന്ത് ചെയ്യാന്‍ പറ്റും?
ഇന്ത്യയിലെ ശക്തമായ ഒരു വെള്ള റിബണ്‍ പ്രചാരണം കേരളത്തില്‍ നിന്നും നവംബര്‍ 25 നു തുടങ്ങട്ടെ. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴെ തുടങ്ങാം. കോളേജില്‍ പഠിക്കുന്ന യുവാക്കള്‍ ആരെങ്കിലും മുന്‍കൈ എടുക്കുമോ? സമാന ചിന്താഗതികള്‍ ഉള്ള ധാരാളം യുവാക്കള്‍ കൂടെ ഉണ്ടാവും.
ഇതൊരു വിപ്ലവം ആയി മാറട്ടെ, എല്ലാ കോളേജിലും പത്തു പ്രവര്‍ത്തകര്‍ മതി. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയോ രാഷ്ട്രീയം ഇല്ലാത്ത മറ്റു സന്നദ്ധ സംഘടനകളുടെയോ ഭാഗമായി തുടങ്ങാം.
കൂടുതൽ വായനയ്ക്ക്
1) Ribbons highlight domestic abuse
2) BBC Radio Merseyside - White Ribbon Campaign
3) White ribbon campaign UK
4) What is the White Ribbon Campaign?
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.