Asianet News MalayalamAsianet News Malayalam

'ഹേയ്, അവളൊറ്റയ്ക്ക് ഇത്രേം ദൂരെ പോകാന്‍ വഴിയില്ല!'

കള്ളത്തരം പറഞ്ഞ് വീട്ടില്‍ നിന്ന് പോന്നതില്‍ ചെറുതല്ലാത്ത കുണ്ഠിതമൊക്കെ തോന്നി. മനോരമയില്‍ 'മകളേ തിരിച്ച് വരൂ' അറിയിപ്പ് കൊടുത്ത് വഴീലേക്ക് നോക്കിയിരിക്കുന്ന അമ്മയുടെ പടമാണ് തലയില്‍ തെളിഞ്ഞത്. കയറ്റം കയറുംതോറും മോശമാകുന്ന റോഡില്‍ സ്വജീവന്‍ ബസിന്റെ മുകളില്‍ വച്ച്, റാം നഗറില്‍ നിന്ന് റാണിഖേത്തിലേക്ക്. 

womens day article elsa tresa jose
Author
Thiruvananthapuram, First Published Mar 8, 2019, 12:54 PM IST

മാര്‍ച്ച് 8.. അന്താരാഷ്ട്ര വനിതാ ദിനം.. ഓരോ പെണ്ണിനുമുണ്ടാകും, പെണ്ണെന്ന നിലയില്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍. ഭയത്തിന്‍റെ, അപകര്‍ഷതയുടെ, സംശയത്തിന്‍റെ, ആശങ്കയുടെ... ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചതിന്‍റെ... 'നിനക്ക് ഇത് പറ്റില്ലെ'ന്ന് പറഞ്ഞവരുടെ മുന്നില്‍ 'ഞാനിതാ അത് നേടിയിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ, ഒറ്റക്ക് നടത്തിയ ഒരു യാത്രയുടെ, തന്നേ പോലൊരു പെണ്‍ജന്മത്തിന്‍റെ കഥ... ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് വനിതാ ജീവനക്കാര്‍ എഴുതുന്നു, 'പെണ്ണെന്ന നിലയില്‍' അവരുടെ പെണ്ണനുഭവങ്ങള്‍..

എന്‍ സി സി ക്യാമ്പില്‍ കിട്ടിയ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹം. സ്ഥലം ഉത്തരാഖണ്ഡിലെ കൂമയൂണ്‍ കുന്നുകളാണ്. അവിടേക്ക്  അവള്‍ മുമ്പും പല തവണ ക്ഷണിച്ചതാണ്. അന്നൊക്കെ ചാടിപ്പുറപ്പെട്ട മനസിനെ വടം കെട്ടിയാണ് അടക്കി നിര്‍ത്തിയത്. പക്ഷേ ഇത്തവണ അത് നടക്കില്ലെന്ന് ഉറപ്പായിരുന്നു. മൊബൈല്‍ ഫോണിന്റെ ബേസ് മോഡല്‍ പോലും കയ്യില്‍ ഇല്ലാത്ത കാലത്ത് ഹിന്ദിയിലും മുറി ഇംഗ്ലീഷിലും എഴുത്തിലൂടെ അറിഞ്ഞ റാണിഖേത്തിലേക്ക്.

കൊടുംതണുപ്പില്‍ പഴഞ്ചൊല്ലിനും പണി പാളുമെന്ന് മനസ്സിലായി

ടിക്കറ്റ് ശരിയാണ് , ദില്ലിയില്‍ കൂട്ടാന്‍ ആളു വരും എന്നെല്ലാം പറഞ്ഞ് വീട്ടുകാരെ സമ്മതിപ്പിച്ച് പുറപ്പെട്ടു. എന്നാല്‍ കൂട്ടാന്‍ ആരും വരില്ലെന്നുള്ള കാര്യം തലച്ചോറ് ഇടയ്ക്കിടെ മിന്നിക്കണുണ്ടായിരുന്നു.  രാത്രി വണ്ടിയില്‍ വാതിലിന്റെ അടുത്ത് പോയി നിന്നപ്പോള്‍ തൊട്ടടുത്ത സീറ്റിലെ സ്ത്രീ ഇടയ്ക്കിടെ പാളി നോക്കുന്നത് കാണാതിരുന്നില്ല. പക്ഷേ രാജ്യ തലസ്ഥാനം ആയപ്പോഴേയ്ക്കും അവരുമായി നല്ല അടുപ്പത്തിലായി. രാം നഗറിലേക്ക് ബസ് കിട്ടുന്ന അനന്ത് വിഹാറിനെക്കുറിച്ച് അവരില്‍ നിന്നാണ് ഒരു ധാരണ കിട്ടിയത്. 

ട്രെയിനിറങ്ങി വച്ച് പിടിച്ചു. തീയില്‍ കുരുത്തത് വെയിലില്‍ വാടില്ല. എന്നാല്‍ കൊടുംതണുപ്പില്‍ പഴഞ്ചൊല്ലിനും പണി പാളുമെന്ന് മനസ്സിലായി. 

രാംനഗര്‍. ഉയരം കൂടുതോറും നീളം കുറയുന്ന കണക്ഷന്‍ ബസുകളില്‍ കുമയൂണ്‍ കുന്നുകളിലൂടെ. വെളിച്ചമായപ്പോഴാണ് യാത്രയുടെ അപകടം മനസിലായത്. ഏത് സമയവും ഇടിഞ്ഞ് വീഴാവുന്ന മണ്‍തിട്ടകള്‍ക്കിടയിലൂടെ റോഡെന്ന് തോന്നുന്ന ഒരു പാതയിലൂടെയാണ് യാത്ര. വിന്‍ഡോ സൈഡില്‍ ഇരുന്നത് കാഴ്ച കാണാനാണ് എന്നാല്‍ വിന്‍ഡോയിലെ കാഴ്ച ചില്ലറ പേടിയൊന്നുമല്ല തന്നത്. പപ്പു പറഞ്ഞ പോലെ 'കൊക്കയല്ലേ മോനേ കൊക്ക'. കല്ലില്‍ നിന്ന് കല്ലിലേക്ക് തെറിക്കുന്ന ബസ് ഒന്നു പാളിയാല്‍ ഞാനടക്കം പത്തിരുപത് പേര്‍ പടമാകും. 

കള്ളത്തരം പറഞ്ഞ് വീട്ടില്‍ നിന്ന് പോന്നതില്‍ ചെറുതല്ലാത്ത കുണ്ഠിതമൊക്കെ തോന്നി. മനോരമയില്‍ 'മകളേ തിരിച്ച് വരൂ' അറിയിപ്പ് കൊടുത്ത് വഴീലേക്ക് നോക്കിയിരിക്കുന്ന അമ്മയുടെ പടമാണ് തലയില്‍ തെളിഞ്ഞത്. കയറ്റം കയറുംതോറും മോശമാകുന്ന റോഡില്‍ സ്വജീവന്‍ ബസിന്റെ മുകളില്‍ വച്ച്, റാം നഗറില്‍ നിന്ന് റാണിഖേത്തിലേക്ക്. 

സഹോദരിയുടെ കല്യാണം കൂടാന്‍ വരുന്ന മദ്രാസിയെ കാത്ത് ചെറുതല്ലാത്ത കൂട്ടമാണ് റാണിഖേത്തില്‍ നിന്നത്. പക്ഷേ അവരില്‍ ഒരാള്‍ പോലും തനിച്ചുള്ള ആ വരവിന് നേരെ വിരല്‍ ചൂണ്ടിയില്ല. തിരിച്ച് വന്ന് ഓഫീസില്‍ സാഹസിക കഥകള്‍ വിളമ്പുന്ന സമയമാണ് 'ആരാണ് കൂടെ വന്നത്' എന്ന ചോദ്യം ആദ്യമായി കേട്ടത്. 

ഞാന്‍ തനിച്ച്  അല്ലാരുന്നോന്ന് എനിക്ക് പോലും സംശയം തോന്നിപ്പോയി

ഈ പടമൊക്കെ നീ എടുത്തതാണോ? കൂടെ വന്നോന്‍ എടുത്തതല്ലേ? എവിടെയൊക്കെ കറങ്ങി? ശരിക്കും കല്യാണം കൂടിയോ? 

പടച്ചോനേ, പോയത് ഞാന്‍ തനിച്ച്  അല്ലാരുന്നോന്ന് എനിക്ക് പോലും സംശയം തോന്നിപ്പോയി. പക്ഷേണ്ടല്ലോ ആ യാത്ര കിടുവാര്‍ന്നു, ശരിക്കും കിടു. ആ യാത്രയുടെ ബലമാര്‍ന്ന് പിന്നെയുള്ള യാത്രകളുടെ ഒക്കെ ബൂസ്റ്റും ഹോര്‍ളിക്‌സും കോംപ്ലാനും!  
 

നിര്‍മല ബാബു: കാടും മലയും ആകാശവും ഞങ്ങള്‍ക്ക് കൂടിയുള്ളതാണ്

സൗമ്യ: വിവാഹത്തേക്കാള്‍ വലുതാണ് വിദ്യാഭ്യാസം

കൃഷ്ണേന്ദു വി.: എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്?

സി പി അജിത: അവന്‍ പിന്നെയും അച്ഛനെ ചോദിച്ച് കരഞ്ഞു കാണില്ലേ?

അശ്വതി താര: നാലു പെണ്ണുങ്ങളുള്ളൊരു വീട്!

അലീന പി.സി: രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെ ഞെട്ടലുണ്ടാക്കുന്നു

സുമം തോമസ്: പെണ്ണായ നീയൊക്കെ എവിടെയെത്താനാണ്?

എല്‍സ ട്രീസ ജോസ്: ഹേയ് അവളൊറ്റയ്ക്ക് ഇത്രയും ദൂരെ പോകാന്‍ വഴിയില്ല

റിനി രവീന്ദ്രന്‍: മൂര്‍ഖനെയൊക്കെ കാണുമ്പോള്‍ ഈ പെണ്ണുങ്ങളെന്താ പേടിക്കാത്തത്?

അനൂജ നാസറുദ്ദീന്‍: മതിലുകള്‍ ജെസിബി കൊണ്ട് പൊളിച്ചു മാറ്റിയ പെണ്ണുങ്ങളെ നിങ്ങള്‍ പൊളിയാണ്!

അസ്മിത കബീര്‍: ഇപ്പോ എന്‍റെ വീട്ടുകാര്‍ക്ക് കുറെയൊക്കെ അറിയാം, പെണ്ണെന്തെന്ന്!

ബിസ്മി ദാസ്: നോക്കിക്കോ ഇതൊരു മോനായിരിക്കും

ദീഷ്ണ സി: ഈ പെണ്ണുങ്ങളെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമോ?

രശ്മി ശ്രീകുമാര്‍: ഓര്‍ക്കുക, ശരിക്കും താരം നമ്മുടെ അമ്മയാണ് 

 

Follow Us:
Download App:
  • android
  • ios