മധ്യപ്രദേശില്‍ അധികൃതരുമായുള്ള തര്‍ക്കത്തിനിടെ സ്വയം തീകൊളുത്തി കര്‍ഷകന്‍റെ ഭാര്യ...

By Web TeamFirst Published Aug 3, 2020, 2:07 PM IST
Highlights

എന്നാൽ, ഇതിൽ നിന്നും തീർത്തും വ്യത്യസ്‍തമായ കഥയാണ് റംസാന് പറയാനുള്ളത്. സംഭവസ്ഥലത്തു താൻ ഉണ്ടായിരുന്നില്ലെന്നും, സോയാബീൻ വിളകൾ സർക്കാർ സംഘം ജെസിബി ഉപയോഗിച്ച് നശിപ്പിക്കുന്നത് കണ്ട് സഹിക്കാനാകാതെ തന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

മധ്യപ്രദേശിലെ ഒരു കർഷക ദമ്പതികളുടെ വിളകൾ നശിപ്പിക്കാൻ ശ്രമിക്കുന്ന പൊലീസുകാരുടെ വീഡിയോ രണ്ടാഴ്‍ച മുൻപാണ് വൈറലായത്. ഉദ്യോഗസ്ഥർ അവരുടെ വിളകൾ നശിപ്പിക്കുന്നത് കണ്ടുനിൽക്കാനാകാതെ അവർ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. രാജ്യവ്യാപമായി ഒരുപാട് പ്രതിഷേധങ്ങൾക്ക് വഴിവെച്ച ഒരു സംഭവമായിരുന്നു അത്. എന്നാൽ, ഇതൊരു തുടർപരമ്പരയാണ് എന്നാണ് സംസ്ഥാനത്ത് നടന്ന ഒരു പുതിയ സംഭവം തെളിയിക്കുന്നത്.  

ദേവാസ് ജില്ലയിലെ സത്‍വാസ് ഗ്രാമത്തിലെ സാവ്ര ബിയും കുടുംബവും തങ്ങളുടെ കൃഷിസ്ഥലത്ത് സോയാബീൻ കൃഷി ചെയ്‌തു വരികയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‍ചയാണ് പൊലീസുകാരുമായി ചേർന്ന് റവന്യൂ ഉദ്യോഗസ്ഥർ അവിടെ എത്തിയത്. കൃഷിസ്ഥലത്തിന്റെ മധ്യത്തിലൂടെ ഒരു വഴിവെട്ടണമെന്ന് ആവശ്യപ്പെട്ട് അവർ എർത്ത് മൂവർ ഉപയോഗിച്ച് സോയാബീൻ വിളകൾ നശിപ്പിക്കാൻ തുടങ്ങി. സാവ്രയും കുടുംബവും ഇതിനെതിരെ പ്രതിഷേധിക്കാൻ തുടങ്ങി. പക്ഷേ, ഉദ്യോഗസ്ഥർ ചെവി കൊണ്ടില്ല. ഒടുവിൽ ഇത് തടയാൻ മറ്റ് മാർഗങ്ങൾ ഇല്ലാതെ, ആ സ്ത്രീ, പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.    

അതേസമയം, ഭർത്താവാണ് യുവതിയെ തീകൊളുത്താൻ ശ്രമിച്ചതെന്നാണ് ദേവാസ് ജില്ലാ കളക്ടർ ചന്ദ്രമൗലി ശുക്ല പറയുന്നത്. മുൻപ് കൃഷിസ്ഥലത്തിലൂടെ കടന്നുപോകാൻ ഒരു വഴി വിടാമെന്ന് റംസാൻ ഖാൻ റവന്യൂ കോടതിയിൽ സമ്മതിക്കുകയുണ്ടായി. എന്നാൽ അവസാന നിമിഷം, റംസാൻ ഖാന്റെ മനസ് മാറിയെന്നും വഴി വെട്ടാതിരിക്കാൻ ഭാര്യയെ വയലിലേയ്ക്ക് കൊണ്ടുവന്ന് അവരുടെ സാരിക്ക് തീയിട്ടതാണെന്നും ശുക്ല പറഞ്ഞു. അവരെ രക്ഷിക്കാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഓടിയെത്തിയെങ്കിലും, റംസാന്റെ കുടുംബം ഉദ്യോഗസ്ഥരെ ആക്രമിച്ചതായും ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും കളക്ടർ പറഞ്ഞു.  അഞ്ച് ശതമാനം പൊള്ളലേറ്റ യുവതി അപകടനില തരണം ചെയ്‍തുവെന്നും, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് 11 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

എന്നാൽ, ഇതിൽ നിന്നും തീർത്തും വ്യത്യസ്‍തമായ കഥയാണ് റംസാന് പറയാനുള്ളത്. സംഭവസ്ഥലത്തു താൻ ഉണ്ടായിരുന്നില്ലെന്നും, സോയാബീൻ വിളകൾ സർക്കാർ സംഘം ജെസിബി ഉപയോഗിച്ച് നശിപ്പിക്കുന്നത് കണ്ട് സഹിക്കാനാകാതെ തന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെക്കുറിച്ച് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് വീഡിയോ ട്വീറ്റ് ചെയ്‍തുകൊണ്ട്  സർക്കാരിനെതിരെ ആഞ്ഞടിച്ചു. സർക്കാരിനെതിരെ വൻപ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.  

ജൂലൈ 14 -ന് ഗുനാ ജില്ലയിലെ ഒരു കുടുംബം നട്ടുപിടിപ്പിച്ച വിളകൾ ഒരു അധികൃതസംഘം നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ കീടനാശിനി കഴിച്ച് ദലിത് ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഒടുവിൽ പ്രതിഷേധം അവസാനിപ്പിക്കാൻ പൊലീസ് അക്രമം അഴിച്ചു വിട്ടു. ഒരു സർവകലാശാലയ്ക്ക് അനുവദിച്ച ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ പോയതായിരുന്നു അധികൃത സംഘം.  

click me!