
തടി കൂടിയാല്‍ ഒരുപാട് പ്രശ്നങ്ങള്‍ അനുഭവപ്പെടാം. അതില്‍ പ്രധാനമാണ് മറ്റുള്ളവരുടെ ചോദ്യങ്ങള്‍. എങ്ങോട്ടാണിങ്ങനെ തടിച്ച്, തടിച്ച്?, പ്രായം കുറേ തോന്നുന്നുണ്ടല്ലോ എന്നൊക്ക അതങ്ങ് നീണ്ടുപോകാം. പിന്നേയും ഉണ്ട്, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനാകാതിരിക്കുക, എവിടെയെങ്കിലും ഇറങ്ങുമ്പോള്‍ കോണ്‍ഫിഡന്‍സ് ഇല്ലാതിരിക്കുക... ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും തടി കൂടിയിരിക്കുന്നത് മനസിനെ അലട്ടാം.
അങ്ങനെ ഡയറ്റ് നോക്കിയും, വ്യായാമം ചെയ്തും മെലിയുന്നവരുണ്ട്. എന്നാല്‍ മെലിഞ്ഞിട്ടും മെലിഞ്ഞിട്ടും പോരാതെ വന്നാലോ. അത്തരത്തിലൊരു കഥയാണ് ഈ മുംബൈ സ്വദേശിനിയുടേത്. ഹ്യുമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജാണ് അവളുടെ കഥ പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: പത്തൊമ്പതാം വയസില്‍ ടൈഫോയ്ഡ് ബാധിച്ചപ്പോഴാണ് എന്‍റെ തൂക്കം കുറഞ്ഞത്. 41 കിലോയായി ഭാരം കുറഞ്ഞു. പലരും എന്നോട് ചോദിച്ചു, എങ്ങനെയാണിത്രയും ഭാരം കുറച്ചതെന്ന്. പലരോടും ഞാന്‍ പറഞ്ഞു അസുഖം വന്നതു മൂലമാണ് ഭാരം കുറഞ്ഞതെന്ന്. അപ്പോള്‍ ചിലര്‍ പറഞ്ഞത് നീ വളരെ ഭാഗ്യവതിയാണെന്നാണ്. ഈ അഭിനന്ദനവാക്കുകളെല്ലാം എന്നെ വല്ലാതെ ആകര്‍ഷിച്ചു. അങ്ങനെ ഞാന്‍ മെലിഞ്ഞിരിക്കാന്‍ തന്നെ തീരുമാനിച്ചു. ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ പലപ്പോഴും ശുചിമുറിയില്‍ ചെന്ന് വിരലിട്ടു ഛര്‍ദ്ദിച്ചു തുടങ്ങി. രണ്ട് വര്‍ഷത്തോളം ഞാനിത് ആരുമറിയാതെ തുടര്‍ന്നു. പതിനൊന്ന് കിലോയോളം ആ സമയത്ത് ഞാന്‍ കുറഞ്ഞു. അങ്ങനെ കിട്ടുന്ന അഭിനന്ദനവാക്കുകളെല്ലാം എന്നെ ഹരം കൊള്ളിച്ചു. എനിക്ക് കൂടുതല്‍ ആത്മവിശ്വാസം തോന്നിത്തുടങ്ങി.
പക്ഷെ, ഞാന്‍ തിരുത്തിച്ചിന്തിച്ചു തുടങ്ങിയത് എന്നോടൊരാള്‍ ബുലിമിയയെ കുറിച്ച് പറഞ്ഞപ്പോഴാണ്. ബുലിമിയയെ കുറിച്ച് ഞാന്‍ മനസിലാക്കാന്‍ തുടങ്ങി. കൂടുതല്‍ കൂടുതല്‍ മെലിയാന്‍ തോന്നുകയും ആ തോന്നല്‍ വിടാതെ പിന്തുടരുകയും ചെയ്യുന്ന മാനസികരോഗം തന്നെയാണ് ബുലിമിയ. പതിയെ ഞാന്‍ തന്നെ തിരിച്ചറിഞ്ഞു. ഞാന്‍ ബുലിമിയയുടെ പിടിയിലാണെന്ന്. അതില്‍ നിന്ന് രക്ഷപ്പെട്ടേ മതിയാവുമായിരുന്നുള്ളൂ.
ഞാനത് എന്‍റെ വീട്ടുകാരോട് പറഞ്ഞു. അങ്ങനെ ഞാന്‍ ഡോക്ടറെ കാണിച്ചു. ഛര്‍ദ്ദിക്കാനായി ശുചിമുറിയില്‍ പോവാതിരിക്കാന്‍ പിടിച്ചുനിന്നു. എന്‍റെ വീട്ടുകാരും അത് ശ്രദ്ധിച്ചു. പതിയെ ഞാനാ രോഗാവസ്ഥയില്‍ നിന്ന് പുറത്തുകടന്നു. എന്‍റെ ഭാരം പഴയതുപോലെയായി.
സമൂഹമാധ്യമങ്ങളിലായാലും കവര്‍ മോഡലായിട്ടായാലും നമ്മള്‍ പെര്‍ഫെക്ടായിട്ടുള്ള ശരീരമാണ് കാണുന്നത്. അല്ലാത്തതൊന്നും സുന്ദരമല്ലെന്ന് നമ്മള്‍ കരുതുന്നു. അങ്ങനെ വിഷാദം പോലെയുള്ള പല അവസ്ഥകളിലൂടെയും കടന്നുപോകുന്നു. ഇപ്പോള്‍ ഞാന്‍ അത്തരം അബദ്ധധാരണകളും വിഷാദവുമെല്ലാം മാറ്റുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ്.
ജനങ്ങളെന്തും പറഞ്ഞോട്ടെ, നമ്മള്‍ നമ്മുടെ ശരീരത്തെ സ്നേഹിക്കണം. അത് തടിച്ചിട്ടായാലും മെലിഞ്ഞിട്ടായാലും കറുത്തിട്ടായാലും വെളുത്തിട്ടായാലും... നിങ്ങളെങ്ങനെ നിങ്ങളെ കാണുന്നുവെന്നതിലാണ് കാര്യം. അതാണ് സൌന്ദര്യം. ഇപ്പോള്‍ ഞാനതെല്ലാം മനസിലാക്കി. ഞാനെന്നെ സ്നേഹിക്കുന്നു, ആ സ്നേഹം ലോകത്തോടും പങ്കുവെക്കാന്‍ ഞാനാഗ്രഹിക്കുന്നു. അവനവനോടുള്ള സ്നേഹമാണ് ഏറ്റവും വലുത്. എല്ലാവര്‍ക്കും അതുണ്ട്. തിരിച്ചറിഞ്ഞാല്‍ മാത്രം മതി.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം