Asianet News MalayalamAsianet News Malayalam

അവൻ പിന്നെയും അച്ഛനെ ചോദിച്ച് കരഞ്ഞു കാണില്ലേ?

കുട്ടികൾ വിശന്ന് കരഞ്ഞാൽ പോലും ഇവരെന്ത് ചെയ്യുമെന്ന നിസ്സഹായാവസ്ഥയും മനസ്സിലിട്ട് എല്ലാം കേട്ടിരുന്നു. ആകെ ഉലഞ്ഞു പോയ ആ വീടിപ്പോൾ ചേർത്ത് പിടിച്ച് നിർത്തുന്നതു പോലും അവരാണെന്ന് തോന്നി. ദീപുവിന്‍റെ ക്യാമറക്കൊപ്പം ആ മുറിയിൽ നിന്ന് ഇറങ്ങിയപ്പോൾ അവർ പിന്നാലെ വന്നു.

womens day article pennenna nilayil ajitha cp
Author
Thiruvananthapuram, First Published Mar 8, 2019, 1:19 PM IST


മാര്‍ച്ച് 8.. അന്താരാഷ്ട്ര വനിതാ ദിനം.. ഓരോ പെണ്ണിനുമുണ്ടാകും, പെണ്ണെന്ന നിലയില്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍. ഭയത്തിന്‍റെ, അപകര്‍ഷതയുടെ, സംശയത്തിന്‍റെ, ആശങ്കയുടെ... ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചതിന്‍റെ... 'നിനക്ക് ഇത് പറ്റില്ലെ'ന്ന് പറഞ്ഞവരുടെ മുന്നില്‍ 'ഞാനിതാ അത് നേടിയിരിക്കുന്നു' എന്ന് പറഞ്ഞതിന്‍റെ, ഒറ്റക്ക് നടത്തിയ ഒരു യാത്രയുടെ, തന്നേ പോലൊരു പെണ്‍ജന്മത്തിന്‍റെ കഥ... ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് വനിതാ ജീവനക്കാര്‍ എഴുതുന്നു, 'പെണ്ണെന്ന നിലയില്‍' അവരുടെ പെണ്ണനുഭവങ്ങള്‍..
 

ഓഖിയുടെ കലിയടങ്ങി ഒരാഴ്ച കഴിഞ്ഞിരിക്കണം. കാണാതായവരുടെ കണക്കു പറഞ്ഞ് സഭയും സർക്കാറും തമ്മിൽ തല്ലുന്നതിനിടയ്ക്ക് എപ്പഴോ ആണ് പിന്നെയും പൂന്തുറ കടപ്പുറത്ത് ചെല്ലുന്നത്. പ്രസവിച്ച് ആറ് മാസം പോലും തികയാത്ത പിഞ്ചുകുഞ്ഞും ബാല്യം മാറാത്ത അവന്റെ അമ്മയും അച്ഛനെ കാത്തിരിക്കുന്നു. മനസാക്ഷിയില്ലാത്ത മൈക്ക് പിടുത്തത്തോട് പലപ്പോഴും വല്ലാത്തൊരു അവജ്ഞ തോന്നിയിട്ടുണ്ടെങ്കിലും കൊള്ളരുതായ്മയുടെ കയ്പുനീരിറക്കി ആ ബൈറ്റെടുത്തു. കലങ്ങിചുവന്ന് കണ്ണീര് വറ്റിയ ആ മുഖത്തേക്ക് നോക്കാൻ എനക്ക് ധൈര്യം ഉണ്ടായിരുന്നില്ല. അവിടെ നിന്നിറങ്ങി തൊട്ടടുത്ത വീട്ടിലേക്ക്. അച്ഛനും മകനും ഒരുമിച്ചാണ് കടലിൽ പോയത്. വിളറി വെളുത്തൊരു പെൺകുട്ടിയും അവളുടെ അമ്മയും, ആശ്രയമില്ലാത്ത അവർക്ക് മുന്നിൽ, കടലോളം കടംകയറിയ വീടും. ചുറ്റും കൂടി നിന്നവർ കുറെ പേരുണ്ടായിരുന്നു. വാവിട്ട് കരഞ്ഞും പരിഭവം പറഞ്ഞും കാര്യമറിയാതെ ചീത്തവിളിച്ചും ക്ഷോഭവും നിസ്സഹായതയും ദുഖവുമെല്ലാം കടൽ കലിപോലെ ക്യാമറയ്ക്ക് മുന്നിൽ പെയ്തിറങ്ങി.

പോകാനിറങ്ങിയ എന്നെ കെട്ടിപ്പിടിച്ച് പൊടുന്നനെ അവർ ഉറക്കെ ഏങ്ങലടിച്ച് കരഞ്ഞു

വീടുകൾക്കിടയിലൂടെയുള്ള വളവുകൾ തിരിഞ്ഞ് ഇടവഴി കയറി ഇറങ്ങി ചെല്ലുന്നിടത്താണ് യേശുദാസന്‍റെ വീട്. ആളെ കണ്ടപ്പോഴേക്കും ഉമ്മറത്തിരുന്ന അമ്മ അലമുറയിട്ട് കരഞ്ഞു തുടങ്ങി. പരസ്പരം ബന്ധമില്ലാതെ എന്തൊക്കെയോ പുലമ്പുന്നു, ചിലപ്പോൾ കരച്ചിലവസാനിപ്പിച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ കാര്യങ്ങൾ പറയുന്നു. കടലിന്‍റെ മക്കൾ അങ്ങനെ ആണ്, അവരുടെ ഭാഷയും  രീതികലും അവർക്ക് മാത്രമെ അറിയൂ എന്ന് മാത്രമല്ല സാമാന്യ ബുദ്ധികൊണ്ടോ വൈകാരിക തലം കൊണ്ടോ അതിനെ അളക്കാനുമാകില്ല. ഇടയ്ക് എന്‍റെ കണ്ണ് കഷ്ടിച്ച് മൂന്ന് വയസ്സ് മാത്രമുള്ള കൊച്ചു കുഞ്ഞിൽ ചെന്ന് നിന്നു. ഒന്നുമറിയാതെ അവൻ കയ്യിലിരുന്ന കളിപ്പാട്ടം നിലത്ത് ഉരുട്ടിക്കളിക്കുന്നു. പലപ്രായത്തിലായി നാലഞ്ച് കുട്ടികൾ വേറെയും ആ വീട്ടിലുണ്ട്. അകത്തേക്ക് ചെന്ന് നോക്കിയപ്പോൾ ജീവച്ഛവം പോലെ ഭാര്യ. അധികമൊന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല, നീട്ടിപ്പിടിച്ച മൈക്കിന് കണ്ണീര് മാത്രമായിരുന്നു മറുപടി. 

കൂടെ നിന്ന് കാര്യം പറഞ്ഞതും കിടന്ന് പോയ അവരെ പരിപാലിക്കുന്നതും കുട്ടികളെ നോക്കുന്നതുമെല്ലാം കാണാതായ ആളുടെ സഹോദരിയാണ്. പുറത്തിരുന്ന് കളിക്കുന്ന പിഞ്ചു കുഞ്ഞ് ഇടയ്ക്കിടെ അച്ഛനെ ചോദിക്കുന്നുണ്ട്. അവന് ശ്വാസം മുട്ടലുണ്ടെന്നും അടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോയി ഒരാഴ്ചക്കുള്ള മരുന്ന് പറഞ്ഞ് വാങ്ങി വീട്ടിൽ കൊണ്ട് വച്ചാണ് അവന്‍റെ അച്ഛൻ കടലിൽ പോയതെന്നും ഭാര്യക്കും മൂന്ന് മക്കൾക്കും മാത്രമല്ല അമ്മയ്ക്കും സഹോദരിക്കും അവരുടെ മക്കൾക്കുമുള്ള ഏക ആശ്രയം കൂടിയാണ് പെട്ടെന്നൊരുനാൾ കടൽ കാറ്റിൽ പെട്ട് കാണാതായതെന്നും സംസാരത്തിൽ നിന്ന് മനസ്സിലായി.

കുട്ടികൾ വിശന്ന് കരഞ്ഞാൽ പോലും ഇവരെന്ത് ചെയ്യുമെന്ന നിസ്സഹായാവസ്ഥയും മനസ്സിലിട്ട് എല്ലാം കേട്ടിരുന്നു. ആകെ ഉലഞ്ഞു പോയ ആ വീടിപ്പോൾ ചേർത്ത് പിടിച്ച് നിർത്തുന്നതു പോലും അവരാണെന്ന് തോന്നി. ദീപുവിന്‍റെ ക്യാമറക്കൊപ്പം ആ മുറിയിൽ നിന്ന് ഇറങ്ങിയപ്പോൾ അവർ പിന്നാലെ വന്നു. പോകാനിറങ്ങിയ എന്നെ കെട്ടിപ്പിടിച്ച് പൊടുന്നനെ അവർ ഉറക്കെ ഏങ്ങലടിച്ച് കരഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ സ്തബ്ധരായി. ഒരാഴ്ചയായി ഞാനിത് പിടിച്ച് വയ്ക്കുന്നു എനിക്കിനി വയ്യെന്ന് കരച്ചിലിനിടെ അവർ പറഞ്ഞത് കേട്ട് ഉള്ളു പൊള്ളിയാണ് അന്ന് അവിടേന്ന് തിരിച്ച് പോന്നത് .

ഫോൺ നമ്പർ കൊടുത്തിരുന്നു, പലയിടങ്ങളിൽ നിന്നായി മൃതദേഹങ്ങൾ വിണ്ടെടുക്കുന്നതിനിടയ്ക്ക് എപ്പഴോ സംശയം തോന്നി ഒന്ന് രണ്ടു തവണ അവർ വിളിച്ചു . അല്ല അതയാളല്ലെന്ന തിരിച്ചറിവ് അവർക്കും അത് കേൾക്കുമ്പോഴുള്ള ആശ്വാസം എനക്കും ആ ദിവസങ്ങളിൽ ചെറിയ കാര്യമേ ആയിരുന്നില്ല

ഓർക്കാൻ പോലും ഞാൻ അശക്തയാണ്

പോകെപ്പോകെ ആ ബന്ധം ഇടയ്ക്കെപ്പഴോ വേരറ്റു. ഓഖി പാക്കേജിൽ പെടുത്തി കാണാതായവരുടെ കുടുംബത്തിന് അനുവദിച്ച സഹായം അവർക്കും കിട്ടിയിരിക്കണം. ഇതിനിടയ്ക്ക് എപ്പോഴെങ്കിലും ഒക്കെ അവർ ജീവിതം തിരിച്ച് പിടിക്കുന്നുമുണ്ടാകണം.

എന്നാലും കളിപ്പാട്ടം ഉരുട്ടിക്കളിച്ച് മതിയാകുമ്പോൾ അവൻ പിന്നെയും അച്ഛനെ ചോദിച്ച് കാണില്ലേ? മഴയും മഞ്ഞും മാറി മാറി വന്നപ്പോൾ കുഞ്ഞ് പിന്നെയും ശ്വാസം കിട്ടാതെ കരഞ്ഞ് കാണില്ലെ ?, കട്ടിലിൽ കിടന്ന ഭാര്യയേയും ഏക മകൻ നഷ്ടമായ അമ്മയെയും അവർ എന്ത് പറഞ്ഞ് ആശ്വസിപ്പിച്ചിരിക്കും ?. ഓർക്കാൻ പോലും ഞാൻ അശക്തയാണ്. കാരണം ആശ്രയത്തിന് വേണ്ടിയൊരുവൾ ചുമലിൽ ചാഞ്ഞു വീണപ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ തൊണ്ടയിടറി തരിച്ച് നിന്നവളാണ്..

പക്ഷെ ഒന്ന് ഉറപ്പാണ്. ഇടയ്ക്കൊന്ന് പിടഞ്ഞ് പോയെങ്കിലും കരുത്തുറ്റ പെണ്ണാണവർ. പൂന്തുറയിലെ മണൽതരികളിൽ അവളിപ്പോൾ അതിജീവനത്തിന്‍റെ കഥയെഴുതുന്നുണ്ടാകണം. കരളുറപ്പുള്ള പെണ്ണിന്‍റെ ആ കഥ കേൾക്കാൻ ഒരിക്കൽ എനിക്കും പോകണം.

നിര്‍മല ബാബു: കാടും മലയും ആകാശവും ഞങ്ങള്‍ക്ക് കൂടിയുള്ളതാണ്

സൗമ്യ: വിവാഹത്തേക്കാള്‍ വലുതാണ് വിദ്യാഭ്യാസം

കൃഷ്ണേന്ദു വി.: എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നത്?

സി പി അജിത: അവന്‍ പിന്നെയും അച്ഛനെ ചോദിച്ച് കരഞ്ഞു കാണില്ലേ?

അശ്വതി താര: നാലു പെണ്ണുങ്ങളുള്ളൊരു വീട്!

അലീന പി.സി: രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെ ഞെട്ടലുണ്ടാക്കുന്നു

സുമം തോമസ്: പെണ്ണായ നീയൊക്കെ എവിടെയെത്താനാണ്?

എല്‍സ ട്രീസ ജോസ്: ഹേയ് അവളൊറ്റയ്ക്ക് ഇത്രയും ദൂരെ പോകാന്‍ വഴിയില്ല

റിനി രവീന്ദ്രന്‍: മൂര്‍ഖനെയൊക്കെ കാണുമ്പോള്‍ ഈ പെണ്ണുങ്ങളെന്താ പേടിക്കാത്തത്?

അനൂജ നാസറുദ്ദീന്‍: മതിലുകള്‍ ജെസിബി കൊണ്ട് പൊളിച്ചു മാറ്റിയ പെണ്ണുങ്ങളെ നിങ്ങള്‍ പൊളിയാണ്!

അസ്മിത കബീര്‍: ഇപ്പോ എന്‍റെ വീട്ടുകാര്‍ക്ക് കുറെയൊക്കെ അറിയാം, പെണ്ണെന്തെന്ന്!

ബിസ്മി ദാസ്: നോക്കിക്കോ ഇതൊരു മോനായിരിക്കും

ദീഷ്ണ സി: ഈ പെണ്ണുങ്ങളെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമോ?

രശ്മി ശ്രീകുമാര്‍: ഓര്‍ക്കുക, ശരിക്കും താരം നമ്മുടെ അമ്മയാണ് 

 

Follow Us:
Download App:
  • android
  • ios