'നിനക്കു മാപ്പില്ല, ഇതിനുള്ള ശിക്ഷ ഈ ജന്മം കൊണ്ട് തീരുകയുമില്ല'; ന്യൂസിലൻഡ് വെടിവെപ്പിന്റെ ഇരകൾ

By Web TeamFirst Published Aug 27, 2020, 11:58 AM IST
Highlights

വെടിവെപ്പുതുടങ്ങിയപ്പോൾ ആ പിഞ്ചുബാലൻ ഭയന്നുവിറച്ച് അച്ഛന്റെ കാലിൽ കെട്ടിപ്പിടിച്ചു. അവനെപ്പോലും തന്റെ സംഹാരതാണ്ഡവത്തിനിടെ ബ്രെന്‍റൺ വെറുതെ വിട്ടില്ല. 

ന്യൂസിലൻഡിലെ മുസ്ലിം പള്ളിയിൽ യന്ത്രത്തോക്കുമായി ചെന്നിറങ്ങി തുരുതുരാ വെടിയുതിർത്തത് 51 വിശ്വാസികളെ നിർദാക്ഷിണ്യം കൊന്നുതള്ളിയ കൊലയാളി ബ്രെന്‍റൺ ടാരന്റിനെ കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. ഒരു തവണപോലും പരോൾ കിട്ടാനുള്ള അർഹത കുറ്റവാളിയെന്ന് നിസ്സംശയം തെളിഞ്ഞിട്ടുള്ള ബ്രെന്‍റനില്ല എന്ന് കോടതി പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. വിധിന്യായത്തിൽ ജഡ്ജ് കാമറോൺ മാൻഡർ ബ്രെന്‍റനെ 'പാതകി' എന്നും 'മനുഷ്യപ്പറ്റില്ലാത്തവൻ' എന്നും വിശേഷിപ്പിച്ചു. കുറ്റവാളിയുടെ മനസ്സിനെ ആവേശിച്ചിരുന്ന വികൃതമായ പ്രത്യയശാസ്ത്രത്തിനു പിന്നിൽ സഹജീവികളായ മുസ്ലീങ്ങളോടുള്ള അകാരണമായ വെറുപ്പാണ് എന്നും കോടതി നിരീക്ഷിച്ചു. 

 

 

ഇരുപത്തൊമ്പതുകാരനായ ബ്രെന്‍റൺ ടാറന്റ് ഒരു വൈറ്റ് സുപ്രിമസിസ്റ് അഥവാ വെള്ളക്കാർ മറ്റു വംശജരെക്കാൾ ഉന്നതരാണ് എന്ന് കരുതുന്ന ഒരു വംശീയ വിദ്വേഷി ആയിരുന്നു. പ്രോസിക്യൂഷൻ അഭിഭാഷകൻ മാർക്ക് സരീഫെ പറഞ്ഞത് ഇത് ന്യൂസിലൻഡ് നീതിന്യായ വ്യവസ്ഥയിലെ സമാനതകളില്ലാത്ത വിദ്വേഷക്കൊലകളിൽ ഒന്നാണ് എന്നായിരുന്നു. 

കോടതിയിൽ ഈ കേസിന്റെ വിചാരണാ വേളയിൽ, ആക്രമണത്തെ അതിജീവിച്ച ഇരകളിൽ നിന്നും, ഉറ്റവരെ നഷ്ടപ്പെട്ട ബന്ധുക്കളിൽ നിന്നുമുള്ള സാക്ഷ്യങ്ങൾ ദിവസങ്ങളോളം നിർന്നിമേഷനായി, നിർവികാരനായാണ് പ്രതി ബ്രെന്‍റൺ കേട്ടുകൊണ്ട് നിന്നത്. അംബ്രീൻ നയീം എന്നൊരു യുവതി കോടതിയിൽ തന്റെ സങ്കടം ബോധിപ്പിച്ചത് ഇങ്ങനെയായിരുന്നു, "എനിക്ക് നഷ്ടപ്പെട്ടത് എന്റെ ഭർത്താവിനെയും മകനെയുമാണ്. ഈ കൊലപാതകി കാരണം, അവർ എന്റെ ജീവിതത്തിൽ നിന്ന് ഒരു സുപ്രഭാതത്തിൽ മാഞ്ഞുപോയ ശേഷം, ഞാൻ സമാധാനമായി ഒന്നുറങ്ങിയിട്ടില്ല ഇതുവരെ. ഇനി ഒട്ടുറങ്ങാൻ പറ്റുമെന്നും എനിക്ക് തോന്നുന്നില്ല." 

 

 

 2019 മാർച്ച് 15 ന് ന്യൂസിലാന്‍റിലെ ക്രൈസ്റ്റ്ചർച്ചിലെ വെള്ളിയാഴ്ച  പ്രാർത്ഥന നടക്കുകയായിരുന്ന രണ്ട് മുസ്ലീം പള്ളികളിലേക്ക് ആയുധവുമായി കടന്ന് ചെന്നാണ് ഓസ്ട്രേലിയൻ പൗരനായ ബ്രെന്‍റൺ ടാരന്‍റ് പള്ളിയില്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുകയായിരുന്ന 51 പേരെയാണ് മിനിറ്റുകൾക്കുള്ളിൽ വെടിവച്ച് കൊന്നത്. ക്രൈസ്റ്റ്ചർച്ചിലെ റിക്കാർട്ടൺ നഗരപ്രാന്തത്തിലുള്ള അൽ നൂർ പള്ളിയിലാണ് ആദ്യ വെടിവെപ്പ് നടന്നത്. അതിന് ശേഷം  ഉച്ചയ്ക്ക് 1:52 ന് തൊട്ടടുത്തുള്ള ലിൻവുഡ് ഇസ്ലാമിക് സെന്‍ററിലും വെടിവെപ്പ് തുടര്‍ന്നു. ബ്രെന്‍റൺ ടാരന്‍റ് ഒറ്റയ്ക്കാണ് വെടിവെപ്പിന് ശ്രമിച്ചത്. വംശീയവെറിക്കാരനായ ആ 28 കാരനായ തീവ്രവാദിയുടെ ആക്രമണത്തില്‍ അന്ന് 40 പേര്‍ക്ക് ഗുരുതരമായ പരിക്കുകളുമേറ്റു. കൊലയാളി തന്‍റെ ക്രൂരകൃത്യം ഫേസ്ബുക്കില്‍ തത്സമയം കാണിച്ചപ്പോൾ അതുകണ്ട ലോകം ആകെ തരിച്ചിരുന്നു പോയിരുന്നു. 

 

 

ഈ ആക്രമണത്തോടെ മാരകമായ തരം സെമി ഓട്ടോമാറ്റിക് ആയുധങ്ങൾ നിരോധിക്കുന്ന പുതിയ നിയമങ്ങൾക്ക് വേണ്ടി കൂടുതല്‍ പേര്‍ ന്യൂസിലാന്‍റില്‍ രംഗത്ത് വന്നു. അക്രമി ഫേസ്ബുക്കില്‍ തത്സമയ സംപ്രേഷണം ചെയ്തതിനുശേഷം സോഷ്യൽ മീഡിയ പ്രോട്ടോക്കോളുകളിൽ ആഗോള മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യവും ശക്തമായി.  

ഈ ആക്രമണം നടക്കുമ്പോൾ പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയതായിരുന്നു ഏദൻ ഇബ്രാഹിമും, മൂന്നുവയസ്സുള്ള മുക്കാദ് ഇബ്രാഹിമും. വെടിവെപ്പുതുടങ്ങിയപ്പോൾ ആ പിഞ്ചുബാലൻ ഭയന്നുവിറച്ച് അച്ഛന്റെ കാലിൽ കെട്ടിപ്പിടിച്ചു. അവനെപ്പോലും തന്റെ സംഹാരതാണ്ഡവത്തിനിടെ ബ്രെന്‍റൺ വെറുതെ വിട്ടില്ല. വിധിവന്ന വർത്തയറിഞ്ഞപ്പോൾ, സങ്കടം സഹിക്കാനാവാതെ ആ അച്ഛൻ പറഞ്ഞത് ഇങ്ങനെയായിരുന്നു;  "എന്റെ മകൻ, അവനു വെറും മൂന്നുവയസ്സല്ലേ ഉണ്ടായിരുന്നുള്ളൂ. നിങ്ങളെന്തിനാണ് അവനെ വെടിവെച്ചുകൊന്നുകളഞ്ഞത്. ആ കുരുന്നിനെയെങ്കിലും വെറുതെവിടാൻ നിങ്ങൾക്ക് തോന്നാതിരുന്നത് എങ്ങനെയാണ്? ഈ ശിക്ഷകൊണ്ട് ഒക്കെ അവസാനിച്ചു എന്ന് നിങ്ങൾ ആശ്വസിക്കാൻ വരട്ടെ. നിങ്ങൾ ചെയ്തതിനുള്ള യഥാർത്ഥ ശിക്ഷ നിങ്ങളെ കാത്തിരിക്കുന്നത് അടുത്ത ജന്മത്തിലാണ്. ചെയ്തതിന് എണ്ണിയെണ്ണി അനുഭവിച്ച് തീർക്കാതെ നിങ്ങൾക്ക് മോചനമുണ്ടാവില്ല..." 
 
 

click me!