എന്തുകൊണ്ടാണ് പെണ്ണുങ്ങള്‍ക്ക് മുലകള്‍ മുറിച്ചു കളയേണ്ടി വരുന്നത്? വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

By Web TeamFirst Published Nov 17, 2018, 12:25 PM IST
Highlights

മുപ്പത്തഞ്ചോളം പ്രായം തോന്നിക്കുന്നൊരാളാണ് കരയുന്നത്. കരയുന്നതിനോടൊപ്പം റിപ്പോർട്ട് പിടിച്ച ഡോക്ടറുടെ കൈകളിൽ പിടിച്ചിട്ടുമുണ്ട്. "മൂന്ന് കുഞ്ഞു മക്കളാണ് ഡോക്ടർ... എന്തെങ്കിലും ചെയ്യാൻ പറ്റില്ലേ?"

തിരുവനന്തപുരം: സ്ത്രീകളില്‍ അധികം പേരെയും ബാധിക്കുന്നതാണ് സ്തനാര്‍ബുദം. പലരിലും ചികിത്സ പരാജയപ്പെടുന്നത് നേരത്തെ കണ്ടെത്തി ചികിത്സിക്കാത്തതിനാലും. അതിനാല്‍ തന്നെ ഇടയ്ക്ക് പരിശോധനകള്‍ നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ആ പരിശോധനകള്‍ ചിലപ്പോള്‍ നമ്മെ അര്‍ബുദം ഗുരുതരമായി ബാധിക്കുന്നതില്‍ നിന്നും മോചിപ്പിച്ചേക്കും. അങ്ങനെയൊരു പോസ്റ്റാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാവുന്നത്. 

വിനീത അനിൽ ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ താന്‍ മാമ്മോഗ്രാം ചെയ്യാനായി മലബാർ കാൻസർ സെന്‍ററിൽ പോയ സമയത്തുണ്ടായ അനുഭവമാണ് വിവരിക്കുന്നത്. ഓരോ ദിവസവും ഹോസ്പിറ്റലിൽ  ആ ഡോക്ടര്‍ അഞ്ചു മുലകൾ മുറിച്ചുകളയുന്നുണ്ട്. ഒരുപാട് കാൻസർ ഹോസ്പിറ്റലുകളുണ്ട് കേരളത്തിൽ. അത്രയേറെ മുലകളും മുറിച്ചുനീക്കപ്പെടുന്നു. കാരണം കേരളത്തിൽ ബ്രെസ്റ്റ് കാൻസർ നിരക്ക് വളരെക്കൂടുതലാണ്. പെണ്ണിന്‍റെ ശരീരത്തിൽ കാൻസർ വന്നാൽ ഏറ്റവും വേഗത്തിൽ പടരാൻ സാധ്യതയുള്ള കാൻസറുകളിൽ ഒന്നാണ് 'ബ്രെസ്റ്റ് കാൻസർ' എന്ന് ഡോക്ടര്‍ പറഞ്ഞതിനെക്കുറിച്ചും വിനീത വിവരിക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: ആറുമാസം മുമ്പായിരുന്നു ഞാൻ മാമ്മോഗ്രാം ചെയ്യാൻ വേണ്ടി മലബാർ കാൻസർ സെന്‍ററിൽ പോയത്. പരിശോധനയ്ക്കായി കയറ്റിയ റൂമിൽ ഡോക്ടറും ഒരു നഴ്സും ഉണ്ടായിരുന്നു. ഒരു കർട്ടൻ ഇട്ടു മറച്ചിരിക്കുകയാണ് ഡോക്ടറുടെ സീറ്റ്. വസ്ത്രം മാറിയശേഷം ഡോക്ടർ വരുന്നതും കാത്ത് ആ തണുത്ത ടേബിളിൽ കിടക്കുമ്പോളാണ് കർട്ടനപ്പുറെ നിന്നും ഒരു പുരുഷന്‍റെ നിർത്താതെയുള്ള കരച്ചിൽ കേട്ടത്. സ്വാഭാവികമായ ജിജ്ഞാസയാൽ കർട്ടൻ മാറ്റിനോക്കി.

മുപ്പത്തഞ്ചോളം പ്രായം തോന്നിക്കുന്നൊരാളാണ് കരയുന്നത്. കരയുന്നതിനോടൊപ്പം റിപ്പോർട്ട് പിടിച്ച ഡോക്ടറുടെ കൈകളിൽ പിടിച്ചിട്ടുമുണ്ട്. "മൂന്ന് കുഞ്ഞു മക്കളാണ് ഡോക്ടർ... എന്തെങ്കിലും ചെയ്യാൻ പറ്റില്ലേ?" ഡോക്ടറുടെ മുഖത്തു നിർവ്വികാരത മാത്രം. അദ്ദേഹം അവിടെയിരിക്കുന്നയാളോട് ഒരു പ്രഭാഷണം തന്നെ നടത്തി. അയാൾക്കത് എത്രത്തോളം മനസിലായിട്ടുണ്ടാവുമെന്നറിയില്ല. അത്രയേറെ സ്പീഡിലായിരുന്നു സംസാരം. അതിന്‍റെ രത്നച്ചുരുക്കം ഇതാണ്.

"ഓരോ ദിവസവും ഹോസ്പിറ്റലിൽ  ആ ഡോക്ടർ അഞ്ചു മുലകൾ മുറിച്ചുകളയുന്നുണ്ട്. ഒരുപാട് കാൻസർ ഹോസ്പിറ്റലുകളുണ്ട് കേരളത്തിൽ. അത്രയേറെ മുലകളും മുറിച്ചുനീക്കപ്പെടുന്നു. കാരണം കേരളത്തിൽ ബ്രെസ്റ്റ് കാൻസർ നിരക്ക് വളരെക്കൂടുതലാണ്. പെണ്ണിന്‍റെ ശരീരത്തിൽ കാൻസർ വന്നാൽ ഏറ്റവും വേഗത്തിൽ പടരാൻ സാധ്യതയുള്ള കാൻസറുകളിൽ ഒന്നാണ് 'ബ്രെസ്റ്റ് കാൻസർ', 'ഗർഭപാത്രകാൻസറിനേ'ക്കാൾ പതിന്മടങ്ങ് അപകടകാരിയാണിത്. ''

ഡോക്ടറുടെ രോഗികളിൽ 99 ശതമാനം പേരും കൃത്യസമയത്തു രോഗം തിരിച്ചറിയാഞ്ഞതിനാൽ ബ്രെസ്റ്റ് മുറിച്ചുകളയേണ്ടി വന്നവരാണ്. കേരളത്തിലെ സ്ത്രീകളിൽ 
ഭൂരിഭാഗം പേരും നാണക്കേടും ഭയവും കാരണം ഒരു പരിധിവരെ പരിശോധനയ്ക്ക് തയ്യാറാവുന്നില്ല എന്നതാണ് കാരണം. അയാളുടെ ഭാര്യക്കും അതാണ് സംഭവിച്ചിരിക്കുന്നത്. അവർക്ക് ഇപ്പോൾ തേഡ് സ്റ്റേജ് ആണ്. ശ്രമിക്കാം എന്നല്ലാതെ എത്രത്തോളം വിജയിക്കുമെന്ന് പറയാനാവില്ല. 

റിസൾട്ട് നെഗറ്റീവ് ആണെന്ന സന്തോഷവുമായി ഞങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോളും, അയാളുടെ കരച്ചിലും, പുറത്തയാളെയും കാത്ത്, കയ്യിലൊരു കുഞ്ഞുമായിരിക്കുന്ന വെളുത്തുമെലിഞ്ഞ യുവതിയുടെ മുഖവും മനസ്സിൽ തങ്ങിനിന്നു. അവർ രക്ഷപ്പെട്ടിട്ടുണ്ടാവുമെന്നും കുഞ്ഞുങ്ങളോടൊപ്പം സന്തോഷമായിരിക്കുന്നുവെന്നും വെറുതെ ചിന്തിക്കാറുണ്ട് ഇപ്പോളും ഞാനിടയ്ക്കിടെ.

അന്നത്തെ പരിശോധനയ്ക്ക് എനിക്ക് ആകെ ചെലവായത് 500 രൂപയിൽ താഴെയാണ്. എന്നിട്ടും, എന്തുകൊണ്ടാണ് നമ്മുടെ പെണ്ണുങ്ങൾ പരിശോധനയ്ക്ക് തയ്യാറാവാത്തത്? ഉത്തരം ഒന്നേയുള്ളു "വിവരമില്ലായ്‌മ." നമ്മുടെ ശരീരം നമ്മുടെ അഭിമാനമാണ്. അത് സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യവും കടമയുമാണെന്ന തിരിച്ചറിവാണ് പെണ്ണുങ്ങളെ നമുക്കാദ്യം വേണ്ടത്. ലജ്ജിക്കേണ്ടിടത്തു മാത്രം ലജ്ജിക്കൂ. അനാവശ്യമായ അപകർഷതാബോധവും നാണവും ഭയവും നമ്മുടെ ശത്രുവാണെന്നു തിരിച്ചറിയൂ. നമ്മുടെ ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. 
 

click me!