സ്ത്രീകളേ, സുരക്ഷിതമായ അബോര്‍ഷന്‍ നിങ്ങളുടെ അവകാശമാണ്!

By ഡോ. വീണ ജെ.എസ്First Published Jan 10, 2018, 3:46 PM IST
Highlights

ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നത് പെണ്ണുങ്ങള്‍ക്കാണ്. റേപ്പിനിരയായി ഗര്‍ഭിണികള്‍ ആയവര്‍ക്ക്, അവിവാഹിതകളോ വിവാഹിതകളോ ആയിരിക്കെ, ഗര്‍ഭനിരോധനമാര്‍ഗം സ്വീകരിച്ചു പരാജയപ്പെട്ടവര്‍ക്ക്, ഡോക്ടര്‍മാരുടെയും സമൂഹത്തിന്റെയും കുത്തുവാക്കുകള്‍ ഭയന്ന് ആത്മഹത്യയെ പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്, ഈ കാരണങ്ങള്‍ കൊണ്ട് ആത്മഹത്യചെയ്തു ജീവിതം വിട്ട് പോയവര്‍ക്ക്, ഇഷ്ടമില്ലാത്ത ഗര്‍ഭം തുടര്‍ന്നുകൊണ്ടുപോയി ശപിച്ചുകൊണ്ട് അമ്മമാരാകേണ്ടിവന്നവര്‍ക്കു, ഇതേ കാരണങ്ങള്‍കൊണ്ട് അമ്മമാരായി മാനസികനില തകര്‍ന്നു ജീവിക്കുന്നവരുടെ പാവം പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്.

ഇന്ന് വൈകിട്ട് ഒരു കൂട്ടുകാരി വിളിച്ചു. രണ്ടാമത് ഗര്‍ഭിണിയാണ്. പക്ഷെ കുഞ്ഞിനെ ഇപ്പോള്‍ സ്വീകരിക്കാന്‍ അവര്‍ക്കു സാമ്പത്തികമായും മാനസികമായും യാതൊരു നിര്‍വാഹവും ഇല്ല. ഉറ ആണ് അവര്‍ ഉപയോഗിക്കുന്ന ഗര്‍ഭനിരോധനമാര്‍ഗം. നിര്‍ഭാഗ്യവശാല്‍ കോണ്ടം പൊട്ടിപ്പോയി. (അത് നടക്കില്ല എന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത്, എനിക്ക് അനുഭവം ഉണ്ട്. സംഭവിക്കാം അത്.) അടുത്ത ദിവസം തന്നെ അവള്‍ എമര്‍ജന്‍സി ഗര്‍ഭനിരോധനഗുളിക കഴിച്ചു. പക്ഷെ, അപ്പോഴും ഗര്‍ഭം തുടര്‍ന്നു.(കള്ളം എന്ന് പറയുന്നവരോട്-condom rupture and emergency pill failure നടന്നിട്ടുണ്ട് ഒരുപാട് ജീവിതങ്ങളില്‍. അനേകസ്ത്രീകളുടെ ഗതികേട് നേരിട്ടറിയാന്‍ കഴിഞ്ഞിട്ടുള്ളത് കൊണ്ടാണ്.)

കാര്യത്തിലേക്കു വരാം. കേരളത്തിലെ ഒരു ജില്ലയിലെ ഗൈനെക്കോളജിസ്റ്റുകള്‍ ഉള്ള മൂന്ന് ഗവ. ഹോസ്പിറ്റലുകളില്‍ ഇന്നലെയും ഇന്നുമായി അവളും ഭര്‍ത്താവും കയറിയിറങ്ങി. ഒരിടത്തും അവര്‍ക്കു അബോര്‍ഷന്‍ ചെയ്തു കൊടുക്കുന്നില്ല. ഗൈനക്കോളജിസ്റ്റ് പറയുന്നത്, അവിടെ ആരും അബോര്‍ഷന്‍  ചെയ്തുകൊടുക്കാറില്ല, സീനിയറും ചെയ്യാറില്ല, മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയാണ് പതിവ്. ഹൃദയം നിലച്ചുപോവുന്ന സാഹചര്യത്തിലുള്ള ഗര്‍ഭം മാത്രമേ അബോര്‍ഷന്‍ ചെയ്യാറുള്ളു എന്നൊക്കെയുള്ള വികലവാദങ്ങള്‍ ആണ് അവര്‍ ഉന്നയിച്ചത്. പ്രൈവറ്റ് ഹോസ്പിറ്റലില്‍ പോകാനുള്ള ശേഷി അവര്‍ക്കുണ്ടെങ്കില്‍ അവര്‍ ആ കുഞ്ഞിനെ വളര്‍ത്താനുള്ള തീരുമാനം പരിഗണിച്ചേനെ. (അബോര്‍ഷന്‍ ചെയ്യാന്‍ പ്രൈവറ്റ് ഹോസ്പിറ്റലില്‍ മിനിമം ഇരുപതിനായിരം രൂപയോളം ആകും) ഒരു ഡോക്ടര്‍ അവളോട് ചോദിച്ചത് 'കോപ്പര്‍ ടി ഇടാമായിരുന്നില്ലേ എന്നാണ്'. അവളുടെ ഉത്തരം കേള്‍ക്കുക 'ഒരു സുഹൃത് കോപ്പര്‍ ടി ഇട്ടിട്ടും ഗര്‍ഭിണി ആയി. പിന്നെ കുറേ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടെന്നു കേട്ടിരുന്നു. അതുകൊണ്ട് വേണ്ടെന്നു വെച്ചതാണ്'. 

ശരാശരി വിദ്യാഭ്യാസം മാത്രമുള്ള ഒരു സ്ത്രീക്ക് ഇങ്ങനെയുള്ള തീരുമാനം എടുക്കാന്‍ ഇത്രയൊക്കെ പോരെ?

ഹോസ്പിറ്റലിലെ ഡോക്ടറോട് പറയാന്‍ ഉള്ളത്, ഹാര്‍ട്ട് നിലച്ചുപോകുന്ന ഗര്‍ഭം മാത്രം അബോര്‍ഷന്‍ ചെയ്യാനല്ല സര്‍ക്കാര്‍ നിങ്ങളെ നിയമിച്ചത്. നിയമവിധേയമായ എല്ലാ അബോര്‍ഷനും നിങ്ങള്‍ ചെയ്തുകൊടുക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ കാണിക്കുന്നത് നിയമവിരുദ്ധതയാണ്. നിങ്ങളുടെ സീനിയേഴ്‌സ് ചെയ്യുന്നില്ലെന്നു കരുതി അത് നിയമവിധേയം ആകുന്നില്ല.

ഗര്‍ഭച്ഛിദ്രനിയമത്തെ കുറിച്ച് സ്ത്രീകളും പങ്കാളികളും അറിയേണ്ടുന്ന കാര്യങ്ങള്‍:

1971 MTP act.

നാല് സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രം ചെയ്യാവുന്നതാണ്.
1 ഗര്‍ഭം തുടരുന്നത് അമ്മയുടെ ജീവന്‍ അപകടത്തില്‍ ആക്കുമെങ്കില്‍, ഗുരുതരമായ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെങ്കില്‍.

2 ഗുരുതരമായ ജനിതക/മറ്റു പ്രശ്‌നങ്ങള്‍ ഉള്ള ഗര്‍ഭം

3 ബലാല്‍സംഗ, ലൈംഗിക അതിക്രമത്തിലൂടെ ഉണ്ടാകുന്ന ഗര്‍ഭം (അതിനി marital rape ആണെങ്കിലും ബലാല്‍സംഗം അതു തന്നെയാണ്. കല്യാണം കഴിച്ച സ്ത്രീയെ ബലാല്‍സംഗം ചെയ്താല്‍ ഒരുപക്ഷെ അയാള്‍ രക്ഷപ്പെട്ടേക്കാം. പക്ഷെ അങ്ങനെയുണ്ടാവുന്ന കുട്ടിയെ അബോര്‍ട്ട് ചെയ്യാന്‍ സ്ത്രീ തീരുമാനിച്ചാല്‍ അതിനു നിയമതടസ്സം ഇല്ല. ബലാല്‍സംഗം നടന്നു എന്നുള്ളതിന് കേസ് രജിസ്റ്റര്‍ ചെയ്തു കൊടുക്കേണ്ട കാര്യവും ഇല്ലാ. ബലാല്‍സംഗം നടന്നു എന്ന് പറഞ്ഞാല്‍ പോലും അത് പരിഗണിക്കേണ്ട ബാധ്യത ഡോക്ടറിനുണ്ട്.

18 വയസ്സിനു മുകളില്‍ ഉള്ള ഒരു സ്ത്രീക്കും അബോര്‍ഷന്‍ ചെയ്യാന്‍ ഭര്‍ത്താവിന്റെയോ മറ്റാരുടെയോ സമ്മതം ആവശ്യമില്ല. മാനസികരോഗം ഉള്ള സ്ത്രീകള്‍ക്കും, 18 വയസ്സ് തികയാത്ത കുട്ടികള്‍ക്കും അബോര്‍ഷന്‍ ചെയ്യാന്‍ രക്ഷിതാവിന്റെ സമ്മതം വേണം. സര്‍ക്കാറിന്റെ കീഴില്‍ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികള്‍ ആണെങ്കില്‍, സര്‍ക്കാര്‍ ആണ് രക്ഷിതാവ്, അമ്മ വന്നാലേ അച്ഛന്‍ വന്നാലേ അബോര്‍ഷന്‍ ചെയ്തു തരൂ എന്ന് പറയുന്നവര്‍ക്കെതിരെ പരാതി എഴുതികൊടുക്കുക. മാത്രവുമല്ല, പതിനെട്ടു വയസ്സ് തികയാത്തവരിലുള്ള ഗര്‍ഭം ബലാല്‍സംഗം മുഖേനയുള്ള ഗര്‍ഭം ആയി കണക്കാക്കേണ്ടതാണ്)

3 വിവാഹം ചെയ്ത സ്ത്രീകളില്‍, സ്ത്രീയോ പങ്കാളിയോ ഉപയോഗിച്ച ഗര്‍ഭനിരോധന മാര്‍ഗം ഫലപ്രദമാകാതെ വരുമ്പോള്‍. (സദാചാരപരമായ, എന്നാല്‍ അങ്ങേയറ്റം അപലപനീയമായ സ്ത്രീവിരുദ്ധതയാണ് വാസ്തവത്തില്‍ ഇത്. വിവാഹം കഴിഞ്ഞാലും ഇല്ലെങ്കിലും ഗര്‍ഭനിരോധനമാര്‍ഗം പരാജയപ്പെടുകയാണെങ്കില്‍ ഗര്‍ഭഛിദ്രം നടത്താന്‍ കഴിയേണ്ടതാണ്. അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രം ലഭ്യമാക്കുക എന്നത് പുതിയ ബില്ലില്‍ ഉണ്ടെന്നു ഒരിടക്ക് കേട്ടിരുന്നു, പക്ഷെ ബില്ല് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ അത് കാണാന്‍ കഴിയുന്നില്ല. സദാചാരപ്രശ്‌നം കാരണം ഒഴിവാക്കിയതാവാന്‍ സാദ്ധ്യത ഉണ്ട്)

മൂന്നാമത്തെ സാഹചര്യമാണ് കൂടുതല്‍ ദുരുപയോഗം ചെയ്യുന്നതെന്ന് ഏതോ ഒരു പ്രമുഖവ്യക്തിയുടെ പോസ്റ്റില്‍ വായിച്ചു ഞെട്ടിയിട്ടുണ്ട് . Marital rape പോലും കുഴപ്പമില്ലെന്ന സാഹചര്യം നിലനില്‍ക്കുന്നൊരു സ്ഥലത്തു, MTP act ഉള്ളതുകൊണ്ട് മാത്രം ആണ് അയര്‍ലണ്ടിലെ പോലെ സവിതമാര്‍ ഇന്ത്യയില്‍ ഉണ്ടാവാതിരിക്കുന്നതെന്നു നമ്മള്‍ മറക്കരുത്. മാത്രവുമല്ല, എത്ര പെണ്‍കുട്ടികള്‍ സ്വമേധയാ വിവാഹത്തിലേര്‍പ്പെടുന്നു എന്ന് പരിശോധിച്ച് നോക്കുക. ഭൂരിഭാഗം പെണ്‍കുട്ടികളും വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വിവാഹം ചെയ്യുന്നത്. സ്വന്തം വീട്ടുകാരുടെയും, ഭര്‍ത്താവിന്റെ വീട്ടുകാരുടെയും, എന്തിന്.. നാട്ടുകാരുടെ പോലും നിരന്തരമായ ചോദ്യങ്ങള്‍ മടുത്തിട്ടാണ് അമ്മയാകാന്‍ തീരുമാനിക്കുന്നത് പോലും. മറ്റുചിലരാകട്ടെ, എല്ലാം ഒന്ന് തീരുമാനിച്ചു വരുമ്പോളേക്കും ഗര്‍ഭിണി ആയിക്കാണുകയും ചെയ്യും.

എത്ര ആഴ്ച വരെ അബോര്‍ഷന്‍ ചെയ്യാം? 
20 ആഴ്ചകള്‍ വരെയുള്ള ഗര്‍ഭം. (ബില്ല് പാസ്സാകുകയാണെങ്കില്‍ 22 ആഴ്ചകള്‍ വരെ).

ആരൊക്കെ അബോര്‍ഷന്‍ ചെയ്തുകൊടുക്കാന്‍ യോഗ്യരാണ്? 
1 ഗൈനക്കോളജിസ്റ്റുകള്‍
2 ആറുമാസം ഗൈനക്കോളജിയില്‍ housemanship ചെയ്ത ഡോക്ടര്‍, ഗൈനക്കോളജിയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള ഡോക്ടര്‍
12 ആഴ്ചക്കു ശേഷം ഉള്ള അബോര്‍ഷനുകള്‍ ഈ രണ്ട് വിഭാഗം ഡോക്ടര്‍മാര്‍ മാത്രമേ ചെയ്യാന്‍ പാടൂ. മാത്രമല്ല, 12 മുതല്‍ 20വരെ ആഴ്കളില്‍ രണ്ട് ഡോക്‌ടേഴ്‌സ് ഇക്കാര്യം തീരുമാനിക്കണം.

3 25 അബോര്‍ഷന്‍ കേസുകള്‍ അസിസ്റ്റന്റ് ചെയ്ത (അതില്‍ അഞ്ചെണ്ണം ഒറ്റയ്ക്ക്) ഡോക്ടര്‍. അവസാനം പറഞ്ഞ പരിചയം ഉള്ള  ഡോക്ടര്‍ ആദ്യത്തെ 12 ആഴ്ചകളിലെ അബോര്‍ഷന്‍ മാത്രമേ ചെയ്തു കൊടുക്കാവൂ.

എവിടെയൊക്കെ അബോര്‍ഷന്‍ നടത്താം ?

ഗവ. ആശുപത്രികള്‍. (മെഡിക്കല്‍ കോളേജുകളില്‍ മാത്രേ ചെയ്യുള്ളു, ഇവിടെ ചെയ്യില്ല എന്ന് പറയാന്‍ വകുപ്പില്ല എന്ന് സാരം സാരം. ഓപ്പറേഷന്‍ ചെയ്യാന്‍ വകുപ്പുള്ള ഏത് ഗവ. ഹോസ്പിറ്റലിലും പറ്റും) മറ്റു അംഗീകരിക്കപ്പെട്ട പ്രൈവറ്റ് ഉള്‍പ്പടെയുള്ള ആശുപത്രികള്‍ എന്നിവിടങ്ങളില്‍.

രഹസ്യസ്വഭാവം
അബോര്‍ഷന്‍ നടത്തുന്നതിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുക എന്നത് ഗര്‍ഭിണി പോയി റിപ്പോര്‍ട്ട് ചെയ്യുന്ന ഡോക്ടറിന്റെ ഉത്തരവാദിത്തമാണ്. ഒരു രേഖകളിലും പേര് വെക്കരുത് എന്നാണ് നിയമം. അബോര്‍ഷന്‍ രജിസ്റ്ററിലുള്ള നമ്പര്‍ ആണ് ഐഡന്‍ിറ്റി. രജിസ്റ്റര്‍ അഞ്ചുവര്‍ഷം വരെ സൂക്ഷിക്കും.

ക്രിമിനല്‍ അബോര്‍ഷന്‍
ഒരാശുപത്രിയില്‍ ഗൈനെക്കോളജി വിഭാഗത്തില്‍ ഒരു വളരെ വിഖ്യാതയായ ഗൈനക്കോളജിസ്റ്റിന്റെ അസിസ്റ്റന്റ് ആയി ജോലിചെയ്യാന്‍ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. അന്ന് ഒരു കേസ് കണ്ട് മാഡം ഞെട്ടുന്നതു കണ്ടു . ഒരു സ്ത്രീ, രക്തസ്രാവത്തോടെ വന്നു. ചോദിച്ചു ചോദിച്ചു വന്നപ്പോള്‍ ഒരുകാര്യം മനസിലായി. ഗര്‍ഭം തുടരാന്‍ രണ്ടു പേര്‍ക്കും താല്‍പ്പര്യമില്ല. ഡോക്ടറുടെ അടുത്ത് ചെന്നിട്ടു കാര്യമില്ല, ചെയ്തുതരില്ല എന്ന മുന്‍ധാരണ. ഭര്‍ത്താവിന്റെ സുഹൃത്ത് ഫാര്‍മസിയിലാണ്. ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക അയാള്‍ എടുത്തുകൊടുത്തു. Bleeding തുടങ്ങിയിട്ട് നില്‍ക്കുന്നില്ല. ഹീമോഗ്ലോബിന്‍ 5 ആയപ്പോഴാണ് അവര്‍ ഹോസ്പിറ്റലില്‍ വരുന്നത്. കുറച്ച് കൂടെ കഴിഞ്ഞിരുന്നെങ്കില്‍ മോര്‍ച്ചറിയിലോട്ടു കൊണ്ടുപോകേണ്ടി വന്നേനെ. ഇവിടെ ഈ കേസില്‍ നടന്നത് criminal abortion സെക്ഷനില്‍ പെടുത്താവുന്നത്ര ഗുരുതരമായ കാര്യമാണ്.  നിയമപരമായി അല്ലാത്ത ഏതൊരു അബോര്‍ഷനും criminal കുറ്റമാണ്. അത് തടയാനാണ് പരിഷ്‌കൃത രാജ്യങ്ങളെല്ലാം അബോര്‍ഷന്‍ നിയമവിധേയം ആക്കുന്നതും ആക്കേണ്ടതും.

ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ അധികാരത്തില്‍ വന്നപ്പോള്‍ ചെയ്തത് ഇതാണ്. ആര്യന്‍ ജനതയ്ക്ക് അബോര്‍ഷന്‍ നിരോധിച്ചു, അല്ലാത്തവര്‍ക്ക് എത്ര വേണേലും ചെയ്യാം. അതായത് ആര്യന്മാര്‍ മാത്രം ഉണ്ടാവുക. ഗര്‍ഭപാത്രം എന്നത് ഇവിടെ വെറും ആയുധമായി. ഒന്നുകില്‍ തലമുറകള്‍ നിലനിര്‍ത്തുന്ന, അല്ലെങ്കില്‍ തലമുറകള്‍ ഇല്ലാതാക്കുന്ന ആയുധം.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി വന്നപ്പോള്‍ അബോര്‍ഷന്‍ നിയമങ്ങള്‍ കൂടുതല്‍ സ്ത്രീവിരുദ്ധമായി. കോടതികളില്‍ കയറിയിറങ്ങിയാണ് ഓരോരുത്തരും അബോര്‍ഷന്‍ നേടിയെടുക്കുന്നത്. ആഗ്രഹിക്കാത്ത ഗര്‍ഭവും കൊണ്ട് ജീവിക്കുന്ന സ്ത്രീകളുടെ മാനസികനില ഗവണ്മെന്റിന്റെ ഉത്തരവാദിത്തത്തില്‍ പെടുന്നത് തന്നെയാണ്.

സവിത

 

ഈ  ഫോട്ടോയിലെ ചിരിച്ചുകൊണ്ടിരിക്കുന്ന യുവതി ഇന്നില്ല. അയര്‍ലണ്ടിലെ മതമാണ് അവരെ കൊന്നത്. സമയത്തിന് അബോര്‍ഷന്‍ കിട്ടിയിരുന്നെങ്കില്‍ സവിത ഇന്നും ഉണ്ടാകുമായിരുന്നു.

നോട്ട്ബുക്കിലെ ശ്രീദേവിയെ ആരും മറക്കില്ലല്ലോ. സദാചാര സങ്കല്‍പ്പങ്ങള്‍ കൊടികുത്തി വാഴുന്ന സമൂഹത്തില്‍ വീട്ടുകാരോടുപോലും തുറന്നുപറയാന്‍ കഴിയാതെ, criminal അബോര്‍ഷനും, നിര്‍വാഹമില്ലാതെ ആത്മഹത്യക്കും പിന്നാലെ പോകുന്നവരുടെ പ്രതീകമാണവള്‍.

അവള്‍ തീരുമാനിക്കട്ടെ
ഒരു ഗര്‍ഭനിരോധന മാര്‍ഗവും 100% സുരക്ഷിതമല്ല എന്നതുതന്നെയാണ് അബോര്‍ഷന്‍ നിയമവിധേയമാക്കാനുള്ള രണ്ട് കാരണങ്ങളില്‍ ഒന്ന്. ഒന്നാമത്തേത് സ്ത്രീയാണ്. സ്ത്രീയുടെ ഗര്‍ഭപാത്രമാണ്. അവള്‍ തീരുമാനിക്കട്ടെ ഗര്‍ഭം തുടരണോ വേണ്ടയോ എന്ന്. കോപ്പര്‍ ടി ഇട്ടൂടെ എന്ന് ചോദിക്കുന്നവരോട് ! പീരിയഡുകള്‍ക്കിടയിലെ  രക്തസ്രാവം കാരണം ആദ്യത്തെ കോപ്പര്‍ ടി ഇട്ട ശേഷം ആദ്യത്തെ കുറച്ച് മാസങ്ങള്‍ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ട്. അമിത രക്തസ്രാവമാണ് മറ്റുചിലരുടെ പരാതി. 

ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നത് പെണ്ണുങ്ങള്‍ക്കാണ്. റേപ്പിനിരയായി ഗര്‍ഭിണികള്‍ ആയവര്‍ക്ക്, അവിവാഹിതകളോ വിവാഹിതകളോ ആയിരിക്കെ, ഗര്‍ഭനിരോധനമാര്‍ഗം സ്വീകരിച്ചു പരാജയപ്പെട്ടവര്‍ക്ക്, ഡോക്ടര്‍മാരുടെയും സമൂഹത്തിന്റെയും കുത്തുവാക്കുകള്‍ ഭയന്ന് ആത്മഹത്യയെ പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്, ഈ കാരണങ്ങള്‍ കൊണ്ട് ആത്മഹത്യചെയ്തു ജീവിതം വിട്ട് പോയവര്‍ക്ക്, ഇഷ്ടമില്ലാത്ത ഗര്‍ഭം തുടര്‍ന്നുകൊണ്ടുപോയി ശപിച്ചുകൊണ്ട് അമ്മമാരാകേണ്ടികേണ്ടിവന്നവര്‍ക്കു, ഇതേ കാരണങ്ങള്‍കൊണ്ട് അമ്മമാരായി മാനസികനില തകര്‍ന്നു ജീവിക്കുന്നവരുടെ പാവം പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്.

സദാചാരം വേണം. പക്ഷെ അതിന്റെ അരികുകളിലും മധ്യത്തിലും കൂരയിലും പെണ്ണിനേയും അവളുടെ ജീവിതത്തെയും സ്വപ്നങ്ങളെയും മുറിച്ചുമുറിച്ചു തൂക്കിയിടാതിരിക്കുക. അപേക്ഷയാണ്. സ്ത്രീശരീരത്തിന്റെ അടിമച്ചങ്ങലയെ പൊട്ടിച്ചെറിയാന്‍ സ്വപ്നങ്ങളുള്ള ഒരു സ്ത്രീയുടെ അപേക്ഷ.

സ്ത്രീ തന്റെ ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ അമ്മയാകാന്‍ ആഗ്രഹിക്കുന്നുള്ളൂ. സീരിയസ് ആയി തന്നെയാണ് ഗര്‍ഭത്തെ ഓരോ സ്ത്രീയും നോക്കിക്കാണുന്നത്. സ്ത്രീയേക്കാള്‍ കൂടുതല്‍ ശ്രദ്ധ അവരുടെ ഗര്‍ഭഛിദ്ര തീരുമാനത്തിന് കൊടുക്കേണ്ട ബാധ്യത ആര്‍ക്കും തന്നെയില്ല.

അബോര്‍ഷന്‍ കൂടും എന്ന് പറയാന്‍ വരുന്നവരോട് ​
ഇതുവായിച്ച് നാളെ മുതല്‍ അബോര്‍ഷന്‍ കൂടും എന്ന് പറയാന്‍ വരുന്നവരോട്  ഒരുവാക്ക്. അത് തടയുക നിങ്ങളുടെ ഉത്തരവാദിത്തം അല്ലേ അല്ല. Pls give her, her body and rights on it. എല്ലാവരും അവര്‍ കടന്നുപോയിട്ടുള്ള (സ്വന്തം കാര്യമോ, നേരിട്ടറിയുന്നവരുടെയോ) അബോര്‍ഷന്‍ കാര്യങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ പല സര്‍ക്കാര്‍ ആശുപത്രികളുടെയും നിയമവിരുദ്ധരീതികള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ പറ്റും. തുറന്നെഴുതാന്‍ കഴിയുന്നവര്‍ എഴുതുക. എന്റെ സുഹൃത്തിന്റെ ഗതികേട് അനുഭവിക്കാന്‍ മറ്റൊരു പെണ്ണിനും ഇടവരാതെ നോക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്


 

click me!