പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളിലെ കുട്ടികൾക്ക് ബുദ്ധിശക്തി കൂടുതലാണോ?

By Web TeamFirst Published Aug 27, 2020, 10:26 AM IST
Highlights

പ്ലോസ് മെഡിസിൻ ജേണലിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മലിനീകരണമുണ്ടാക്കുന്ന പ്രശ്‍നങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ് എന്ന് നമുക്കറിയാം. അതുപോലെത്തന്നെ മുതിര്‍ന്നവരിൽ മാത്രമല്ല കുട്ടികളിലും മാനസിക, ശാരീരിക വികാസത്തിന് സസ്യങ്ങൾ വലിയൊരു പങ്ക് വഹിക്കുന്നു എന്നത് പല പഠനങ്ങളിലും പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാൽ, അത് മാത്രമല്ല അവരുടെ ഐക്യു നിലവാരത്തിന്‍റെ കാര്യത്തിലും പ്രകൃതിക്ക് കാര്യമായ പങ്കുണ്ടെന്നാണ് ഒരു പുതിയ പഠനം പറയുന്നത്. 

കൂടുതൽ പച്ചപ്പുള്ള സ്ഥലങ്ങളിൽ വളരുന്ന കുട്ടികൾക്ക് ബുദ്ധിശക്തി കൂടുകയും, പെരുമാറ്റവൈകല്യങ്ങൾ കുറയുകയും ചെയ്യുമെന്ന് ഗവേഷണസംഘം സൂചിപ്പിക്കുന്നു. 10 -നും 15 -നും ഇടയിൽ പ്രായമുള്ള 600 -ലധികം കുട്ടികളെയാണ് പഠനത്തിന് വിധേയമാക്കിയത്. അവരുടെ സമീപ പ്രദേശത്തെ പച്ചപ്പ് മൂന്ന് ശതമാനം വർദ്ധിപ്പിച്ചപ്പോൾ അവരുടെ ഐക്യു സ്കോർ ശരാശരി 2.6 പോയിൻറ് ഉയർന്നതായി പഠനം കണ്ടെത്തി. സമ്പന്നരെന്നോ, ദരിദ്രരെന്നോ ഉള്ള വ്യത്യാസം ഇല്ലാതെ, എല്ലാവരിലും ഒരുപോലെ മാറ്റങ്ങൾ പ്രകടമായിരുന്നു.    

കുട്ടികളുടെ വൈജ്ഞാനിക വികാസത്തിന് ഹരിത ഇടങ്ങൾ സഹായകമാണ് എന്നറിയാമെങ്കിലും, ഐക്യുവിനെ സംബന്ധിച്ച് ഒരു ഗവേഷണം നടത്തുന്നത് ഇതാദ്യമായാണ്. എന്താണിതിന് കാരണമെന്ന് വ്യക്തമല്ലെങ്കിലും, കൂടുതൽ കളികളും, സാമൂഹിക സമ്പർക്കവും, ശാന്തമായ അന്തരീക്ഷവുമൊക്കെ ഇതിന്റെ കരണങ്ങളാകാം എന്ന് കരുതപ്പെടുന്നു. “ഓർമ്മ ശക്തിയും, ശ്രദ്ധയും പോലുള്ള വൈജ്ഞാനിക പ്രവർത്തനവുമായി പച്ചപ്പുള്ള ചുറ്റുപാടുകൾ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് കൂടുതൽ കൂടുതൽ തെളിവുകൾ ഉണ്ടാകുന്നു” പഠനം നടത്തിയ ബെൽജിയത്തിലെ ഹാസെൽറ്റ് സർവകലാശാലയിലെ പരിസ്ഥിതി എപ്പിഡെമിയോളജി പ്രൊഫസർ ടിം നാവ്‌റോട്ട് പറഞ്ഞു. കൂടുതൽ പച്ചപ്പുള്ള നഗരങ്ങൾ രൂപകൽപന ചെയ്യേണ്ടതിന്റെ ആവശ്യകതയും പഠനത്തിൽ പറയുന്നു.

പ്ലോസ് മെഡിസിൻ ജേണലിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ചാണ് സംഘം സമീപപ്രദേശങ്ങളിലെ പച്ചപ്പിന്റെ അളവ് വിശകലനം ചെയ്‌തത്‌. അതിൽ പാർക്കുകൾ, പൂന്തോട്ടങ്ങൾ, തെരുവിലെ മരങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു. കുട്ടികളുടെ ശരാശരി ഐക്യു സ്കോർ 105 ആയിരുന്നു. പച്ചപ്പ് കുറഞ്ഞ പ്രദേശങ്ങളിളെ 4% കുട്ടികൾക്ക് 80 -ന് താഴെ മാത്രമേ സ്കോർ ലഭിച്ചുള്ളൂ. മറിച്ച് പച്ചപ്പ് കൂടുതലുള്ള പ്രദേശങ്ങളിലെ എല്ലാ കുട്ടികൾക്കും 80 -ന് മുകളിൽ സ്കോർ നേടാനായി. കൂടാതെ സമീപത്തെ പച്ചപ്പ് കുറയുമ്പോള്‍ കുട്ടികളിൽ അശ്രദ്ധ, അക്രമസ്വഭാവം തുടങ്ങിയവയെല്ലാം കാണുന്നതായും സംഘം കണക്കാക്കി. അതിൽ ശരാശരി സ്കോർ 46 ആയിരുന്നു. 3% പച്ചപ്പ് വർധിപ്പിച്ചപ്പോൾ ഇത്തരം പെരുമാറ്റങ്ങളില്‍ രണ്ട് പോയിന്‍റ് കുറവുണ്ടായതായി പഠനം പറയുന്നു.

ഉയർന്ന അളവിലുള്ള വായുമലിനീകരണം ബുദ്ധിശക്തിയെയും, ബാല്യകാല വികാസത്തെയും പ്രതികൂലമായി ബാധിക്കും എന്നറിയാമെങ്കിലും, ഇവിടെ പക്ഷേ അതൊരു കാരണമായി സംഘം പറയുന്നില്ല. പകരം, കുറഞ്ഞ ശബ്ദവും, കുറഞ്ഞ സമ്മർദ്ദവുമാണ് കുട്ടികളിൽ ഉയർന്ന ഐക്യു സ്കോറുകൾക്ക് കാരണമായതെന്ന് അവർ ചൂണ്ടിക്കാട്ടി. ശാരീരിക വ്യായാമവും ഇതിനെ സഹായിക്കുന്ന മറ്റൊരു ഘടകമാണ് എന്നും അവർ പറഞ്ഞു. നമ്മൾ ചിന്തിക്കുന്നതിനേക്കാളും ആഴത്തിലാണ് പ്രകൃതിയും, നമ്മളും തമ്മിലുള്ള ബന്ധം.  ഒരിക്കലും നമ്മുടെ ജീവിതത്തിൽ നിന്ന് വേർപെടുത്താൻ കഴിയാത്ത ശക്തിയായി അത് നിലനിൽക്കുന്നു. കുട്ടികൾക്ക് കൂടുതൽ പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം ഉറപ്പാക്കേണ്ടത് അവരുടെ ആരോഗ്യപരമായ വളർച്ചയ്ക്കും ബുദ്ധി വികാസത്തിനും അത്യാവശ്യമാണ്. 

click me!