50 കൊല്ലം അളന്നിട്ടും തീരാത്ത കേരളത്തിന് മുന്നിലേക്ക് ചില നിര്‍ദേശങ്ങള്‍

Published : Sep 12, 2016, 03:06 AM ISTUpdated : Oct 05, 2018, 02:31 AM IST
50 കൊല്ലം അളന്നിട്ടും തീരാത്ത കേരളത്തിന് മുന്നിലേക്ക് ചില നിര്‍ദേശങ്ങള്‍

Synopsis

നാം പൊത്തിയ പൊക്കാളിക്കര ,എങ്ങേയ് പോയ് നല്ലച്ഛാ..
നീ വാരിയ ചുടു ചോറൊപ്പം വെന്തേയ് പോയ് നന്മകനേ ....

സ്ഥിരം സിനിമാ കാണിയല്ല . പക്ഷേ അടുത്ത കാലത്ത് കണ്ട സിനിമകളിൽ വല്ലാതെ അസ്വസ്ഥമാക്കിയ 'കമ്മട്ടിപ്പാടം'ത്തിലെ ഒരു പാട്ടിലെ  വരികളാണിത്.  മിണ്ടാ പ്രാണികളെ വളര്‍ത്തി ജീവിക്കുന്ന നീലൂരിലെ  മിണ്ടാനാകാത്ത ചാക്കോയെയയും വഴിയാധാരമായ കുട്ടന്പുഴയിലെ  ജോണ്‍സണെയും പുറമ്പോക്കിലായ കിഴുവിലത്തെ ഷീജയെയും കണ്ടപ്പോള്‍  കുറിക്കാൻ തോന്നിയതും  ഈ വരികളാണ് .

ആകെയുള്ള ഒരു തുണ്ട് ഭൂമി പോലും തട്ടിയെുടുത്ത് പണവും കയ്യൂക്കും ഉള്ളവര്‍ക്ക്  നിങ്ങളെ പെരുവഴിയിലേയ്ക്ക് തള്ളാം. ഇതിന് പഴുതൊരുക്കി കൂട്ടു നില്‍ക്കുന്ന  നിയമങ്ങളേ അറുപതാണ്ട് പ്രായമുള്ള കേരളത്തിനുള്ളൂ . അതിന്‍റെ ഇരയാണ്  ബധിരനും  മൂകനുമായ ചാക്കോ. അതിരടയാള നിയമ പ്രകാരമുള്ള സര്‍വേയിൽ ചാക്കോയുടെ ഭൂമി പുറന്പോക്കായി. പകരം തൊട്ടടുത്തെ പുറമ്പോക്കിലെ ഒന്ന് സ്വകാര്യ ഭൂമിയായിക്കാണും. അടുത്ത പുറമ്പോക്ക് ഭൂമികളുടെ കോറിലേഷന്‍ രജിസ്തറിന്‍റെ പകര്‍പ്പ് ചാക്കോയുടെ ഭാര്യ ആവശ്യപ്പട്ടിരുന്നു ( പഴയ സര്‍വേ നമ്പറും പുതിയതും തമ്മിൽ ബന്ധിപ്പിക്കുന്ന രജിസ്തര്‍ ) പക്ഷേ അതു കാണാനില്ലായിരുന്നു  കിട്ടിയ മറുപടി. രോഗത്താൽ ക്ഷീണയായപ്പോഴും ഉള്ള അറിവ് വച്ച് നഷ്ടപ്പെട്ട നാലേക്കര്‍ തിരിച്ചു പിടിക്കാൻ ചാക്കോയുട ഭാര്യ ഡെയ്സി പോരാടി. അപ്പോള്‍ ചാക്കോയ്ക്ക് അവകാശപ്പെട്ട് പുറമ്പോക്കല്ലെന്ന് തീര്‍പ്പാക്കി. എന്നിട്ട് അടുത്ത കളിയിലൂടെ ചാക്കോയെ ചതിച്ചു.  സഹോദരന്‍റെ പേരിലേയ്ക്ക് ഭൂമി പോക്ക് വരവ് ചെയ്തു കൊടുത്തു. പോക്ക് വരവ് ചട്ടങ്ങള്‍ എത്ര ദുര്‍ബലമെന്ന് തോന്നിപ്പോകാവുന്ന അനുഭവം .  ഭൂമി സമീപത്തെ പാറമട ഉടമയ്ക്ക് വിറ്റ് സഹോദരന്‍ പണം കീശയിലാക്കുന്നു . റജിസ്ട്രേഷന്‍ നിയമവും ചാക്കോയ്ക്ക് നീതി നൽകിയില്ല. പണവും അധികാരവും എല്ലാത്തിനും മുകളിൽ കഴുകൻ കണ്ണുകളോട് പറന്നപ്പോള്‍ ചാക്കോയുടെ ഭൂമി പാറമടക്കാരന്‍റെ കയ്യിലെത്തി .

ചാക്കോയ്ക്ക് മാത്രമാകില്ല , ഈ ദുരനുഭവം . എന്‍റെയും നിങ്ങളുടെയും ഭൂമി ഇതു പോലെ തട്ടിയെടുക്കാം. കയ്യൂക്കുള്ളവന്‍ ഭൂമി തട്ടിയെടുത്താൽ അത് തന്‍റെ ഭൂമിയാണെന്ന് സ്ഥാപിക്കേണ്ടത് യഥാര്‍ഥ ഭൂ ഉടമയുടെ ബാധ്യതയാകും. അതിനെത്രകാലം കോടതി കയറേണ്ടി വരുമെന്ന് അനുഭവിച്ചവര്‍ക്കേ അറിയൂ.( അങ്ങനെ കോടതി വരാന്തയിലായിപ്പോയവരായഎത്രയോ പേര്‍ റോവിങ്ങ് റിപ്പോര്‍ട്ടറുടെ 12 ദിവസനത്തിനിടെ വിളിച്ചു ...നിസഹായതയോടെ പൊട്ടിക്കരഞ്ഞവരുണ്ട് .. ലക്ഷങ്ങള്‍ കടബാധ്യതയ്ക്കൊപ്പം മണ്ണ് പോയതിന്‍റെ വേദന തിന്ന് ജീവിക്കുന്ന ചെങ്ങന്നൂരിലെ റോബര്‍ട്ടിനെ ഓര്‍മ വരുന്നു )

ഇങ്ങനെ എത്രകാലം .. പഴുതുകളുള്ള നിയമങ്ങളാൽ പൗരനെ ക്രിമിനലുകള്‍ക്ക് വിട്ടു കൊടുത്താൽ  അതൊരു കാടൻ ഭരണകൂടമാകും.  സ്വന്തം മണ്ണിന്‍റെ അവകാശം ഒരോ ഉടമയ്ക്കും പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ സ്ഥാപിച്ചു കൊടുക്കുന്ന ഒരു നിയമം വന്നേ മതിയാകൂ. നിയമം ഉണ്ടാക്കേണ്ടത്  ഭരണഘടന പ്രകാരം സംസ്ഥാനത്തിന്‍റെ കടമയാണു താനും. ആ നിയമത്തിന് ഇനിയും വൈകിയാൽ മണ്ണിന് പൊന്നും വിലയുള്ള നാട്ടിൽ ഭൂമിയുടെ പേരിലുണ്ടാക്കാൻ പോകുന്ന അരാജകത്വം എത്രയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ ( സാം കുട്ടി ഒരു സാമ്പിള്‍ വെടിക്കെട്ട് മാത്രമാകുന്നതാണ് നന്ന് ). നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവകാശം സ്ഥാപിച്ചു , അതിന്‍റെ സ്കെച്ചും അതിരും അളവും കൃത്യമായി രേഖപ്പെടുത്തി കൊടുക്കുന്ന രേഖ നല്‍കണം .

നമ്മുടെ ഭൂമി ഇടപാട് പ്രക്രിയ തീര്‍ത്തും നാണിപ്പിക്കുന്നതാണ് സെക്രട്ടറിയറ്റ് ഭൂമിയുടെ സര്‍വേ നമ്പര്‍ കൊടുത്താലും ആധാരം പതിയും.  ഇതൊന്നും പരിശോധിക്കാതെ പോക്ക് വരവും  നടത്തി തരും. കരവും വാങ്ങും .( അതിശയോക്തി പരമല്ല , സെക്രട്ടറിയേറ്റ് എന്ന ഉദാഹരണം കടത്തി പറഞ്ഞെന്നു മാത്രം ) . ഈ രീതി മാറിയേ മതിയാകൂ. സര്‍വേ നമ്പര്‍ ഒത്തു നോക്കി , ആധികാരികത പരിശോധിച്ച് മതി  ഭൂമി ഇടപാടുകള്‍. അതായത് സര്‍വേ,റവന്യൂ ,രജിസ്ട്രേഷന്‍ വകുപ്പുകള്‍ കൂട്ടിയോജിപ്പിച്ചുള്ള ഭൂമി കൈമാറ്റം. ഭൂമി മുറിച്ചു വിൽക്കുമ്പോള്‍ സര്‍വേ സ്കെച്ചിലടക്കം അപ്പപ്പോള്‍ മാറ്റം വരുത്തണം. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിൽ അങ്കമാലിയിലും കോട്ടയത്തുമൊക്കെ നടപ്പാക്കിയ ടോറന്‍സ് സമ്പ്രദായമാകാം. ഇല്ലെങ്കിൽ റീസര്‍വേ നടത്തി കുടിയിരുത്തിയാലും പ്രശ്നങ്ങള്‍ തീരില്ല .

ഭൂമി ഇടപാടുകളിലുണ്ടായ മാറ്റം അതേ പടി വില്ലേജ് രേഖകളിൽ പ്രതിഫലിച്ചില്ലെങ്കിലോ. ഉടമയുടെ പേര് മാറും .അതു ചിലപ്പോള്‍ തരിശു പോലുമാകും. അപ്പപ്പോള്‍ ചെയ്യേണ്ട ജോലി സമയത്ത് ഉദ്യോഗസ്ഥര്‍ ചെയ്യാത്തതു കൊണ്ടാണ് കിഴുവിലത്തെ ഷീജ പുറമ്പോക്കിലായത്.  സര്‍ക്കാര്‍ പതിച്ചു കൊടുത്ത ഭൂമിയായിരുന്നു അത്. ഭൂ രഹിതരെ കുടിയിരുത്തിയ ലക്ഷം വീടിനകത്തെ ഭൂമി. സര്‍ക്കാര്‍ കൊടുത്തതെങ്കിലും റവന്യു രേഖകളിൽ ആ മാറ്റം വന്നില്ല. ഇതോടെ റീസര്‍വേ കഴിഞ്ഞപ്പോള്‍ ഷീജയുടെ ഭൂമി സര്‍ക്കാരിന്‍റെ ഉടമസ്ഥതിയിൽ തിരിച്ചെത്തി.  അയൽവാസികളിൽ പലരുടെയും ഭൂമി  സര്‍ക്കാര്‍ രേഖ പ്രകാരം  ഇപ്പോഴും പഴയ ജന്മിയുടെ പേരിലുമാണ് .  അതിനര്‍ഥം ഭൂ പരിഷ്കരണ വിപ്ലവത്തിന് തറ നഷ്ടപ്പെട്ടുവെന്നു തന്നെ. ഒരോ സ്ഥലത്തും ഭൂമി വാങ്ങുമ്പോള്‍ ഒരോ തണ്ടപ്പേര്‍ അക്കൗണ്ടാണ്. അതു കൊണ്ട് തന്നെ  ഭൂപരിധി നിയമ ലംഘനത്തിന് വകുപ്പുണ്ട്. ഇതൊക്കൊ പരിഹരിക്കാം. യുണിക്ക് തണ്ടപ്പേര്‍ സംവിധാനം കൊണ്ടു വന്നാൽ മതി . 

സാങ്കേതിക വിദ്യ നാലാം തലമുറയിലേയ്ക്ക് മാറുമ്പോഴും പഴഞ്ചൻ റവന്യൂ ഭരണ രീതിയും രേഖ സൂക്ഷിക്കലുമാണ് ഇവിടെ നടപ്പാവുന്നത്. കൊടുത്ത പട്ടയത്തിന്‍റെ രേഖ സൂക്ഷിക്കില്ല , ഒരേ സ്ഥലത്തിന് ഒന്നിലധികം പതിവും പട്ടയം കൊടുക്കലും കൈമാറ്റവുമൊക്കെ നടത്തും. അതു കൊണ്ട് തന്നെ റവന്യൂ ഭരണരീതി അടിമുടി മാറണം  

ഈ കെടുകാര്യസ്ഥതകളുടെയും ക്രമക്കേടുകളുടെയും ഇരകളായി എത്രയോ ആയിരങ്ങള്‍ വേദനയോട് ജീവിക്കുന്നു. റവന്യു ഭരണം  കൊണ്ട്, റീസര്‍വേ അപകാത കൊണ്ട് മുറിവേറ്റവര്‍. ചങ്ങലക്കുരുക്കിലായ ശേഷം ഉദ്യോഗസ്ഥ ഭാഷ കേട്ട് കണ്ണുതള്ളിപ്പോയ നിരക്ഷര്‍. റീസര്‍വേയുടെ പ്രാധാന്യത്തെക്കുറിച്ച് അറിവില്ലാത്ത അഭ്യസ്ത വിദ്യര്‍ .അതു കൊണ്ട് തന്നെ റീസര്‍വേയുടെ പ്രാധാന്യത്തെക്കുറിച്ച്, നഭൂമിയെയും രേഖകളെയും കുറിച്ച് അടിസ്ഥാന പരമായ അറിവ് എല്ലാവരിലേയ്ക്ക് എത്തിക്കാൻ ശ്രമം വേണം. അതായത് ഒരു ഭൂസാക്ഷരാത യജ്ഞം നടത്തണം. അതില്ലാതെ പോയാൽ  എത്ര സര്‍വേ നടത്തിയാലും പരിഹരിക്കാത്ത പതിനായിരക്കണക്കിന് പരാതികള്‍ മാത്രമാകും റീസര്‍വേ ബാക്കി. കാര്യങ്ങള്‍ ഇപ്പോഴും കൃത്യമായി അറിയാത്ത എത്രയോ ഉദ്യോഗസ്ഥര്‍ റവന്യൂ വകുപ്പിൽ തന്നെയുണ്ടെന്ന് പറഞ്ഞാലും തെറ്റാകില്ല .

ഇരകളിൽ ബഹുഭൂരിപക്ഷവും ദാരിദ്ര്യം കൊണ്ടോ ,അറിവില്ലായ്മ കൊണ്ടോ താഴെ തട്ടിലായിപ്പോയവരാണ് . മാവേലി നാട്ടിലെ 2.40 ലക്ഷം കുടുംബങ്ങള്‍ മൂന്നു സെന്‍റു പോലും സ്വന്തമായില്ലാതെ ജീവിക്കുമ്പോള്‍ ഉള്ള ഒരു തുണ്ട് മണ്ണു പോലും നഷ്ടപ്പെടുത്തുന്ന അളവും രേഖയുണ്ടാക്കലും .  ഈ കൊച്ചു കേരളത്തിന്‍റെ 48,000 ഹെക്ടര്‍ സ്ഥലം രണ്ടു തോട്ടം ഉടമകളുടെ കൈവശമാണെന്ന  വസ്തുതയും ഇവിടെ പ്രസക്തം. വന്‍കിട ഭൂ ഉടമകള്‍ വേറെയും. ഇവരുടെ കൈവശം എത്ര സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന് ആര്‍ക്കറിയാം. അളക്കാനൊട്ട് അധികാരികള്‍ക്ക് താല്‍പര്യവുമില്ല.

അളന്നു തീരാത്ത കേരളത്തിലൂടെയുള്ള അലഞ്ഞു തിരിയിൽ തല്‍ക്കാലത്തേയ്ക്ക് സൈന്‍ ഓഫ് ചെയ്യുമ്പോള്‍ കണ്ണായ മണ്ണിൽ നിന്ന്  ജീവിതത്തിന്‍റെ പുറന്പോക്കിലേയ്ക്ക് തള്ളിയിറക്കപ്പെട്ട യഥാര്‍ഥ അവകാശികളുടെ നിസഹായമായ മുഖങ്ങള്‍ മനസിലുണ്ട് ആ കവിതയുടെ അടുത്ത വരിയും 

''അക്കാണും മാമലയൊന്നും നമ്മുടേതല്ല എന്‍മകനേ ''


ഇവിടേം റീസര്‍വേ നടത്തിയോ ?

റോവിങ്ങ് റിപ്പോര്‍ട്ടറുടെ ആദ്യ യാത്ര വാഗമണ്ണിലേയ്ക്കായിരുന്നു ... അതു വഴി അണക്കരയും ഉടുമ്പിന്‍ ചോലയും ഇതായിരുന്നു  പദ്ധതി. യാത്ര തിരിക്കും മുന്‍പ് ദിവസങ്ങളോളം  ഭൂ പ്രശ്നങ്ങള്‍ ആഴത്തിലറിയാവുന്ന പ്രഗത്ഭരോട് പല തവണ സംസാരിച്ചു. ഉദ്യോഗസ്ഥരോട് അതിലേറെ പ്രാവശ്യം. ബ്യൂറോ ക്രസിയുടെ ശരികളും കടു കട്ടിയായ വിഷയവും യാത്ര വേളയിലാകെ എങ്ങനെ സമ്മര്‍ദ്ദപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കളത്തിലിറങ്ങി എല്ലാം പ്ലാന്‍ ചെയ്യാമെന്നെ പാതി ധൈര്യത്തോടെയും മറുപാതി പേടിയോടെയുമാണ് വാഗമണ്ണിലിറങ്ങിയത്. പതിയെ  കോട നീങ്ങി എനിക്കു മുന്നിൽ വഴി തെളിഞ്ഞു വന്നു. മൂന്നാം ദിവസം ഉടുമ്പിന്‍ ചോലയിൽ ഷൂട്ട്. രാവിലെ കാപ്പി കുടിക്കാൻ കയറിയ ഉടുമ്പിന്‍ ചോല കവലയിലെ ഹോട്ടലിന് മുന്നിൽ ഉന്തി വണ്ടിക്കടയുണ്ട് . ചെമ്മണ്ണാറിലേയ്ക്ക് തിരിക്കും മുന്‍പ് അവിടെ നിന്ന് നമ്മുടെ സാരഥി അനീഷ് ചില്ലറ സാധനങ്ങള്‍ വാങ്ങി. ഉച്ച തിരിയും വരെ ചെമ്മണ്ണാറിൽ ഷൂട്ട്. പഴയ ഹോട്ടലിൽ ഉച്ചയൂണ് .അതു കഴിഞ്ഞ് അനീഷ് വീണ്ടും പര്‍ച്ചേസിന് ഉന്തു വണ്ടിക്കട ലക്ഷ്യമാക്കി  നടന്നു. പക്ഷേ ഉന്തുവണ്ടിക്കട അവിടെ കാണാനില്ല ..രസികനായ അനീഷ് ഉടനെ എന്നോട്  ചോദിച്ചത് ഇങ്ങനെയാണ് ''അണ്ണാ, ഇവിടേം  റീസര്‍വേ നടത്തിയോ ''

ഞാനും കാമറമാന്‍ പ്രസാദും കുറേ നേരം ചിരിച്ചു ..അതൊരു വല്ലാത്തൊരു റിലീഫ് ആയിരുന്നു . യാത്ര തുടങ്ങും മുന്‍പ് കേട്ട സാങ്കേതികത്വങ്ങള്‍ വിട്ട് ,മണ്ണു പോയവരുടെ സങ്കടങ്ങള്‍ അവതരിപ്പിച്ചാൽ  വിഷയം ലളിതമായി കാഴ്ചക്കാരനിലെത്തും . ഇരകളെ കണ്ടപ്പോള്‍ അനീഷും റീസര്‍വേയുടെ ശരി തെറ്റുകള്‍ തിരിച്ചറി‍ഞ്ഞു കഴിഞ്ഞിരുന്നു.

അടുത്തിടെ  തലസ്ഥാനത്ത് ആറു ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു . ഭൂ പ്രശ്ന പരിഹാര നിര്‍ദേശങ്ങള്‍ രൂപപ്പെടുത്താൻ. ഒരു ഭരണമുന്നണി നേതാവിന്‍റെ മുന്‍കൈയിലാണ് അനൗദ്യോഗിക യോഗം. ചര്‍ച്ച തുടങ്ങിയത് സ്വന്തം ഭൂപ്രശ്നങ്ങളെക്കുറിച്ചാണ്. പങ്കെടുത്തവരിൽ  അഞ്ചു ഉദ്യോഗസ്ഥരും സ്വന്തം മണ്ണിനെ ചൊല്ലിയുള്ള  പ്രശ്നങ്ങളെക്കുറിച്ച് മല്‍സരിച്ച് പറഞ്ഞു കൊണ്ടിരുന്നു .എന്നാൽ ആറാമന്‍ മിണ്ടാതിരുന്നു .. കാരണമെന്താ? 
'അദ്ദേഹത്തിന് സ്വന്തമായി ഭൂമിയില്ല ...'

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

മക്കളുടെ ട്യൂഷൻ മാഷിനൊപ്പം ഭാര്യ ഒളിച്ചോടി, ഇനി അവളോടൊപ്പമൊരു കുടുംബ ജീവിതമില്ലെന്ന് ഭർത്താവ്; വീഡിയോ
വേർപിരി‌ഞ്ഞ് 54 വർഷം, കുടുംബവും പേരക്കുട്ടികളുമായി ഭ‍ർത്താവ്, വിവാഹം കഴിക്കാതെ കാത്തിരുന്ന ഭാര്യയുടെ കരച്ചിൽ; വീഡിയോ