81-ാം വയസ്സിൽ രാഷ്ട്രീയം മടുത്ത് മുന്‍ എം പി പിഎച്ച്ഡിക്ക് !

By Web TeamFirst Published Jan 8, 2019, 9:58 PM IST
Highlights

തന്റെ 81-ാം വയസിൽ വിദ്യാർത്ഥികൾക്കൊപ്പം ക്ലാസ്സിലിരുന്ന് പഠിക്കുകയാണ് അദ്ദേഹം. ഒഡിഷയിലെ ഉത്ക്കൽ സർവകലാശാലയിൽ തത്വശാസ്ത്രത്തിൽ പിഎച്ച്ഡി ചെയ്യുകയാണ് സാഹു.  

ഭുവനേശ്വർ: ഏറെ ആഗ്രഹിച്ച് ഇറങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി തെറ്റ് കാണാന്‍ തുടങ്ങിയതോടെയാണ് ഒഡീഷയിൽനിന്നുള്ള മുൻ എംഎൽഎയും പാർലമെന്റ് അംഗവുമായ നാരയൺ സാഹു പഠിക്കാന്‍ തീരുമാനിച്ചത്. തന്റെ 81-ാം വയസിലാണ് അദ്ദേഹം ഒഡിഷയിലെ ഉത്ക്കൽ സർവകലാശാലയിലെ പിഎച്ച്ഡി ബിരുദ വിദ്യാർത്ഥിയായിരിക്കുന്നത്.  
   
യുവ വിദ്യാർത്ഥികൾക്കൊപ്പം ക്ലാസ്സിലിരുന്ന് പഠിക്കുക മാത്രമല്ല, അവർക്കൊപ്പം കോളേജ് ഹോസ്റ്റലിലാണ് സാഹുവും കഴിയുന്നത്. ഹോസ്റ്റലിലെ മിതമായ സൗകര്യങ്ങൾ ആസ്വദിച്ച് സഹകരിച്ച് വിദ്യാർത്ഥി സുഹൃത്തുകൾക്കൊപ്പം തന്റെ പഠനകാലം ആസ്വദിക്കുകയാണ് സാഹു. കൊതുക് വലവിരിച്ച ചെറിയ കിടക്ക, അലമാരയിൽ അടുക്കിപെറുക്കിവച്ച പുസ്തകങ്ങൾ, പഠനോപകരണങ്ങൾ, ചുമരിൽ ഒട്ടിച്ച കുടുംബ ചിത്രം ഹോസ്റ്റൽ മുറികളിൽ കാണാവുന്ന സ്ഥിരം കാഴ്ചകൾ സാഹുവിന്റെ മുറിയിലും കാണാം.    

സർവകലാശാലയിൽ അഡ്മിഷൻ കിട്ടിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം- സാഹു പറയുന്നു. രാഷ്ട്രീയത്തിൽ നിയമങ്ങൾ, ചട്ടങ്ങൾ, തത്വങ്ങൾ എന്നിവയൊന്നും പിന്തുടരുന്നില്ല. അതുകൊണ്ടാണ് രാഷ്ട്രീയം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.  ഇനി തത്വശാസ്ത്രത്തിൽ‌ ഡോക്ടറേറ്റ് എടുക്കണമെന്നാണ് ആഗ്രഹം. അതിനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

1963ൽ റാവെൻഷാ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് 48 വർഷങ്ങൾക്കുശേഷം 2011ൽ ഉത്ക്കൽ സർവകലാശാലയിൽ‌നിന്ന് ബിരുദാനന്തര ബിരുദവും 2012ൽ തത്വശാസ്ത്രത്തിൽ‌ എംഫിലും നേടി. ഒഡീഷയിലെ പല്ലഹാരായിൽനിന്നും രണ്ട് തവണ എംഎൽഎ ആയി ജയിച്ചിട്ടുണ്ട്. ഡിയോഘട്ടിൽനിന്നുള്ള എംപിയായിരുന്നു അദ്ദേഹം. 

click me!