മാര്‍ച്ച് 8.. അന്താരാഷ്ട്ര വനിതാ ദിനം.. ഓരോ പെണ്ണിനുമുണ്ടാകും, പെണ്ണെന്ന നിലയില്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍. ഭയത്തിന്‍റെ, അപകര്‍ഷതയുടെ, സംശയത്തിന്‍റെ, ആശങ്കയുടെ... ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചതിന്‍റെ... 'നിനക്ക് ഇത് പറ്റില്ലെ'ന്ന് പറഞ്ഞവരുടെ മുന്നില്‍ 'ഞാനിതാ അത് നേടിയിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ, ഒറ്റക്ക് നടത്തിയ ഒരു യാത്രയുടെ, തന്നേ പോലൊരു പെണ്‍ജന്മത്തിന്‍റെ കഥ... ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് വനിതാ ജീവനക്കാര്‍ എഴുതുന്നു, 'പെണ്ണെന്ന നിലയില്‍' അവരുടെ പെണ്ണനുഭവങ്ങള്‍..
 

കാട് പൂക്കുന്നതും തെളിനീരൊഴുക്കുന്നതും ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് കൂടി വേണ്ടിയാണ്. അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്ര മനസില്‍ ഉറപ്പിച്ചത് ഈ വാക്കുകളാണ്..

സ്ത്രീകളെ വിലക്കരുത് എന്ന കോടതി വിധി വന്നപ്പോ ഒത്തിരി സന്തോഷമായി

അഗസ്ത്യാര്‍കൂടം യാത്ര അത് ഒരു സ്വപ്നമായിരുന്നില്ല, മറിച്ച് വാശിയായിരുന്നു. നിന്നെ കൊണ്ട് അതിന് കഴിയില്ലെന്ന് പറഞ്ഞവരോടുള്ള വാശി.. മൂന്ന് വര്‍ഷം മുമ്പ്, മാധ്യമപ്രവര്‍ത്തനം തുടങ്ങുന്ന ആദ്യ നാളുകളിലാണ് പെണ്‍വിലക്ക് കാരണം വാര്‍ത്തകളില്‍ ഇടംപിടിച്ച അഗസ്ത്യര്‍ക്കൂടത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത്. പിന്നീട് ഉള്ള വര്‍ഷങ്ങളിലും അഗസ്ത്യാര്‍കൂടത്തിലേക്ക് ട്രെക്കിംഗ് നടന്നു. പെണ്‍ വിലക്കോട് കൂടി തന്നെ. ഒരു പെണ്ണിനെയും കയറ്റാതെ, പുരുഷന്മാര്‍ മാത്രം അവിടെ പോയി വന്നു. 

ഇതിനെതിരെ ഒരു കൂട്ടം സ്ത്രീകളുടെ നിയമപോരാട്ടം വാര്‍ത്തയാക്കുന്നതിനിടെയാണ് അഗസ്ത്യാർകൂടം എന്ന മോഹം ആഴത്തില്‍ മനസില്‍ പതിക്കുന്നത്. മല കയറിയ ആണ്‍സുഹൃത്തുകളുടെ കഥപറച്ചിലില്‍ ആ ആഗ്രഹം ഇരട്ടിയായി. വിലക്കിയിരിക്കുന്ന ആ ഇടത്തേക്ക് ഒന്ന് ചെല്ലണം എന്നുറപ്പിക്കുന്നത് പിന്നീടാണ്. സ്ത്രീകളെ വിലക്കരുത് എന്ന കോടതി വിധി വന്നപ്പോ ഒത്തിരി സന്തോഷമായി. ആ വിധിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഒരു കൂട്ടം സ്ത്രീകളുടെ വിജയമാണ് അഗസ്ത്യാര്‍കൂടത്തിലേക്കുള്ള ഒരോ പെണ്‍ യാത്രയും എന്ന് പറഞ്ഞെ മതിയാവൂ.

കാട്ടിലേക്കുള്ള ഓരോ യാത്രയും ഹരം പിടിപ്പിക്കുന്നതാണ്. പെണ്ണായി ജനിച്ചതിന്‍റെ പേരില്‍ മാത്രം നിഷേധിക്കപ്പെട്ട യാത്ര അതിന്‍റെ പൂര്‍ണതയില്‍ എത്തിയപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. സാധാരണ ട്രെക്കിംഗ് അനുഭവമല്ല അഗസ്ത്യാര്‍കൂടം സമ്മാനിച്ചത്. എന്തും സാധ്യമാവും എന്നുള്ള ഒരു വിശ്വാസം കൂടിയാണ്. അതേ എല്ലാ കാടും മലയും സ്ത്രീകള്‍ക്ക് കൂടിയുള്ളതാണ്. ആണിടം എന്ന ഇടം തന്നെ ഇല്ലാതാവണം. അപ്പോഴല്ലേ സമത്വം വരൂ.

അവിടെ നിന്ന് തിരികെ വരുമ്പോള്‍ പെയ്ത ഒരു മഴയുണ്ട്

ആഗസ്ത്യാര്‍കൂടത്തില്‍ ചെന്നില്ലായിരുന്നുവെങ്കില്‍ ആ മോഹം സാധിക്കാതെ ഞാനും മരിച്ചുപോകും. അങ്ങനെ വിലക്കപ്പെട്ട ഒരുപാട് ജീവിതം ഒരുപാട് പേര്‍ ജീവിക്കുന്നുണ്ടാകും. അന്ന്, അവിടെ നിന്ന് തിരികെ വരുമ്പോള്‍ പെയ്ത ഒരു മഴയുണ്ട്. എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ട, നനഞ്ഞ ഏറ്റവും മനോഹരമായ മഴയായിരുന്നു അത്... 

നിര്‍മല ബാബു: കാടും മലയും ആകാശവും ഞങ്ങള്‍ക്ക് കൂടിയുള്ളതാണ്

സൗമ്യ: വിവാഹത്തേക്കാള്‍ വലുതാണ് വിദ്യാഭ്യാസം

കൃഷ്ണേന്ദു വി.: എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്?

സി പി അജിത: അവന്‍ പിന്നെയും അച്ഛനെ ചോദിച്ച് കരഞ്ഞു കാണില്ലേ?

അശ്വതി താര: നാലു പെണ്ണുങ്ങളുള്ളൊരു വീട്!

അലീന പി.സി: രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെ ഞെട്ടലുണ്ടാക്കുന്നു

സുമം തോമസ്: പെണ്ണായ നീയൊക്കെ എവിടെയെത്താനാണ്?

എല്‍സ ട്രീസ ജോസ്: ഹേയ് അവളൊറ്റയ്ക്ക് ഇത്രയും ദൂരെ പോകാന്‍ വഴിയില്ല

റിനി രവീന്ദ്രന്‍: മൂര്‍ഖനെയൊക്കെ കാണുമ്പോള്‍ ഈ പെണ്ണുങ്ങളെന്താ പേടിക്കാത്തത്?

അനൂജ നാസറുദ്ദീന്‍: മതിലുകള്‍ ജെസിബി കൊണ്ട് പൊളിച്ചു മാറ്റിയ പെണ്ണുങ്ങളെ നിങ്ങള്‍ പൊളിയാണ്!

അസ്മിത കബീര്‍: ഇപ്പോ എന്‍റെ വീട്ടുകാര്‍ക്ക് കുറെയൊക്കെ അറിയാം, പെണ്ണെന്തെന്ന്!

ബിസ്മി ദാസ്: നോക്കിക്കോ ഇതൊരു മോനായിരിക്കും

ദീഷ്ണ സി: ഈ പെണ്ണുങ്ങളെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമോ?

രശ്മി ശ്രീകുമാര്‍: ഓര്‍ക്കുക, ശരിക്കും താരം നമ്മുടെ അമ്മയാണ്