
അതിജീവനത്തിന്‍റെ നാളുകളാണിത്. മാഹാമാരിയേയും പ്രളയത്തേയും കടന്ന് അതിജീവനത്തിന്‍റെ പാതകളിലെത്തി നില്‍ക്കുന്ന മനുഷ്യര്‍. പ്രളയം ബാക്കിയാക്കിയ ഒരുപാട് ചിത്രങ്ങളുണ്ട്. നഷ്ടമായിപ്പോയവയുടേയും തിരിച്ചെടുക്കലുകളുടേയും ചിത്രങ്ങള്‍. വയനാട്ടില്‍ നിന്ന് വംശി പകര്‍ത്തിയ ചിത്രങ്ങളും അങ്ങനെയാണ്.
തമിഴ് നാടിലെ തിരുനെല്‍വേലി സ്വദേശിയാണ് വംശി. മദ്രാസ് കൃസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി. ഒരുപാട് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെങ്കിലും ഇതവന്‍റെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. വേദനകളോടെ പകര്‍ത്തിയ ചിത്രങ്ങള്‍. എന്തെങ്കിലും വിഷമം വരുമ്പോള്‍ ഒരു ബ്രേക്കിന് വേണ്ടി വംശി ചെയ്യുന്നത് നേരെ കേരളത്തിലേക്ക് വരിക എന്നതായിരുന്നു. തിരികെ വന്നതുപോലാകില്ല മടക്കം. മനസ് നിറയെ സന്തോഷമായിരിക്കും. ഈ യാത്ര പക്ഷെ, അങ്ങനെ ആയിരുന്നില്ല.
''ഇത്തവണത്തെ യാത്ര വേറൊരു തരത്തിലായിരുന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു. നജീബ് കുറ്റിപ്പുറം എന്നൊരു സുഹൃത്തുണ്ട് എനിക്ക്. സാമൂഹ്യപ്രവര്‍ത്തകനാണ്. അദ്ദേഹവും സുഹൃത്തുക്കളും കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍, പ്രളയത്തില്‍ പെട്ടവര്‍ക്കായി സഹായങ്ങളെത്തിക്കാനും മറ്റുമായി മുന്നിലുണ്ടായിരുന്നു. എനിക്കും അവിടെ ചെല്ലണം എന്നുണ്ടായിരുന്നു. അങ്ങനെ വയനാട് എത്തി. ആദ്യ ദിവസം എനിക്കെന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. ഞാനെന്‍റെ ക്യാമറയുമായി വെറുതെ നടന്നു. അവിടെയെങ്ങും അന്ന് ആരുമില്ലായിരുന്നു.'' വംശി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ഓരോ ചിത്രവും പ്രകൃതിയാണ് മുന്നിലേക്കിട്ടു തരുന്നതെന്ന് വിശ്വസിക്കുന്നയാളാണ് വംശി. ''പ്രകൃതിയാണ് നിങ്ങളെ ചിത്രമെടുക്കാന്‍ വിളിക്കുന്നത്. പ്രകൃതിയാണ് നിങ്ങളുടെ കല. ഓരോ ചിത്രങ്ങളെടുക്കുമ്പോഴും അതില്‍ എന്തെങ്കിലും ഒന്ന് പ്രകൃതി കാത്തുവെച്ചിട്ടുണ്ടാകും. കാറ്റാണ് എനിക്ക് കാണിച്ചുതരുന്നത് പാലത്തിനരികിലൊരു വീട്, കാറ്റ് തന്നെ അങ്ങോട്ട് ചെല്ലാനും പറയുന്നു. കാറ്റ് കള്ളം പറയില്ല. നമ്മളതിനെ നിരീക്ഷിച്ചാല്‍ മതി, അനുസരിച്ചാല്‍ മതി. ആദ്യത്തെ ദിവസം ഒഴിഞ്ഞുപോയ ഇടങ്ങളുടെ ചിത്രമെടുത്തു. പിറ്റേദിവസം ഞങ്ങള്‍ ചെല്ലുന്നത് ഒരു സര്‍വേയ്ക്ക് വേണ്ടിയാണ്. നമ്മള്‍ ഓരോ വീടുകളിലും ചെന്നു. ഓരോ വീട്ടിലും ഓരോ കഥയുണ്ട്. അങ്ങനെയാണ് ഓരോ ചിത്രങ്ങളുമെടുത്തത്. ''
ഈ യാത്ര തന്നെ ഒരുപാട് വേദനിപ്പിച്ചു. തകര്‍ച്ചകളാണ് കണ്ടത്. പക്ഷെ, കേരളം അതിജീവിക്കുകയാണെന്നും വംശി. ഇനിയൊരുപക്ഷെ, വംശിയുടെ ക്യാമറ കണ്ണുകള്‍ സൂം ചെയ്യുന്നത് ഉയിര്‍ത്തെഴുന്നേറ്റ കേരളത്തിലേക്കാകാം.
വംശി പകര്‍ത്തിയ ഫോട്ടോ കാണാം