മുസ്ലീം സുഹൃത്തിന് വൃക്ക നല്‍കുന്നത് തടഞ്ഞു; മാതാപിതാക്കൾക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി പെൺകുട്ടി

By Web TeamFirst Published Dec 1, 2018, 4:00 PM IST
Highlights

മണ്‍ജോത് എനിക്ക് വൃക്കകൾ നൽകുന്നുവെന്ന് കേട്ടപ്പേൾ ആദ്യമൊന്നും എനിക്കത് വിശ്യസിക്കാനായില്ല. എന്നാല്‍ വൃക്ക ദാനം ചെയ്യാനായി കമ്മിറ്റിയുടെ മുമ്പാകെ അവള്‍ എന്നെ എത്തിച്ചപ്പോഴാണ് അവളുടെ ആ വലിയ മനസ്സ് ഞാൻ തിരിച്ചറിഞ്ഞത്. ഞാൻ ആവളോട് എന്നും കടപ്പെട്ടിരിക്കുന്നു-സമ്രീന്‍ പറഞ്ഞു.

സ്നേഹിച്ചാൽ ചങ്ക് പറിച്ച് തരുന്ന സുഹൃത്തുക്കൾ എല്ലാവർക്കുമുണ്ടാകും. ആവശ്യമെന്നുകണ്ടാൽ ശാസിക്കാനും ശിക്ഷിക്കാനുമൊക്കെ അവർ മുൻപന്തിയിൽ നിൽക്കും. ഒരാവശ്യം വന്നാൽ ആദ്യം ഒാടിയെത്തുന്നത് ആ സുഹൃത്തുക്കളായിരിക്കും. ഈ പെണ്‍കുട്ടിയുടെ കഥയും അങ്ങനെയാണ്. സുഹൃത്തിന്റെ ജീവൻ രക്ഷിക്കാനായി മാതാപിതാക്കൾക്കെതിരെ നിയമ പോരാട്ടത്തിനിറങ്ങുന്ന പെൺകുട്ടിയുടെ കഥയാണത്.

കശ്മീരിലെ ഉദ്ദംപൂറില്‍ നിന്നുളള സിഖ് കുടുംബത്തില്‍ പെട്ടയാളാണ് ഇരുപത്തിമൂന്ന് കാരിയായ മണ്‍ജോത് സിങ്. അവളുടെ ഉറ്റ കൂട്ടുകാരി സമ്രീന്‍ അക്തറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായപ്പോൾ കുടുംബം അവളെ എതിർക്കുകയായിരുന്നു. മാതാപിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ കശ്മീരിലെ ആശുപത്രി അധികൃതരും ശസ്ത്രക്രിയയ്ക്ക് തയ്യാറായില്ല.

''കഴിഞ്ഞ നാല് വർഷമായി ഞങ്ങൾ സുഹൃത്തുക്കളാണ്. മനുഷ്യത്വമാണ് എന്നെ വൃക്ക ദാനം ചെയ്യാന്‍ പ്രേരിപ്പിച്ച ഒരു ഘടകം. കുറച്ച് നാളുകളായി ഞാനും അവളും കശ്മീരില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇതിനിടയിൽ ഒരിക്കൽ പോലും അവളുടെ അസുഖത്തെ പറ്റി എന്നോട് പറഞ്ഞിട്ടില്ല. മറ്റൊരു കൂട്ടുകാരി മുഖേനയാണ് അവളുടെ അസുഖ വിവരം അറിയുന്നത്. പ്രയാസ ഘട്ടങ്ങളിൽ എന്നെ ചേർത്ത് നിർത്തി ഒപ്പമുണ്ടായിരുന്നു അവൾ. അതുകൊണ്ടാണ് അവള്‍ക്കൊരു ആവശ്യം വന്നപ്പോള്‍ എന്റെ വൃക്ക ദാനം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്.'' മണ്‍ജോത് പറഞ്ഞു.

''മണ്‍ജോത് എനിക്ക് വൃക്കകൾ നൽകുന്നുവെന്ന് കേട്ടപ്പേൾ ആദ്യമൊന്നും എനിക്കത് വിശ്വസിക്കാനായില്ല. എന്നാല്‍, വൃക്ക ദാനം ചെയ്യാനായി കമ്മിറ്റിയുടെ മുമ്പാകെ അവള്‍ എന്നെ എത്തിച്ചപ്പോഴാണ് അവളുടെ ആ വലിയ മനസ്സ് ഞാൻ തിരിച്ചറിഞ്ഞത്. ഞാൻ ആവളോട് എന്നും കടപ്പെട്ടിരിക്കുന്നു'' സമ്രീന്‍ പറഞ്ഞു.

വൃക്ക മാറ്റി വെക്കുന്നതിനായി ഷരീഹ് കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (സ്കിംസ്) ആശുപത്രിയിലാണ് സമ്രീനെ കൊണ്ടു പോയത്. എന്നാൽ ശസ്ത്രക്രിയയ്ക്കായി കമ്മിറ്റി അംഗീകാരം നല്‍കിയിട്ടും ഒാരോ കാര്യങ്ങള്‍ പറഞ്ഞ് ആശുപത്രി അധികൃതർ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്ന് മണ്‍ജോത് ആരോപിക്കുന്നു. 

അതേസമയം, കമ്മിറ്റി ഇതിനെ കുറിച്ച് പരിശോധിക്കുകയാണെന്നും തീരുമാനം വൈകാതെ എടുക്കുമെന്നും ഡോക്ടര്‍ ഒമര്‍ ഷാ പറഞ്ഞു. എന്നാൽ വൃക്കദാതാവ് മറ്റൊരു മതത്തിലുളള ആളായത് കൊണ്ടും തന്റെ കുടുംബം എതിര്‍ത്തത് കൊണ്ടുമാവാം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്താത്തതെന്നും  മണ്‍ജോത് സംശയം പ്രകടിപ്പിക്കുന്നു. തങ്ങൾക്ക് സമ്മതം ഇല്ലെന്ന് കാണിച്ച് മണ്‍ജോതിന്റെ കുടുംബം ആശുപത്രിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

''അവർ ഒരിക്കലും ഇതിന് സമ്മതിക്കില്ല. എന്നാല്‍, എനിക്ക് പ്രായപൂര്‍ത്തി ആയത് കൊണ്ട് തന്നെ സ്വന്തമായി തീരുമാനം എടുക്കാം. നിയമപരമായി വൃക്ക ദാനം ചെയ്യാന്‍ എനിക്ക് കഴിയും. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ സമ്മതം വേണ്ട,’ മണ്‍ജോത് പറഞ്ഞു. ഞാൻ കോടതിയെ സമീപിക്കാൻ പോവുകയാണ്. കോടതിയിൽ ഞാൻ വിശ്വസിക്കുന്നു. അനുകൂല വിധി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' മണ്‍ജോത് പറഞ്ഞു.

click me!