നാല് പെണ്ണുങ്ങളുള്ളൊരു വീട്!

By Women DeskFirst Published Mar 8, 2019, 1:13 PM IST
Highlights

അമ്മ ഗർഭിണിയായതൊന്നും ഞങ്ങൾ അറിയില്ലായിരുന്നു. അമ്മയെ കുറച്ച് നാളുകൾക്ക് ശേഷം അന്നാണ് ഞങ്ങൾ കാണുന്നത് പോലും. അച്ഛനുമായി വഴക്കിട്ട് പോയതാണ് അമ്മ. പിന്നീട് അനിയത്തിയുടെ ജനനത്തോടെ വീട്ടിലേക്ക് തിരിച്ച് വരുകയായിരുന്നു. 


മാര്‍ച്ച് 8.. അന്താരാഷ്ട്ര വനിതാ ദിനം.. ഓരോ പെണ്ണിനുമുണ്ടാകും, പെണ്ണെന്ന നിലയില്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍. ഭയത്തിന്‍റെ, അപകര്‍ഷതയുടെ, സംശയത്തിന്‍റെ, ആശങ്കയുടെ... ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചതിന്‍റെ... 'നിനക്ക് ഇത് പറ്റില്ലെ'ന്ന് പറഞ്ഞവരുടെ മുന്നില്‍ 'ഞാനിതാ അത് നേടിയിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ, ഒറ്റക്ക് നടത്തിയ ഒരു യാത്രയുടെ, തന്നേ പോലൊരു പെണ്‍ജന്മത്തിന്‍റെ കഥ... ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് വനിതാ ജീവനക്കാര്‍ എഴുതുന്നു, 'പെണ്ണെന്ന നിലയില്‍' അവരുടെ പെണ്ണനുഭവങ്ങള്‍..

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്, ഞാനും ചേച്ചിയും മുറ്റത്ത് ഓടി കളിക്കുകയാണ്. അപ്പോഴാണ് ഒരു വെള്ള അംബാസിഡർ കാർ വീടിന്റെ മുന്നിലുള്ള റോഡിൽ നിർത്തിയത്. ഞങ്ങള് കളി നിർത്തി കാറിലേക്ക് തന്നെ നോക്കി. കാറിൽ അമ്മയും അമ്മൂമ്മയും അമ്മയുടെ അനിയത്തിയുമുണ്ട്. പെട്ടെന്ന് കാറിൽ നിന്ന് അമ്മൂമ്മ ഇറങ്ങി. പിന്നാലെ അമ്മയും. പക്ഷെ അമ്മയുടെ കയ്യിൽ ഞങ്ങളിത് വരെ കാണാതൊരാളും കൂടി ഉണ്ടായിരുന്നു.  

അമ്മയെ ഏറെകാലത്തിന് ശേഷമാണ് ഞാനിങ്ങനെ ചിരിച്ച് കാണുന്നത്

വെള്ള തുണിയിൽ പൊതിഞ്ഞ് അമ്മയുടെ കൈ വെള്ളയിൽ വളരെ സുരക്ഷിതയായി കിടക്കുകയാണ്. അന്നാണ് ഞാനവളെ ആദ്യമായി  കാണുന്നത്. വെളുത്ത് പഞ്ഞികെട്ട് പോലെയുള്ള അവളെ എനിക്കും ചേച്ചിക്കും ഒത്തിരി ഇഷ്ടമായി. എന്നാലും അതാരാണ് അമ്മയുടെ കയ്യിൽ ഇത്ര അധികാരത്തോടെ ഇരിക്കുന്നതെന്നറിയാൻ എനിക്ക് ആകാംശയായി. ഞാൻ ചെറിയമ്മയോട് പതിയെ ചോദിച്ചു. 'അതാരാണ് ചെറിയമ്മേ അമ്മേട കയ്യിൽ?' ചെറിയമ്മ എന്നെ ആദ്യമൊന്ന് നോക്കി, എന്നിട്ട് പറഞ്ഞു; 'നിന്റെ അനിയത്തിയാണ്'.

അത് കേട്ടതും ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി. എന്നിട്ട് അവളെ വിശദമായൊന്ന് നോക്കി. എന്നിട്ട് അമ്മയോടായി പറഞ്ഞു, 'ഇവള് എന്നെക്കാളും നിറമുണ്ടല്ലോ അമ്മേ.' ഇത് കേട്ടതും അമ്മയ്ക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല. സത്യത്തിൽ അമ്മയെ ഏറെകാലത്തിന് ശേഷമാണ് ഞാനിങ്ങനെ ചിരിച്ച് കാണുന്നത്. അതെന്നെ അത്ഭുതപ്പെടുത്തി. 

അമ്മ ഗർഭിണിയായതൊന്നും ഞങ്ങൾ അറിയില്ലായിരുന്നു. അമ്മയെ കുറച്ച് നാളുകൾക്ക് ശേഷം അന്നാണ് ഞങ്ങൾ കാണുന്നത് പോലും. അച്ഛനുമായി വഴക്കിട്ട് പോയതാണ് അമ്മ. പിന്നീട് അനിയത്തിയുടെ ജനനത്തോടെ വീട്ടിലേക്ക് തിരിച്ച് വരുകയായിരുന്നു. അവളെ ഞാനും ചേച്ചിയും അത്ര കാര്യായിട്ടാണ് നോക്കിയത്. നമ്മൾ മൂന്ന് പേരുമുള്ള കുറച്ച് സന്ദർഭങ്ങൾ മാത്രമേ എനിക്കോർമ്മയുള്ളു. എന്നാലും അതൊക്കെ വളരെ രസകരമായിരുന്നു. 

പെട്ടെന്നാണ് ഞങ്ങൾ മൂന്ന് പേരും വളർന്നതെന്ന് തോന്നും. ജീവിതത്തിലെ ഏറ്റവും ദുർഘടമായ നിമിഷങ്ങളൊക്കെ വളരെ പുഷ്പം പോലെയാണ് നേരിട്ടത്. വേദനിപ്പിക്കുന്ന അനേകം അനുഭവത്തിലൂടെ കടന്നു പോയിട്ടുണ്ട്. അതൊന്നും അന്നും ഇന്നും ഞാനെന്റെ അനിയത്തിയെ അറിയിച്ചിട്ടില്ല. കാരണം അവളുടെ കണ്ണീരിനെക്കാളും എനിക്കിഷ്ടം കോമ്പല്ലും കാണിച്ചുള്ള അവളുടെ ചിരിയായിരുന്നു.

ഡിഗ്രിയും പിജിയുമായുള്ള അഞ്ച് വർഷങ്ങൾ, കുടുംബത്തിന്റെ ബാധ്യത, വിദ്യാഭ്യാസം അങ്ങനെ ബാധ്യതകളുടെ ഭാരക്കെട്ടും പേറി നടക്കുമ്പോഴും അവളെയൊന്നും അറിയിച്ചില്ല. അവളെ പഠിപ്പിച്ചു. അവൾക്ക് വേണ്ടതെല്ലാം ചെയ്തു. ഒടുവിൽ എന്നെയും കുടുംബത്തേയും വിട്ട് പോയപ്പോഴും അവളെ ഈ കയ്യിൽ ചേർത്ത് തന്നെ പിടിച്ചു. പക്ഷെ അവൾക്ക് ഇഷ്ടമുള്ള വഴി അവൾ തെരഞ്ഞടുത്തപ്പോൾ ആദ്യമൊന്നും അതിനെ അംഗീകരിക്കാൻ എനിക്കോ കുടുംബത്തിനോ കഴിഞ്ഞില്ല. 

പിന്നീട് അവളെ കാണാനായി പോയപ്പോഴാണ് അവളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയൊന്നും എന്റെ കയ്യിലില്ലെന്ന് മനസിലായത്. അവരവർക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആളുകളുടെ ചോയ്സിനെ അംഗീകരിക്കാനാകുക എന്നതാണ് പ്രധാനം. പ്രത്യേകിച്ച് പെൺകുട്ടികളുടെ തീരുമാനങ്ങനെ അംഗീകരിക്കാൻ നമ്മുടെ സമൂഹത്തിന് വളരെ ബുദ്ധിമുട്ടാണ്. അതൊക്കെ മറികടന്ന് അവൾ എടുത്ത തീരുമാനങ്ങളൊക്കെ ശരിയായിരുന്നു. ഇന്നവൾ വളരെയധികം സന്തോഷവതിയാണ്.

ആരെങ്കിലുമൊക്കെ ചോദിക്കും കല്യാണമെന്നുമില്ലേ മോളെ, വയസ് കുറെ ആയല്ലേ  

കൂട്ടത്തിൽ അനിയത്തിയാണ് ഏറ്റവും വലിയ വാശിക്കാരിയും വായാടിയും. ചേച്ചിയൊരു പാവമാണ്. ഞാൻ ഇവരെ രണ്ടാളുടേയും ഇടയിലുള്ള ആളാണ്. അവർ രണ്ട് പേരും പ്രായപൂർത്തിയായപ്പോൾ തന്നെ അവരുടെ ജീവിതം തെരഞ്ഞെടുത്തവരാണ്. മൂത്തയാൾ 21 വയസിലും ഇളയവൾ 19 വയസിലും വിവാഹിതരായി. ചേച്ചിയെ കുടുംബക്കാർ ചേർന്ന് കെട്ടിച്ചയച്ചപ്പേൾ അനിയത്തി അവൾക്കിഷ്ടമുള്ള ആളെകൂടെ ജീവിക്കാൻ തീരുമാനിച്ചു. ഇതിനിടയിൽ എന്നെക്കുറിച്ചാണ് നാട്ടുകാർക്കും കുടുംബക്കാർക്കും ആവലാതി. കാരണം അവർക്കൊക്കെ കെട്ടി കുട്ടികളായില്ലേ. എനിക്കാണെങ്കിൽ പ്രായമിങ്ങനെ പോകുന്നുമുണ്ട്. പക്ഷെ, വീട്ടിലെ അച്ഛനേയും അമ്മയെക്കാളും കൂടുതൽ ആവലാതിയും ആശങ്കയും നാട്ടുകാർക്കാണ്. 

ശരിക്കും പറഞ്ഞാൽ ഒരു ജോലി ആയപ്പോഴാണ് ആളുകൾ പറയുന്നത് നിർത്തിയത്. ഇപ്പോൾ അവധിക്ക് വീട്ടിൽ പോകുമ്പോൾ ഇടയ്ക്ക് ആരെങ്കിലുമൊക്കെ ചോദിക്കും കല്യാണമെന്നുമില്ലേ മോളെ, വയസ് കുറെ ആയല്ലോന്ന്. അപ്പോൾ ഞാൻ പറയും. ഒത്തൊരു ചെക്കനെ കിട്ടാനില്ല, നോക്കുന്നുണ്ട്, ഒത്താൽ കെട്ടുമെന്ന്. എല്ലാം അവരവരുടെ ചോയ്സ് ആകട്ടേ... അതല്ലേ രസം...

നിര്‍മല ബാബു: കാടും മലയും ആകാശവും ഞങ്ങള്‍ക്ക് കൂടിയുള്ളതാണ്

സൗമ്യ: വിവാഹത്തേക്കാള്‍ വലുതാണ് വിദ്യാഭ്യാസം

കൃഷ്ണേന്ദു വി.: എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്?

സി പി അജിത: അവന്‍ പിന്നെയും അച്ഛനെ ചോദിച്ച് കരഞ്ഞു കാണില്ലേ?

അശ്വതി താര: നാലു പെണ്ണുങ്ങളുള്ളൊരു വീട്!

അലീന പി.സി: രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെ ഞെട്ടലുണ്ടാക്കുന്നു

സുമം തോമസ്: പെണ്ണായ നീയൊക്കെ എവിടെയെത്താനാണ്?

എല്‍സ ട്രീസ ജോസ്: ഹേയ് അവളൊറ്റയ്ക്ക് ഇത്രയും ദൂരെ പോകാന്‍ വഴിയില്ല

റിനി രവീന്ദ്രന്‍: മൂര്‍ഖനെയൊക്കെ കാണുമ്പോള്‍ ഈ പെണ്ണുങ്ങളെന്താ പേടിക്കാത്തത്?

അനൂജ നാസറുദ്ദീന്‍: മതിലുകള്‍ ജെസിബി കൊണ്ട് പൊളിച്ചു മാറ്റിയ പെണ്ണുങ്ങളെ നിങ്ങള്‍ പൊളിയാണ്!

അസ്മിത കബീര്‍: ഇപ്പോ എന്‍റെ വീട്ടുകാര്‍ക്ക് കുറെയൊക്കെ അറിയാം, പെണ്ണെന്തെന്ന്!

ബിസ്മി ദാസ്: നോക്കിക്കോ ഇതൊരു മോനായിരിക്കും

ദീഷ്ണ സി: ഈ പെണ്ണുങ്ങളെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമോ?

രശ്മി ശ്രീകുമാര്‍: ഓര്‍ക്കുക, ശരിക്കും താരം നമ്മുടെ അമ്മയാണ് 


 

click me!