ഈജിപ്തിൽ സ്വവർ​ഗാനുരാ​ഗികൾക്കനുഭവിക്കേണ്ടി വരുന്നത് കൊടുംപീഡനമെന്ന് റിപ്പോർട്ട്

Web Desk   | others
Published : Nov 19, 2020, 12:00 PM ISTUpdated : Nov 19, 2020, 12:17 PM IST
ഈജിപ്തിൽ സ്വവർ​ഗാനുരാ​ഗികൾക്കനുഭവിക്കേണ്ടി വരുന്നത് കൊടുംപീഡനമെന്ന് റിപ്പോർട്ട്

Synopsis

തടങ്കലിൽ കഴിയുമ്പോൾ, അദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്ത പതിനഞ്ചുപേരും സുരക്ഷാസേനയുടെ ശാരീരികവും വാക്കാലുള്ളതുമായ ദുരുപയോഗത്തിന് വിധേയരായവരാണ്. അടിക്കുകയും, വെള്ളത്തിൽ മുക്കുകയും, ദിവസങ്ങളോളം കെട്ടിയിടുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. 

ഈജിപ്തിൽ സ്വവർഗരതി നിയമവിരുദ്ധമല്ല, എന്നാലും അധികാരികൾ എൽ‌ജിബിടി സമൂഹത്തെയും അവരെ പിന്തുണക്കുന്നവരെയും വലിയ രീതിയിൽ അടിച്ചമർത്തുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈജിപ്തിലെ തെരുവുകളിൽ നിന്ന് അവരെ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി പൊലീസും ദേശീയ സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥരും ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ ആളുകളെ വലിയതോതിൽ അറസ്റ്റ് ചെയ്യുന്നുവെന്ന് ഇൻഡിെപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. അത് മാത്രവുമല്ല, ജയിലിൽ അവരെ ക്രൂരമായി പീഡിപ്പിക്കുകയും, അവരെ ദുരുപയോഗം ചെയ്യാൻ സഹതടവുകാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് അറിയിച്ചു. എൽ‌ജിബിടി സമൂഹത്തെ കണ്ടെത്താനായി പല തന്ത്രങ്ങളും പൊലീസ് പ്രയോഗിക്കുന്നു. 

 

സോഷ്യൽ മീഡിയയിലും, ഡേറ്റിംഗ് ആപ്പുകളിലും ഈജിപ്ഷ്യൻ പൊലീസ് വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് എൽജിബിടി സമൂഹത്തോട് ചാറ്റ് ചെയ്യുകയും അവരെ ഇന്നസ്ഥലത്ത് വച്ച് കാണാമെന്ന് പറഞ്ഞ് അവിടെ കൊണ്ടുവരികയും ചെയ്യുന്നു. തുടർന്ന് അന്യായമായി പൊലീസ് അവരുടെ ഫോണുകൾ തിരയുകയും, അവരെ അറസ്റ്റ് ചെയ്യുകയും, അവർക്കെതിരെ കുറ്റം ചുമത്തുകയും ചെയ്യുന്നു. സ്വവർഗാനുരാഗികളുടെ ഡേറ്റിംഗ് ആപ്ലിക്കേഷനായ ഗ്രിൻഡർ വഴി പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്ത ഒരു യുവാവാണ് 27 -കാരനായ യാസർ. “ഗ്രിൻഡറിൽ ഞാൻ കണ്ടുമുട്ടിയയാൾ ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ ചതിക്കപ്പെട്ടു എന്നെനിക്ക് മനസ്സിലായി. പണത്തിന് വേണ്ടി മറ്റ് പുരുഷന്മാരോടൊത്ത് ഞാൻ കിടക്കുന്നുവെന്നും, എന്റെ ‘പ്രകൃതിവിരുദ്ധ ലൈംഗിക മോഹങ്ങൾ’ നിറവേറ്റാൻ ഞാൻ ശ്രമിക്കുന്നുവെന്നും, 'ലൈംഗിക വ്യാപാരം' നടത്തുന്നുവെന്നും ഒരു പേപ്പറിൽ എഴുതി ഒപ്പിടാൻ അവർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ വിസമ്മതിച്ചപ്പോൾ നിരവധി ഉദ്യോഗസ്ഥർ എന്നെ പിന്നിൽനിന്ന് ആക്രമിക്കാനും, ശരീരത്തിലുടനീളം മർദ്ദിക്കാനും ബൂട്ട് കൊണ്ട് ചവിട്ടാനും തുടങ്ങി" അദ്ദേഹം പറഞ്ഞതായി ഇൻഡിെപെൻഡന്റ് എഴുതുന്നു. 

തടങ്കലിൽ കഴിയുമ്പോൾ, അദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്ത പതിനഞ്ചുപേരും സുരക്ഷാസേനയുടെ ശാരീരികവും വാക്കാലുള്ളതുമായ ദുരുപയോഗത്തിന് വിധേയരായവരാണ്. അടിക്കുകയും, വെള്ളത്തിൽ മുക്കുകയും, ദിവസങ്ങളോളം കെട്ടിയിടുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകയും, ട്രാൻസ്‌ജെൻഡർ വനിതയുമായ മലക് എൽ-കാശിഫിനെ 2019 മാർച്ചിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് പൊലീസ് അറസ്റ്റ് ചെയ്യുകയും ഫ്രീസറിന്റെ വലുപ്പത്തിലുള്ള ഒരു സെല്ലിൽ തടഞ്ഞ് വയ്ക്കുകയും ചെയ്തിരുന്നു. സുരക്ഷാസേന അവളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ചോദ്യം ചെയ്തു.  “പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഏറ്റവും മോശം പെരുമാറ്റമാണ് എനിക്ക് അന്നുണ്ടായത്. രണ്ട് ദിവസത്തേക്ക് അവർ എന്നെ കുളിമുറിയിൽ പോകുന്നത് വിലക്കി. നിർബന്ധിത ഗുദപരിശോധനയ്ക്ക് അവർ എന്നെ വിധേയമാക്കി. എന്നെ ലൈംഗികമായി പീഡിപ്പിച്ചു” അവർ പറഞ്ഞു. എട്ട് പേർക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നപ്പോൾ അഞ്ച് പേർക്ക് ഗുദപരിശോധനയ്ക്ക് വിധേയരാകേണ്ടി വന്നതായി ന്യൂയോർക്ക് ആസ്ഥാനമായുള്ള റൈറ്റ്സ് വാച്ച്ഡോഗ് അറിയിച്ചു.

കന്യകാത്വ പരിശോധന എന്ന പേരിൽ പൊലീസ് ഉദ്യോഗസ്ഥർ മലകിനെ നിർബന്ധിത യോനി, മലദ്വാര പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് മൂന്ന് ദിവസത്തേക്ക് രക്തസ്രാവമുണ്ടായതായി 28 -കാരിയായ ട്രാൻസ് ആക്ടിവിസ്റ്റ് പറഞ്ഞു. ക്രൂരമായി മർദ്ദിക്കുകയും ഗുരുതരമായി ബലാത്സംഗം ചെയ്യുകയും ചെയ്തതിനെത്തുടർന്ന് ക്രച്ചസ് ഉപയോഗിക്കാൻ നിർബന്ധിതയായെന്ന് പീഡനം നേരിടേണ്ടിവന്ന അല പറഞ്ഞു. 2017 -ലെ മഷ്‌റൂ ലൈല സംഗീത കച്ചേരിയെത്തുടർന്നാണ് രാജ്യത്ത് രൂക്ഷമായ എൽജിബിടി വിരുദ്ധ ആക്രമണം ആരംഭിക്കുന്നത്. അന്ന് ഗായിക സാറാ ഹെഗാസി കാണികൾക്കിടയിൽ മഴവില്ല് പതാക ഉയർത്തുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് അവളെ മാസങ്ങളോളം പീഡിപ്പിക്കുകയും സഹതടവുകാരെകൊണ്ട് അവളെ മർദ്ദിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയുണ്ടായി. മൂന്ന് വർഷത്തിന് ശേഷം ഹെഗാസി ആത്മഹത്യ ചെയ്‌തു. ലോകം മുഴുവൻ ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. എല്ലായിടത്തുനിന്നും ഐക്യദാർഢ്യത്തിന്റെ സന്ദേശങ്ങൾ അന്ന് ഇവിടേയ്ക്ക് ഒഴുകിയിരുന്നു.  

 

PREV
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!