അമ്മാവന്‍ പീഡിപ്പിച്ച, 'എന്നെയൊന്ന് കൊന്നുതരുമോ' എന്ന് കരഞ്ഞപേക്ഷിച്ച ആ ഏഴുവയസുകാരി മരണത്തിന് കീഴടങ്ങി

By Web TeamFirst Published Jan 4, 2021, 2:59 PM IST
Highlights

അവയവങ്ങൾ തകരാറിലായതിനെ തുടർന്നാണ് യത്സിരി മരിച്ചത്. എന്നിരുന്നാലും മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയിൽ നിന്നുള്ള ഔദ്യോഗിക കണക്ക് പ്രകാരം, ഇന്ത്യയിൽ നൂറിലധികം  കുട്ടികളാണ് ഓരോ ദിവസവും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്. ഈ ദുരവസ്ഥ നമ്മുടെ രാജ്യത്ത് മാത്രമല്ല ഉള്ളത്. ലോകത്തെമ്പാടും അനുദിനം ഇത്തരത്തിൽ ധാരാളം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അമ്മാവന്റെ ക്രൂരപീഡനത്തിന് ഇരയായതിനെ തുടർന്ന് മാസങ്ങളോളം ആശുപത്രി കിടക്കയിൽ വേദന തിന്ന് കിടക്കേണ്ടി വന്ന ഒരു ഏഴുവയസ്സുകാരിയുണ്ട്. അവളുടെ പേര് യത്സിരി. അമ്മാവൻ മാത്രമല്ല, സംരക്ഷണം നൽകേണ്ട സ്വന്തം മാതാപിതാക്കൾ തന്നെ അവളെ ഉപദ്രവിച്ചിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്. ആശുപത്രിയിൽ കഴിയുന്നതിനിടെ, വേദന സഹിക്കാനാകാതെ ആ കുരുന്ന് തന്നെ ഒന്ന് കൊന്നുതരാമോ എന്ന് ഡോക്ടർമാരോട് പലവട്ടം അപേക്ഷിച്ചിരുന്നതായും പറയുന്നു. ഒടുവിൽ മെക്സിക്കോയിലെ ഡി ലാസ് മാർഗരിറ്റാസ് ഹോസ്പിറ്റൽ വച്ച് കഴിഞ്ഞ ആഴ്ച അവൾ മരണത്തിന് കീഴടങ്ങി.  

കഠിനമായി മർദ്ദനമേറ്റത്തിനെ തുടർന്ന് ഓഗസ്റ്റ് 21 -നാണ് പെൺകുട്ടിയെ ഐസിയുവിലാക്കുന്നത്. അവൾക്ക് ആന്തരിക രക്തസ്രാവുമുണ്ടായിരുന്നു. ശ്വാസകോശം തകർന്നിരുന്നു. പുറകിൽ പൊള്ളലേറ്റതിന്റെ അടയാളങ്ങളും, കൈകളിലും കാലുകളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും, ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങളും അവൾക്കുണ്ടായിരുന്നതായി അവളെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. “എനിക്ക് മരിച്ചാൽ മതി. എന്റെ മാതാപിതാക്കളുടെ അടുത്തേക്ക് എന്നെ വിടല്ലേ. അവർ എന്നെ അടിക്കും” ആ കൊച്ചു പെൺകുട്ടി പറഞ്ഞതായി ഡോക്ടർമാർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.  

അവയവങ്ങൾ തകരാറിലായതിനെ തുടർന്നാണ് യത്സിരി മരിച്ചത്. എന്നിരുന്നാലും മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അയൽവാസിയാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയെ മർദ്ദിച്ചതിന് പിതാവ് റാഫേലിനെയും അമ്മ അലജന്ദ്ര വിരിഡിയാനെയും സെപ്റ്റംബർ മൂന്നിന് പൊലീസ് അറസ്റ്റ് ചെയ്‌തു. അവർക്കെതിരെയുള്ള അന്വേഷണം നടന്നുവരികയാണ്. കൂടാതെ പെൺകുട്ടിയെ പലതവണ ബലാത്സംഗം ചെയ്തുവെന്ന് കരുതപ്പെടുന്ന അവളുടെ അമ്മയുടെ സഹോദരനെയും പൊലീസ് തിരയുകയാണ്.       

കഴിഞ്ഞ ജൂണിൽ മിറ്റ്സി എന്ന മൂന്ന് വയസുള്ള യത്സിരിയുടെ സഹോദരി ഉറക്കത്തിൽ ശ്വാസംമുട്ടി മരിക്കുകയുണ്ടായി. എന്നാൽ, ഇപ്പോൾ യത്സിരിയുടെ മരണത്തെ തുടർന്ന് പൊലീസ് മിറ്റ്സിയുടെ കേസും പുനരന്വേഷിക്കാൻ ഒരുങ്ങുകയാണ്. മുൻപ് 2019 -ലും ശരീരത്തിലുടനീളം ഗുരുതരമായ പരിക്കുകളോടെ യത്സിരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, അന്ന് മാതാപിതാക്കൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലായിരുന്നു. ഓഗസ്റ്റിൽ, ശരീരത്തിൽ പൊള്ളലേറ്റതിനെ തുടർന്ന് അവളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. തുടർന്ന് പേശിയുടെ ഒരു ഭാഗം അവൾക്ക് നഷ്ടമായിരുന്നു. അവളുടെ ദാരുണമായ മരണം പുറത്ത് വിട്ട സമീപകാല പോസ്റ്റിൽ, പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവർ ഒരിക്കലും ശിക്ഷയിൽ നിന്ന് രക്ഷപ്പെടില്ലെന്ന് പ്യൂബ്ല സർക്കാർ പറയുകയുണ്ടായി.  


 

click me!