ആനയ്ക്ക് മാനസിക പിരിമുറുക്കം, കുറക്കാന്‍ കഞ്ചാവെണ്ണ നല്‍കാനുള്ള തീരുമാനമെടുത്ത് മൃഗശാല

By Web TeamFirst Published Aug 27, 2020, 1:52 PM IST
Highlights

എന്നാൽ, മൃഗശാല അധികൃതർ അവളുടെ സങ്കടം കുറക്കാൻ ഒരു വഴി കണ്ടെത്തി. ഫ്രെഡ്‌സിയയുടെ ഈ വൈകാരിക പിരിമുറുക്കം കുറക്കാൻ കഞ്ചാവ് നൽകാൻ അവർ തീരുമാനിച്ചു.

പ്രിയപ്പെട്ടവർ മരണപ്പെടുമ്പോഴുള്ള ദുഃഖം നമ്മൾ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കുമുണ്ട്. പോളിഷ് തലസ്ഥാനത്തെ വാർസോ മൃഗശാലയിലെ ആനയായ ഫ്രെഡ്‌സിയയ്ക്ക് ഈ വർഷം ഒട്ടും നല്ലതായിരുന്നില്ല. തന്റെ പ്രിയ മിത്രമായ എർനയുടെ മരണം ഫ്രെഡ്‌സിയയെ വല്ലാതെ വിഷമിപ്പിച്ചു. ഫ്രെഡ്‌സിയയുടെ പെരുമാറ്റത്തിൽ വന്ന പെട്ടെന്നുള്ള മാറ്റം മൃഗശാല സൂക്ഷിപ്പുകാർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. "എർനയുടെ മൃതദേഹം കണ്ടപ്പോൾ ഫ്രെഡ്‌സിയ വിചിത്രമായി പ്രതികരിച്ചു. അവൾ ശരിക്കും ദുഃഖിതയാണെന്ന് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു" മൃഗശാലയിലെ മൃഗ പുനരധിവാസ വിഭാഗം മേധാവി ഡോ. അഗ്നീസ്‍ക സുജ്‌കോവ്സ്‍ക ബിബിസിയോട് പറഞ്ഞു. 

മരണത്തിനുശേഷം, ഇന്നവിടെ അവശേഷിക്കുന്നത് ആകെ മൂന്ന് ആനകളാണ്. മൃഗശാല സൂക്ഷിപ്പുകാർ പറയുന്നത് ഫ്രെഡ്‌സിയ തന്റെ കൂട്ടാളിയായ ബുബയുമായി ഒരു പുതിയ ബന്ധം സ്ഥാപിക്കാൻ പാടുപെടുകയാണ് എന്നാണ്. ഒരാളുടെ നഷ്‍ടത്തിൽ പുതിയൊരാളുമായി ചങ്ങാത്തം കൂടാൻ ആനകൾ മാസങ്ങളോ വർഷങ്ങളോ എടുക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ, മൃഗശാല അധികൃതർ അവളുടെ സങ്കടം കുറക്കാൻ ഒരു വഴി കണ്ടെത്തി. ഫ്രെഡ്‌സിയയുടെ ഈ വൈകാരിക പിരിമുറുക്കം കുറക്കാൻ കഞ്ചാവ് നൽകാൻ അവർ തീരുമാനിച്ചു. കഞ്ചാവിൽ നിന്നുണ്ടാക്കിയ എണ്ണ മൃഗശാലയിലെ മൃഗങ്ങളിലെ ഉത്കണ്ഠ കുറയ്ക്കുമോയെന്ന് പരിശോധിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമായാണ് ഇത് ചെയ്യുന്നത്. ഡോ. സുജ്‌കോവ്സ്‍കയും സഹപ്രവർത്തകരുമാണ് ഈ പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. സിബിഡി ഓയിൽ അഥവ കന്നാബിഡിയോൾ എന്ന് വിളിക്കുന്ന ഇത് ഒരു കഞ്ചാവ് ചെടിയിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ്.  

ആനകൾക്ക് കഞ്ചാവ് കൊടുത്താൽ പിന്നെ അതെന്തൊക്കെ കാട്ടിക്കൂട്ടും എന്ന് ഒരുപക്ഷേ ചിന്തിച്ചേക്കാം. എന്നാൽ, ഇതിന് യാതൊരു പ്രത്യാഘാതവും ഇല്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. കരളിനും വൃക്കയ്ക്കും ദോഷകരമായ പാർശ്വഫലങ്ങളോ, അത് ഉള്ളിൽ ചെല്ലുമ്പോൾ ആനയില്‍ ഉല്ലാസമോ ഒന്നും ഉണ്ടാക്കില്ലെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.''സമ്മർദ്ദത്തെ നേരിടുന്നതിനുള്ള ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്ക് പകരം പുതിയ പ്രകൃതിദത്ത പ്രതിവിധി എന്ന നിലയ്ക്ക് മാത്രമാണ് ഇത് നൽകുന്നത്” സുജ്‌കോവ്സ്‍ക പറഞ്ഞു. ഫ്രെഡ്‌സിയയിൽ ഇത് പരീക്ഷിച്ച് കഴിഞ്ഞുവെന്നും, എന്നാൽ ശരിയായ ഫലം ലഭിക്കാൻ രണ്ട് വർഷം വരെയെടുക്കാമെന്നും സുജ്‌കോവ്സ്‍ക പറഞ്ഞു. 

ഒരു ദിവസം പരമാവധി രണ്ടോ മൂന്നോ തുള്ളി മാത്രമേ നൽകുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ചിലർ വിചാരിക്കുന്നതു പോലെ, ആനകൾക്ക് അവയുടെ വലിപ്പത്തിനനുസരിച്ചല്ല കഞ്ചാവ് നൽകുന്നത്" ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഈ സംഭവം വിജയിച്ചാൽ, ബന്ധനത്തിൽ കഴിയുന്ന മറ്റ് മൃഗങ്ങളിലും ഈ സംരംഭം പരീക്ഷിക്കുമെന്ന് അധികൃതർ പറഞ്ഞു. 

click me!