വയസ്സ് 13; പ്രശസ്തയായ ബിസിനസുകാരി!

Web Desk |  
Published : Jul 25, 2018, 12:05 PM ISTUpdated : Oct 02, 2018, 04:22 AM IST
വയസ്സ് 13; പ്രശസ്തയായ ബിസിനസുകാരി!

Synopsis

തുടങ്ങിയത് നാലാമത്തെ വയസില്‍ വീടിനു മുന്നില്‍ ടേബിളിട്ട് ആദ്യവില്‍പന പരീക്ഷിച്ചത് മുതുമുത്തശ്ശിയുടെ രുചിക്കൂട്ട് സഹായത്തിന് അച്ഛനും അമ്മയും

പതിമൂന്ന് വയസാണ് പ്രായം. പക്ഷെ, മിഖൈല അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസുകാരിയാണ്. പല സംരഭകത്വക്ലാസുകളിലും മറ്റും അവളെ കാണാം. ടൈം മാഗസിന്‍ 2017ല്‍ തിരഞ്ഞെടുത്ത 2017ലെ മികച്ച മുപ്പത് കൌമാരക്കാരികളില്‍ ഒരാളാണ് മിഖൈല. മിഖൈലയുടെ 'മീ ആന്‍ഡ് ദ ബീസ് ലെമണേഡ്' (Me & The Bees Lemonade) വില്‍ക്കുന്നത് അഞ്ഞൂറ് കടകളിലാണ്. അവര്‍ക്കും വാങ്ങുന്നവര്‍ക്കും അതിനെ കുറിച്ച് നല്ല അഭിപ്രായവും. 

 ഇതേ സമയം തന്നെ മിഖൈല അവളുടെ പഠനവും കൊണ്ടുപോകുന്നു. ഇത്തവണ കണക്കിലവള്‍ക്ക് സി ഗ്രേഡ് മാത്രമാണ് കിട്ടിയത്. പക്ഷെ, ബിസിനസിലവളുടെ കണക്കു കൂട്ടലുകളൊന്നും പിഴക്കാറില്ല. ഒരു ദിവസം ക്ലാസിലാണെങ്കില്‍ പിറ്റേ ദിവസം വല്ല സംരംഭകര്‍ക്കുമുള്ള ക്ലാസില്‍ സംസാരിക്കുകയായിരിക്കും മിഖൈല. ഈ ബിസിനസ് മുന്നോട്ട് കൊണ്ടുപോവുക അത്രയെളുപ്പമുള്ള കാര്യമല്ലെന്ന് മിഖൈല തന്നെ പറയുന്നുണ്ട്. 

ചിലപ്പോള്‍ ഇന്‍റര്‍വ്യൂവിനോ, ടിവി ഷോയിലോ ഒക്കെ പങ്കെടുക്കേണ്ടിവരും. അതിനായി ക്ലാസ് കട്ട് ചെയ്യേണ്ടി വരും. ചിലപ്പോള്‍ ഒരു വലിയ ഷോയോ പ്രസന്‍റേഷനോ ഉണ്ടാകുമ്പോള്‍ പങ്കെടുക്കാനാകാതെ വരും. കാരണം ആ സമയത്ത് സ്കൂളില്‍ പരീക്ഷയോ, ക്ലാസോ ഉണ്ടാകും. 

360,000 ബോട്ടില്‍ മീ  ആന്‍ഡ് ദ ബീസ് ലെമണേഡാണ് ഒരു വര്‍ഷം വില്‍ക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും, ഫുഡ് മാര്‍ക്കറ്റുകളിലുമെല്ലാം ലെമണേഡുകള്‍ വില്‍പനയ്ക്കുണ്ട്. അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ സംരഭകരിലൊരാളാണ് മിഖൈല. ഇപ്പോള്‍ പതിമൂന്ന് വയസായെങ്കിലും നാല് വയസുള്ളപ്പോള്‍ തന്നെ മിഖൈല തന്‍റെ ബിസിനസ് തുടങ്ങിയിരുന്നു. ഓസ്റ്റിന്‍, ടെക്സാസ് കേന്ദ്രമാക്കിയായിരുന്നു അന്നത്തെ ബിസിനസ്. 

മുതുമുത്തശ്ശിയുടെ രുചിക്കൂട്ട്

മാതാപിതാക്കളുടെ സഹായത്തോടെ മിഖൈല 2009ലാണ് തന്‍റെ ലെമണേഡ് വിറ്റു തുടങ്ങിയത്. 1940 -ല്‍ അവളുടെ മുതുമുത്തശ്ശിയുണ്ടാക്കിയിരുന്ന റെസിപ്പി ഉപയോഗിച്ച് അവളുണ്ടാക്കിയ ലെമണേഡ് ആയിരുന്നു അത്. അന്ന്, വീടിനു മുന്നിലൊരു ടേബിളിട്ടായിരുന്നു വില്‍പന. ആ രുചിക്കൂട്ടില്‍ തേനുണ്ടായിരുന്നു. അതോടെ അവള്‍ തേനീച്ചകളെ നിരീക്ഷിക്കാനും തേനിനെ കുറിച്ച് പരീക്ഷണം നടത്താനും തുടങ്ങി. അച്ഛനും അമ്മയുമാണ് അതിനവളുടെ കൂടെനിന്നത്. വില്‍പനയില്‍ നിന്ന് കിട്ടുന്ന പണം കൊണ്ട് തേനീച്ചയെ വളര്‍ത്തുന്നതിനെ കുറിച്ചും അവരവളെ ഓര്‍മ്മിപ്പിച്ചു. 

അങ്ങനെ അവള്‍ ലെമണേഡ് വില്‍പന കുറച്ചുകൂടി വിപുലമായി തുടങ്ങി. വീടിനു പുറത്ത്, ഒരു പിസ ഷോപ്പിലാണ് അവളാദ്യമായി തന്‍റെ ഉത്പന്നം വില്‍പനയ്ക്ക് വച്ചത്. അങ്ങനെ ബിസിനസ് വളര്‍ന്നു തുടങ്ങി. ഒരു കുഞ്ഞിന് കൈകാര്യം ചെയ്യാനാകാത്ത പല കാര്യങ്ങളുമുണ്ടായിരുന്നു. ലോഗോ, ഡിസൈനിങ്ങ് ഇവയിലെല്ലാം അച്ഛനമ്മമാര്‍ മിഖൈലയെ സഹായിച്ചു. അമ്മ ഡിയാന്‍ഡ്രയും അച്ഛന്‍ തിയോയും മകള്‍ക്കൊപ്പം നിന്നു. അപ്പോഴും മുഴുവന്‍ ചുമതലയും മിഖൈല തന്നെ ഏറ്റെടുത്തു. അച്ഛനുമമ്മയ്ക്കും ബിസിനസില്‍ ഡിഗ്രിയും, പരിചയവുമുണ്ടായിരുന്നു. അതവര്‍ മകള്‍ക്ക് പകര്‍ന്നു നല്‍കി. 

ഇതിനെ കുറിച്ച് മിഖൈല പറയുന്നതിങ്ങനെ, 'ഞാന്‍ കുഞ്ഞാണ്. വേണ്ട ഉപദേശങ്ങള്‍ അച്ഛനില്‍നിന്നും അമ്മയില്‍ നിന്നും സ്വീകരിക്കും. ഇതൊരു ടീം വര്‍ക്കാണ്. അതാണ് ഇതിന്‍റെ വിജയം.' 

2015ലാണ് ബിസിനസ് ശക്തിയാര്‍ജ്ജിക്കുന്നതും എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും മിഖൈലയുടെ ലമണേഡ് എത്തുന്നതും. നിലവില്‍ മീ ആന്‍ഡ് ദ ബീസ് ലെമണേഡ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നന്നായി വില്‍ക്കപ്പെടുന്നവയാണ്. അത് വളരെ നല്ലൊരു ഉത്പ്പന്നമായതുകൊണ്ടും മിഖൈലയുടെ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയുമാണ് അവളുടെ വിജയത്തിന് കാരണമെന്നുമാണ് സൂപ്പര്‍മാര്‍ക്കറ്റുകാര്‍ പറയുന്നത്. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

റഷ്യയിലെ തെരുവുകൾ വ്യത്തിയാക്കി 26 -കാരനായ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ!
ഇസ്ലാമിക്സ്റ്റേറ്റ് ആക്രമണം; തോക്കുകൾ നിയന്ത്രിക്കാൻ ഓസ്ട്രേലിയ, ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ തീരുമാനം