
വാഴ്സ: മൂന്നു വര്‍ഷത്തിലധികമായി ഈ ദമ്പതികളുടെ ഭക്ഷണം പഴങ്ങള്‍ മാത്രമാണ്. അതവരുടെ മനസിനും ശരീരത്തിനുമുണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ല. മുപ്പത്തിയൊമ്പതുകാരിയായ ടിന പറയുന്നു, എങ്ങനെയാണ് ഫ്രൂട്ടേറിയന്‍ ഡയറ്റ് തന്‍റെ ജീവിതത്തെ മാറ്റിയതെന്ന്. അഞ്ചു വര്‍ഷം മുമ്പാണ് ആദ്യമായി ടിന ഫ്രൂട്ടേറിയന്‍ ഡയറ്റ് നോക്കുന്നത്. ഡയറ്റ് ചെയ്തതോടെ ശരീരത്തിനും മനസിനും കൂടുതല്‍ ഊര്‍ജ്ജം കിട്ടി.
അത് കഴിഞ്ഞ് രണ്ട് വര്‍ഷമായപ്പോള്‍ ഇന്‍റീരിയര്‍ ഡിസൈനറായ ടിന ബാലിയിലേക്ക് പോവാന്‍ തീരുമാനിക്കുകയും, ആധുനിക ലോകത്തിന്‍റെ ശല്യപ്പെടുത്തലുകളൊന്നുമില്ലാതെ ഡയറ്റ് തുടരാന്‍ തീരുമാനിക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ ടിനയുടെ തൂക്കം കുറഞ്ഞു തുടങ്ങി. അവിടെ വച്ചാണ് പങ്കാളിയായ സൈമണ്‍ ബിയൂണിനെ കാണുന്നത്. അദ്ദേഹം ഫ്രൂട്ടേറിയന്‍ ഡയറ്റിനെ കുറിച്ച് അവള്‍ക്ക് മെസ്സേജ് അയക്കുകയായിരുന്നു.
ഇപ്പോള്‍ ഇവര്‍ മധുരമുള്ള പഴങ്ങള്‍ മാത്രം കഴിച്ചാണ് ജീവിക്കുന്നത്. 2000 മുതല്‍ 4000 വരെ കലോറി കിട്ടുന്ന തരത്തിലാണ് കഴിക്കുന്നത്. രണ്ട് വര്‍ഷമായി പല്ല് തേക്കാറില്ലെന്നും പഴങ്ങളിലെ ഫൈബര്‍ അവരുടെ പല്ല് വൃത്തിയാക്കുന്നുവെന്നും ഇവര്‍ പറയുന്നു. വിഷാദം പോലെയുള്ള അസുഖങ്ങളെ ചെറുക്കുന്നതിനും ഈ ഡയറ്റ് സഹായിച്ചിട്ടുണ്ടെന്നും ടിന പറയുന്നുണ്ട്. തന്‍റെ കൌമാരത്തിലൊക്കെ തനിക്ക് തടി കൂടുതലായിരുന്നുവെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ടിന പറയുന്നു.
ഓണ്‍ലൈനിലാണ് ആദ്യമായി ഫ്രൂട്ടേറിയന്‍ ഡയറ്റ് പിന്തുടരുന്നവരെ കാണുന്നത്. പിന്നീട്, അത്തരം കുറേപ്പേരെ കാണുകയും ടിനയും അത് പിന്തുടരുകയുമായിരുന്നു. വിഷാദമടക്കം സകല രോഗങ്ങളെയും മാറ്റി എന്നുമാത്രമല്ല. എപ്പോഴും പൊസിറ്റീവായി തുടരാന്‍ തന്നെ അത് സഹായിച്ചുവെന്നും ടിന പറയുന്നു. ആദ്യമൊക്കെ പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ കൊതിയായിരുന്നു. പക്ഷെ, പയ്യെപയ്യെ അത് മാറി. ഇനി ഒരിക്കലും ആ പഴയ ഭക്ഷണ രീതിയിലേക്ക് മാറരുതെന്നാണ് ആഗ്രഹമെന്നുമാണ് ടിന പറയുന്നത്.