ബെൻസ് കാറുകൾ,വയാഗ്ര,കോണ്യാക്ക് - ഉത്തരകൊറിയയിലെ കള്ളക്കടത്തുകേന്ദ്രമായ 'ബ്യൂറോ 39'-മായി കിം യോ ജോങിനുള്ള ബന്ധം

By Web TeamFirst Published Aug 26, 2020, 1:00 PM IST
Highlights

കിം ജോങ് ഉന്നിന്റെ കാലത്തു തന്നെ ഈ ഓഫീസ് നോക്കി നടത്തിയിരുന്നത് സഹോദരി കിം യോ ജോങ്ങും ഭർത്താവും ചേർന്നാണ് എന്ന് ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. 

ലോകമെമ്പാടുമുള്ള ഇന്റലിജൻസ് ഏജൻസികൾ എന്നും ഉറ്റുനോക്കിക്കൊണ്ടിരുന്ന ഒരു ഓഫീസുണ്ടായിരുന്നു ഉത്തരകൊറിയയിലെ കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ പ്യോങ്യാങ്ങിലെ സെൻട്രൽ കമ്മിറ്റി ബ്യൂറോയിൽ . അത് അറിയപ്പെട്ടിരുന്നത് ഓഫീസ് 39 എന്നായിരുന്നു. ഈ ഓഫീസാണ് ഉത്തര കൊറിയയിലെ കള്ളക്കടത്തുകളുടെ എല്ലാം നിയന്ത്രണ കേന്ദ്രമായി പ്രവർത്തിക്കുന്നത്. 

എന്താണ് ഈ 'റൂം 39'  ? 

എഴുപതുകളുടെ അവസാനത്തോടെ, പാർട്ടി കേന്ദ്രത്തിൽ തന്നെ ഇങ്ങനെയൊരു ഓഫീസ് സ്ഥാപിക്കാൻ മുൻകൈ എടുത്തത് കിം ജോങ് ഉന്നിന്റെ അച്ഛൻ കിം ജോങ് ഇൽ ആയിരുന്നു. പ്യോങ്യാങ് നഗരത്തിൽ പ്രവർത്തിക്കുന്ന വിദേശികളുടെ ഹോട്ടലുകൾ, രാജ്യത്തെ സിങ്ക്, സ്വർണ്ണ ഖനികളിൽ നിന്ന് വസൂലാക്കപ്പെടുന്ന പണം, കള്ളനോട്ടടി, കരിഞ്ചന്ത, ആയുധ വ്യാപാരം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കൈപ്പറ്റുന്ന കമ്മീഷൻ തുടങ്ങിയവയും പാർട്ടിക്ക് വേണ്ടി കൈകാര്യം ചെയ്യുന്നത് ഈ ഓഫീസ് ആണ്. കറുപ്പിനെ ഹെറോയിൻ പോലുള്ള വീര്യം കൂടിയ മയക്കുമരുന്നുകളാക്കി മാറ്റുന്ന ഒരു അധോലോക സംഘവും ഉത്തരകൊറിയയിൽ പ്രവർത്തിക്കുന്നുണ്ട്. അവർ ഉണ്ടാക്കുന്ന കൊള്ള ലാഭത്തിന്റെ പങ്കും ചെന്നെത്തുന്നത് ഈ ഓഫീസിലേക്ക് തന്നെയാണ്. ഉത്തര കൊറിയൻ വർക്കേഴ്സ് പാർട്ടിയിലെ ഉന്നതർക്ക് അവരുടെ സുഭഗമായ ജീവിത ശൈലി തുടരാൻ വേണ്ട ആവശ്യസാധനങ്ങളായ മെഴ്സിഡസ് ബെൻസ് കാറുകൾ, റോളക്സ് വാച്ചുകൾ, ഹെന്നസ്സി ഫ്രഞ്ച് കോണ്യാക്ക്, സ്നേക്ക് വൈൻ, ഇമ്പോർട്ടഡ് ചീസ്, ലക്ഷ്വറി യാട്ടുകൾ തുടങ്ങിയവ വാങ്ങാനും, ഉത്തര കൊറിയൻ വിപണിയിൽ ലഭ്യമല്ലാത്തവ കള്ളക്കടത്തിലൂടെ എത്തിച്ചു നൽകാനും നേരിട്ട് പ്രവർത്തിച്ചിരുന്നത് ഈ ഓഫീസ് ആണ്. 

 

 

വ്യാജ ഡോളർ ബിൽ അച്ചടി മുതൽ വയാഗ്രയുടെ ഡ്യൂപ്ലിക്കേഷൻ വരെയുള്ള പല കേസുകളിലും ഈ ഉത്തരകൊറിയൻ ഓഫീസ് ആരോപണ വിധേയമായിട്ടുണ്ട്. അമേരിക്കയുടെ ഉപരോധത്തെ മറികടന്ന്, ചൈന വഴി രണ്ടു വിലകൂടിയ ലക്ഷ്വറി ബോട്ടുകൾ ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴും ഈ ഓഫീസ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കൊറിയ ഡെയ്‌സോങ് ബാങ്ക്, കൊറിയ ഡെയ്‌സോങ് ട്രേഡിങ് കമ്പനി എന്നീ സ്ഥാപനങ്ങളെ മുൻ നിർത്തിയാണ് ഈ ഓഫീസിന്റെ സകല വിപണി ഇടപാടുകളും നടത്തപ്പെടുന്നത്. ദക്ഷിണ കൊറിയ വഴി യാലു നദിക്കു കുറുകെയുള്ള പാലത്തിലൂടെ 200 ലധികം സൂപ്പർ ലക്ഷ്വറി വാഹനങ്ങൾ ഈ ഓഫീസ് ഇടപെട്ട് ഉത്തരകൊറിയയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടിട്ടുണ്ട്. 

 

 

കിം ജോങ് ഉന്നിന്റെ കാലത്തു തന്നെ ഈ ഓഫീസ് നോക്കി നടത്തിയിരുന്നത് സഹോദരി കിം യോ ജോങ്ങും ഭർത്താവും ചേർന്നാണ് എന്ന് ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഓഫീസിലേക്ക് വരുന്ന സംഭാവനകളും, സുപ്രീം ലീഡറുടെയും സംഘത്തിന്റെയും ചെലവിനായി കൊടുക്കേണ്ട തുകകളും ഒക്കെ കൃത്യമായി കണക്കെഴുതി സൂക്ഷിച്ചിരുന്നത് ഈ ഓഫീസാണ്. തന്റെ ഭർത്താവ് ചോ സോങ് വഴി ഈ ഓഫീസ് നിയന്ത്രിച്ചിരുന്ന നിയമപ്രകാരമുള്ളതും അല്ലാത്തതുമായ എല്ലാ പ്രവർത്തനങ്ങളുടെയും മേൽനോട്ടം കിം യോ ജോങ് നേരിട്ടായിരുന്നു കയ്യാളിയിരുന്നതത്രെ. കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ സെക്രട്ടറിയും ജ്യേഷ്ഠൻ കിം ജോങ് ഉന്നിന്റെ വിശ്വസ്തനുമായ ചോ റയോങിന്റെ മകനാണ് കിം യോ ജോർജിന്റെ ഭർത്താവ് ചോ സോങ്. 

അടുത്ത കിം യോ ജോങ്ങോ?

2019 ഫെബ്രുവരി 26 -ന് വിയറ്റ്നാമിൽ നടന്ന ആണവ ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകും വഴി ചൈനയിലെ നാനിങ് റെയിൽവേ സ്റ്റേഷനിൽ വെച്ച് സിഗരറ്റു പുകയ്ക്കുന്ന കിം ജോംഗ് ഉന്നിന്റെ ഒരു വീഡിയോ ദൃശ്യം മാധ്യമങ്ങൾക്ക് കിട്ടിയിരുന്നു. അതിൽ ഒരു ആഷ്ട്രേയുമായി പ്രത്യക്ഷപ്പെടുന്ന സുമുഖിയായ ഒരു യുവതിയുണ്ട്. അതേ യുവതി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ പ്രശംസിച്ചുകൊണ്ട് ഒരു പരസ്യപ്രസ്താവന ഇറക്കിയും മാധ്യമശ്രദ്ധ നേടി. അങ്ങനെ ആർക്കും എളുപ്പത്തിൽ അവഗണിക്കാൻ സാധിക്കാത്തത്ര വ്യക്തിപ്രഭാവമുള്ള ആ നോർത്ത് കൊറിയൻ യുവതിയുടെ പേര് കിം യോ ജോങ് എന്നാണ്. ഇന്ന്, അവരുടെ സഹോദരൻ കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ, സ്ഥിരീകരണമില്ലാതെ വളരെ വേഗത്തിൽ നാടെങ്ങും പരക്കുന്ന സാഹചര്യത്തിൽ, ഒരുത്തരത്തിനായി ലോകം ഉറ്റുനോക്കുന്നത് കിം യോ ജോങിലേക്കാണ്.  

 

 

2018 -ൽ പ്യോങ്ചാങ്ങിൽ നടന്ന വിന്റർ ഒളിമ്പിക്സിൽ ഉത്തരകൊറിയയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് കിം യോ ജോങ്. ഉത്തരകൊറിയയിൽ ഭരണം കയ്യാളുന്ന വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ(WPK) ഉന്നത സ്ഥാനം വഹിക്കുന്ന ഭാരവാഹി കൂടിയായ കിം യോ ജോങ്, ഇന്ന് രാജ്യത്ത് ജ്യേഷ്ഠൻ കിം ജോങ് ഉന്നിന്റെ പിൻഗാമി എന്ന നിലയിൽ പോലും കണക്കാക്കപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഉത്തര കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്ക് കിം യോ ജോർജിനെ വീണ്ടും നിയമിച്ചുകൊണ്ട് തീരുമാനം വന്നത്. 

രണ്ടുമൂന്നു വർഷമായി രാജ്യത്തിനകത്തും, ലോകരാഷ്ട്രങ്ങൾക്കുമുന്നിലും മിനക്കെട്ട് കെട്ടിപ്പൊക്കിയിരിക്കുന്ന കിമ്മിന്റെ 'ജനപ്രിയ' ഇമേജിന് പിന്നിൽ പ്രവർത്തിച്ചത് ഗവണ്മെന്റിന്റെ 'ചീഫ് പ്രൊപ്പഗാൻഡിസ്റ്റ്' പദവി വഹിക്കുന്ന, സ്വന്തം സഹോദരിയുടെ തലച്ചോറാണ് എന്ന് പരക്കെ അഭ്യൂഹമുണ്ട്. പകരം കിം യോ ജോങിന് സഹോദരന്റെ പരിപൂർണ്ണ വിശ്വാസവും പ്രീതിയും ആർജ്ജിക്കാനായിട്ടുണ്ട്. സ്വന്തം അർദ്ധ സഹോദരനെയും, അമ്മാവനെയും ഒക്കെ വധിക്കാനുള്ള കല്പനകൾ നിമിഷനേരത്തെ കോപത്തിന്റെ പുറത്ത് പുറപ്പെടുവിച്ചിട്ടുള്ള കിം ജോങ് ഉന്നിന്റെ പ്രീതി പിടിച്ചു പറ്റുക എന്നത് ഒരു കൊറിയൻ പൗരനെ സംബന്ധിച്ചിടത്തോളം വളരെ വലിയ നേട്ടം തന്നെയാണ്. 

 എന്നാൽ 2017 -ൽ അമേരിക്ക പുറപ്പെടുവിച്ച മനുഷ്യാവകാശ ലംഘകരുടെ പട്ടികയിൽ ഉത്തര കൊറിയയിലെ മറ്റ് ആറു നയതന്ത്രജ്ഞരോടൊപ്പം കിം യോ ജോങ്ങും ഉൾപ്പെട്ടിരുന്നു. അന്താരാഷ്ട്ര തലത്തിൽ, വിശേഷിച്ച് അമേരിക്കയുമായുള്ള കിം ജോങ് ഉന്നിന്റെ ഹൈ പ്രൊഫൈൽ സമ്മിറ്റുകളുടെയൊക്കെ സംഘത്തിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ ഈ സഹോദരിയും. ഇന്ന് കിം ജോങ് ഉന്നുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ, അദ്ദേഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന അപൂർവം ചില വ്യക്തികളിൽ ഒരാളാണ് സഹോദരി കിം യോ ജോങ്. "കിമ്മിന്റെ ക്രൂരമായ വധശിക്ഷാവിധികളോടും രാഷ്ട്രീയ നിഷ്കാസനങ്ങളോടും ഒന്നും നേരിട്ട് ബന്ധമില്ലെങ്കിലും കൂടി അതേപ്പറ്റിയൊക്കെ നേരിട്ടുള്ള വിവരമുണ്ട് സഹോദരിക്ക്. അതൊക്കെ മറച്ചുവെച്ചുകൊണ്ട് പൊതുജനമധ്യത്തിലും, ലോകത്തിനു മുന്നിലും തന്റെ ക്ളീൻ ഇമേജ് നിലനിർത്താൻ കിമ്മിനെ സഹായിച്ചു പോരുന്നതും സഹോദരി തന്നെയാണ്. " ഉത്തര കൊറിയ സ്പെഷ്യലിസ്റ്റ് ആയ ലിയോണിഡ് പെട്രോവ് പറഞ്ഞു. 

കിം ജോങ് ഉന്നിനെക്കാൾ നാലുവയസെങ്കിലും ഇളപ്പമുണ്ട് സഹോദരി കിം യോ ജോങിന്. 2010 നു മുമ്പ് ഒരിക്കൽ പോലും അവർ പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. 2011 -ൽ അച്ഛൻ കിം ജോങ് ഇല്ലിന്റെ സംഘത്തിന്റെ ഭാഗമായ അവർ, അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങുകളിലും സന്നിഹിതയായിരുന്നു. കിം ജോങ് ഉൻ പഠിച്ച സ്വിറ്റ്സർലാൻഡിലെ അതെ കോൺവെന്റ് സ്‌കൂളിൽ തന്നെയാണ് സഹോദരിയും പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. അവിടെ താമസിച്ചിരുന്നതും ഒരേ വീട്ടിൽ തന്നെ. ഒന്നിച്ചു പിന്നിട്ട ബാല്യകാലം തന്നെയാണ് ഇന്നും സഹോദരനുമായി തികഞ്ഞ മാനസികൈക്യം നിലനിർത്താൻ കിം യോ ജോങിനെ സഹായിക്കുന്നത്. അവർക്കിടയിലെ ആത്മബന്ധത്തിന് കിം ജോങ് ഉന്നിനു സ്വതവേയുള്ള അവിശ്വാസത്തെ മറികടക്കാൻ സാധിച്ചിട്ടുണ്ട് എന്നുവേണം കരുതാൻ. 2007 -ൽ പ്യോങ്യാങ്ങിലെ കിം ജോങ് ഇൽ സർവകലാശാലയിൽ നിന്ന് നേടിയ കമ്പ്യൂട്ടർ സയൻസ് ബിരുദമാണ് കിം യോ ജോങിന്റെ കൈമുതൽ. 2014 -ൽ സഹോദരനെ ആദ്യമായി പൊതുഇടങ്ങളിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അനുഗമിച്ചപ്പോഴാണ് യോ ജോങ്ങിനെപ്പറ്റി ആദ്യമായി കൊറിയൻ മാധ്യമങ്ങൾ പരാമർശിക്കുന്നത്. 

ഉത്തര കൊറിയയുടെ ഭാവി അണ്വായുധ നയങ്ങളും, ദക്ഷിണ കൊറിയയുമായുള്ള അതിർത്തിസംരക്ഷണ നിലപാടുകളും, അമേരിക്കയുമായുള്ള ബന്ധവും ഒക്കെ നിർണയിക്കുന്നതിൽ കിം യോ ജോർജിനും കൃത്യമായ പങ്കുണ്ടാകുമെന്നു കരുതപ്പെടുന്നു. ഉത്തര കൊറിയ പൊതുവെ സീനിയോറിട്ടിക്കുംപുരുഷത്വത്തിനും ഒക്കെ ഏറെ പരിഗണന നൽകുന്ന ഒരു രാജ്യമാണ്. എന്നാൽ കിം യോ ജോങിനുള്ളത് അതിനേക്കാളൊക്കെ വലിയ ഒരു ബലമാണ്. അവരാണ് ഇന്ന് കിം ജോങ് ഉന്നിനോട്‌ ഏറ്റവും അടുപ്പമുള്ളത്. ഉത്തരകൊറിയയിൽ അതിനേക്കാൾ വലിയ ഒരു ബലം വേറെയില്ല..! 

 

click me!