
ദക്ഷിണകൊറിയയിലെ സ്ത്രീകള്‍ മേക്കപ്പ് ഉത്പ്പന്നങ്ങള്‍ തകര്‍ത്തു കളയുകയും മുടി മുറിച്ചുകളയുകയും ചെയ്യുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന തെറ്റായ സൗന്ദര്യസങ്കല്‍പങ്ങളോടുള്ള പ്രതിഷേധമായാണ് ഈ പുതിയ കാമ്പയിനിങ്ങ്.
'എസ്കേപ്പ് ദ കോര്‍സെറ്റ്' എന്നാണ് ഈ പൂതിയ മൂവ്മെന്‍റിന്‍റെ പേര്. സോഷ്യല്‍മീഡിയയിലൂടെ മേക്കപ്പ് ഉത്പ്പന്നങ്ങള്‍ തകര്‍ത്ത ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് സ്ത്രീകളിതില്‍ പങ്കാളികളാകുന്നത്.
ശക്തമായ പുരുഷാധിപത്യം നിലനില്‍ക്കുന്ന ഒരിടമെന്ന നിലയില്‍ ബന്ധങ്ങളിലും, ജോലിരംഗത്തും ശോഭിക്കണമെങ്കില്‍ സൗന്ദര്യം പ്രധാനഘടകമായി മാറുന്നുവെന്നതിനാല്‍ കൂടിയാണ് ഈ പ്രതിഷേധം. മണിക്കൂറുകളോളമാണ് ഓരോ സ്ത്രീക്കും മേക്കപ്പിനായി ചെലവഴിക്കേണ്ടി വരുന്നതെന്നും 'എസ്കേപ്പ് ദ കോര്‍സെറ്റ്' കാമ്പയിനില്‍ പങ്കെടുക്കുന്നവര്‍ പറയുന്നു. മേക്കപ്പ് ചെയ്യാതെ എവിടെയെങ്കിലും പ്രത്യക്ഷപ്പെടുന്നവരെ പരിഗണിക്കാതിരിക്കുന്നതും പ്രതിഷേധത്തിന് കാരണമാകുന്നു.
കാമ്പയിനിന്‍റെ ഭാഗമായി യൂ ട്യൂബറായ ലിന ബാഎ തയ്യാറാക്കിയ 'ഐ ആം നോട്ട് പ്രെറ്റി' (i am not pretty) എന്ന വീഡിയോ അഞ്ച് മില്ല്യണിലധികം പേരാണ് കണ്ടത്. ഐഷാഡോയും ലിപ്സ്റ്റിക്കും ഇട്ട് ഒരുങ്ങുന്ന ലിനയെ ആദ്യം കാണാം. അതൊക്കെ ഇട്ട് കഴിയുമ്പോഴും പലരതരം കമന്‍റുകളാണ്. മേക്കപ്പ് കൂടിപ്പോയി എന്നും മറ്റും. അവസാനം എല്ലാ മേക്കപ്പുകളും നീക്കം ചെയ്യുകയാണ്. ഐ ആം നോട്ട് പ്രെറ്റി, ബട്ട് ഇറ്റ് ഈസ് ഫൈന്‍ എന്നാണ് അവസാനം പറയുന്നത്. (ഞാന്‍ സുന്ദരി ആയിരിക്കില്ല. പക്ഷെ, ഞാനിതില്‍ ഓക്കേ ആണ്.)
പുരുഷാധിപത്യം നിലനില്‍ക്കുകയും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളുണ്ടാവുകയും ചെയ്യുന്ന സ്ഥലമാണ് ദക്ഷിണ കൊറിയ. ഓരോ വര്‍ഷവും ആറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ അറുപത് ശതമാനവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമാണ്. ഇതിനൊക്കെ എതിരെയുള്ള പ്രതിഷേധം പലതരത്തിലും നിലനില്‍ക്കുന്നുണ്ട്. അതിനിടെ തന്നെയാണ് മേക്കപ്പ് വസ്തുക്കളുപേക്ഷിച്ചുകൊണ്ടുള്ള 'എസ്കേപ്പ് ദ കോര്‍സെറ്റ്' കാമ്പയിന്‍ ശക്തി പ്രാപിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ കോസ്മെറ്റിക് മാര്‍ക്കറ്റുകളിലൊന്ന് ദക്ഷിണ കൊറിയ ആയിരുന്നു. കോടിക്കണക്കിന് രൂപ വരുമാനമുണ്ടാക്കുന്ന മേഖലയായി ഇത് മാറുകയും ചെയ്തിരുന്നു.