പതിനാലുകാരന്‍ ക്രൌഡ് ഫണ്ടിങ്ങിലൂടെ കണ്ടെത്തിയത് 14 ലക്ഷം രൂപ; പക്ഷെ, അതിനൊരു ലക്ഷ്യമുണ്ടായിരുന്നു

By Web TeamFirst Published Dec 1, 2018, 3:14 PM IST
Highlights

ഇങ്ങനെ ചെയ്യുന്നതിന് മുമ്പ് ഈ വിഷയത്തില്‍ കുറേ പഠനം നടത്തി. ഇവര്‍ എന്തൊക്കെ അവസ്ഥകളിലൂടെയാണ് കടന്നുപോവുന്നതെന്നും മറ്റും. എന്നിട്ടാണ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്തത്. ജയ്പൂര്‍ ഫൂട്ട് കാമ്പിനെ കുറിച്ച് വീര്‍ അറിയുന്നത് ഒരു ബന്ധുവില്‍ നിന്നാണ്. അങ്ങനെ തുക ശേഖരിക്കാന്‍ തീരുമാനിച്ചു. അച്ഛനും ബന്ധുക്കളും സുഹൃത്തുക്കളും അവനെ സഹായിച്ചു. 

14 വയസുള്ള ഒരു കുട്ടിയോട് ആരാവാനാണ് ആഗ്രഹം എന്നു ചോദിച്ചാല്‍ പല മറുപടികളുമുണ്ടാവാം. ഡോക്ടര്‍, എന്‍ജിനീയര്‍, അധ്യാപകന്‍ എന്നിങ്ങനെ... പക്ഷെ, വീര്‍ അഗര്‍വാള്‍ എന്ന അമേരിക്കന്‍ സ്കൂള്‍ ഓഫ് ബോംബെയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ മറുപടി ഇതൊന്നുമാവില്ല.

ക്രൌഡ് ഫണ്ടിങ്ങിലൂടെ വീര്‍ 14 ലക്ഷം രൂപ സമ്പാദിച്ചത് കുറച്ച് നാളുകള്‍ക്ക് മുമ്പാണ്. ഭിന്നശേഷിക്കാരായ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 300 പേരെയാണ് വീര്‍ ഇതിലൂടെ സഹായിച്ചത്. ഇവര്‍ക്ക് കൃത്രിമക്കാലുകള്‍ വീര്‍ നല്‍കി. സേത് ഭഗവന്‍ദാസ് ജെ അഗര്‍വാള് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച, 'ജയ്പൂര്‍ ഫൂട്ട്' കാമ്പിലെത്തിയ ഭിന്നശേഷിക്കാര്‍ക്കാണ് കൃത്രിമക്കാലുകളും, വീല്‍ചെയറും നല്‍കിയത്. 350 ഓളം ഭിന്നശേഷിക്കാരാണ് കാമ്പിലെത്തിയത്. കുറേപ്പേര്‍ക്ക് വീല്‍ചെയറും നല്‍കി. അവരെല്ലാം വീറിനോട് നന്ദി പറയുകയാണ്. ആക്സിഡന്‍റ് അടക്കം പല കാരണങ്ങളാലും കാല്‍ നഷ്ടപ്പെട്ടവര്‍ക്കാണ് കൃത്രിമക്കാലുകള്‍ നല്‍കിയത്. 

എന്തുകൊണ്ടാണ് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ തോന്നിയത് എന്ന ചോദ്യത്തിന് വീറിന്‍റെ ഉത്തരം ഇതാണ്. 'അഞ്ചാം വയസില്‍ താനൊരു കാര്‍ ആക്സിഡന്‍റില്‍ പെട്ടു. മൂന്നുമാസത്തോളം കട്ടിലില്‍ കഴിഞ്ഞു. ആ സമയത്തെ വേദന അതികഠിനമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസിലായില്ല. കുറച്ചു കൂടി വളര്‍ന്നപ്പോള്‍ ഭിന്നശേഷിക്കാരായ മനുഷ്യര്‍ എത്രമാത്രം വേദനയിലൂടെയായിരിക്കും കടന്നുപോവുന്നതെന്ന് മനസിലായി. അങ്ങനെയാണ് ഇത്തരം ഒരു കാര്യം ചെയ്യുന്നതിലേക്ക് എത്തിപ്പെടുന്നത്.'

ഇങ്ങനെ ചെയ്യുന്നതിന് മുമ്പ് ഈ വിഷയത്തില്‍ കുറേ പഠനം നടത്തി. ഇവര്‍ എന്തൊക്കെ അവസ്ഥകളിലൂടെയാണ് കടന്നുപോവുന്നതെന്നും മറ്റും. എന്നിട്ടാണ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്തത്. ജയ്പൂര്‍ ഫൂട്ട് കാമ്പിനെ കുറിച്ച് വീര്‍ അറിയുന്നത് ഒരു ബന്ധുവില്‍ നിന്നാണ്. അങ്ങനെ തുക ശേഖരിക്കാന്‍ തീരുമാനിച്ചു. അച്ഛനും ബന്ധുക്കളും സുഹൃത്തുക്കളും അവനെ സഹായിച്ചു. 

കൃത്രിമക്കാലുകളും, വീല്‍ച്ചെയറും കിട്ടിയവരുടെ സന്തോഷം എത്രമാത്രമായിരുന്നുവെന്നും വീറിന്‍റെ വാക്കുകളില്‍ നിന്നും മനസിലാവും. 'രണ്ട് കാലും തളര്‍ന്നുപോയ ഒരു കുട്ടിക്ക് കൃത്രിമക്കാലുകള്‍ വയ്ക്കാനാകില്ലായിരുന്നു. അവന് ഒരു വീല്‍ച്ചെയര്‍ നല്‍കി. അവന്‍റെ അമ്മ പറഞ്ഞത്, ആ കുട്ടി എല്ലാ ദിവസവും രാത്രി വീല്‍ച്ചെയറില്ലാത്തനില്‍ വിഷമിക്കുമെന്നായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് സന്തോഷമായി' എന്നാണ്. 

കൃത്രിമക്കാലുകള്‍ ലഭിച്ച ദേവ്ക വീണ്ടും നടക്കാനായതിന്‍റെ സന്തോഷം മറച്ചുവച്ചില്ല. 'ജയ്പൂര്‍ ഫൂട്ട് തന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നു. ഇതിനുമുമ്പൊരിക്കലും ഇല്ലാതിരുന്ന സ്വാതന്ത്ര്യം തോന്നുന്നു. ഇതെങ്ങനെയാണ് ഉപയോഗിക്കുക എന്ന ടെന്‍ഷനുണ്ടായിരുന്നു. കാമ്പില്‍ ഇതെങ്ങനെയാണ് ഉപയോഗിക്കുക എന്ന് പഠിപ്പിച്ചു. ഇത് സംഘടിപ്പിച്ചവരോടും വീറിനോടും നന്ദി ഉണ്ടെ'ന്നാണ് അദ്ദേഹം പറഞ്ഞത്. 

എന്നാല്‍, ഇത്രയൊന്നും ചെയ്താല്‍ പോരാ. ഇനിയും തനിക്ക് ഒരുപാട് ചെയ്യാനുണ്ടെന്നാണ് വീര്‍ പറയുന്നത്. 

click me!